പരിശുദ്ധ പരുമല തിരുമേനി: പത്രവാര്‍ത്തകള്‍

ചാത്തുരുത്തില്‍ കോറെപ്പിസ്ക്കോപ്പായ്ക്കു റമ്പാന്‍ സ്ഥാനം

മിശീഹാകാലം 1872 മീനമാസം 26-ാം തീയതിക്ക കൊല്ലവരുഷം 1047 മാണ്ട മീനമാസം 27നു ഞായറാഴ്ച മുളന്തുരുത്തി പള്ളിയില്‍ വച്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പൗലീത്താ -കണ്ടനാട്ടു പള്ളിപുറത്തുകാരന്‍ കല്ലറക്കല്‍ എന്നും മുളംന്തുരുത്തില്‍ കരവുള്ളില്‍ എന്നും പള്ളതട്ടെല്‍ എന്നും തറവാട്ടുപെരും സാധാരണ ആയി ചാത്തുരുത്തില്‍ എന്നു വിളിച്ചുവരുന്ന -കൊറി- ഗീവറുഗ്ഗീസു കത്തനാര്‍ക്കു റമ്പത്വം കൊടുത്തു. ഈ സ്ഥാനം കൊടുത്തത് അദ്ദെഹത്തിന്‍റെ പൂര്‍ണ്ണമനസ്സാലുള്ള ആഗ്രഹത്തിന്‍ പെരില്‍ മെത്രപൌ-ചെയ്തതാകുന്നു. ഇക്കാര്യത്തെക്കുറിച്ച കണ്ടനാട-കരിങ്ങാശ്രെ-നടമെല്‍-പറവൂര-കുറിഞ്ഞി മുതലായ സമീപെ ഉള്ള എട്ടുപത്തു പള്ളികള്‍ക്കു എഴുതി അയച്ചു.

കല്പനയിലെ സാരം

നിങ്ങള്‍ക്കു വാഴ്വ – നമ്മുടെ ചാത്തുരുത്തി കൊറി – ഗീവറുഗീസ്സു കത്തനാര്‍ക്കു നാളെ റമ്പത്വം കൊടുക്കുന്നതിന്നു നിശ്ചയിച്ചിട്ടുള്ളതിനാല്‍ നിങ്ങളും ഒരുങ്ങപ്പെട്ടു വന്നു കാണ്മാന്‍ ആഗ്രഹിക്കുന്നു.
എന്ന് മീനം 25-നു ശനിയാഴ്ച മുളന്തുരുത്തി പള്ളിയില്‍നിന്നുംڈ

(പരുമല തിരുമേനി റമ്പാന്‍ സ്ഥാനം സ്വീകരിച്ചതിനെപ്പറ്റി മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം.)

പരുമല സിമ്മനാരി സ്കൂള്‍ സന്ദര്‍ശനം

പരുമല സിമ്മനാരി സ്കൂള്‍ സന്ദര്‍ശക ഡയറിയില്‍, പരിശുദ്ധ പിതാവിന്‍റെ കുറിപ്പ്

ക്രിസ്താബ്ദം 1902-നു കൊല്ലം 1077 മകരം 10-നു ആകുന്ന ഇന്നു 3 മണിക്കു നാം ഈ പള്ളിക്കൂടുത്തില്‍ വന്നു കുട്ടികളെ പരിശോധിക്കയും മറ്റും ചെയ്തു. – കുട്ടികള്‍ ഹാജര്‍ 30 – വാദ്യാരു 4 താല്പര്യമായി പഠിപ്പിക്കുന്നു. – ഈ വൈദീക സ്ഥലത്തു ഈ പഠിത്വം ഉയര്‍ന്നും അഭിവൃദ്ധിയായും പൊന്നുതമ്പുരാന്‍ തിരുമേനിയുടെ കൃപലഭിച്ചും മെല്‍ക്കുമേല്‍ ഉയര്‍ന്നു കാണ്മാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. –

നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൗലീത്താ.
(ഒപ്പ്)

ചെന്നിത്തല , കല്ലുവിളയില്‍ പരേതനായ ശ്രീ. കെ.ജെ. വറുഗീസില്‍ (മുന്‍ ഹെഡ്മാസ്റ്റര്‍) നിന്നും മകന്‍ കെ.ജി. ജേക്കബ് (റിട്ടയാര്‍ഡ് ഹെഡ്മാസ്റ്റര്‍) മുഖാന്തിരം ലഭ്യമായത്.

മരണം

നി.വ.ദി.ശ്രീ. നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 2) പരലോക പ്രാപ്തനായിരിക്കുന്നുവെന്നറിയുന്നതില്‍ ഖേദിക്കുന്നു.

(ദീപിക 1902 നവംബര്‍ 19-ന് ബുധനാഴ്ച)

പരിശുദ്ധ പരുമല തിരുമേനിയുടെ ചരമം

കാലം ചെയ്ത നിരണം മുതലായ ഇടവകകളുടെ നി. വി. ദി. ശ്രീ. മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു.

“കൊച്ചുമെത്രാച്ചന്‍” എന്നുള്ള സാധാരണ പേരിന്‍ പ്രകാരം വിളിക്കപ്പെട്ടിരുന്ന ഈ വന്ദ്യപിതാവ് എല്ലാവരെക്കാള്‍ “വലിയമെത്രാച്ചന്‍” എന്ന പദവിയ്ക്കു അര്‍ഹനായതുപോലെ ഈ മാസം 20-നു ഞായറാഴ്ച അസ്തമിച്ചു അര്‍ദ്ധരാത്രി കഴിഞ്ഞു ഇഹലോകവാസം വെടിഞ്ഞു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരിക്കുന്നു എന്നുള്ള ഏറ്റവും വ്യസനകരമായ വാര്‍ത്തയെ എഴുതുവാന്‍ ഞങ്ങള്‍ക്കു മനശക്തിയും കൈക്കോട്ടവും ഇല്ലെന്ന് ആദ്യമെ പ്രസ്താവിച്ചു കൊള്ളുന്നു. മരണഹേതുവായ രോഗത്തെക്കുറിച്ചും പത്രമുഖേനെയും അല്ലാതെയും വായനക്കാര്‍ അപ്പപ്പോള്‍ അറിഞ്ഞു കൊണ്ടിരുന്നതിനാല്‍ വിസ്താരമായി ഒന്നും പറയേണ്ട ആവശ്യകത നേരിടുന്നില്ല. മുമ്പെതന്നെ ഇദ്ദേഹം അര്‍ശ്ശസ് രോഗിയാണു. സഭയാല്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള എല്ലാ ഉപവാസങ്ങളുടെ ഓരോ സംഗതി പ്രമാണിച്ചു വിശേഷാല്‍ ഉപവാസങ്ങളും നിര്‍വിഘ്നം അനുഷ്ഠിച്ചു കൊണ്ടിരുന്ന ആളായിരുന്നതിനാല്‍ കായബലം പണ്ടെതന്നെ ഇല്ലായിരുന്നു. ആ സ്ഥിതിയ്ക്കു അര്‍ശ്ശസിന്‍റെ ഉപദ്രവം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പോയ കന്നിമാസാദ്യം ഉണ്ടായ സാമാന്യമല്ലാത്ത ഈ വക ഉപദ്രവത്തിന്‍റെ ശമനത്തിനു വേണ്ടി പ്രത്യേക ഔഷധം സേവിച്ചു വയറിളകിയതിന്‍റെ ശേഷം കഠിനമായ ചില സംഭ്രമങ്ങളും വേദനകളും ആരംഭിച്ചതു നിര്‍ത്താന്‍ വേണ്ടി ചില താല്ക്കാല ഔഷധങ്ങള്‍ സേവിച്ചത് യാതൊരു പ്രയോജനവും കാണാഴികയാല്‍ അപ്പാത്തിക്കരിയെ വരുത്തി മുറയ്ക്കു തന്നെ ചികിത്സ നടത്തിയിട്ടും രോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു ചില സുഖ ലക്ഷണങ്ങള്‍ കാണുകയും രോഗശമനത്തിനായി സര്‍വഥാ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആളുകള്‍ ഇവയെ ശുഭലക്ഷണങ്ങളായി എടുക്കുകയും ചെയ്തതിനാല്‍ സുഖം എന്നുള്ള ശബ്ദം അധികമായി പ്രസ്താവിച്ചു വന്നിരുന്നു. ഇംഗ്ലീഷ് വൈദ്യത്തിലും നാട്ടു വൈദ്യത്തിലും പ്രസിദ്ധന്മാരായ വൈദ്യന്മാരുടെ സകല പരിശ്രമങ്ങളും നിഷ്ഫലമായി എന്നു മാത്രം, പറഞ്ഞാല്‍ മതിയാകും. വാസ്തവത്തില്‍ രോഗ ലക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്നിന് കുറകയായിരുന്നു എന്നായിരുന്നു വൈദ്യന്മാര്‍ക്കും ഉണ്ടായിരുന്ന അഭിപ്രായം. പരിഹരിപ്പാന്‍ പാടില്ലാതെ തീര്‍ന്നതു ക്ഷീണമായിരുന്നു. ഇതിനെ നീക്കുവാന്‍ ഏകമാര്‍ഗ്ഗമായ ഭക്ഷണത്തിനു രുചിയും അല്പമായി ചെല്ലുന്ന ഭോജന സാധനങ്ങളെ ദഹിപ്പിക്കാന്‍ ശക്തിയും ഇല്ലാതെ പോയി.

ലഘുവായ ഒരു രോഗം പിടിപെട്ടാല്‍ പോലും ഉടന്‍ തന്നെ ലോക സംബന്ധമായ സകല വിചാരങ്ങളും ഒഴിച്ചു മരണത്തിനായി ഒരുങ്ങുന്നതു ഇദ്ദേഹത്തിന്‍റെ ഒരു സഹജമായ സമ്പ്രദായമായിരുന്നു. ഈ പ്രാവശ്യമൊ രോഗം കഠിനവും മരണത്തിലേക്കുള്ളതുമാണന്നു ആദ്യമെ തന്നെ താന്‍ നിശ്ചയിക്കുകയും തന്നെപ്രതി ആരും ബുദ്ധിമുട്ടുകയും ചെയ്യണ്ട എന്നു വിരോധിക്കുകയും ചെയ്തു കൊണ്ടിരിന്നു. എങ്കിലും അദ്ദെഹത്തിന്‍റെ രോഗം സുഖപ്പെട്ടു കാണാന്‍ ആഗ്രഹിച്ചിരുന്ന ജനങ്ങള്‍ അതില്‍ വഴിപ്പെടുകയില്ലെന്നു പറയണ്ടാല്ലൊ. രോഗാരംഭത്തില്‍ തന്നെ അന്ത്യ കൂദാശ കഴിക്കപ്പെടുകയും മരണ ദിവസം കാലത്തു അദ്ദേഹത്തിന്‍റെ അപേക്ഷപ്രകാരം കന്തിലാ എന്ന പ്രധാന അന്ത്യ ശുശ്രൂഷ നടത്തപ്പെടുകയും ശുദ്ധമാന കുര്‍ബ്ബാന കൈക്കൊള്‍കയും ചെയ്തു. മരണത്തിനു അല്പം മുമ്പു വരെ നല്ല ബോധം ഉണ്ടായിരുന്നു. തന്‍റെ മരണത്തെക്കുറിച്ച് മുന്നറിവൊ വെളിപാടൊ ഉണ്ടായിരുന്നു എന്നു തോന്നുമാറു 18-ാം തീയതി അടുത്തു നിന്നവരോടു ഇന്നു എത്രാം തീയതിയാണെന്നു ചോദിക്കുകയും 18-ാം തീയതി എന്നു മറുപടി കേട്ടശേഷം “കര്‍ത്താവെ ഇനി രണ്ടു ദിവസം കൂടെ ഈ കഷ്ടത ഞാന്‍ സഹിക്കണമല്ലൊ എന്നു പറഞ്ഞു കൊണ്ട് തനിക്കു വേണ്ടിയും സഭയ്ക്കു വേണ്ടിയും തനിക്കു ശുശ്രൂഷിക്കുകയും മറ്റും ചെയ്തവര്‍ക്കു വേണ്ടിയും എരിവോടു കൂടി ഒരു പ്രാര്‍ത്ഥന കഴിക്കയുണ്ടായി. അതിനാല്‍ തന്‍റെ മരണം 20-നു സംഭവിക്കണമെന്നു എന്തൊ ഒരു മുന്‍ അറിവുണ്ടായിരുന്നതു പോലെ തോന്നുന്നു. നമ്മുടെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കുന്ന ഈ പിതാവിന്‍റെ ജീവചരിത്രം പ്രസ്താവിക്കുവാന്‍ പത്രസ്ഥലം മതിയാകുന്നില്ലങ്കിലും ചുരുക്കത്തില്‍ പറയെണ്ടതു ആവശ്യമാണ്.

