marriage-days
ബഥേല്‍ പത്രികയുടെ 2012 ഏപ്രില്‍ ലക്കത്തില്‍ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ ഉന്നയിച്ച ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? എന്ന സംശയമാണ് ഇത്തരമൊരു അന്വേഷണത്തിന് ഹേതുവായത്. സാധാരണ ശനിയാഴ്ചകളില്‍ വിവാഹം നിഷേധിക്കുന്ന മലങ്കര സഭ എന്തുകൊണ്ട് ഹേവോറോ ശനിയാഴ്ച അനുവദിക്കുന്നു? നോമ്പിലല്ലാത്ത മാറാനായ പെരുനാളുകളില്‍ വിവാഹ വിലക്കുണ്ടോ? തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ സംശയങ്ങള്‍. മലങ്കരസഭാ ഭരണഘടനയനുസരിച്ച് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു മാത്രം ഉത്തരം നല്‍കാവുന്ന ഈ ചോദ്യങ്ങള്‍ക്ക് വിശദമായ പശ്ചാത്തല വിവരണം ആവശ്യമായതിനാലാണ് ഈ പഠനം നടത്തുന്നത്.
മലങ്കര സഭയില്‍ ഇന്ന് പ്രത്യേക അനുവാദം കൂടാതെ വിവാഹം നടത്താവുന്ന ദിവസങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഞായര്‍, തിങ്കള്‍ – കാനോനിക നോമ്പുകള്‍, കാനോനിക നോമ്പുകളുടെ തലേദിവസം, സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കോസ്തി വരെയുള്ള കാത്തിരിപ്പിന്‍റെ ദിവസങ്ങള്‍ ഇവ ഒഴികെ.
2. ഈസ്റ്റര്‍ മുതല്‍ പുതുഞായറാഴ്ച വരെയുള്ള ഹോവേറോ ആഴ്ച. (ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍, ശുശ്രൂഷാ നടപടിച്ചട്ടങ്ങള്‍, കോട്ടയം, 2009)
ഈ നിയന്ത്രണം എന്ന മുതല്‍ പ്രാബല്യത്തിലെത്തി എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് റോമന്‍ കത്തോലിക്കരുടെ ആഗമന കാലത്ത് വിവാഹം നസ്രാണികള്‍ക്ക് പ്രായേണ പള്ളിയില്‍ വെച്ചു നടത്തുന്ന പാവനമായ ഒരു ശുശ്രൂഷ ആയിരുന്നു. അന്ന് നസ്രാണികള്‍ അനുവര്‍ത്തിച്ചിരുന്ന പൗരസ്ത്യ കല്‍ദായ സഭാവിജ്ഞാനീയം വിവാഹത്തെ ഒരു കൂദാശയായി അംഗീകരിക്കുന്നില്ല എന്നതും, സംബന്ധ മാതൃകയില്‍ അയഞ്ഞ ചില വിവാഹ ബന്ധങ്ങള്‍ നസ്രാണികള്‍ക്ക് ഉണ്ടായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. പക്ഷേ നസ്രാണി മാര്‍ഗ്ഗം രൂപമെടുത്ത നമ്പൂതിരി മതത്തില്‍ വിവാഹം ഒരു സംസ്കാരം – ക്രൈസ്തവ ഭാഷയില്‍ കൂദാശ – ആയിരുന്നു. ഷോഡ ചൗളാദി സര്‍വ്വ നമ്പൂതിരി സംസ്ക്കാരങ്ങളും അതേ രീതിയിയലോ, ക്രൈസ്തവമായി രൂപാന്തരം വരുത്തിയോ, പകരം കൂദാശകളെ പ്രതിഷ്ഠിച്ചോ നസ്രാണികള്‍ അന്ന് അനുവര്‍ത്തിച്ചിരുന്നു. (Meladath Kurian Thomas, The Indian Way of Christanity, Saarbucken, Deutschland, 2012, pp 93-6) ഈ സാഹചര്യത്തില്‍ നസ്രാണികള്‍ക്കിടയില്‍ വിവാഹത്തിന്‍റെ വൈദീകാംശത്തിനു പ്രാധാന്യം ഒട്ടും കുറയാന്‍ സാദ്ധ്യതയില്ല.
അക്കാലത്തുതന്നെ നസ്രാണി വിവാഹങ്ങള്‍ കേവലം പള്ളിയില്‍വെച്ചു നടത്തുന്ന ഒരു വൈദീക ചടങ്ങ് മാത്രമല്ലായിരുന്നു. അനേക ദീവസങ്ങളില്ലായി വിവിധ അനുഷ്ടാനങ്ങളുടെ ഒരു സമാഹാരമായിരുന്നു നസ്രാണി വിവാഹം. പോര്‍ട്ടുഗീസ് രചയിതാക്കള്‍ ഇവയെ കേവലം സാമൂഹിക ആചാരങ്ങളായും അന്ധവിശ്വാസങ്ങളായുമായി ആണ് മുദ്രകുത്തിയിരിക്കുന്നത്. പക്ഷേ നസ്രാണിയെ സംബന്ധിച്ചിടത്തോളം അവ വിവാഹം എന്ന സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്നു. (ങലഹമറമവേ ഗൗൃശമി ഠവീാമെ, ഛു. ഇശേ., ുു 1468)
പതിനാറാം നൂറ്റാണ്ടില്‍ വിവാഹം നടത്തിയിരുന്നതും നടത്താന്‍ പാടില്ലാത്തതുമായ ദിവസങ്ങളെപ്പറ്റിയുള്ള വിവരം 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളില്‍ ലഭ്യമാണ്. അഞ്ചാം മൗത്വ – അഞ്ചാം കൂടിവിജാരം – പെങ്കെട്ട എന്ന കൂദാശമേല്‍ ഉള്ള പൊരുള്‍ – ഒന്‍പതാം കാനോനനയില്‍ … സൂവാറാടെ ഒന്നാം ഞാറാഴ്ചതൊട്ട പതിമൂന്നാം പെരുന്നാള്‍ (ദനഹാ – യല്‍ദോ മുതല്‍ പതിമൂന്നാം ദിവസം) കടപ്പോളം അമ്പത നോയമ്പിന്‍റെ തലനോയമ്പ് കടന്നുവരുന്ന ബൊധനാഴ്ചനാള്‍തൊട്ട പുതുഞായളാഴ്ച കടപ്പോളം കല്യാണം തെമരിച്ച ( = ആഘോഷിച്ച്) ആടരുത എന്ന നസ്രാണികളുടെ കൂട്ടത്തിന്‍റെ പഴേ മരിയാതി ശുദ്ധമാന സുന്നഹദോസ കൈക്കൊള്ളുന്നു. വിശേഷിച്ച മലങ്കര നസ്രാണികളുടെ മരിയാതക്കതക്കവണ്ണം അമ്പത നോയമ്പിന്‍റെ മുമ്പിലത്തെ ഞായറാഴ്ച പെണ്ണുകെട്ട തമരിക്കരുത എന്ന ശുദ്ധമാന സുന്നഹദോസ പ്രമാണിക്കുന്നു. ഇ വെലക്കുപെട്ട ദിവസങ്ങള്‍ അല്ലാതെ ഒള്ള ദിവസങ്ങളില്‍ കല്യാണം വേണ്ടുംവോളം തെമരിച്ച ആടിക്കൊള്ളുകയും ആം. …(സ്കറിയാ സഖറിയാ, ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, ഇടമറ്റം,1994,pp 200-1)
ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളുടെ ഇംഗ്ലീഷ് പരിഭാഷയിലെ …The Synod rcognnising for time to come th ancient prohibition, cbserved in the universal church, of not marrying from th first day of the Advent until the Ephiphany, and from Ash Wedensday until the Sunday of he octaves of Easter inclusive, doth command the same the same to be inviolably observed in this diocese, adding to those days from the time of Quinquagesima Sunday forward, when by the ancient custom Lent is begun in this church, but that at all other times, though of fasting, marriage may be celebrated as people shall think fit.. … എന്ന പരാമര്‍ശനം കൂടുതല്‍ വ്യക്തമാണ് (Dr. Scaria Zacharia, The Acts and Decrees of the Synod of Dimper, Edamttom, 1994, P 176).
