1995 ഫെബ്രുവരി സുന്നഹദോസ് തീരുമാനങ്ങള്‍

ഏതാനും വര്‍ഷങ്ങളായി അമേരിക്കാ ഭദ്രാസനത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് പ. സുന്നഹദോസ് പരിഹാരം കണ്ടെത്തി. ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായെ അമേരിക്കാ ഭദ്രാസനത്തിലെ സീനിയര്‍ മെത്രാപ്പോലീത്താ ആയി നിയമിക്കണമെന്നും ബര്‍ന്നബാസ് മെത്രാപ്പോലീത്താ തല്‍സ്ഥാനത്ത് തുടരണമെന്നും തീരുമാനിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1995-ലെ ഫെബ്രുവരി സുന്നഹദോസ് ആണ് ഈ തീരുമാനം എടുത്തത്. ഫെബ്രുവരി മാസം 21-ാം തീയതി രാവിലെ 9.30-ന് ആരംഭിച്ച സുന്നഹദോസ് 25-ാം തീയതി ഉച്ചയ്ക്ക് 1.15-ന് അവസാനിച്ചു. സുന്നഹദോസില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ അദ്ധ്യക്ഷം വഹിച്ചു. ഡല്‍ഹി മെത്രാസനത്തിലെ തിരുമേനിമാര്‍ ഒഴികെ മൊത്തം 20 തിരുമേനിമാര്‍ പ. സുന്നഹദോസില്‍ സംബന്ധിച്ചിരുന്നു.
അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ നാലു ദിവസവും അഞ്ചാം ദിവസം ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയും ധ്യാനം നയിച്ചു.

ബി. ഷെഡ്യൂളില്‍പ്പെട്ട സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും 1995-96-ലെ വാര്‍ഷിക ബജറ്റ് പാസാക്കി.

കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മെത്രാസനത്തില്‍ നിലവിലിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഭിന്നതകള്‍ക്കും ശാശ്വതമായ ഒരു പരിഹാരം അമേരിക്കയിലുള്ള അഭി. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയും, അഭി. മാത്യൂസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയും സമ്മതിച്ച് പ. സുന്നഹദോസിന്‍റെ ഏകാഭിപ്രായമായി ഒരു തീരുമാനം എടുത്തു. അതനുസരിച്ച് ഏപ്രില്‍ മാസം 27-നു മുമ്പ് മാര്‍ മക്കാറിയോസ് തിരുമേനിയും, മാര്‍ ബര്‍ന്നബാസ് തിരുമേനിയും ചേര്‍ന്ന് അമേരിക്കയിലുള്ള പള്ളികള്‍ സന്ദര്‍ശിച്ചും, സംയുക്ത ഇടയലേഖനങ്ങള്‍ പുറപ്പെടുവിച്ചും നിലവിലുള്ള കേസുകളും ഭിന്നതകളും അവസാനിപ്പിക്കും.

അമേരിക്കാ മെത്രാസനത്തിലെ സീനിയര്‍ മെത്രാപ്പോലീത്താ ആയി തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയെ നിയമിക്കുന്നതാണ്. മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ അമേരിക്കാ മെത്രാസനത്തിന്‍റെ മെത്രാപ്പോലീത്താ ആയി തുടരുന്നതും മെത്രാസന ഭരണം അദ്ദേഹം മാത്രം നിര്‍വ്വഹിക്കുന്നതും ആയിരിക്കും. പള്ളികള്‍ സന്ദര്‍ശിക്കുന്നതിനും അവിടെ കൂദാശകളും മറ്റ് ആത്മീയാവശ്യങ്ങളും നടത്തുന്നതിനും ഭദ്രാസന പൊതുയോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുന്നതിനും പൊതുയോഗം ബര്‍ന്നബാസ് തിരുമേനിയും ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിനും സീനിയര്‍ മെത്രാപ്പോലീത്തായ്ക്ക് അവകാശം ഉണ്ടായിരിക്കും.