ഇദ്ദേഹം മുളന്തുരുത്തി കണ്ടനാടു ഈ രണ്ടു പള്ളികളിലും ഇടവക അവകാശമുള്ള ചാത്തുരുത്തില്‍ കുടുംബത്തില്‍ ജനിച്ചു. ഈ കുടുംബം മുമ്പേ തന്നെ പട്ടക്കാര്‍ ഉണ്ടായിട്ടുള്ളതും വളരെ സ്വത്തുള്ളതുമാണ്. ഇദ്ദേഹം ബാല്യത്തില്‍ തന്നെ ദൈവഭക്തനായിരുന്നു. കഴിഞ്ഞുപോയ മാര്‍ കൂറിലോസു ബാവായില്‍ നിന്ന് ശാശാനൂസാ കശീശൂസാ ഈ സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു കുറച്ചുകാലം മുളന്തുരുത്തി കണ്ടനാടു ഈ രണ്ടു പള്ളികളിലും ജോലി നോക്കിയ ശേഷം പള്ളി ഭരണമൊ ദ്രവ്യലാഭമൊ ലോകബഹുമാനമൊ വേണ്ടെന്നു നിശ്ചയിച്ചു ലോകം ഉപേക്ഷിച്ചു ദൈവത്തിനായി മാത്രം ജീവിക്കണമെന്നു സ്വയമെവ നിശ്ചയിച്ചു മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമേനിയെ ഈ ആഗ്രഹം ഗ്രഹിപ്പിക്കുകയും അദ്ദെഹത്തില്‍ നിന്നു റെമ്പാന്‍ സ്ഥാനം വാങ്ങി വെട്ടിയ്ക്കല്‍ ദയറായില്‍ പ്രവേശിച്ചു പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വേദവായനയിലും സമയം പോക്കി ഏകാകിയായി താമസിക്കുകയും ചെയ്തുരിക്കുമ്പോള്‍ ആയിരുന്നു കാലം ചെയ്ത പാത്രിയര്‍ക്കീസു ബാവായുടെ എഴുന്നെള്ളത്തുണ്ടായതു. ഇദ്ദെഹം സുറിയാനി ഭാഷയിലും വേദജ്ഞാനത്തിലും ഒരു നല്ല പണ്ഡിതന്‍ ആയിരുന്നതിനാല്‍ ബാവാ ഇദ്ദെഹത്തെ തന്‍റെ സിക്രട്ടെരിയാക്കി കൂടെ താമസിപ്പിച്ചിരുന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ പുതിയ മെത്രാന്മാരെ വാഴിക്കണമെന്നു നിശ്ചയിച്ചതിനൊടു കൂടി ബാവാ ഇദ്ദെഹത്തയും തിരഞ്ഞെടുത്തു. മാര്‍ അത്താനിയോസിനെപ്പോലെ ഒരു ദയാറായകാരനായി ജീവിത കാലം മുഴുവനും കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്ന ഇദ്ദെഹത്തിനു ഈ തിരഞ്ഞെടുപ്പ് ഒട്ടും തൃപ്തികരമായിരുന്നില്ലെങ്കിലും ശൂരനായിരുന്ന ബാവായുടെ ശാസനയെ ഭയന്ന് സമ്മതിച്ചു. 1876-ാമാണ്ടു വൃശ്ചികം 21-ന് പറവൂര്‍ പള്ളിയില്‍ വെച്ചു മാര്‍ ഗ്രിഗോറിയോസ് എന്ന പേരോടു കൂടി മെത്രാപ്പോലീത്ത സ്ഥാനം കൈക്കൊള്‍കയും നിരണം മുതലായ പള്ളികള്‍ ഉള്‍പ്പെട്ട ഇടവയ്ക്ക് സ്ഥാത്തിക്കൊനും അധികാരവും പ്രാപിക്കയും ചെയ്തു. പിന്നീട് തുമ്പമണ്‍ ഇടവകയുടെ മാര്‍ യൂലിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ കാലം ചെയ്തപ്പോള്‍ പാത്രിയര്‍ക്കീസു ബാവായുടെ കല്പന പ്രകാരം ആ ഇടവകയില്‍ ഉള്‍പ്പെട്ട പള്ളികളും ഇദ്ദേഹത്തിന്‍റെ ഭരണത്തില്‍ ഏല്പിച്ചു കൊടുത്തതിനു പുറമെ, മാര്‍ ദിവന്നാസ്യോസു മെത്രാപ്പൊലിത്താ തിരുമനസ്സിലെ പ്രത്യേക ഭരണത്തില്‍ ഇരുന്നിരുന്ന കൊല്ലം ഇടവകയും അദ്ദേഹത്തിന്‍റെ അപേക്ഷ പ്രകാരം മാര്‍ ഗ്രിഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ നോക്കി കൊള്ളുന്നതിനു അനുവദിച്ചിരുന്നതിനാല്‍ കോട്ടയത്തിനു തെക്കുള്ള മൂന്നു മെത്രാസന ഇടവകകളും ഈ വന്ദ്യ പുരോഹിതന്‍റെ ഭരണത്തില്‍ ആയിരുന്നു. ദൈവഭക്തി, കൃത്യനിഷ്ഠ, പ്രസംഗ ചാതുര്യം, പരമാര്‍ത്ഥത, മതാചാരങ്ങളില്‍ പ്രതിപത്തി, ഇത്യാദി ഗുണങ്ങള്‍ തനിക്ക് നിഷ്കളങ്കം ശോഭിച്ചിരുന്നതിനാ മറ്റു ലൌകിക സാമര്‍ത്ഥ്യങ്ങള്‍ ഒന്നും കൂടാതെ അനേകം പള്ളികളേയും ജനങ്ങളെയും സമാധാനത്തില്‍ ഭരിച്ചു കൊണ്ടു പോകുവാന്‍ ഇദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. താന്‍ ദൈവത്തിന്‍റെ ഒരു സാക്ഷാല്‍ ദൂതനാണെന്നുള്ള ബാധ്യം മനുഷ്യരില്‍ ഒന്നുപോലെ വ്യാപിച്ചിരുന്നതിനാല്‍ തന്‍റെ ആജ്ഞയെ അനുസരിപ്പിക്കുന്നതിനും സഭയെ ഭരിക്കുന്നതിനും സര്‍ക്കുലര്‍ ഉത്തരവും വിളംബരവും ആവശ്യമില്ലെന്നുള്ളതിനു ഇദ്ദേഹം ഒരു നല്ല ദൃഷ്ടാന്തമായിരുന്നു.

ഇടക്കാലത്തു മലങ്കര ഒട്ടുക്കുള്ള റിശീസാ പിരിവിന്‍റെ ചുമതല പാത്രിയര്‍ക്കീസു ബാവായുടെ കല്പനായാല്‍ ഇദ്ദേഹത്തിനു ഏല്പിച്ചു കൊണ്ട് തന്‍റെ നേരെ അധികാരത്തില്‍ ഇരുന്ന ഇടവകകള്‍ക്കു പുറമെയുള്ള എല്ലാ പള്ളികളോടും ഏറെക്കുറെ ഒരു സംബന്ധത്തിനു അവകാശം ഉണ്ടായി. അതിനാല്‍ എല്ലാ പള്ളിക്കാരുടെയും സ്നേഹത്തിനും ബഹുമാനത്തിനും അദ്ദേഹം പാത്രമായിത്തീര്‍ന്നു. എന്നാല്‍ തന്‍റെ വേലയുടെ ഒരു ശ്വാശ്വത സ്മാരകമായിതീര്‍ന്നിരിക്കുന്നതു പരുമല സിമ്മനാരിയുടെയും പള്ളിയുടെയും പണിയാകുന്നു. മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായാല്‍ ആരംഭിക്കപ്പെട്ടിരുന്നതും അവിടുത്തെ അനവധി ജോലികളുടെ ഇടയില്‍ സാധിക്കുന്നതിനു കഴിയാതിരുന്നതുമായ പരുമല സെമിനാരിയുടെയും അതോടു ചേര്‍ന്ന പള്ളിയുടെയും പണി മാര്‍ ഗ്രിഗോറിയോസു മെത്രാപ്പോലീത്താ കയ്യേല്‍ക്കയും അദ്ദേഹം വളരെക്കാലത്തെ പരിശ്രമം കൊണ്ട് പള്ളികളില്‍ നിന്ന് പണം പിരിച്ച് 15000-ല്‍ പരം രൂപാ ചിലവ് ചെയ്തു ഒരു പള്ളിയും രണ്ടു നിലയില്‍ വിശാലമായ ഒരു സിമ്മിനാരി കെട്ടിടവും പണി തീര്‍ക്കുകയും ചെയ്തു. ഇതു നിലനില്‍ക്കുന്ന കാലത്തോളം മാര്‍ ഗ്രിഗോറിയോസു മെത്രാപ്പോലീത്ത തിരുമേനിയുടെ നാമം സുറിയാനി സഭയില്‍ നിന്നു മാഞ്ഞുപോകുവാന്‍ പാടുള്ളതല്ല. ഇദ്ദേഹം 1895-ാമാണ്ടു ഊര്‍ശ്ലേമിലേക്കു യാത്ര ചെയ്തതും അവിടെയുള്ള നമ്മുടെ കര്‍ത്താവിന്‍റെ വിശുദ്ധ കബറിന്‍ ദേവാലയത്തിലും മറ്റും മലയാള സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥന കുര്‍ബ്ബാന മുതലായ ശുശ്രൂഷകള്‍ കഴിച്ചതും നമ്മുടെ വായനക്കാര്‍ മറന്നു പോയിട്ടില്ലാത്ത സംഗതിയാണല്ലൊ.