ഉദയംപേരൂര്‍ സുന്നഹദോസ്, റോമന്‍ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് വിവാഹത്തെ കൂദാശയാക്കുകയും വലിയ നോയമ്പു തുടങ്ങുന്ന ദിവസം വിഭൂതി ബൂധനാഴ്ചത്തേയ്ക്കു മാറ്റുകയും ചെയ്തു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ വലിയ നോയമ്പ് തുടങ്ങുന്നതിന്‍റെ തലേ ഞായറാഴ്ച മുതല്‍ ക്യംന്താ മുതലുള്ള ഹോവോറോ ആഴ്ച മുഴുവനും വിവാഹ വിലക്കുണ്ട്. കൂടാതെ, സൂബോറോയുടെ ആദ്യത്തെ ഞായറാഴ്ച മുതല്‍ ദനഹാ വരെയും വിവാഹം അനുവദിച്ചിരുന്നില്ല. പേര്‍ഷ്യന്‍ സഭയുടെ പാരമ്പര്യമനുസരിച്ച് യല്‍ദോ പെരുന്നാളിനു നാലു ഞായറാഴ്ച മുമ്പ് സൂബോറാക്കാലം ആരംഭിക്കും. (Mar Aprem, Nestorian Lectionary and Julian Calander, Trichur, 1982, pp 16-7) മലങ്കര സഭയുടെ 25 -നോയമ്പ്, സീറോ-മലബാര്‍ റോമന്‍ കത്തോലിക്കരുടെ മംഗളവാര്‍ത്താക്കാലം ഇവ ഇതിനു സമാനമാണ്.
1606-ലെ റോസിന്‍റെ നിയമാവലിയിലെ മൂന്നാം സെപ്രാ എട്ടാം സഹായില്‍ … വിശേഷിച്ച കക്ഷിയും വിരുന്നും പെണ്ണുകെട്ടുന്നത ദോഷം അല്ല. വല്ലപ്പോളും ആം. എന്നാലും സുവാറാടെ മുന്‍പിലത്തെ ഞാറാഴ്ച തൊട്ട പതിമൂന്നാം പെരുന്നാള്‍ കടപ്പോളം അമ്പത നൊയമ്പിന്‍റെ മുമ്പിലത്തെ ഞായറാഴ്ച കടപ്പോളം പെങ്കട്ട കല്യാണത്തോടുകൂടെ അരുത എന്ന പള്ളിയുടെ പ്രമാണം ആയത –
എന്നാല്‍ ദിഷ്ടിതി ആയ ചെല അവകാശങ്ങള്‍കൊണ്ട ഇ വെലക്കികെടക്കുന്ന കാലത്ത കൈപിടിപ്പിക്കേണ്ടിവരികില്‍ വിരുന്നും അരുത -… (സ്കറിയാ സഖറിയാ, രണ്ടു പ്രാചീന ഗദ്യകൃതികള്‍, ചെങ്ങനാശ്ശേരി,1976, ു 156)എന്ന ഭാഗം മുകളില്‍ പറഞ്ഞ നിരോധനം ശരിവയ്ക്കുമ്പോള്‍തന്നെ അടിയന്തിര സാഹചര്യങ്ങളില്‍ ആ സമയത്തും വിവാഹ കൂദാശ അനുവദിക്കുന്നുണ്ട്. പക്ഷേ അത്തരം വിവാഹങ്ങള്‍ക്ക് ആഘോഷവും സദ്യയും വിലക്കുന്നുമുണ്ട്. നസ്രാണി വിവാഹങ്ങളിലെ ജാത്യാചാരങ്ങളുടെ സാന്നിദ്ധ്യം റോസിന്‍റെ നിയമാവലിയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായ ആഘോഷങ്ങളോടെയുള്ള നസ്രാണി വിവാഹത്തിന്‍റെ ദീവസത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. പരാമര്‍ശനം ആവശ്യമില്ലാത്തവിധം നിയതമായ ഒന്നായതിനാലാവണം ഈ നിശബ്ദത. 1606-ലെ റോസിന്‍റെ നിയമാവലിയിലെ മൂന്നാം സെപ്രാ – രണ്ടാം സഹാ – പെങ്കെട്ട എന്ന കൂദാശമേല്‍ – എന്ന ഭാഗത്ത് … ഞായറാഴ്ച നാള്‍ എങ്കിലും പെരുനാളില്‍ എങ്കിലും മൈയലെ (രാവിലെ)നേരത്ത അവരുടെ കൈ പിടിപ്പിക്കണം … (രണ്ടു പ്രാചീന ഗദ്യകൃതികള്‍, ീു. രശേ , ു 152) എന്നാ പരാമര്‍ശനത്തില്‍നിന്നു നസ്രാണി വിവാഹാഘോഷത്തിന്‍റെ സാധാരണ ദിനങ്ങള്‍ വിലക്കില്ലാത്ത കാലത്ത് ഞായറാഴ്ചയും പെരുന്നാളും ആയിരുന്നു എന്നു മനസിലാക്കാം.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകത്തില്‍ പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളോടുകൂടിയ ഒരു ആഘോഷമായിരുന്നു നസ്രാണി വിവാഹങ്ങള്‍. ഒരു വ്യാഴാഴ്ച ആരംഭിച്ച് ഞായറാഴ്ച വിവാഹ കൂദാശ നടത്തി അതിനടുത്ത ഞായറാഴ്ചയാണ് ഈ ചടങ്ങുകള്‍ അവസനിച്ചിരുന്നത്. (കന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കീരി, പരിഷ്ക്കാരപ്പാതി, കോട്ടയം, 1977) പൗരസ്ത്യ കല്‍ദായ സുറിയാനി സഭ ഇന്നും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വിവാഹം അനുവദിക്കുന്നില്ല എന്ന വസ്തത പരിഗണിച്ചാല്‍, ആ നിയമത്തിനനുസരിച്ച് ഞായറാഴ്ച വിവാഹം എന്ന വൈദീക ചടങ്ങ് നടക്കത്തവിധം ജാത്യാചാരങ്ങള്‍ ക്രമീകരിച്ചു എന്ന നിഗമനത്തിലെത്തുകയാകും യുക്തിഭദ്രം. 1809-ലെ കണ്ടനാടു പടിയോല, 1853-ലെ ചട്ടവര്യോല ഇവയില്‍ ഇതിനെ സാധൂകരിക്കുന്ന താഴെ പറയുന്ന നിയമങ്ങളുണ്ട്.
