സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജപ്രസ്ഥാനത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനപ്പെട്ടതും 21 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയുമായ ‘കൊയ്നോണിയ’യുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച്  സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10:30 മുതൽ കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൽമാനിയ സിംസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്‌ഘാടനം കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ റെവ. ഫാ. എം ബി ജോർജ്ജ് നിർവഹിച്ചു. കത്തീഡ്രൽ സഹവികാരി റെവ. ഫാ. ജോഷ്വാ എബ്രഹാം, കത്തീഡ്രൽ ഭാരവാഹികൾ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം ലെ വൈസ് പ്രസിഡന്റ് ശ്രീ. ക്രിസ്‌റ്റി പി വർഗീസ്, സെക്രട്ടറി ശ്രീ. അജി ചാക്കോ പാറയിൽ, ട്രെഷറർ ശ്രീ. പ്രമോദ് വർഗീസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 150നടുത്ത് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

 ഇതിനോടകം പരുമല സെൻറ് ഗ്രീഗോറിയോസ് കാർഡിയോ വാസ്കുലാർ സെന്ററുമായി സഹകരിച്ച് 270 ൽ പരം കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തികൊടുക്കുവാൻ പ്രസ്ഥാനത്തിന് സാധിച്ചു. പദ്ധതിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വി കുർബാനക്ക് ശേഷം പരുമല ഹോസ്പിറ്റലിൽ നിന്നും കഴിഞ്ഞ പത്ത് വർഷ കാലത്തെ സഹകരണത്തിന് പ്രസ്ഥാനത്തിന് ലഭിച്ച മൊമെന്റോ ഔദ്യോഗികമായി കത്തീഡ്രലിനു സമർപ്പിക്കുകയുണ്ടായി. തുടർന്ന് പദ്ധതിയുടെ നല്ല നടത്തിപ്പിന് പരി. കാതോലിക്കാ ബാവ ഉൾപ്പെടെ ഓർത്തഡോക്സ് സഭയിലെ പ്രമുഖർ ആശംസകൾ അറിയിച്ചുകൊണ്ടുള്ളതും, പദ്ധതിയുടെ നാൾ വഴികൾ കോർത്തിണക്കികൊണ്ടുള്ളതുമായ വീഡിയോ പ്രേസേന്റ്റേഷനും ഉണ്ടായിരുന്നു. പദ്ധതിയുമായി സഹകരിച്ച എല്ലാ കത്തീഡ്രൽ അംഗങ്ങളോടുള്ള നന്ദി രേഖപ്പെടുത്തുകയും, തുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും  പ്രസ്ഥാനം ഭാരവാഹികൾ അറിയിച്ചു.