സഭാ സംബന്ധമായി ഈ തിരുമനസ്സിലേക്കുണ്ടായിരുന്ന പ്രധാന ആഗ്രഹങ്ങളില്‍ ചിലതു ഇനിയും സാധിക്കാതെയുണ്ടു. അവയില്‍ ഒന്ന് പരുമല സെമിനാരിയില്‍ സുറിയാനി പഠിത്വത്തിനു ഒരു മുതല്‍ ഉണ്ടാക്കി പഠിത്വം നടത്തണമെന്നുള്ളതും രണ്ടാമതായി തിരുവല്ലായില്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂള്‍ സ്ഥാപിക്കണമെന്നുള്ളതും മൂന്നാമതായി കൊട്ടാരക്കര സമീപം ഒരു കെട്ടിടം ഉണ്ടാക്കി സുറിയാനിയും ഇംഗ്ലീഷും പഠിപ്പിക്കണമെന്നും ആയിരുന്നു. ഇതില്‍ ഒന്നാമത്തേതിന്‍റെ ഒരു ആരംഭമായി കാറ്റണം സമീപം കുറെ നിലം സമ്പാദിച്ച് നേര്‍ നിലമാക്കി താമസിയാതെ അനുഭവം കിട്ടത്തക്ക സ്ഥിതിയില്‍ വരുത്തിയിരിക്കുന്നു. തിരുവല്ലായില്‍ സ്കൂള്‍ കെട്ടിടം പണി ആരംഭിച്ചു. കല്‍കെട്ട് ഏതാനും തീര്‍ന്നു കിടക്കുന്നു. മൂന്നാമത്തെ സംഗതിക്ക് കുറെക്കൂടി കാലദീര്‍ഘത വേണ്ടി വരുമെന്ന് കരുതിയിരിക്കുമ്പോള്‍ കൊട്ടാരക്കരെ രണ്ടു നിലയില്‍ ഒരു കെട്ടിടം മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമേനിക്കു ദാനമായി കൊടുക്കാമെന്ന് ഒരു വെള്ളക്കാരന്‍ സമ്മതിച്ചിരിക്കുന്നു. എങ്കിലും ഈ ഉദ്ദേശങ്ങള്‍ ഒക്കെയും സാധിക്കുന്നതിനു അദ്ദേഹത്തിന്‍റെ മരണം ഒരു തടസ്സമായിട്ടാണ് തീര്‍ന്നിരിക്കുന്നത്. മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയെക്കുറിച്ച് മലങ്കര ഒട്ടുക്കു സുറിയാനിക്കാര്‍ക്കുള്ള സ്നേഹ ബഹുമാനാദികളെ ആലോചിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഈ പരമ ഉദ്ദേശങ്ങള്‍ നിറവേറ്റുന്നതിനു വലിയ പ്രയാസം ഉണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ സ്മാരകമായി ഈ ഉദ്ദേശങ്ങളെ സാധിക്കുവാന്‍ ഒരു ശ്രമം ചെയ്താല്‍ നിഷ്ഫലമാകയില്ലെന്നാണു ഞങ്ങളുടെ വിശ്വാസം. ഈ തിരുമേനിയുടെ ശേഷ ക്രിയയ്ക്കായി കൂടുന്ന പള്ളിക്കാരുടെ ആലോചനയ്ക്കു ഈ സംഗതി വിഷയീഭവിക്കുമെന്ന് വിശ്വസിച്ചു ഇത്രയും ഓര്‍പ്പിക്കുന്നതാകുന്നു.

ഇനി ശവസംസ്കാര ശുശ്രൂഷയെ കുറിച്ചു കൂടെ അല്പം പ്രസ്താവിച്ച് ഈ പ്രസംഗം അവസാനിപ്പിക്കാം. മരണവര്‍ത്തമാനം ദൂരെയുള്ള പള്ളികള്‍ക്ക് കമ്പിമൂലവും സമീപമുള്ള പള്ളികള്‍ക്ക് എഴുത്തുമൂലവും അറിവു കിട്ടിയ ഉടനെ കണക്കില്ലാത്ത പട്ടക്കാരും ജനങ്ങളും വന്നു കൂടാന്‍ തുടങ്ങി. രോഗാരംഭം മുതല്‍ തന്നെ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ടു പരുമല എഴുന്നള്ളി ചികിത്സിപ്പിക്കുന്നതിലും മറ്റും വളരെ തീക്ഷണതയോടു കൂടി ഉത്സാഹിച്ചു കൊണ്ടിരുന്നു. ഇടക്കാലത്തു കണ്ടാനാടു ഇടവകയുടെ മാര്‍ ഈവന്നിയോസു മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് എഴുന്നെള്ളി പരുമല തന്നെ താമസമായി. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് സഞ്ചാരം ചെയ്യാന്‍ പാടില്ലാത്ത സ്ഥതിയില്‍ സുഖക്കെടില്‍ പറവൂര്‍ പള്ളിയില്‍ താമസിച്ചു വരികയാകയാല്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും രോഗിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാലം ചെയ്ത തിരുമേനിയെ കാപ്പ മുതലായ സ്ഥാന ഭൂഷണങ്ങള്‍ ധരിപ്പിച്ചും വടി സ്ലീബാ മുതലായ സ്ഥാന ചിഹ്നങ്ങള്‍ പിടിപ്പിച്ചും സുറിയാനി സഭയിലെ ആചാരമനുസരിച്ച് പള്ളിയകത്തു കസേരയില്‍ ഇരുത്തിയിരുന്നു. ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച തന്നെ ആരംഭിച്ചു. ഏതാനും ഭാഗം തീര്‍ത്തു. ചൊവ്വാഴ്ച രാവിലെ കുര്‍ബ്ബാന കഴിഞ്ഞയുടന്‍ മാര്‍ ഈവാനിയോസു മെത്രാപ്പോലീത്താ തിരുമേനിയുടെ അദ്ധ്യക്ഷതയിന്‍ കീഴെ ശെമ്മാശന്മാര്‍ ഉള്‍പ്പെടെ ഇരുനൂറില്‍ കുറയാതെ പട്ടക്കാരും, നാലു റമ്പാന്മാരും ചേര്‍ന്ന് വീണ്ടും ശുശ്രൂഷ ആരംഭിച്ചു. മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ശുശ്രൂഷയില്‍ സംബന്ധിപ്പാനായി രാവിലെ പള്ളിയില്‍ ഇറങ്ങിയെങ്കിലും മൃതശരീരം കാണുമ്പോള്‍ ഉണ്ടായിക്കൊണ്ടിരുന്ന വ്യസനാധിക്യം സഹിപ്പാന്‍ അശക്തനായി തീരുകയാല്‍ വ്യസനിച്ചു കൊണ്ട് മുറിയിലേക്കു പോകേണ്ടി വന്നു. ഏകദേശം ഏഴായിരത്തില്‍ കുറയാതെ ജനങ്ങള്‍ സ്ത്രീപുരുഷന്മാര്‍ ഉള്‍പ്പെടെ കൂടിയിട്ടുണ്ടായിരുന്നു എന്നാണ് കാഴ്ചക്കാര്‍ മതിച്ചിരിക്കുന്നത്. എവിടെ നോക്കിയാലും വാവിട്ടു നിലവിളിക്കുകയും ഏങ്ങല്‍ അടിക്കുകയും ചെയ്യുന്നവരെയല്ലാതെ കാണ്മാന്‍ ഇല്ലായിരുന്നു. ഏകദേശം രണ്ടു മണിയോടു കൂടെ ശുശ്രൂഷ അവസാനിച്ച ശേഷം പൊന്‍ വെള്ളിക്കുരിശുകള്‍ കൊട കൊടി ഇത്യാദികളോടു കൂടി പ്രദക്ഷണം കഴിഞ്ഞ് കൈമുത്താരംഭിച്ചപ്പോള്‍ ഈ പൊന്നു പിതാവിന്‍റെ കയ്യൊന്നു ചുംബിച്ചു അവിടുത്തെ വാഴ്വു സമ്പാദിക്കണമെന്നുള്ള ആഗ്രഹത്തോടു കൂടി ഓരോരുത്തര്‍ തിക്കു തിരക്കും ചെയ്ത് വിങ്ങി വിയര്‍ത്ത് സഹിച്ച കഷ്ടതകള്‍ കണ്ടാല്‍ ഇവര്‍ക്കു ഈ പിതാവിനെക്കുറിച്ചുള്ള മതിപ്പും സ്നേഹവും എന്തുമാത്രമെന്ന് ആര്‍ക്കും ഊഹിക്കാമായിരുന്നു. രണ്ടു മണി മുതല്‍ നാലരമണി വരെയുള്ള സമയം മുഴുവന്‍ കൈമുത്തിനുവേണ്ടി വ്യയം ചെയ്യേണ്ടി വന്നു. അനന്തരം കബറടക്കമായി. പരുമല പള്ളിയുടെ മദുബഹായ്ക്കും ഹൈക്കലായുടെ കിഴക്കെ ഭിത്തിക്കും മദ്ധ്യെയുള്ള സ്ഥലത്താണ് കബര്‍ പണിയപ്പെട്ടതു. ഈ സ്ഥലവും കാലം ചെയ്ത തിരുമേനി തന്നെ ഒരു ദൈവനിയോഗത്താല്‍ എന്ന പോലെ തിരഞ്ഞെടുത്തതാകുന്നു. എന്തെന്നാല്‍ രോഗാരംഭത്തിനു നാലാറു ദിവസം മുമ്പ് ഒരു സന്ധ്യയില്‍ മഴയുടെ ഉപദ്രവം കൂടാതെ ഈ സ്ഥലത്തു നിന്ന് ഇദ്ദേഹം കുളിപ്പാന്‍ ഇടയായി. അപ്പോള്‍ അവിടെ ഒരു കബറിനു സൗകര്യമുണ്ടെന്നും താന്‍ മരിക്കുമ്പോള്‍ തന്നെ അവിടെ അടക്കണമെന്നും കൂടെ ഉണ്ടായിരുന്ന ശെമ്മാശനോടു കല്പിക്കുകയുണ്ടായി. ഈ ആഗ്രഹപ്രകാരമാണ് കബര്‍ ഈ സ്ഥലത്ത് പണിയിപ്പിച്ചതു. അഞ്ചുമണിയോടു കൂടി ശരീരം ഈ കബറില്‍ വയ്ക്കുകയും ജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച കുന്തുരുകം ഏകദേശം കഴുത്തോളം മൂടുവാന്‍ തക്കവണ്ണം ഇട്ടു കബര്‍ മൂടി കല്ലു കെട്ടുകയും ചെയ്തു. സംസ്കാരം കഴിഞ്ഞശേഷം അവിടെ കൂടിയിരുന്ന നാനാജാതിക്കാരായ അഗതികള്‍ക്ക് കോടി വസ്ത്രം ദാനവും ഉണ്ടായിരുന്നു.

ഒരു സംഗതി പറവാന്‍ മറന്നുപോയി. രോഗാരംഭംമുതല്‍ രോഗിയെ കാണ്മാന്‍ അനേകം ആളുകള്‍ ദൂരദേശങ്ങളില്‍ നിന്നു ദിവസേന വന്നു കൊണ്ടിരിക്കുകയും എല്ലാവരെയും അവസ്ഥാനുസരണം സല്ക്കരിച്ചു വിടുകയും ചെയ്തിരുന്നു. ചികിത്സ ചിലവുകൂടാതെ ഈ സല്ക്കാരത്തിനു തന്നെ ദിവസേന ശരാശരിക്കു പത്തു പറ അരിയില്‍ കുറയാതെ വച്ചു രണ്ടു നേരവും സദ്യ കൊടുത്തുകൊണ്ടിരുന്നു. ഈ വക ചിലവുകള്‍ക്കു ആവശ്യപ്പെട്ട അരിയും കോപ്പുകളും മെത്രാപ്പോലീത്തായുടെ കല്പനയൊ ചോദ്യമോ കൂടാതെ പള്ളിക്കാര്‍ ധാരാളം കൊണ്ടു വന്നിരുന്നതിനാല്‍ ആവശ്യം കഴിഞ്ഞു മിച്ചം വന്നു എന്നുകൂടെ പറയേണ്ടിയിരിക്കുന്നു.

ശവസംസ്കാര ശുശ്രൂഷ കഴിഞ്ഞു അടുത്ത ദിവസം ഹാജരുണ്ടായിരുന്ന പള്ളിക്കാര്‍ സംഘം കൂടി കാലം ചെയ്ത തിരുമേനിയുടെ ശേഷക്രിയായി മുപ്പതാം ദിവസം അടിയന്തരം വൃശ്ചികമാസം സുറിയാനി കണക്കില്‍ 18-ാം നു തിങ്കളാഴ്ച പരുമല സിമ്മിനാരിയില്‍ വച്ചു അഞ്ഞൂറു പറ അരിയില്‍ കുറയാതെ വച്ചു നടത്തണമെന്നും അതിലേക്കു ആവശ്യപ്പെട്ട അരിയും പണവും പള്ളികള്‍ക്ക് കല്പന അയച്ചു വരുത്തണമെന്നും നിശ്ചയിച്ചതു കൂടാതെ ഈ തിരുമേനിയുടെ നിര്യാണത്താല്‍ വന്നുകൂടിയിരിക്കുന്ന ഒഴിവിലേക്കും മറ്റുമായി ഒന്നൊ രണ്ടൊ മേല്‍പ്പട്ടക്കാര്‍ കൂടെ ഉണ്ടാകെണ്ടിയിരിക്കുന്നതിനാല്‍ അതിലേക്കുള്ള തിരഞ്ഞെടുപ്പും ഈ അടിയന്തിര ദിവസത്തില്‍ വേണമെന്നു തീരുമാനിച്ചിരിക്കുന്നു.