1809-ലെ കണ്ടനാടു പടിയോല … 6 -മത -(നിയമം) … – തലെ ഞായറാഴ്ചതന്നെ വിളിച്ചു ചൊല്ലുകയും … – പെണ്ണുകെട്ടി കരെറിയാല്‍, ഞായറാഴ്ച ഒരു നെരത്തെ വിരുന്നു കൊടുക്കയും – കുടിവച്ചാല്‍ ഒരു നെരത്തെ വിരുന്നു കൊടുക്കയും … – പിറ്റ ഞായറാഴ്ചയ്ക്കകം കുടിവയ്ക്കുകയും … (ഡോ. എം. കുര്യന്‍ തോമസ്, പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്ക്കാരങ്ങള്‍, കോട്ടയം, 2011, p. 220)
1853-ലെ ചട്ടവര്യോല … 38-മത … മൂന്നു ഞായറാഴ്ച വിളിച്ചു ചൊല്ലുകയും, പിന്നെ വരുന്ന ഞായറാഴ്ച കയ്യി പിടിപ്പിയ്ക്കയും ചൈയണം. വിളിച്ചു ചൊല്ലിയതില്‍പിന്നെ ആരെങ്കിലും വിരൊധമായി ബൊധിപ്പിച്ചാല്‍, വിഗാരി ചുരുക്കത്തില്‍ വിചാരണ കഴിച്ചു, മുടക്കുവാന്‍ തക്കതായ യാതൊന്നും ഇല്ലായെന്നു കണ്ടാല്‍, നിശ്ചയിച്ച ഞയറാഴിച്ചെതന്നെ കയ്യി പിടിപ്പിച്ചുകൊള്ളുകയും … (പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്ക്കാരങ്ങള്‍, Op. Cit., p 237)
പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലവിലിരുന്ന നസ്രാണികളുടെ വിവാഹാഘോഷ പ്രക്രിയയില്‍ ഞായറാഴ്ച ഒഴികെ വിവാഹ കൂദാശ നടത്തുക അസാദ്ധ്യമായിരുന്നു. 16-19 നൂറ്റാണ്ടുകള്‍ക്കിടയിലെ നസ്രാണികളുടെ സാംസ്ക്കാരിക നിശ്ചലത പരിഗണിച്ചാല്‍ ഇതേ പ്രക്രിയ തന്നയായിരുന്നു പതിനാറാം നൂറ്റാണ്ടിലും നിലവിലിരുന്നത് എന്ന് ചിന്തിക്കുക യുക്തിസഹജമാണ്. വിശ്വാസത്തിലും ആരാധനാ പാരമ്പര്യത്തിലും വന്ന മാറ്റങ്ങള്‍ പള്ളിയില്‍ നടക്കുന്ന വിവാഹ കൂദാശയില്‍ വരുത്തിയ മാറ്റങ്ങള്‍ കല്യാണം എന്ന നസ്രാണി സംസ്ക്കാരത്തെ ഒരു വിധത്തിലും ബാധിച്ചില്ല. അതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ വിവരിച്ചിരിക്കുന്ന നിരോധിത ദിവസങ്ങളിലൊഴികെയുള്ള ഞായറാഴ്ചകളില്‍ത്തെയാണ് പത്തൊമ്പതാം നൂറ്റാണ്ടിലും വിവാഹ കൂദാശ നടത്തിയിരുന്നത്.
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തടെ ഈ നിലയ്ക്കു മാറ്റം വന്നുതുടങ്ങി. നസ്രാണികളെ കെട്ടിലും മട്ടിലും അറബിയാക്കാന്‍ ശ്രമിച്ച അന്ത്യോഖ്യയുടെ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് 1877 മകരം 15-നു കൊച്ചീക്കോട്ടപ്പള്ളിയില്‍ നിന്നയച്ച കല്പനയില്‍ … വിവാഹം ഞായറാഴ്ച കുര്‍ബ്ബാന കഴിഞ്ഞതിന്‍റെ ശേഷം കഴിക്കണം. എന്നാല്‍ അന്നേ ദിവസം കൊട്ടു മുതലായ ആഘോഷത്താല്‍ ശാബതലംഘനം ചെയ്യരുത്. എന്നാല്‍ നോമ്പുകളില്‍ ഉള്ള ഞായറാഴ്ചകളിലും, പുതുഞായറാഴ്ച ഒഴികെ പെന്തിക്കൊസ്തി ദിവസങ്ങളുടെ ഞായറാഴ്ചകളിലും വിവാഹം കഴിച്ചുകൂടാത്തതാകുന്നു. …(പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്ക്കാരങ്ങള്‍, Op. Cit., p 205) എന്നു പ്രസ്താവിച്ചിട്ടുണ്ട്.