ഭവനദാന പദ്ധതിയുടെയും സമൂഹവിവാഹ പദ്ധതിയുടെയും റിപ്പോര്‍ട്ടുകള്‍ സുന്നഹദോസ് അംഗീകരിച്ചു. ഭവനസഹായ പദ്ധതി അനുസരിച്ച് 704 വീടുകള്‍ക്ക് കേന്ദ്രവിഹിതമായി 2816000 രൂപായും സമൂഹ വിവാഹ പദ്ധതി അനുസരിച്ച് 156 വിവാഹങ്ങള്‍ക്ക് 2264500 രൂപായും നല്‍കി.

വര്‍ദ്ധിച്ചുവരുന്ന പ്രൊട്ടസ്റ്റന്‍റ് കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായതിനാല്‍ ആ യോഗങ്ങളില്‍ സഭാംഗങ്ങളോ വൈദികരോ സംബന്ധിക്കുന്നത് ഉത്തമമല്ലെന്നും, അതില്‍നിന്ന് സഭാംഗങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിക്കുവാന്‍ ആവശ്യമായ നേതൃത്വം കൊടുക്കുവാന്‍ വൈദികരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനാവശ്യമായ ലഘുലേഖനങ്ങളും പുസ്തകങ്ങളും പ്രിന്‍റ് ചെയ്ത് ഇടവകകളില്‍ എത്തിക്കുക, സ്റ്റഡി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക മുതലായ കാര്യങ്ങള്‍ക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയെ ചുമതലപ്പെടുത്തി. ഇവയ്ക്കെല്ലാം ഉപയുക്തമാകത്തക്കവിധം ഭദ്രാസന ചുമതലയില്‍ ഇടവകകള്‍തോറും ഇന്‍റേണല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

കേരളത്തിന് പുറത്തു സഭാശുശ്രൂഷകളും സേവനങ്ങളും നടത്തുവാന്‍ കഴിവുള്ള വൈദികരേയും, മിഷന്‍ പ്രവര്‍ത്തകരേയും വാര്‍ത്തെടുക്കുവാന്‍ വേണ്ടി ഭിലായില്‍ സെമിനാരി കോഴ്സു നടത്തുന്നതിന് തീരുമാനിച്ചു. പ്രസ്തുത സെമിനാരി കോട്ടയം തിയോളജിക്കല്‍ സെമിനാരിയുടെ ഭാഗമായും സെമിനാരിയുടെ ഒരു ഫാക്കല്‍റ്റി അദ്ധ്യാപകനെ എങ്കിലും അവിടേക്ക് അയയ്ക്കുന്നതിനും അഭിപ്രായമുണ്ടായി. അഭി. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയിലായിരിക്കും സെമിനാരി നടത്തുക.

കേരളത്തിനു പുറത്ത് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമുള്ള ആളുകളുടെ ഇടയില്‍ സഭാ ശുശ്രൂഷകളും സേവനങ്ങളും വളരെ അവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അതിനായി വടക്കേ ഇന്ത്യയിലെ സാധുക്കളായ ആളുകളുടെ വിദ്യാഭ്യാസത്തിനും, ആരോഗ്യസംരക്ഷണത്തിനുമായി ബാലവാടികള്‍, സ്കൂളുകള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ ഇവ സ്ഥാപിക്കുന്നതിനും തമിഴ്നാട്ടിലുള്ള തിരുനല്‍വേലി, ചെങ്കോട്ട എന്നീ സ്ഥലങ്ങള്‍ തിരുവനന്തപുരം ഭദ്രാസനത്തോടു ചേര്‍ത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സുന്നഹദോസ് തീരുമാനിച്ചു.

സഭയുടെ പേരില്‍ പുതുതായി ആരംഭിക്കുന്നതും ആരംഭിച്ചിട്ടുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കേണ്ട നടപടിക്രമങ്ങള്‍ തീരുമാനിക്കുകയുണ്ടായി. അവയുടെ ഭരണഘടനയ്ക്കും ഭരണസമിതിക്കും കേന്ദ്രത്തില്‍നിന്നും അംഗീകാരം വാങ്ങിയിരിക്കേണ്ടതാണ്.

മലങ്കര ഓര്‍ത്തഡോക്സ് മദ്യവര്‍ജ്ജന ധാര്‍മികോന്നമന സമിതിയുടെ കേന്ദ്രസമിതിയും എക്സിക്യൂട്ടീവ് കമ്മറ്റിയും പുനഃസംഘടിപ്പിച്ചു.