“ഇന്നു ഇസ്രായേലില്‍ ഒരു പ്രഭുവും മഹാനും വീണിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയൊ” എന്ന ദാവീദു അബ്നേറിനെക്കുറിച്ചു പറഞ്ഞതുപോലെ സുറിയാനി സഭയില്‍ ഒരു പ്രഭുവും മഹാനും വീണിരിക്കുന്നു എന്നു പറവാന്‍ സംശമില്ല. തെക്കെ ഇടവകകളുടെ ഒരു വിളക്കു കെട്ടിരിക്കുന്നു. അതിനാല്‍ ദാവീദു വിലപിച്ചതുപോലെ നാമും വിലപിക്കാം. നമ്മുടെ വിലാപം ആശയില്ലാത്ത പുറജാതികളുടെ വിലാപമല്ല. ദൈവത്തോടു കൂടെ ഇരിക്കുന്നതു നല്ലതാകുന്നു എന്ന ശു: പൌലുസ എഴുതിയിരിക്കുന്നതു പോലെ നമ്മുടെ പിതാവും ദൈവത്തിങ്കലേക്കു പോയിരിക്കുയാകുന്നു. അദ്ദേഹം ഈ ലോകത്തിനു ഇരുന്നപ്പൊള്‍ തന്‍റെ ആടുകളെ ഏതുപ്രകാരം സ്നേഹിക്കുയും അവര്‍ക്കു വേണ്ടി കുര്‍ബ്ബാനയിലും നമസ്കാരങ്ങളിലും എത്ര എരിവോടു കൂടെ പ്രാര്‍ത്ഥിക്കുകയും ചെയ്തുവോ ഇതിലും അധികം ശുഷ്ക്കാന്തിയോടു കൂടെ ഇനിയും അദ്ദേഹം നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു പറവാന്‍ സംശമില്ല. മരിച്ചുപോയവരും ജീവികളായ നാമും ദൈവരാജ്യത്തിന്‍റെ ഒരു കുടുംബവും ഒരു ശരീരത്തിന്‍റെ അവയവങ്ങളും ആകുന്നു. കര്‍ത്താവായ യേശുവല്ലാതെ പാപത്തില്‍ നിന്നു സ്വാതന്ത്ര്യപ്പെട്ടവന്‍ ഇല്ല. അതിനാല്‍ നമ്മുടെ പിതാവും എത്ര തന്നെ നീതിമാന്‍ ആയിരുന്നാലും പാപ ലോകത്തിന്‍റെ മലിനതയെ തീണ്ടാത്തവന്‍ അല്ല. അദ്ദേഹത്തിനും നിത്യ ഉയര്‍പ്പിങ്കലേക്കു മേല്‍ക്കുമേല്‍ ശുദ്ധീകരണം വേണം. അതിനാല്‍ അദ്ദേഹത്തിനു വേണ്ടി നാമും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന ഈ പിതാവിന്‍റെ ശുദ്ധീകരണത്തിനും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന നമ്മുടെ രക്ഷയ്ക്കും അന്യോന്യം സഹായിക്കും, സൂര്യന്‍റെ മഹത്വം ഒന്നു, ചന്ദ്രന്‍റെ മഹത്വം വേറൊന്നു. നക്ഷത്രങ്ങളുടെ മഹത്വം വേറൊന്നു, മഹത്വത്തില്‍ ഒരു നക്ഷത്രം മറ്റൊന്നില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ ഉയിര്‍പ്പ് ഇപ്രകാരം ആകുന്നു” എന്ന ശൂഃ ശ്ലീഹാ കല്പിക്കുന്നതു പോലെ നമ്മുടെ പിതാവും ഒരു സൂര്യന്‍റെ സാദൃശ്യത്തില്‍ പ്രകാശിക്കുമെന്നിരുന്നാലും, കുഴല്‍ കണ്ണാടികൊണ്ട് നോക്കുമ്പോള്‍ സൂര്യനിലും ചില പുള്ളികള്‍ ഇല്ലാതിരിക്കില്ല. നാം എത്രത്തോളം അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവൊ അത്രത്തോളം ആ കറുത്ത പുള്ളികള്‍ മാഞ്ഞു പ്രകാശം വര്‍ദ്ധിക്കുകയും അദ്ദേഹം എത്രത്തോളം പ്രകാശിക്കുന്നുവൊ അത്രത്തോളം അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന നമ്മുടെ രക്ഷയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഈ പിതാവിനു വേണ്ടി വായനക്കാര്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കട്ടെ.

(മലങ്കര ഇടവക പത്രിക റിപ്പോര്‍ട്ട് 1902 തുലാം ലക്കം 10)

പരിശുദ്ധ പരുമല തിരുമേനിയുടെ 30-ാം അടിയന്തിരം

നി. വി. ദി. ശ്രീ. മാര്‍ ഗ്രിഗോറിയോസു മെത്രാപ്പോലീത്താ
അവര്‍കളുടെ മുപ്പതാം ദിവസമടിയന്തിരം

മുമ്പില്‍ പ്രസ്താവിച്ചിരുന്ന പ്രകാരം ഈ അടിയെന്തിരം ഈ മാസം 18-ാം നു തിങ്കളാഴ്ച വളരെ ഭംഗിയായി കഴിഞ്ഞിരിക്കുന്നു എന്നു നിസംശയം പറയാം. അടിയെന്തിരത്തിന്‍റെ ആവശ്യത്തിലെക്കു വേണ്ട അരിയും സാമാനങ്ങളും പണവും കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളികള്‍ക്കു വീതിച്ചു കല്പന അയച്ചിരുന്നതിനു പുറമെ കാലം ചെയ്ത പിതാവു മലങ്കര ഇടവകയ്ക്കു ഒട്ടുക്കു സമ്മതനായിരുന്നതിനാലും റിശീസാ സംഗതിയില്‍ എല്ലാ പള്ളികളുമായി ഏറെക്കുറെ ഒരു ബന്ധം ഉണ്ടായിരുന്നതുകൊണ്ടും ഈ അടിയെന്തര ചിലവിലേക്ക് യഥാശക്തി ദ്രവ്യസഹായം ചെയ്തിരുന്നു. സദ്യ നടത്തുന്നതിനു നിരണം മുതലായ പരുമലെ സമീപമുള്ള ഇടവകകളിലെ ഓരൊ മുറിക്കാരെ പ്രത്യേകം പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നതനുസരിച്ച് എല്ലാവരും അവരവരുടെ ജോലി ശരിയായി മുമ്പില്‍ കൂട്ടി നടത്തിയതിനാല്‍ ഒന്നിലും യാതൊരു കുറവും കുഴപ്പവും ഉണ്ടായില്ല.

കുന്ദംകുളം മുതല്‍ തിരുവനന്തപുരം വരെ എല്ലാ പള്ളിക്കാരും ഹാജരുണ്ടായിരുന്നു. ദൂരസ്ഥന്മാരായ പള്ളിക്കാര്‍ തലേദിവസി സദ്യയ്ക്കു ഹാജരായതിനാല്‍ ഞായറാഴ്ച അത്താഴ സദ്യയ്ക്കു തന്നെ 150 പറ അരി ചിലവായി. തിങ്കളാഴ്ച രാവിലെ നി. വ. ദി. ശ്രീ. മാര്‍ ഈവാനിയോസു മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടും രണ്ടു റമ്പാച്ചന്മാരും കുറുബാന ചൊല്ലുകയും തിരുമനസ്സുകൊണ്ട് പ്രസംഗിക്കുകയും 200-ല്‍ കുറയാതെ പട്ടക്കാരോടു കൂടി കബറുങ്കലെ ശുശ്രൂഷ നടത്തുകയും ചെയ്ത ശേഷം പത്തു മണിയോടു കൂടെ സദ്യ ആരംഭിച്ചു. ഒരു ഏറ്റിനു മൂവായിരത്തില്‍ കുറയാതെ ആളുകള്‍ ഇരുന്നു. ഉണ്ണാന്‍ തക്കവണ്ണം വിസ്താരത്തില്‍ നെടുമ്പുരയും പന്തലുകളും കെട്ടിയുണ്ടാക്കിയിരുന്നു. ഈ വിധം ഏകദേശം രണ്ടര മണിയോടു കൂടെ മുറിയാതെ സദ്യ നടന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികള്‍ അല്ലാത്ത നാനാ ജാതിക്കും പ്രത്യേകം ഇരുത്തി സദ്യ കൊടുക്കുകയുണ്ടായി. സദ്യയുടെ അവസാനത്തിനു പതിവുള്ള പ്രദക്ഷിണം ആഘോഷമായി നടത്തിയ ശേഷം നാലുമണിയോടു കൂടി പള്ളിക്കാരുടെ പൊതു യോഗം കൂടി.

വലിയ തിരുമേനിയുടെ അദ്ധ്യക്ഷതയിന്‍ കീഴു കൂടിയ ഈ യോഗത്തിലെ ആലോചനാ വിഷയം പിന്തുടര്‍ച്ചയായി മെത്രാന്‍ സ്ഥാനത്തിലേക്കു ഒന്നൊ അധികമൊ ആളുകളെ തിരഞ്ഞെടുക്കുന്നതായിരുന്നു. പഴയ സെമിനാരി മാനേജര്‍ പൗലൂസ് റെമ്പാച്ചന്‍ അവര്‍കളെയും മാര്‍ ദിവന്നാസ്യോസ് സെമിനാരി അദ്ധ്യക്ഷന്‍ ഗീവറുഗീസ് മല്പാന്‍ അവര്‍കളെയും മെത്രാന്‍ സ്ഥാനത്തിലേക്കു തിരഞ്ഞെടുക്കണമെന്നും കുമരകത്തു പള്ളിയില്‍ വികാരി ആദ്യമായി അഭിപ്രായപ്പെടുകയും അതിനെ പിന്‍താങ്ങി അമ്പതില്‍ ചില്വാനം പള്ളിക്കര്‍ ഓരോരുത്തരായി എഴുന്നേറ്റു നിന്നു പ്രസ്താവിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍, വടക്കുള്ള പള്ളിക്കാരില്‍ ഒരു പുതിയ അഭിപ്രായം പുറപ്പെടുവിച്ചു. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്നതു തെക്കെ ഇടവകകള്‍ക്കായി മാത്രം പോരെന്നു വടക്കെ ഇടവകകളിലെ മെത്രാന്മാരില്‍ ഒരാള്‍ വൃദ്ധതയിലും ദീനത്തിലും ഇരിക്കുന്നതിനാലും തനിക്ക് ഒരു സഹായിയെ കിട്ടണമെന്നുള്ള അപേക്ഷയുള്ളതിനാലും അതിലേക്കു കൂടി മൂന്നു പേരെ തിരഞ്ഞെടുക്കണമെന്നുഅഭിപ്രായം പുറപ്പെടുവിച്ചതിനു പുറമെ പട്ടക്കാരിലും റെമ്പാന്മാരിലും ഈ ഉന്നതസ്ഥാനത്തിനു യോഗ്യന്മാര്‍ ഇന്നാരെന്നു നിശ്ചയിപ്പാന്‍ എല്ലാ പള്ളിക്കാര്‍ക്കും, എല്ലാവരെക്കുറിച്ചും പരിചയം ഇല്ലാത്ത സ്ഥിതിയ്ക്കും തിരുമേനികള്‍ക്കു എല്ലാവരെക്കുറിച്ചും നല്ല നിശ്ചയമുള്ളതു കൊണ്ടും വലിയ തിരുമേനി ശേഷം മെത്രാന്മാരുടെ ആലോചനയോടു കൂടി ആരെയെല്ലാമൊ എത്രപോരെയൊ തിരഞ്ഞെടുക്കുന്നുവൊഅതു തങ്ങള്‍ക്കു സമ്മതമാണെന്നു പ്രസ്താവിച്ചു. ഈ അഭിപ്രായം തെക്കര്‍ക്കും പൂര്‍ണ്ണ സമ്മതമായി വന്നു. അതിനാല്‍ തിരുമേനികള്‍ പൂര്‍ണ്ണ സന്തോഷത്തോടെ ഈ ഭാരം കയ്യേള്‍ക്കയും തിരുമേനികള്‍ പ്രത്യേകം പ്രാര്‍ത്ഥനയോടും ധ്യാനത്തോടും കൂടി തിരഞ്ഞെടുത്തു പിന്നീട് പ്രസിദ്ധപ്പെടുത്താമെന്നു പ്രസ്താവിക്കുകയും ചെയ്ത ശേഷം യോഗം പിരിഞ്ഞു.