ഈ കല്പന പ്രകാരം നോമ്പിലെ ഞായറാഴ്ചകളിലും, ഈസ്റ്റര്‍ മുതല്‍ പൊന്തിക്കൊസ്തി വരെയുള്ള കാലത്ത് പുതുഞായറാഴ്ച ഒഴികെയുള്ള ഞായറാഴ്ചകളിലും വിവാഹം നിഷിദ്ധമാണ്. ഹോവേറോ ആഴ്ചയിലും തിങ്കളാഴ്ചകളിലും പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് വിവാഹ കൂദാശ അനുവദിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷേ തിങ്കളാഴ്ച വിവാഹം നടത്തുന്ന പതിവ് നസ്രാണികള്‍ക്കില്ലാത്തതിനാലാവും പാത്രിയര്‍ക്കീസ് പ്രത്യേകം പരാമര്‍ശിക്കാതിരുന്നത്. പക്ഷേ ഈ നിയമമല്ല ഇന്ന് മലങ്കര സഭയില്‍ പ്രാബല്യത്തിലിരിക്കുന്നത്.
നസ്രാണികളുടെ വിവാഹസംസ്ക്കാരത്തിനു പരിണാമം വന്നത് മലങ്കര സഭയില്‍നിന്നു പുറത്തായവര്‍ 1889-ല്‍ നവീകരണ സുറിയാനി സഭ (പിന്നാട് മലങ്കര മര്‍ത്തോമ്മാ സഭ) രൂപീകരിച്ചതോടെയാണ്. വികലമായ പാശ്ചാത്യ പ്രൊട്ടസ്റ്റന്‍റ് വേദശാസ്ത്ര ബോധനത്തിനു അടിമപ്പെട്ട അവര്‍ ഞായറാഴ്ച, വിവാഹം എന്നിവയ്ക്കു വികലമായ വ്യാഖ്യനങ്ങള്‍ നല്‍കി. ഞായറാഴ്ചയെ ശാബതായി മുദ്രകുത്തി യഹൂദരുടെ ശാബത് നിയമങ്ങള്‍ അതിനു ബാധകമാണന്ന് അവര്‍ നിര്‍വചിച്ചു. അതിനാല്‍ പാശ്ചാത്യ സഭയുടെ പാരമ്പര്യപ്രകാരം കൂദാശയല്ലാത്ത, വെറും ഉടനമ്പടി മാത്രമായ, വിവാഹം ഞായറാഴ്ച നടത്തുന്നതിനെ അവര്‍ വിലക്കി. ഇതേ കാലത്തുതന്നെ 1920-കളിലെ സാമ്പത്തികമാന്ദ്യം നസ്രാണി വിവാഹങ്ങളുടെ ജാത്യാചാരങ്ങളില്‍ ഭുരിപക്ഷവും ഇല്ലാതാക്കുകയും ശേഷിച്ചവയെ നാമമാത്രമാക്കുകയും ചെയ്തു.
ഈ കാലത്ത് നവീകരണ സുറിയാനി സഭയുടെ സാന്നിദ്ധ്യമുള്ള തെക്കന്‍ ഇടവകകളില്‍ വിവാഹ കൂദാശയ്ക്കു ഞായറാഴ്ച ഒഴികെ മറ്റൊരു ദിവസം കണ്ടെത്തേണ്ട അവസ്ഥ സംജാതമായി. നസ്രാണികളുടെ പരമ്പാരാഗത കീഴ്വഴക്കങ്ങളെ എങ്ങനെയെല്ലാം ലംഘിക്കാം എന്നു നവീകരണ സുറിയാനി സഭ ശ്രമിച്ചുവന്ന കാലമായിരുന്നു അത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നവീകരണ സുറിയാനി സഭാ വലയത്തില്‍ ഉള്‍പ്പട്ടപോയ കുടുംബങ്ങളില്‍ നിന്നും നസ്രണി മുഖ്യധാരയിലേയ്ക്കു വിവാഹങ്ങള്‍ നിശ്ചയിക്കുന്ന അവസ്ഥ സംജാതമാകും. അത്തരം സാഹചര്യങ്ങളില്‍ ഏതു വിധേനയും അവ നസ്രാണി പാരമ്പര്യത്തിനു വിരുദ്ധമാക്കണമെന്ന മുന്‍വിധിയോടെ നവീകരണ സുറിയാനിക്കാര്‍ ശനിയാഴ്ച വിവാഹം എന്ന പിടിവാശി ഉയര്‍ത്തി.
ഈ സാഹചര്യത്തില്‍ വിവാഹ ദിവസം ഞായറാഴ്ച എന്ന പാരമ്പര്യത്തിനു ഉപരിയായി മറ്റൊരു ദിനം കണ്ടെത്തേണ്ട സാമൂഹ്യ സാഹചര്യം നസ്രാണികള്‍ക്കു സംജാതമായി. അപ്പോഴേയ്ക്കും നസ്രാണികള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനിയത്തെ ഇതിന്‍റെ നൈയ്യാമിക അടിസ്ഥാനമായി അംഗീകരിക്കണ്ടിയുമിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലങ്കരയില്‍ പ്രചരിച്ച പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനിയമാകട്ടെ ജീര്‍ണ്ണതയുടെ പാരമ്യത്തിലെത്തിയ അവസ്ഥയിലുമായിരുന്നു.
ഈ അടിസ്ഥാനത്തില്‍ വിവാഹ ദിനങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ട സാഹചര്യം സംജാതമായപ്പോള്‍ ജീര്‍ണ്ണിച്ച പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനിയത്തിന്‍റെ സന്യാസ നിയമങ്ങളാണ് പൊന്തിവന്നത്. ഈ അടിസ്ഥാനത്തില്‍ വൃതശുദ്ധി എന്ന ഒറ്റവാക്കിനെ അവലംബിച്ച് വിവാഹ ദിനം പുനര്‍നിര്‍ണ്ണയം ചെയ്തു. ഈ പുനര്‍നിര്‍ണ്ണയപ്രക്രിയയില്‍ പരിഗണിച്ച ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
1. വിവാഹം ഒരു കൂദാശയാണ്.
2. ഞായറാഴ്ച കര്‍ത്തുദിനമാണ്. അതിന്‍റെ പരിശൂദ്ധി സംരക്ഷിക്കപ്പെടണം.
3. നോയമ്പു ദിവസങ്ങള്‍ പാലിക്കപ്പെടണം.