പരുമല പള്ളിയിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ നേതൃത്വവും കൗണ്‍സിലിംഗും നല്‍കുന്നതിനും വേണ്ട സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു. അവിടെ ഓരോ മാസവും വെള്ളിയാഴ്ച ആരാധനകളിലും ധ്യാനത്തിലും യഥാക്രമം മാര്‍ അത്താനാസിയോസ്, മാര്‍ പക്കോമിയോസ്, മാര്‍ ഒസ്താത്തിയോസ്, മാര്‍ സേവേറിയോസ് എന്നീ തിരുമേനിമാര്‍ സംബന്ധിക്കുന്നതാണ്.
സഭയിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രസിഡണ്ടുമാരുടെ കാലാവധി 3 വര്‍ഷം എന്നത് അഞ്ചു വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. സ്ത്രീസമാജം, ബാലികാസമാജം ഇവയുടെ പ്രസിഡന്‍റായി മാര്‍ പക്കോമിയോസ് തിരുമേനിയെ നിയമിച്ചു.

എം.ഒ.സി. പബ്ലിക്കേഷന്‍സ്, ദിവ്യബോധനം, സെന്‍റ് തോമസ് വാലി സൊസൈറ്റി, അട്ടപ്പാടി സൊസൈറ്റി ഓഫ് ദി മിഷനറീസ് ഓഫ് സെന്‍റ്തോമസ് മലബാര്‍ ഭദ്രാസനം, സെന്‍റ് ജോര്‍ജ്ജ് മിഷന്‍ ട്രസ്റ്റ് എന്നിവകളുടെ ഭരണഘടന അംഗീകരിച്ചു. ഇറ്റാര്‍സിയിലെ ബാലികാമന്ദിരത്തിന്‍റെ ഭരണഘടന അംഗീകരിക്കുകയും, ഫാ. ഏബ്രഹാം ഉമ്മന്‍ നാഗപ്പൂര്‍, വെ. റവ. പി. എം. തോമസ് റമ്പാന്‍, വി. സി. ഫിലിപ്പ് ഭോപ്പാല്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായി സുന്നഹദോസ് നോമിനേറ്റ് ചെയ്യുകയും ചെയ്തു.

കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളിന്‍റെ ഇപ്പോള്‍ നിലവിലിരിക്കുന്ന അഡ്വൈസറി ബോര്‍ഡിന് പകരം എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാനും കാര്യക്ഷമമാക്കുവാനുമായി ഒരു ഗവേര്‍ണിംഗ് ബോര്‍ഡിന്‍റെ ഭരണഘടന കെ.ഇ.ആറിനു വിധേയമായി അംഗീകരിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാസൗകുമാര്യത്തിലും വിശ്വാസത്തിലും ആകൃഷ്ഠനായി കുറെ നാളുകളായി വൈദിക സെമിനാരിയില്‍ താമസിച്ചു വരികയായിരുന്ന ആന്ധ്രാക്കാരന്‍ ഫാ. ജോണിനെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരേയും സഭയോടു ചേര്‍ത്ത് ഒരു ഇടവകയായി കൊണ്ടുപോകുവാന്‍ മദ്രാസ് മെത്രാസനാധിപന്‍ സഖറിയാസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി.

പള്ളികളില്‍ ആരാധനാസമയത്ത് മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്‍റ്സ് ഉപയോഗിച്ചുള്ള ക്വയര്‍ ഗ്രൂപ്പുകള്‍, ആരാധനയുടെ ഭക്തിയും സൗന്ദര്യവും നഷ്ടപ്പെടുത്തുന്നതിനാല്‍, അതു പാടില്ലെന്നും എന്നാല്‍ ക്വയറില്‍ ഓര്‍ഗന്‍/ഹാര്‍മ്മോണിയം മാത്രം ശ്രുതി കൊടുക്കുവാന്‍ ഉപയോഗിച്ച് ആരാധന എല്ലാവരേയും പങ്കെടുപ്പിക്കത്തക്കവണ്ണമുള്ള ഗാനങ്ങളും ട്യൂണും ഉപയോഗിക്കാം എന്നും തീരുമാനിച്ചു.

(മലങ്കരസഭാ മാസിക, 1995 മാര്‍ച്ച്)