അടിയെന്തിര ദിവസവും അതിന്‍റെ മുമ്പും പിമ്പുമുള്ള രണ്ടു ദിവസവും കൂടി അറുനൂറു പറ അരിയില്‍ അധികം ചിലവായിരുന്നു. പള്ളിയിലും കബറിങ്കലും കൂടി അന്നെദിവസം നടവരവും വഴിപാടായി മുളന്തുരുത്തില്‍ പള്ളി ഇടവക ജനങ്ങളുടെ വകയായി ഒരു വെള്ളിക്കുരിശും വെറെ ആളുകളുടെ വകയായി വിളക്കു ചിത്തോല, ശിലകൂട്ടം മുതലായ പല സാമാനങ്ങളും ഉള്‍പ്പെടെ 500 രൂപായുടെ വരവുണ്ടായിരുന്നു. അടിയെന്തിരം വകയ്ക്കു പള്ളികളില്‍ നിന്നു ചൊവ്വാഴ്ച കാലത്തു വരെ അറുനൂറില്‍പരം പറ അരിയും പല സാമാനങ്ങളും 1300 രൂപായും വരവുണ്ടു. പിന്നെയും ചില പള്ളിക്കാരുടെ വരി വന്നുകൊണ്ടിരിക്കുന്നു. ആകപ്പാടെ അടിയെന്തിരം വളരെ ഭംഗിയായി കഴിഞ്ഞു കൂടി എന്നു പറവാന്‍ സംശയമില്ല.

ചൊവ്വാഴ്ച ഉച്ചയോടു കൂടെ പള്ളിക്കാരുടെ വേറൊരു യോഗം ഉണ്ടായിരുന്നു. ഈ യോഗത്തില്‍ വച്ചും അടിയെന്തിര ചിലവു കഴിച്ചു ബാക്കിയുള്ള മുതല്‍ വട്ടിക്കിട്ടു അതിന്‍റെ പലിശ ആണ്ടു തോറും പതിവുള്ള വൈദിക സംഘചിലവിലേക്കു ഉപയോഗിക്കണമെന്നും വൈദിക സംഘം കാലം ചെയ്ത മെത്രാപ്പോലീത്തായുടെ മരണ ദിവസമൊ അതോടടുത്ത ദിവസമൊ പരുമല സെമിനാരിയില്‍ കൂടണമെന്നും നിശ്ചയിച്ചതു കൂടാതെ, മാര്‍ ഗ്രിഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ തന്‍റെ പരിശ്രമമായി ആരംഭിച്ചതും മരണ സമയത്തു അവിടുത്തെ മനസ്സില്‍ ഒരു വ്യസനഹോതുവായിരുന്നതും ഏതാനും കല്‍കെട്ടുകള്‍ നടത്തി പൂര്‍ത്തിയാകാതിരിക്കുന്നതുമായ തിരുവല്ല ഇംഗ്ലീഷ് പള്ളിക്കൂടം അവിടുത്തെ സ്മാരകമായിരിക്കണമെന്നും അതിലേക്കു ഉടന്‍ തന്നെ കല്പന എഴുതി പണപ്പിരിവു നടത്തണമെന്നും നിശ്ചയിച്ചിരിക്കുന്നു. കൊച്ചു തിരുമേനിയുടെ ജനങ്ങള്‍ക്കു പൊതുവായും ഓരോരുത്തനായും ഉള്ള ഭക്തിബഹുമാനാദികളുടെ ആധിക്യം വിചാരിച്ചാല്‍ ഈ സ്മാരകം വകക്കു എല്ലാ സുറിയാനിക്കാരും യഥായോഗ്യം സഹായം ചെയ്യുമെന്ന് ധാരാളം വിശ്വസിക്കാവുന്നതാണ്. തിരുവല്ലായില്‍ നമ്മുടെ സമുദായം വകയായി ഒരു ഇംഗ്ലീഷ് പള്ളിക്കൂടത്തിന്‍റെ ആവശ്യകത ആരായാലും വിസ്മരിക്കത്തക്കതല്ല. തിരുമനസ്സിലെ സ്വന്ത ചുമതലയിന്മേലും ഉത്തരവാദിത്വത്തിന്മേലും ആ കെട്ടിടം പണി ആരംഭിക്കുകയും കല്‍കെട്ട് ഏതാനും തീര്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ അതു മുഴുവനാക്കി പഠിത്വം നടത്തിക്കേണ്ട ചുമതല സമുദായത്തിനു പ്രത്യേകം ഉണ്ടെന്നുള്ളതും മറത്തക്കതല്ല. അതിനാല്‍ ഇതേവരെ ഈ തിരുമേനിയുടെ നേര്‍ക്കു സമുദായക്കാര്‍ പ്രദര്‍ശിപ്പിച്ച ഭക്തിസ്നേഹാദികള്‍ ഈ വിധത്തില്‍ പൂര്‍ത്തീകരിക്കുമെന്നു വിശ്വസിക്കുന്നു.

(മലങ്കര ഇടവക പത്രിക റിപ്പോര്‍ട്ട്, 1903 വൃശ്ചികം ലക്കം11)

അനുശോചന സന്ദേശം

ദൈവകാരുണ്യത്താല്‍
ഊര്‍ശ്ലേം സിംഹാസനത്തിന്‍റെ
ബലഹീനനായ ഈവാനിയോസ് ഏലിയാസ്
മെത്രാപ്പോലീത്തായില്‍ നിന്നും.
(മുദ്ര)

നമ്മുടെ വാത്സല്യപുത്രനായ ബഹുമാനപ്പെട്ട സ്ലീബാ ശെമ്മാശ്ശന്‍റെമേല്‍ ദൈവീക കൃപയും സ്വര്‍ഗ്ഗീയ വാഴ്വും വന്നാവസിക്കുമാറാകട്ടെ. നമ്മുടെ കര്‍ത്താവായ യേശു മിശിഹായുടെയും തന്‍റെ രക്ഷണ്യകബറിന്‍റെയും വാഴ്വ് തന്‍റെമേല്‍ വന്നാവസിക്കട്ടെ.

അത് ദൈവമാതാവായ മറിയാമ്മിന്‍റെയും മോര്‍ മര്‍ക്കോസ് ഏവന്‍ഗേലിസ്തായുടെയും സഹദേന്മാരുടെയും പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ – ആമീന്‍.

നിങ്ങളുടെ സത്യസ്നേഹത്തോടു നാം അറിയിക്കുന്നതിനെ കര്‍ത്താവു സകല നന്മകളാലും നിങ്ങളോട് അറിയിക്കുമാറാകട്ടെ. 1902 തുലാമാസം 23-ന് എഴുതിയ ദുഃഖകത്തു കിട്ടി. വായിച്ചു കണ്ടു. നമ്മുടെ ബഹുമാനപ്പെട്ടിരിക്കുന്ന ആബൂന്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കളുടെ ദേഹവിയോഗത്തെ സംബന്ധിച്ചു എഴുതിയിരുന്ന ഭാഗം കണ്ട മാത്രയില്‍ നാം ബോധം കെട്ടു മത്തുപിടിച്ചവനേപ്പോലെ ആയിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തെക്കുറിച്ചുള്ള കരച്ചിലും വിലാപവും നമ്മില്‍ അധികമുണ്ടായപ്പോള്‍ ശെമ്മാശന്മാരും ദയറായില്‍ പാര്‍ക്കുന്ന മറ്റെല്ലാവരും അതുകേട്ടുകൊണ്ട് ഓടിവന്നു. അയ്യോ പിതാവേ! എന്തെന്നു ചോദിച്ചു, നമുക്കു സംഭവിച്ച സംഭ്രമവും സങ്കടവും നിമിത്തം സംസാരിക്കുന്നതിന് അശേഷം നിവൃത്തിയില്ലാഞ്ഞിട്ട് എഴുത്ത് അവരുടെ പക്കല്‍ കൊടുത്തു. അവര്‍ അതിനെ വായിച്ചപ്പോള്‍ വളരെ സങ്കടപ്പെടുകയും ഏകശബ്ദത്തോടെ നിലവിളിക്കുകയും ചെയ്തു. എന്നാല്‍ ഇതു വാസ്തവമെന്നുള്ള ഉറപ്പ് നമ്മുടെ മനസ്സില്‍ വരാതെ സ്വപ്നം കാണുകയായിരിക്കുമോ എന്നുംകൂടി വിചാരിച്ചുപോയി. അല്ല, സത്യമായിട്ട് നമ്മുടെ വിളക്കു കെട്ടുപോയി. ഇന്ത്യയിലെ സഭയുടെ തൂണ് തകര്‍ന്നുപോയി. നമ്മുടെ മക്കളുടെ മേല്‍ അന്ധകാരവും കൂരിരുളും പിടിപെട്ടിരിക്കുന്നു. പിറ്റേദിവസം ഊര്‍ശ്ലേം ദേശക്കാര്‍ ഈ കാര്യം കേട്ടുകൊണ്ടു നമ്മുടെ ബലഹീനതയെ ആശ്വസിപ്പിക്കുന്നതിനായിട്ടു പല ജാതിക്കാരും വന്നു. കാലം ചെയ്ത നമ്മുടെ പിതാവ് നമ്മുടെ കര്‍ത്താവായ യേശുമ്ശിഹായുടെ കബറിടത്തിങ്കല്‍ വന്ദിപ്പാനായി വന്നിരുന്ന സമയം അദ്ദേഹത്തെ കണ്ടിട്ടുള്ള എല്ലാവര്‍ക്കും വളരെ ദുഃഖമുണ്ടാകയും പരിശുദ്ധനായ അദ്ദേഹത്തെക്കുറിച്ചു കരഞ്ഞു വിലപിക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ചുള്ള ദുഃഖം നമുക്ക് അടങ്ങായ്കയാല്‍ അത്രെ വേഗത്തില്‍ നിങ്ങളുടെ സ്നേഹത്തിന് എഴുതുവാന്‍ നമുക്ക് കഴിവുണ്ടാകാതിരുന്നിട്ടുള്ളത്. ഈ സംഗതി നമ്മുടെ ഹൃദയത്തില്‍ വിചാരിക്കുമ്പോള്‍ ഒക്കെയും കണ്ണുകള്‍ അശ്രുപൂര്‍ണ്ണങ്ങളായി ഭവിക്കുന്നു. വാവിട്ടു നിലവിളിക്കയും ചെയ്യുന്നു. എങ്കിലും ബഹുമാനപ്പെട്ട നമ്മുടെ പിതാക്കന്മാരായ ആബൂന്‍ മാര്‍ ദീവന്നാസ്യോസ് യൌസേഫ് മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഈവാനിയോസ് പൗലൂസ് മെത്രാപ്പോലീത്താ അവര്‍കളും മരണസമയത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ സ്നേഹത്തില്‍ നാം ആശ്വസിക്കുന്നു. അവര്‍ ദുഃഖം നിമിത്തം മൂന്നു ദിവസത്തേക്ക് മൃതപ്രായന്മാരായിരുന്ന് സങ്കടത്തോടുകൂടി കരഞ്ഞു നിലവിളിച്ചു. അപ്രകാരം തന്നെ നമ്മുടെ പ്രിയപുത്രനും അദ്ദേഹത്തിന്‍റെ ശിഷ്യനുമായ ഗീവറുഗീസ് മല്‍പ്പാന്‍ അവര്‍കള്‍ സത്യപുത്രനെപ്പോലെ ബദ്ധശ്രദ്ധനായി നിന്നുകൊണ്ട് ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ഉത്സാഹത്തോടുകൂടി നടത്തുകയും തന്‍റെ ഗുരുവിന്‍റെ സകല വാഴ്വിനും യോഗ്യനായി തീരുകയും ചെയ്തു. അദ്ദേഹം ഈ കാര്യത്തില്‍ സവിനയം പ്രദര്‍ശിപ്പിച്ച സ്നേഹബഹുമാനാദികളെക്കുറിച്ചു ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ശിഷ്യന്മാരൊക്കെയും തങ്ങളുടെ ഗുരുക്കന്മാരുടെ അടുക്കല്‍ ഇപ്രകാരം സത്യമുള്ളവരായിരിക്കേണ്ടതാണ്.