ഈ അടിസ്ഥാനങ്ങള്‍ക്കു ഭംഗം വരാത്തതിനാല്‍ ഞായറാഴ്ചയ്ക്കു പുറമേ തിങ്കളാഴ്ച കൂടി വിവാഹദിനമായി മലങ്കരസഭ അംഗീകരിച്ചു. നിലവിലുള്ള സഭാ വിജ്ഞാനീയത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് മലങ്കര സഭ എടുത്ത ഈ നിലപാടില്‍ നവീകരണ സുറിയാനിക്കാര്‍ തൃപ്തരല്ലായിരുന്നു. അവര്‍ക്കാവശ്യം ശനിയാഴ്ച വിവാഹം എന്ന തങ്ങളുടെ നിലപാട് മലങ്കര സഭയെക്കൊണ്ട് അംഗീകരിപ്പിച്ച് പൂര്‍ണ്ണ നിയമനിഷേധം നടത്തിക്കുക എന്നതായിരുന്നു. അതോടൊപ്പം നോയമ്പിലെ വിവാഹ നിരോധനം മലങ്കരസഭയില്‍ ഇല്ലാതാക്കാനും അവര്‍ പരിശ്രമിച്ചു. പക്ഷേ ഈ കെണിയില്‍ നസ്രാണികള്‍ വീണില്ല.
ഇക്കാലത്തൊക്കയും നസ്രാണി വിവാഹം എന്നത് ഒരു ദീര്‍ഘകാല പരിപാടിയായിരുന്നു. ആലോചന മുതല്‍ വിവാഹ കൂദാശവരെ മാസങ്ങള്‍ എടുക്കുന്ന പ്രക്രിയ. എന്നാല്‍ 1980-കളിലെ ഗള്‍ഫ് ബൂം ഈ പ്രക്രിയയെ മാറ്റിമറിച്ചു. അവധി ലഭിക്കുന്നമുറയ്ക്ക് വിവാഹ പ്രക്രിയയെ പരിമിതമായ ദിവസങ്ങളില്‍ ഒതുക്കാന്‍ നല്ല ഒരു വിഭാഗം നസ്രാണികള്‍ നിര്‍ബന്ധിതരായി. പക്ഷേ അതിനനുസരിച്ച ഒരു പുനര്‍നിര്‍ണ്ണയം ഉണ്ടായില്ല. പകരം പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ കാലത്ത് വ്യാഴം, ശനി ദിവസങ്ങളില്‍ വിവാഹത്തിനു പ്രത്യേകാനുമതി നല്‍കിത്തുടങ്ങി. തുടര്‍ന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ കാലത്ത് വ്യാഴം ഒഴിവാക്കി പ്രത്യേകാനുമതി ബുധന്‍, ശനി ദിസങ്ങളിലാക്കി. നോയമ്പുകാലത്ത് ശനിയാഴ്ച മാത്രവും. അതാണ് ഇന്നും തുടരുന്നത്. (ശുശ്രൂഷാ നടപടിച്ചട്ടങ്ങള്‍, Op. Cit., pp 70-2)
മാറിയ ആവാസ – സാമൂഹ്യ വ്യവസ്ഥകള്‍ നസ്രാണി വിവാഹം കൂടുതല്‍ ക്ലിഷ്ടമാക്കി. നഗരവല്‍ക്കരണവും, ചുരുങ്ങുന്ന ആവസ ഭൂമിയും കൂടിയേറ്റങ്ങളും ഹാളുകളുടെ ലഭ്യത പോലും വിവാഹങ്ങളിലെ നിര്‍ണ്ണായക ഘടകമാക്കി. സഭാപരമായ വിലക്കുകള്‍ കൂടാതെ അഷ്ടമി, കന്നി-കര്‍ക്കിടക മാസങ്ങള്‍, നസ്രാണികളുടെ പവിത്രതാ സങ്കല്പം മുതലായ അനേക ഘടകങ്ങള്‍ ഈ ദിനങ്ങള്‍ കൂടതല്‍ പരിമിതപ്പെടുത്തുന്നു. സുറിയാനി പാരമ്പര്യത്തില്‍നിന്നു വന്നതെന്ന് കരുതപ്പെടുന്ന തണ്യദിവസം എന്നൊരു വിലക്കുകൂടെ മുമ്പ് വിവാഹദിനങ്ങള്‍ക്കുണ്ടായിരുന്നു. ഇത്തരം ജാത്യാചാരങ്ങളെ സഭാനിയമത്തിന്‍റെ പേരില്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാനാവില്ല. കാരണം അവ ദേശീയതയുടെ ശേഷിപ്പുകളാണ്.
ഈ സാഹചര്യത്തില്‍ പ്രത്യേകാനുമതി എന്ന വളഞ്ഞവഴിക്കു പകരം വിവാഹ ദിനങ്ങളുടെ പുനര്‍നിര്‍ണ്ണയം നടത്തുകയാകും അഭികാമ്യം. അതിന് വിവാഹ ദിനങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് നിലവില്‍ ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ആദ്യം നിര്‍ണ്ണയിക്കണം. അവ നോയമ്പ്, ഞായറാഴ്ചയുടെ പാവനത എന്നിവയാണ്. ഇവയില്‍ നോയമ്പിന് ഭക്ഷണ നിയന്ത്രണം, ഭാര്യാ-ഭര്‍തൃു ബന്ധം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്.
മലങ്കര സഭയില്‍ ഇപ്പോള്‍ കാനോനിക നോമ്പുകള്‍ കൂടാതെ ബുധന്‍, വെള്ളി ദിവസങ്ങളില്‍ നോമ്പുണ്ട്. ആ ദിവസങ്ങളില്‍ സദ്യ നടത്തുന്നതും നിഷിദ്ധമാണ്. അതിനാല്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ വിവാഹം അനുവദനീയമല്ല എന്നാണ് സഭയുടെ നിലപാട്. വൈദീകരടക്കം പങ്കെടുക്കുന്ന വിവാഹ ചടങ്ങില്‍ പരസ്യമായി നിയമം ലംഘിക്കുന്നത് ആശാസ്യമല്ല എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ നോയമ്പ് ഇല്ലാത്ത ക്യംന്താ മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ആഴ്ചകളിലും, മുന്നു നോമ്പിനും വലിയ നോമ്പിനും ഇടയിലുള്ള കാലത്തും – പതിനെട്ടാമിട – ചൊവ്വാ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവാഹം നടത്തുന്നതിന് എന്താണ് തടസമെന്ന് സഭ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അടുത്ത ഘടകം ഭാര്യാ-ഭര്‍തൃു ബന്ധമാണ്. പൗരസ്ത്യ പാരമ്പര്യ പ്രകാരം ദിവസം സന്ധ്യ മുതല്‍ സന്ധ്യ വരെയാണ്. സഭാ വിജ്ഞാനീയമനുസരിച്ച് ബുധന്‍ വെള്ളി നോയമ്പുകള്‍ യഥാക്രമം ചൊവ്വാ, വ്യാഴം എന്നീ ദിനങ്ങളില്‍ സൂര്യാസ്ഥമയത്തോടെ ആരംഭിക്കും. ആ ദിവസങ്ങളില്‍ വധൂവരന്മാര്‍ ഭാര്യാ-ഭര്‍തൃു ബന്ധം പുലര്‍ത്തും എന്നതിനാല്‍ ചൊവ്വാ വ്യാഴം ദിവസങ്ങളില്‍ വിവാഹം അനുവദനീയമല്ല എന്നാണ് സഭയുടെ ന്യായീകരണം. അവിടെയും മുകളില്‍ പറഞ്ഞ ക്യംന്താക്കാലവും പതിനെട്ടാമിടയും ഒഴിവാക്കിയിട്ടില്ല എന്നതിന് ന്യായീകരണമില്ല.
മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാല്‍പ്പോലും താഴെ പറയുന്ന കാരണങ്ങളാല്‍ കാനോനിക നൊമ്പുകളിലല്ലാതുള്ള ബുധന്‍ വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം നാലരയ്ക്കു ശേഷം വിവാഹം നടത്തുന്നതിന് തടസമില്ല.
1. ഈ ദിവസങ്ങളിലെ നോമ്പിലെ ഇരുപത്തിരണ്ടര വരയുള്ള നമസ്ക്കാരങ്ങളും ഉപവാസവും വൈകിട്ട് 4.30-ന് മുമ്പ് അവസാനിക്കും.
2. അന്ന് സൂര്യസ്ഥമയത്തിനു ശേഷം നോയമ്പില്ല. 4.30-ആരംഭിക്കുന്ന വിവാഹ ശുശ്രൂഷ അവസാനിച്ച് സദ്യ ആരംഭിക്കുമ്പോള്‍ നിശ്ചയമായും സന്ധ്യ കഴിയും.
3. വ്യാഴം, ശനി ദീവസങ്ങള്‍ ഞായറാഴ്ചയ്ക്കു തുല്യം പ്രാധാന്യമുള്ളവയല്ല.
വൈകുന്നേരങ്ങളില്‍ വിവാഹം എന്നത് പ്രചാരം നേടിവരുന്ന ഇക്കാലത്ത് ഇത് സജീവ പരിഗണന അര്‍ഹിക്കുന്ന ഒരു വിഷയമാണ്.
ഭാര്യാ-ഭര്‍തൃു ബന്ധം എന്ന പാപമാണ് ശനിയാഴ്ച വിവാഹത്തിനു തടസം നില്‍ക്കുന്നത്. അത് ഞായറാഴ്ച ആചരണത്തിനു തടസമാകും എന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെയാണ് വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ചോദ്യം പ്രസക്തമാകുന്നത്. ഞായറാഴ്ചയ്ക്കു തുല്യം പ്രാധാന്യമുള്ള മാറാനായ പെരുന്നാളുകളുടെ തലേന്ന് വിവാഹ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്തിനധികം! ദഃുഖവെള്ളിയാഴ്ച വന്നാല്‍ പോലും വി. കുര്‍ബാന അര്‍പ്പിക്കണമെന്നു നിര്‍ബന്ധമുള്ള വചനിപ്പു പെരുന്നാള്‍ (മാര്‍ച്ച് 25) ഹോവേറേ തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ വന്നാല്‍പ്പോലും തലേന്ന് വിവാഹ വിലക്ക് ഏര്‍പ്പടുത്തിയിട്ടില്ല. ഹോവേറേ ശനിയുടെ കാര്യവും വ്യത്യസ്ഥമല്ല.
ചുരുക്കത്തില്‍ വിവാഹ വിലക്കിനെപ്പറ്റി മലങ്കര സഭയില്‍ ഗുരുതരമായ ആശയക്കുഴപ്പം നിലനില്‍പ്പുണ്ട് എന്നു വ്യക്തം. ഇതിനു രണ്ടു കാരണങ്ങളുണ്ട്. അവയില്‍ ഒന്നാമത് മലങ്കര സഭ അംഗീകരിക്കുന്ന പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനിയത്തിലെ പൊരുത്തക്കേടുകളാണ്. പൊതുവെ കരുതപ്പടുന്നതുപോലെ അത് ഏക സ്വഭാവമുള്ള ഒന്നല്ല. വിശാലമായ മദ്ധ്യപൗരസ്ത്യ ദേശത്തെ വിവിധ പാശ്ചാത്യ സുറിയാനി സഭാ കേന്ദ്രങ്ങളില്‍ വ്യത്യസ്ഥങ്ങളായ പാരമ്പര്യങ്ങളാണ് നിലനിന്നത്. അവിടെ നിന്നും വിവിധ കാലത്ത് കേരളത്തിലെത്തിയ അന്ത്യോഖ്യന്‍ മേല്പട്ടക്കാര്‍ പ്രചരിപ്പിച്ചത് അവരവര്‍ അനുവര്‍ത്തിച്ചിരുന്ന പാരമ്പര്യമാണ.് അവ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടുതാനും. അതിന് അനേക ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഈ വ്യത്യസ്ഥ പാരമ്പ്യങ്ങള്‍ സങ്കലനം ചെയ്ത നടപ്പുകള്‍് മലങ്കരയില്‍ രൂപമെടുത്തപ്പോള്‍ സ്വാഭാവികമായും അവയില്‍ പൊരുത്തക്കേടുകളുമുണ്ടായി.
ഭക്ഷണ നോമ്പുള്ള ദിവസങ്ങളില്‍ പരസ്യമായി നിയമം ലംഘിച്ച് വിവാഹാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കുന്നത് ന്യായീകരിക്കാനാവില്ല. അതേ സമയംതന്നെ വിവാഹം മലങ്കരസഭയ്ക്ക് പാവനമായ ഒരു കൂദാശയാണന്ന വസ്തുതയും പരിഗണിക്കണം. ഞായറാഴ്ചയുടെ മാറാനായ പെരുന്നാളുകളുടെയും പ്രാധാന്യവും കുറച്ചുകാണാനാവില്ല. ആ സാഹചര്യത്തില്‍ ഞായറാഴ്ചകളിലും മാറാനായ പെരുന്നാളുകളിലും വിവാഹങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കണം. അവയുടെ തലേദിവസങ്ങളില്‍ വിവാഹ വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. പ. മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ മാറാനായ പെരുന്നാളുകളില്‍ വിവാഹത്തിന് പ്രത്യേകാനുമതി ആവശ്യമില്ലന്നു റൂള്‍ ചെയ്തത് ഈ ലേഖകന് നേരിട്ടറിയാം.