അദ്ദേഹം തന്‍റെ മദ്ധ്യപ്രായത്തില്‍ എടുത്തുകൊള്ളപ്പെട്ടു എങ്കിലും ശേഷിച്ചു ജീവിച്ചിരിക്കുന്നവരായി വിശ്വവിശ്രുതന്മാരും അനുഗ്രഹപ്പെട്ട ഇന്‍ഡ്യാദേശത്തിന്‍റെ സത്യ ഇടയന്മാരുമായ നമ്മുടെ പിതാക്കന്മാര്‍ക്കും, പട്ടക്കാര്‍, ദയറായക്കാര്‍, ശെമ്മാശ്ശന്മാര്‍ മുതലായ വൈദീക സംഘത്തിനും, മാര്‍ത്തോമ്മാശ്ലീഹായുടെ ശിഷ്യന്മാരും മരിച്ചുപോയ നമ്മുടെ പിതാവിന്‍റെ ആട്ടിന്‍കൂട്ടങ്ങളുമായി മലങ്കര ഇടവകയിലുള്ള ഗൃഹസ്ഥന്മാരും വ്യാപാരികളും വലിയവരും ചെറിയവരും പുരുഷന്മാരും സ്ത്രീകളും പൈതങ്ങളും ആയി സര്‍വ്വപ്രായാവസ്ഥകളിലിരിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് കൊടുക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുമശിഹായോട് നാം യാചിക്കുന്നു. കാലം ചെയ്ത പിതാവിന്‍റെ കബറടക്കത്തിനായി വന്നുകൂടിയിട്ടുള്ള നമ്മുടെ ജനത്തിന്‍റെ സ്നേഹത്തില്‍ ഞങ്ങള്‍ ചാരിതാര്‍ത്ഥ്യരായിരിക്കുന്നു. അദ്ദേഹം വിശ്വാസികളില്‍നിന്ന് പിരിച്ചുണ്ടാക്കിയ മുതല്‍കൊണ്ട് പണികഴിപ്പിച്ചു പൂര്‍ത്തിയാക്കി കൂദാശചെയ്തിട്ടുള്ള സെമ്മിനാരി പള്ളിയില്‍തന്നെ വളരെ ബഹുമാനത്തോടും ആഘോഷത്തോടുംകൂടെ കബറടക്കപ്പെടുകയും മലങ്കരയുള്ള എല്ലാ ജനങ്ങളും അദ്ദേഹത്തെക്കുറിച്ച് വളരെ വിലപിക്കുകയും മരണത്തോളം വേദനപ്പെടുത്തുകയും ചെയ്തതായി അറിയുന്നു. നമ്മുടെ വിശ്വാസത്തിന്‍റെ ശത്രുക്കള്‍ക്കു എതിരായി എപ്പോഴും നിന്നുകൊണ്ട് തന്‍റെ ഇടവകയെക്കുറിച്ചുള്ള തീക്ഷ്ണതയോടുകൂടിയിരുന്ന നല്ല ഇടയനും അനുഗ്രഹമുള്ള പിതാവും ആയ തന്‍റെ വിയോഗത്തില്‍ ഇപ്രകാരം ദുഃഖിക്കുന്നതു സഹജവും തങ്ങള്‍ക്കുണ്ടായതു വാസ്തവവും ആണ്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് നമുക്കു ദൈവത്തിന്‍റെ നല്ല ശരണം ഉണ്ട്. എന്തെന്നാല്‍ തന്‍റെ ശരീരം അനുകൂലപ്പെടുകയും ആത്മാവ് പരമാനന്ദങ്ങളുടെ പറുദീസയിലേക്കു വാങ്ങിപ്പോകയും ദീര്‍ഘദര്‍ശിമാരുടെയും ശ്ളീഹന്മാരുടെയും സംഘത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. അനുഗ്രഹശ്രേഷ്ഠനായ താന്‍ മാലാഖമാരോടുകൂടെ വസിക്കുന്നു. തന്‍റെ ശിഷ്ടായുസ്സിനെ പിന്‍തുടര്‍ച്ചക്കാരുടെമേല്‍ വര്‍ദ്ധിപ്പിക്കയും ജീവനുള്ള ദൈവത്തിനു ഇഷ്ടന്മാരായിതീര്‍ന്ന എല്ലാവരുടെയും പ്രാര്‍ത്ഥനകളാല്‍ പൂര്‍ണ്ണതയും അടക്കവുമുള്ള കാലങ്ങളെയും ഏകാന്ത സംവല്‍സരങ്ങളെയും നിങ്ങളെല്ലാവര്‍ക്കും തരികയും ചെയ്യുമാറാകട്ടെ. -ആമ്മീന്‍

അല്ലയോ വാത്സല്യപുത്ര നമുക്കും നിങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന ദുഃഖത്തിങ്കല്‍ നിങ്ങളുടെ ഹൃദയതകര്‍ച്ചയും ആകുലചിന്തയും നമ്മെ അധികമായി വേദനപ്പെടുത്തി. നിങ്ങളുടെ ജ്ഞാനത്തിനു ദീര്‍ഘസംസാരം ആവശ്യമില്ലല്ലോ.

നമ്മുടെ സഹോദരന്‍റെ ആത്മാവിനുവേണ്ടി വലിയ ക്യംതാപള്ളിയിലും മാര്‍ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥായുടെ ഭവനമാകുന്ന നമ്മുടെ പള്ളിയിലും ഞങ്ങള്‍ നമസ്ക്കാരങ്ങളും കുര്‍ബാനകളും കഴിച്ചു. ധനുമാസത്തിലെ ആദ്യ ഞായറാഴ്ച ഉച്ചയ്ക്കു ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ശവസംസ്കാര ശുശ്രൂഷയെ നിവൃത്തിച്ചു. ആ അവസരത്തില്‍ സകല ജാതിയില്‍നിന്നുള്ള അസംഖ്യജനവും അര്‍മ്മോന്യ പാത്രിയര്‍ക്കീസും ഈഗുപ്തായക്കാര്‍ കൂശായക്കാര്‍ പ്രങ്കയക്കാര്‍ മുതലായവരില്‍ പ്രധാനികളും മറ്റും വന്നുകൂടിയിട്ടുണ്ടായിരുന്നു. ഞങ്ങളെല്ലാവരും സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച് ദുഃഖശബ്ദത്താല്‍ മണികൊട്ടി അറിയിക്കുകയും തന്‍റെ ശ്രേഷ്ഠതയ്ക്കു യോഗ്യമായിരിക്കുന്ന പ്രകാരം വളരെ ബഹുമാനത്തോടും ആഘോഷത്തോടും കൂടെ ശുശ്രൂഷയെ നിവര്‍ത്തിക്കുകയും നമ്മുടെ ജനം ദുഃഖമണി കൈത്താളം മുതലായവയാല്‍ അതില്‍ സംബന്ധപ്പെടുകയും ചെയ്തു. ആ സമയം നമുക്കു പെട്ടെന്നുണ്ടായ ദുഃഖം ഹേതുവാല്‍ കരച്ചിലും നിലവിളിയും അല്ലാതെ ഒന്നും ചൊല്ലുന്നതിനാകട്ടെ പ്രവര്‍ത്തിക്കുന്നതിനാകട്ടെ കഴിവുണ്ടായില്ല. ഈ ശൂശ്രൂഷകഴിക്കുന്നതിനു വേണ്ടി പള്ളിയുടെ നടുക്ക് മദുബഹാപോലെ മൂന്നു ദര്‍ഗാകളായി ഒരു സ്ഥലം ഉണ്ടാക്കുകയും അവിടെ വിളക്കുകളും മെഴുകുതിരികളും കത്തിച്ചുവയ്ക്കുകയും, ഒരു സിംഹാസനം വച്ചിട്ട് അതിനുമീതെ മെത്രാപ്പോലീത്തായ്ക്കടുത്ത സ്ഥാനവസ്ത്രങ്ങള്‍ എല്ലാ ധരിപ്പിച്ച് വടി സ്ളീബാ മുതലായവയാല്‍ അലങ്കരിക്കപ്പെടുകയും മറ്റും ചെയ്തതിനെ കണ്ടിട്ടുള്ള സകല ജാതികളും ഈ ക്രമങ്ങളെക്കുറിച്ച് അത്ഭുതപ്പെട്ട് യാക്കോബായ സുറിയാനിക്കാരുടെ ക്രമം സത്യമായിട്ടും മാലാഖമാരുടെ ക്രമം തന്നെ ആകുന്നു എന്നു പറഞ്ഞു. അതിന്‍റെ ശേഷം ഞങ്ങള്‍ പള്ളിയില്‍ നിന്നു പുറപ്പെട്ട് എല്ലാവരും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ വന്നു. അവര്‍ തങ്ങളെ ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ യോഗ്യമാംവണ്ണം അവരെ ബഹുമാനിച്ചു തന്നെ അയച്ചു. സിംഹാസനം മൂന്നു ദിവസത്തോളം യഥാസ്ഥിതിയില്‍ ഇരുന്നതു കൂടാതെ ഞങ്ങള്‍ അതിന്‍റെ ഫോട്ടോ ഗ്രാഫ് എടുത്ത് നിങ്ങള്‍ കാണ്മാന്‍ തക്കവണ്ണം അതിന്‍റെ പകര്‍പ്പ് ആ എഴുത്തോടുകൂടി അയക്കുന്നു. സുഖക്കേടു നിമിത്തം പടം എടുക്കുന്ന സമയത്ത് നമുക്ക് സംബന്ധിപ്പാന്‍ കഴിഞ്ഞില്ല.

നമ്മുടെ കര്‍ത്താവേശുമ്ശിഹാ, തന്‍റെ കാരുണ്യത്താല്‍ മഹാനുഭാവനായിരിക്കുന്ന തന്നെ നീതികരിക്കയും ഉത്തമനും വിശ്വസ്തനുമായ ഭൃത്യാ അല്പകാര്യത്തില്‍ നീ വിശ്വസ്തനായിരുന്നതുകൊണ്ട് വളരെ കാര്യങ്ങളില്‍ നിന്നെ അധികാരിയാക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്കുക എന്നുള്ള സജീവശബ്ദം തന്നെ കേള്‍ക്കുമാറാക്കുകയും ചെയ്യുന്നവനായിട്ട് തന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ഞങ്ങളുടെ നമസ്കാരങ്ങളിലും കുര്‍ബാനകളിലും എല്ലായ്പ്പോഴും അദ്ദേഹത്തെ ഞങ്ങള്‍ ഓര്‍ക്കുകയും ചെയ്യുന്നു.

നമ്മുടെ പിതാക്കന്മാരായ മെത്രാപ്പോലീത്തന്മാരെക്കുറിച്ചും നിങ്ങളുടെ സ്നേഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഗീവറുഗീസ് മല്‍പ്പാനായ നമ്മുടെ പുത്രനെക്കുറിച്ചും അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖിച്ചുവിലപിച്ചിരിക്കുന്നവരായ എല്ലാവരെക്കുറിച്ചും ഞങ്ങള്‍ ഓര്‍ക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ ദൈവമായ മശിഹാ അപരിമിതമായ തന്‍റെ അനുഗ്രഹങ്ങള്‍ മൂലം അവരെ ആശ്വസിപ്പിച്ച് മനോധൈര്യപ്പെടുത്തുകയും അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീരിനെ തുടച്ചുകളയുകയും അവരുടെ വിചാരങ്ങളില്‍ നിന്നും കഠിനമായിരിക്കുന്ന വിലാപത്തേയും ദുഃഖത്തേയും നീക്കിക്കളകയും ചെയ്യുമാറാകട്ടെ.