ഞായറാഴ്ച വിവാഹം നിരോധിക്കണമെന്ന് ഇന്ന് അപൂര്‍വം ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. സണ്ടേസ്കൂള്‍ മുതലായ ദുര്‍ബലമായ വാദങ്ങളാണ്. ഇതിനാസ്പദമായി അവര്‍ ഉന്നയിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്‍റുകളും ഇരുപതാം നൂറ്റാണ്ടില്‍ നവീകരണ സുറിയാനിക്കാരും ഞായറാഴ്ചയെപ്പറ്റി പ്രചരിപ്പിച്ച വികലമായ ശാബത് വിശ്വാസവും, വിവാഹം എന്ന കൂദാശയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അജ്ഞതയുമാണ് ഈ വാദത്തിന്‍റെ പിന്നിലെ യഥാര്‍ത്ഥ കാരണം.
കൂദാശനുഷ്ഠാനങ്ങളെപ്പറ്റി മലങ്കര സഭയുടെ അടിസ്ഥാന പ്രാമാണമായ ഹൂദായ കാനോനില്‍ വിവാഹ നിരോധിത ദിവസങ്ങളെപ്പറ്റിയുള്ള പരാമര്‍ശനം … നാല്പതുനോമ്പ്, പരിശുദ്ധാത്മാവാസത്തിനായി വെടിപ്പോടുകൂടി ആചരിക്കേണ്ട കാലമായ പെന്തിക്കോസ്തി ദിവസങ്ങള്‍ ആദിയായി വിവാഹാടിയന്തിരങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന കാലങ്ങളില്‍ ആയിരിക്കരുത്. നോമ്പിന്‍റെ തിങ്കളാഴ്ച അസ്തമയം മുതല്‍തന്നെ മോതിരവാഴ്വും കീരീടവാഴ്വും ചിലര്‍ നിരോധിക്കുന്നുണ്ട്. ചിലര്‍ തിങ്കളാഴ്ച പ്രഭാതം മുതലും. എന്നാല്‍ ശരിയായിട്ടുള്ളത് പാതിരാത്രിക്കു ശേഷം നടത്തിക്കൂടാ എന്നതാണ്. … (കോനാട്ട് അബ്രഹാം മല്പാന്‍(പരി.), ഹൂദായ കാനോന്‍, കോട്ടയം, 2010,p 130, എട്ടാം കെപ്പലയോന്‍, ഒന്നാം പെസൂക്കാ, ഹൂദായ)എന്നു മാത്രമാണ്. ഇതനുസരിച്ച് തലനോമ്പില്‍ – പെത്തര്‍ത്താ ഞായറാഴ്ച- വിവാഹത്തിനു വിലക്കില്ല. ശനിയാഴ്ചകളെപ്പറ്റി നിശബ്ദത പാലിക്കുന്നു.
വിവാഹം നിരോധിച്ചിട്ടുള്ള ദിവസങ്ങളുടെ എണ്ണം മലങ്കര സഭയില്‍ അധികരിച്ചതിനു കാരണം യഥാര്‍ത്ഥത്തില്‍ ഭക്ഷണ നോയമ്പ് അല്ല. പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനീയവുമല്ല. ശാബതിനെപ്പറ്റിയുള്ള വികലമായ പ്രൊട്ടസ്റ്റന്‍റു വിശ്വാസവും, പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനീയവും, തീവൃ സന്യാസ പാരമ്പര്യവും സങ്കലനംചെയ്തുണ്ടാക്കിയ ഒരു അവിയല്‍ തത്വശാസ്ത്രം ഇതിനു പിമ്പിലുണ്ട്. അതിലെ മുഖ്യഘടകം ഭാര്യാ-ഭര്‍തൃു ബന്ധം പാപമാണ് എന്ന ചിന്തയാണന്നു വിലക്കു ദിനങ്ങളുടെ സ്വഭാവം വിശകലനം ചെയ്താല്‍ മനസിലാക്കാം. ഇത് പുനര്‍ചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. ഓര്‍ത്തഡോക്സ് വിശ്വാസം ഇത്തരമൊരു ചിന്താഗതി അംഗീകരിക്കുന്നുണ്ടോ എന്നതുതന്നെ വേദശാസ്ത്രജ്ഞന്മാര്‍ മറുപടി പറയേണ്ട വിഷയമാണ്.
ഞായര്‍-നോമ്പു ദിനങ്ങള്‍ക്കു തലേന്ന് വിവാഹം നിരോധിച്ചാല്‍ നവ വധൂവരന്മാരെ ഈ ബന്ധത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കും. പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ അത് സാദ്ധ്യമല്ല. തികച്ചും സ്വകാര്യമായ വിവാഹമുറയില്‍നിന്നും മുമ്പു വിവാഹംകഴിച്ചവരെ തടയാനും സഭയ്ക്കു സാധിക്കില്ല.
മുകളില്‍ പരാമര്‍ശിച്ച കാനോന്‍ നിയമപ്രകാരം തലനോയമ്പില്‍ വിവാഹത്തിനു വിലക്കില്ല എന്ന വസ്തുത പരിഗണിച്ചാല്‍ ബുധന്‍, വെള്ളി നോയമ്പുകളുടെ തലനോയമ്പായ ചൊവ്വാ വ്യാഴം എന്നീ ദിവസങ്ങളില്‍ വിവാഹം നിരോധിക്കാന്‍ നിയമപരമായി സാദ്ധ്യമല്ല. എന്നാല്‍ വിവാഹമുറയില്‍ ഏര്‍പ്പെട്ട പുരുഷനും സ്ത്രീയും ആ ദിവസം – പൗരസ്ത്യ പാരമ്പര്യപ്രകാരം പിറ്റന്നു സന്ധ്യവരെ – വി. കുര്‍ബാനയില്‍ സംബന്ധിക്കരുതെന്ന് ഹൂദായ കാനോന്‍ വിലക്കുന്നുണ്ട്. (ഹൂദായ കാനോന്‍, Op. Cit., pp 45 – 6, നാലാം കെപ്പലയോന്‍, രണ്ടാം പെസൂക്കാ, സേവീറെ, തിമോത്തെയോസ്) ഇതു മുഖവിലയ്ക്കെടുത്താല്‍ ശനി, മാറാനായ പെരുന്നാളുകളുടെ തലേന്ന് എന്നീ ദിവസങ്ങളില്‍ വിവാഹം അനുവദിക്കാനാവില്ല.
പക്ഷേ ഇവിടെ പരിഗണിക്കേണ്ട ഒന്നുണ്ട്. ഹൂദായ കാനോനില്‍ വി. കുര്‍ബാനയില്‍ സംബന്ധിക്കുക എന്നത് വി. കുര്‍ബാന അനുഭവിക്കുക എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. മലങ്കര സഭയില്‍ വി. കുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും അനുഭവിക്കുന്നില്ല എന്നതും, അതിന് സഭ നിര്‍ബന്ധിക്കുന്നില്ല എന്നതും വസ്തുതയാണ്. ഇവ പരിഗണിച്ചാല്‍ ഈ കാനോന്‍ നിയമം മലങ്കര സഭയില്‍ എത്രമാത്രം പ്രസക്തമാണ് എന്ന വസ്തുത ചിന്തനീയമാണ്. മുന്‍കാലങ്ങളില്‍ മലങ്കര നസ്രാണികള്‍ വിവാഹംശേഷം മൂന്നാം ദിവസം ആചാരപരമായ കുളിച്ചശേഷം മാത്രമേ പള്ളിയില്‍ പോകുമായിന്നൊള്ളു എന്ന ചരിത്രപരാമര്‍ശനങ്ങളും ഇവിടെ പ്രസ്താവ്യമാണ്.
മാമോദീസ, മൂറോന്‍, കുര്‍ബാന, കുമ്പസാരം ഇവ പോലെ നിര്‍ബന്ധിതമല്ലങ്കിലും അവയ്ക്കു തുല്യമായ പ്രാധാന്യമുള്ള കൂദാശകളായാണ് വിവാഹം, പട്ടത്വം, തൈലാഭിഷേകം എന്നിവയെ മലങ്കര സഭ കണക്കാക്കുന്നത്. കുടുംബം എന്ന സംവീധാനം ദൈവകല്‍പ്പിതമാകയാല്‍ അതിന്‍റെ ഭാഗമായ വിവാഹമുറയെ പാപമായി കരുതാമോ എന്ന ചോദ്യം ന്യായമാണ്. വിവാഹമുറയുടെ പേരില്‍ ഈ കൂദാശയെ നിയന്ത്രിക്കുന്നത് ശരിയാണോ എന്നും ചിന്തിക്കണം.
പ. പൗലൂസ് ശ്ലീഹാ … വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ. എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളേയും ദൈവം വിധിക്കും…(എബ്രാ. 13. 4) എന്നു പ്രസ്താവിക്കുന്നു. പ. പരുമല തിരുമേനി കൊല്ലവര്‍ഷം 1068 മേടം 9-നു കൊല്ലത്തു പള്ളിയില്‍നിന്നയച്ച കല്‍പനയിലെ … സ്വന്തഭാര്യയെ പരിഗ്രഹിച്ചതില്‍വച്ച ഭര്‍ത്താവിനെ വ്യഭിചാര കുറ്റത്തിനു ശിക്ഷിക്കാമോ… എന്ന ഭാഗവും (ഫാ. ഡോ. ജേക്കബ് കുര്യന്‍ (എഡി.), പരുമലസ്മൃതി, കോട്ടയം, 2002,p 110) പ്രസക്തമാണ്.
മുകളില്‍ പറഞ്ഞ വസ്തുതകളും, വിവാഹം ഒരു കൂദാശയാണ് എന്ന സഭാ നിയമവും അടിസ്ഥാനമാക്കി, ഹൂദായ കാനോന്‍റെയും നസ്രാണി പാരമ്പര്യത്തിന്‍റെയും ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ വിവാഹ ദിനങ്ങളുടെ കാര്യത്തില്‍ താഴെ പറയുന്നവിധം ഒരു പുനര്‍ക്രമീകരണം പരിഗണിക്കാം എന്നാണ് ഈ ലേഖകന്‍റെ അഭിപ്രായം.
1. ഞായര്‍, കാനോനിക നോയമ്പിലല്ലാത്ത മാറാനായ പെരുന്നാളുകള്‍ ഇവയില്‍ വിവാഹ കൂദാശ നടത്തുന്നതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കണം.
2. ഉയര്‍പ്പു മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ദിവസങ്ങളിലും പതിനെട്ടാമിടയിലും ശനിയാഴ്ച ഒഴികെയുള്ള ഒരു ദിവസവും വിവാഹം വിലക്കരുത്.
3. കാനോനിക നോയമ്പിലും കാത്തിരിപ്പു ദിനങ്ങളിലുമല്ലാത്ത തിങ്കള്‍, ചൊവ്വാ, വ്യാഴം ദിവസങ്ങളില്‍ വിവാഹം വിലക്കരുത്.
4. കാനോനിക നോയമ്പിലല്ലാത്ത ബുധന്‍ വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 4.30-നു ശേഷം വിവാഹാനുമതി നല്‍കണം.
ഇത്തരം ക്രമീകരണം വരുത്തുമ്പോള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ വിവാഹം നിരോധിക്കണം.
1. അഞ്ച് കാനോനിക നോമ്പുകള്‍
2. സ്വര്‍ഗാരോഹണം മുതല്‍ പെന്തിക്കോസ്തി വരെയുള്ള കാത്തിരിപ്പിന്‍റെ ദിവസങ്ങള്‍
3. മാറാനായ പെരുന്നാളല്ലാത്ത ബുധന്‍ വെള്ളി
4. എല്ലാ ശനിയാഴ്ചകളും
5. മാറാനായ പെരുന്നാളിന്‍റെ തലേ ദിവസം
6. സ്വര്‍ഗാരോഹണത്തിന്‍റെ തലെ ബുധനാഴ്ച
7. പോര്‍ട്ടുഗീസ്-പൂര്‍വ്വ കാലംമുതലുള്ള നസ്രാണി പാരമ്പര്യമനുസരിച്ച് തല നോയമ്പ്.
വലിയ നൊയമ്പ്, യല്‍ദോ നോയമ്പ് ഇവയില്‍ അടിയന്തിര സാഹചര്യത്തില്‍ പ്രത്യേകനുമതി നല്‍കുന്നതിന് പ്രത്യേക ചട്ടങ്ങള്‍ ഉണ്ടാക്കണം.
അപ്പോസ്ഥൊലിക കാലത്ത് യേറുശലേം സുന്നഹദോസ് കൂടുന്നതിനു സാഹചര്യമൊരുക്കിയ സംഭവങ്ങള്‍ക്ക് സമാനമായ ഒരു സാംസ്കാരിക സംഘര്‍ഷം വിവാഹവിലക്കു ദിനങ്ങള്‍ക്കു പിന്നിലില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അന്ന് പ. പത്രോസ്ശ്ലീഹാ ചോദിച്ച …നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെപ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്… (അപ്പോ. പ്രവ. 15. 10) എന്ന ചോദ്യം ഇവിടെയും പ്രസക്തമാണ്.
(2013-ല്‍ ബഥേല്‍ പത്രികയില്‍ എഴുതിയത്)