തങ്ങളുടെ സത്യസ്നേഹത്തിനും ബഹുമാനപ്പെട്ട നമ്മുടെ പിതാക്കന്മാര്‍ക്കും നമ്മുടെ പുത്രനായ ബഹുമാനപ്പെട്ട നമ്മുടെ മല്പാന്‍ മത്തായി കത്തനാര്‍ക്കും പട്ടക്കാര്‍ക്കും ദയറായക്കാര്‍ക്കും വലിയവരും ചെറിയവരുമായ എല്ലാ ജനങ്ങള്‍ക്കും ആശ്വാസത്തിന്‍റെ എഴുത്തുകള്‍ എഴുതുവാന്‍ ആവശ്യമായിരുന്നു. എങ്കിലും ഈയിടെ നമുക്കു സംഭവിച്ചസുഖക്കേടു നിമിത്തം അതിനു കഴിവുണ്ടായില്ല. എന്നാല്‍ നിങ്ങള്‍ നമുക്കു പകരമായി എല്ലാവരോടും യഥാസ്ഥിതി പ്രവര്‍ത്തിച്ചുകൊള്ളുമല്ലൊ. കര്‍ത്താവിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ, കര്‍ത്താവില്‍ സുഖമായിരിപ്പിന്‍.

(ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ ഇത്യാദി)

1903 മകരം 3-നു ഊര്‍ശ്ളേമില്‍ നിന്നും

(മലങ്കര ഇടവക പത്രിക 1903 കുംഭം ലക്കം)

പ. പരുമലത്തിരുമേനിയുടെ അന്ത്യ ദിനങ്ങള്‍

കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (പ. ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവാ)

17-ന് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ദീനം അത്യന്തമെന്ന് അത്തനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് കമ്പി വന്നു. പരുമലയ്ക്കു പുറപ്പെടുവാന്‍ തിരുമനസ്സിലേക്ക് സുഖമില്ലാഴികയാല്‍ പോകുന്നില്ലെന്നു വയ്ക്കയും ഗീവറുഗീസു റമ്പാച്ചന്‍ പോകുന്നതിന് അനുവദിയ്ക്കയും ചെയ്തു. ഉടനെ ഗീവറുഗീസു റമ്പാച്ചന്‍ അകപ്പറമ്പു പള്ളിയില്‍ താമസിച്ചിരുന്ന കൊച്ചുപൗലോസു റമ്പാച്ചന്‍റെ പേര്‍ക്ക് വിവരത്തിന് എഴുതി അയക്കയും അദ്ദേഹം 18-ന് പറവൂര്‍ വന്നു ചേരുകയും അദ്ദേഹവും ഒരുമിച്ച് അന്നുതന്നെ യാത്ര പുറപ്പെട്ട് 21-ന് പരുമല എത്തി തിരുമേനിയെ കണ്ടു. ദീനം എത്രയും കൂടുതല്‍ ആയിരുന്നു.

22-ന് ഗീവറുഗീസു റമ്പാച്ചന്‍ കുര്‍ബ്ബാന ചൊല്ലുകയും പാമ്പാക്കുട മല്പാനച്ചന്‍ തിരുമേനിയുടെ സുഖക്കേടിനെപ്പറ്റി പ്രസംഗിക്കയും എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കയും ചെയ്തു. തിരുമേനി കഴിഞ്ഞു പോയി എന്ന് എല്ലാവരും വിചാരിച്ചുപോകയും വിവരം മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായോട് അറിയിച്ചതില്‍ വളരെ വ്യസനിച്ച് നിലവിളിക്കയും ചെയ്തു എങ്കിലും അന്നേ ദിവസം ഒന്നും നടന്നില്ല.

25-ന് കണ്ടനാട്ടു ഇടവകയുടെ ഈവാനിയോസ് മെത്രാപ്പോലീത്തായും വന്നു ചേര്‍ന്നു. 29-ന് അദ്ദേഹം കുര്‍ബ്ബാന ചൊല്ലി. വട്ടശ്ശേരി മല്പാനച്ചന്‍ പ്രസംഗിക്കുകയും എല്ലാവരും പ്രത്യേകം സങ്കടത്തോടെ പ്രാര്‍ത്ഥിക്കയും ചെയ്തു. തുലാ മാസം 6-ന് ടി. തിരുമേനി കുര്‍ബ്ബാന ചൊല്ലുകയും സ്ലീബാ ശെമ്മാശന്‍ പ്രസംഗിക്കയും ചെയ്തു. 13-ന് തിരുമേനി കുര്‍ബ്ബാന ചൊല്ലി മട്ടക്കലച്ചന്‍ പ്രസംഗിച്ചു. 15-ന് പാലക്കുന്നത്തു കൊച്ചു തീത്തോസ് മെത്രാന്‍ പരുമല വന്നു തിരുമേനിയുടെ ദീനം കണ്ട് തിരിച്ചു പോയി.

20-ന് വല്യപൗലോസ് റമ്പാച്ചന്‍ കുര്‍ബ്ബാന ചൊല്ലി തിരുമനസ്സിലേക്കും, ശു. കുര്‍ബ്ബാന കൊടുത്തു. തിരുമനസ്സിലെ ദീനം ഇതുവരെയായിട്ടും ഒരു കുറവും കണ്ടില്ല. നാട്ടുവൈദ്യന്‍മാരും അപ്പോത്തിക്കിരികളുമായി അനേകം പേരുടെ ചികിത്സകള്‍ കഴിച്ചു. എങ്കിലും ദൈവഹിതം തടുക്കുവാന്‍ കഴിയാകയാല്‍ ഉച്ചകഴിഞ്ഞ് തിരുമനസ്സിലെ അപേക്ഷപ്രകാരം കന്തീലായുടെ ക്രമം ഈവാനിയോസ് മെത്രാപ്പോലീത്താ നാലു റമ്പാച്ചന്മാരുടെ കൂടെയും പല പട്ടക്കാരോടു കൂടെയും കഴിച്ചു. രാത്രി 12 മണിക്ക് കര്‍ത്താവില്‍ തന്‍റെ ജീവനെ ഭരമേല്പിച്ചു. ഉടനെ എടുത്ത് കസേരയില്‍ ഇരുത്തി ദേഹം ചൂടുവെള്ളം കൊണ്ട് ശുദ്ധിവരുത്തി തന്‍റെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ച് പള്ളിയില്‍ അഴിക്കകത്ത് പടിഞ്ഞാറോട്ട് മുഖമായി ഇരുത്തി “കൊഹനെയിക്ക് നെല്‍ ബ്ശൂന്‍” ചൊല്ലിയ ശേഷം അനുതാപത്തിന്‍റെ ഏഴ് മസുമൂറും എത്തിച്ചു. പിന്നെ പുലരുന്നത് വരെയും മസ്മൂറുകള്‍ വായിച്ചുകൊണ്ടിരുന്നു.

അതികാലത്തെ പ്രാര്‍ത്ഥനയും കുര്‍ബ്ബാനയും കഴിച്ച് കൊഹനൈത്തായില്‍ ഒരു തെശുമെശുത്തായും എത്തിച്ച് താഴെ നിന്നും മദ്ബഹായില്‍ കേറ്റി പടിഞ്ഞാട്ടു മുഖമായി ഇരുത്തി. പിന്നെ 11 മണിക്കും 3 മണിക്കും രണ്ട് തെശുമെശ്ത്തായും തികച്ച് രാത്രി മുഴുവന്‍ മസുമൂറാകള്‍ വായിച്ചുകൊണ്ടിരുന്നു. 22 കാലത്തെ പ്രാര്‍ത്ഥനയും ഗീവറുഗീസ് റമ്പാന്‍റെ കുര്‍ബ്ബാനയും കഴിഞ്ഞ് ഒരു തെശ്മെശ്ത്താ കൂടി കഴിച്ചു. പിന്നെ 10 മണിക്ക് 2 തെശ്മെശ്ത്തായും വായനകളും കഴിച്ച് കിഴക്കോട്ട് മുഖമായി പൊക്കി ഈവാനിയോസ് മെത്രാപ്പോലീത്താ, തിരുമനസ്സിലെ മുഖത്ത് മൂന്നു പ്രാവശ്യം ധൂപം വയ്ക്കയും പുശ്ബശ്ലോമ ചൊല്ലുകയും പിന്നെ പടിഞ്ഞാട്ടു മുഖമായും വടക്കോട്ട് മുഖമായും തെക്കോട്ട് മുഖമായും പൊക്കി പുശുബശ്ലോമോ ചൊല്ലുകയും ചെയ്തശേഷം ഹൈക്കലായില്‍ പടിഞ്ഞാറേഅറ്റത്തു കൊണ്ടുവന്ന് കിഴക്കോട്ട് മുഖമായും വടക്കേ വാതുക്കലും തെക്കേ വാതുക്കലും പുശ്ബശ്ലോമോ ചൊല്ലി പടിഞ്ഞാറെ വാതില്‍ക്കല്‍ ഇറക്കി നഗരി കാട്ടുവാന്‍ കൊണ്ടുപോയി.

പടിഞ്ഞാറെ അറ്റത്തുവച്ചും കിഴക്കോട്ട് മുഖമായി പൊക്കി പുശ്ബശ്ലോമോ ചൊല്ലി കിഴക്കോട്ട് കൊണ്ടുവന്ന് സിമ്മനാരിയുടെ റാന്തയില്‍ പടിഞ്ഞാട്ടു മുഖമായി ഇരുത്തി എല്ലാവരും കൈമുത്തിന്നാരംഭിച്ചു. ആയതു കഴിഞ്ഞ് പള്ളിയകത്തു കേറ്റി തെക്കേ വാതില്‍ക്കല്‍ കൂടി പുറത്തിറക്കി കിഴക്ക് വശത്തു കൂടി വന്ന് വടക്ക് വശത്ത് കബറുങ്കല്‍ വന്നു പ്രാര്‍ത്ഥനയും കഴിച്ച് കുഴിയില്‍ ഇരുത്തി എല്ലാ വരും കുന്തിരിക്കവും കുഴിയില്‍ മുക്കാല്‍ ഭാഗത്തോളം നിറച്ചു.”മേല്‍പ്പട്ട ഉയരങ്ങളില്‍”എന്നതും കൈകഹനൈയ്ക്ക്നെല്‍ ബശൂന്‍ എന്നതും ചൊല്ലി കുഴിമൂടി ഈവാനിയോസു മെത്രാപ്പോലീത്തായുടെ പ്രസംഗവും കഴിഞ്ഞ് പള്ളിയകത്ത് പ്രവേശിച്ച് കാണിക്കയിടീലും നടത്തി ജനക്കൂട്ടം പിരിയുകയും ചെയ്തു.

ഇദ്ദേഹം കൊച്ചീ സംസ്ഥാനത്തു മുളന്തുരുത്തി കണ്ടനാട്ടു ഇടവക കളില്‍ കൂടുന്ന ചാത്തുരുത്തി കുടുംബത്തില്‍ കൊല്ലം 1023-ല്‍ ജനിച്ചു. ഇദ്ദേഹം ബാലനായിരുന്നപ്പോള്‍ തന്നെ ദൈവഭക്തിയില്‍ വളരുകയും ഒരു നല്ല കൊച്ചന്‍ എന്ന് എല്ലാവരാലും പേര്‍ വിളിയ്ക്കപ്പെടുകയും ചെയ്തു. ശെമ്മാശുപട്ടവും കത്തനാരു പട്ടവും കഴിഞ്ഞുപോയ കൂറിലോസു ബാവായില്‍ നിന്ന് കൈക്കൊണ്ട് മേല്‍പ്പറഞ്ഞ രണ്ട് പള്ളിയിലും ഒരു ഇടവകപട്ടക്കാരന്‍റെ ജോലി നോക്കിവരുമ്പോള്‍ അന്തോനീസ് മുതലായ പ്രാചീന സന്യാസികളുടെ ജീവചരിത്രങ്ങളും സന്ന്യാസവ്രതത്തിന്‍റെ മാഹാത്മ്യങ്ങള്‍ വിവരിക്കുന്ന ചില സുറിയാനിപ്പുസ്തകങ്ങളും വായിച്ച്കാണ്‍മാന്‍ ഇടയാവുകയും അതുമുതല്‍ തനിക്കും ലോകസംബന്ധമായ സകല ബന്ധവും ഒഴിച്ച് ഒരു സന്യാസിയായി ജീവിക്കണമെന്ന് ആഗ്രഹം ജനിക്കയും ഈ ആഗ്രഹത്തെ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായെ ഗ്രഹിപ്പിക്കയും ചെയ്തയുടനെ അദ്ദേഹം സന്തോഷിച്ച് റമ്പാച്ചനായി വാഴിച്ചു.

അതുമുതല്‍ ഇദ്ദേഹം മുളംന്തുരുത്തി പള്ളിയില്‍ നിന്നും കിഴക്കുള്ള വെട്ടിക്കല്‍ ദയറായില്‍ സ്ഥിരതാമസമാക്കി. അവിടെ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വേദപുസ്തക വായനയിലും ഒരു പൂര്‍ണ്ണസന്യാസിയുടെ നിലയില്‍ താമസിച്ചിരുന്നു. ഇങ്ങനെ ഇരിക്കെ കഴിഞ്ഞുപോയ അന്ത്യോഖ്യാ പാത്രിയര്‍ക്കീസു ബാവാ മലയാളത്തേക്ക് എഴുന്നെള്ളുകയും ഉടനെ അദ്ദേഹം തിരുസന്നിധിയില്‍ എത്തുകയും ബാവായ്ക്കു വളരെ പ്രീതി തോന്നി സിക്രട്ടറി ആയി താമസിപ്പിക്കയും ചെയ്തു. പിന്നീട് ഇദ്ദേഹം ബാവായോട് കൂടെ മലങ്കരയുള്ള പല പള്ളികളിലും സഞ്ചരിക്കയും അനേകം യോഗ്യന്മാരുടെ സഖിത്വവും പ്രീതിയും സമ്പാദിക്കയും ചെയ്തു. ബാവാ മലങ്കരയുള്ള പള്ളികളെ ഏഴ് ഇടവകകളായി ഭാഗിച്ച് അവയെ ഭരിക്കുന്നതിന് ദിവന്നാസ്യോസ് മെത്രാപ്പോലീത്തായെ കൂടാതെ ആറു നാട്ടു മെത്രാന്മാരെ വാഴിക്കണമെന്ന് നിശ്ചയിച്ചതില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തെ 1052 വൃശ്ചികം 21-ന് പറവൂര്‍ പള്ളിയില്‍ വച്ച് ഗ്രീഗോറിയോസ് എന്ന സ്ഥാനപ്പേരില്‍ വാഴിക്കയും നിരണം മുതലായ ഭദ്രാസന ഇടവക മേല്‍ അധികാരപ്പെടുത്തുകയും ചെയ്തു.
ദൈവഭക്തി, സഭാ നിശ്ചയവും കാനോനും അനുസരിച്ചുള്ള എല്ലാ നടപടികളിലും കൃത്യനിഷ്ഠ, ഉപവാസം, പ്രാര്‍ത്ഥന, പ്രസംഗചാതുര്യം എന്നു വേണ്ട തന്‍റെ എല്ലാ സംഗതികളും ഒരു ശരിയായ സന്യാസിയുടെയും മേല്‍പ്പട്ടക്കാരന്‍റെയും ചുമതലകളെ ആചരിച്ചു വന്നതിനാല്‍ വചനത്തേക്കാള്‍ പ്രവൃത്തിയില്‍ ഇദ്ദേഹം എല്ലാവര്‍ക്കും ദൃഷ്ടാന്തമായിരുന്നു. ഇദ്ദേഹം ദൈവത്തിന്‍റെ ദൂതനാണെന്നോ അദ്ദേഹത്തിന്‍റെ അതൃപ്തി സമ്പാദിച്ചാല്‍ ശാപം നേരിടുമെന്നൊ ഉള്ള ബോധ്യം എല്ലാവരിലും ഏറെക്കുറെ വ്യാപിച്ചിരുന്നു. ഇങ്ങനെ നിരണം ഇടവക ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ തുമ്പമണ്‍ ഇടവകയുടെ മെത്രാപ്പോലീത്താ കാലം ചെയ്കയാല്‍ ആ ഭദ്രാസന ഇടവക പാത്രിയര്‍ക്കീസു ബാവാ തന്നെ ഭരമേല്പിച്ചു. അതോടു കൂടെ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും തന്‍റെ അധികജോലി നിമിത്തം കൊല്ലം ഇടവകയും ഭരണത്തിനു വിട്ടുകൊടുത്തു. ഇങ്ങനെ കോട്ടയത്തിന് തെക്കുള്ള എല്ലാ പള്ളികളെയും ഭരിച്ചുവന്നു.

എന്നാല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തന്‍റെ നാമം നില്ക്കത്തക്കതായി ചെയ്തിട്ടുള്ള പ്രവൃത്തികളില്‍ മുഖ്യമായത് പരുമല സിമ്മന്നാരി പണിയിച്ചിട്ടുള്ളതാകുന്നു. പരുമല ഒരു സുറിയാനിപ്പള്ളിയും സിമ്മന്നാരിയും സ്ഥാപിക്കണമെന്ന് നിശ്ചയിച്ച് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ സ്ഥലം സമ്പാദിക്കയും ചില ഉപായകെട്ടിടങ്ങള്‍ തീര്‍പ്പിക്കയും ചെയ്തിരുന്നു. എങ്കിലും തന്‍റെ അധികജോലി നിമിത്തം അവയെ പൂര്‍ണ്ണമാക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും ഗ്രീഗോറിയോസു മെത്രാപ്പോലീത്താ പള്ളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പണം പിരിച്ച് ഉദ്ദേശം 15,000 രൂപ ചിലവു ചെയ്ത് രണ്ട് നിലയില്‍ വിശാലമായ ഒരു സിമ്മന്നാരിക്കെട്ടിടവും അതിനോടു ചേര്‍ത്ത് ഒരു പള്ളിയും പണിക്കുറ തീര്‍പ്പിച്ചു. ഇങ്ങിനെ ഇരിക്കുമ്പോള്‍ ആയിരുന്നു തനിക്കു രോഗം ആരംഭിച്ചതു. പ്രസിദ്ധന്മാരായ ഇംഗ്ലീഷ് വൈദ്യന്മാരും അവരുടെ ശക്തിയില്‍ അധികമായി പരിശ്രമിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. ഇങ്ങനെ മലങ്കര സുറിയാനി സമുദായത്തില്‍ സ്ഥാനം കൊണ്ടും ദൈവഭക്തി കൊണ്ടും ശ്രേഷ്ഠനായിരുന്ന ഒരു മഹാനായിരുന്നു ഈ തിരുമേനി.

25-ന് ഗീവറുഗീസ് റമ്പാന്‍ പരുമല നിന്നും വാകത്താനത്തു വള്ളിക്കാട്ട് പള്ളിയില്‍ എത്തുകയും 27-ന് അവിടെ നിന്നും യാത്ര പുറപ്പെട്ടു സിമ്മന്നാരിയിലും കല്ലുങ്കത്ര പള്ളിയിലും എത്തി. അവിടെ നിന്നും 30 ന് പറവൂര്‍ പള്ളിയില്‍ എത്തുകയും ചെയ്തു. വൃശ്ചികം 2-ന് ഗീവറുഗീസു റമ്പാന്‍ ഈരാളില്‍ മാത്തു കത്തനാരുടെ പള്ളിയില്‍ അദ്ദേഹത്തിന്‍റെ അപേക്ഷപ്രകാരം എത്തി കുര്‍ബ്ബാനയും പ്രസംഗവും കഴിച്ച് തിരിച്ച് പറവൂര്‍ പള്ളിയില്‍ പോരികയും ചെയ്തു.

14-ന് ഗീവറുഗീസു റമ്പാനും പറവൂരു പള്ളിക്കാരും കൂടി മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 30-ാം ദിവസമടിയന്തിരത്തിനായി പരിമലക്ക് യാത്ര പുറപ്പെട്ടു. 17-ന് അവിടെ എത്തി. അവിടെ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും ഈവാനിയോസ് മെത്രാപ്പോലീത്തായും എല്ലാ റമ്പാച്ചന്മാരും അനേകം പട്ടക്കാരും ശെമ്മാശന്മാരും പള്ളിക്കാരും എത്തിയിരുന്നു.

18-ന് ഈവാനിയോസു മെത്രാപ്പോലീത്തായും ഗീവറുഗീസ് റമ്പാച്ചനും പുന്നൂസ് റമ്പാച്ചനും കൂടി മൂന്നിന്‍മേല്‍ കുര്‍ബ്ബാന ചൊല്ലുകയും മെത്രാച്ചന്‍ പ്രസംഗിക്കയും ചെയ്തു. കുര്‍ബാന കഴിഞ്ഞ് സദ്യയും ആരംഭിച്ചു. തലേദിവസം സന്ധ്യയ്ക്കും പകലുമായിട്ട് 500 പറ അരിയോളം വച്ചിട്ടുണ്ടായിരുന്നു. കൊടിയും സ്ലീബായോട് കൂടെ പ്രദക്ഷിണവും സദ്യയും കഴിഞ്ഞ് മേല്‍പ്പട്ടത്തിന് ആളെ തിരഞ്ഞെടുപ്പാന്‍ പള്ളിയുടെ പടിഞ്ഞാറു വശത്ത് പന്തലില്‍ യോഗം കൂടി. മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ അഗ്രാസന്‍ ആയിരുന്നു.

പൗലോസു റമ്പാച്ചന്‍റേയും വട്ടശേരി മല്പാനച്ചന്‍റേയും പേരുകള്‍ ചില പള്ളിക്കാര്‍ പ്രസ്താവിച്ചു. എങ്കിലും തിരുമേനികള്‍ തിരഞ്ഞെടുക്കുന്ന ആളുകളെ എല്ലാവര്‍ക്കും സമ്മതമാണെന്നും പറഞ്ഞ് യോഗം പിരിയുകയും ചെയ്തു. 19-ന് നടവരവും അടിയന്തിരച്ചിലവിന് പള്ളിക്കാര്‍ കൊണ്ടുവന്ന പണവും എണ്ണിക്കണ്ടു. 1500 രൂപ വരെ പിരിവുണ്ടായിരുന്നു.

20-ന് ഗീവറുഗീസു റമ്പാനും പറവൂര്‍ പള്ളിക്കാരുംകൂടി പരുമല നിന്നും പറവൂര്‍ക്ക് യാത്ര പുറപ്പെട്ട് 21-ന് റോമാക്കാരുടെ കല്ലൂര്‍ക്കാട്ട് പള്ളിയില്‍ എത്തുകയും ആ പള്ളിയും മറ്റും കണ്ടതിന്‍റെ ശേഷം അവിടെ നിന്നും പുറപ്പെട്ട് 23-ന് പറവൂര്‍ പള്ളിയില്‍ എത്തുകയും ചെയ്തു. ടി റോമാ പള്ളിയിലെ കുറിയാളച്ചെരി തോമാ കത്തനാര്‍ അദ്ദേഹം റോമായ്ക്ക് പോയ വിവരം അച്ചടിപ്പിച്ച ഒരു പുസ്തകം ഗീവറുഗീസു റമ്പാച്ചനു സമ്മാനിച്ചു.

Last Days of Parumala Thirumeni / HH Baselius Geevarghese I Catholicos