ഡോ. തോമസ് മാര്‍ അത്താനാസ്യോസിനെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിച്ചുകൊണ്ടുള്ള കല്പന

ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച 85/98 നമ്പര്‍ കല്‍പനയുടെ പൂര്‍ണ്ണരൂപം

കര്‍ത്താവില്‍ പ്രിയരേ,

ദൈവകൃപയാല്‍ ബഹു. സുപ്രീംകോടതിയില്‍ നിന്നുണ്ടായ തീരുമാനങ്ങളെ തുടര്‍ന്ന് മുന്‍ പാത്രിയര്‍ക്കീസ് പക്ഷത്തായിരുന്നു കണ്ടനാട് മെത്രാസനത്തില്‍ ഭരണം നടത്തിവന്നിരുന്ന ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടനയും അതനുസരിച്ചുള്ള ഭരണസംവിധാനങ്ങളും മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായും ആയ നമ്മുടെ മേലദ്ധ്യക്ഷതയും അംഗീകരിച്ചും സമ്മതിച്ചും രേഖാമൂലം നമുക്ക് എഴുതി തന്നിട്ടുള്ളതാണ്. അതേ തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ശുപാര്‍ശയോടും കണ്ടനാട് മെത്രാസന ഇടവകഭരണം സംബന്ധിച്ച് നാം താല്‍ക്കാലിക ക്രമീകരണങ്ങള്‍ ചെയ്ത് ടി. മെത്രാസനത്തിലെ മെത്രാപ്പോലീത്തന്മാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുള്ളതാണ്. ടി ഭരണക്രമീകരണങ്ങള്‍ ടി മെത്രാസനത്തിലെ എല്ലാ പള്ളികളേയും ഈ കല്‍പന മുഖാന്തിരം നാം അറിയിക്കുന്നതാകുന്നു.

ബഹുമാനപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഭേദഗതി ചെയ്തിട്ടുള്ള മലങ്കരസഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നാം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം വിളിച്ചുകൂട്ടി സഭാ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തതിനുശേഷം ടി കമ്മിറ്റിയുമായി ആലോചിച്ച് സഭാഭരണഘടനാനുസരണം മെത്രാസന ഭരണം സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ ചെയ്യുന്നതുവരെ, സഭാ സമാധാനത്തെ കരുതി നാം ചെയ്യുന്ന താഴെ പറയുന്ന ഭരണക്രമീകരണം നിലനില്‍ക്കുന്നതാണ്.
കണ്ടനാട് മെത്രാസനത്തില്‍ ഇടവക മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ട് ഇപ്പോള്‍ ഭരണം നടത്തി വരുന്ന നമ്മുടെ സഹോദരന്മാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും, ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായും പരസ്പരം സഹകരിച്ച് യാതൊരു കാരണവശാലും ഭിന്നതകള്‍ക്ക് ഇടനല്‍കാതെ ടി മെത്രാസന കാര്യങ്ങള്‍ നടത്തേണ്ടതാണ്.

മുമ്പ് ഇരുപക്ഷത്തുനിന്നും വികാരിമാരെയും പട്ടക്കാരെയും നിയമിച്ചതനുസരിച്ച് ഇരുഭാഗങ്ങളായി പള്ളി ആരാധനകളും മറ്റ് കര്‍മ്മാദികളും നടത്തിവരുന്ന കണ്ടനാട് മെത്രാസനത്തിലെ ഇടവക പള്ളികളില്‍ ടി മെത്രാപ്പോലീത്താമാര്‍ ഇരുവരും കൂടി ആലോചിച്ച് പരസ്പര സമ്മതപ്രകാരം യോജിപ്പായി എല്ലാ കാര്യങ്ങളും നടത്തേണ്ടതാണ്.
അഭിവന്ദ്യരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും, ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെയും പ്രത്യേക നിയന്ത്രണത്തിലായിരുന്ന ടി ഭദ്രാസനത്തിലെ പള്ളികളില്‍ അവരവര്‍ തന്നെ ഭരണം നടത്തിക്കൊള്ളേണ്ടതാണ്.

കണ്ടനാട് മെത്രാസന സംബന്ധമായ എല്ലാ കാര്യങ്ങളും, പ്രത്യേകിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടി മെത്രാപ്പോലീത്തന്മാര്‍ രണ്ടുപേരും ആലോചിച്ച് പരസ്പര സമ്മതത്തോടുകൂടി സമാധാനപരമായി പരിഹരിക്കുന്നതിന് ശ്രമിക്കണം.

നമ്മുടെ ഈ കല്‍പനപ്രകാരം ഭരണകാര്യങ്ങള്‍ നടത്തുന്നതിന് എന്തെങ്കിലും പ്രയാസങ്ങളോ തടസങ്ങളോ ഉണ്ടായാല്‍ ആ സംഗതിയില്‍ നാം ചെയ്യുന്ന തീരുമാനം അന്തിമതീരുമാനം ആയിരിക്കുന്നതും ബന്ധപ്പെട്ട എല്ലാവരും അനുസരിച്ചു നടന്നുകൊള്ളേണ്ടതുമാകുന്നു.
എല്ലാ കാര്യങ്ങളും മലങ്കരസഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായും നാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ഈ കല്‍പനയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും പ. സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തോടുകൂടിയും നടത്തിക്കൊള്ളണം.

കണ്ടനാട് മെത്രാസനത്തിലെ എല്ലാ വികാരിമാരും മറ്റു പട്ടക്കാരും ഇടവകജനങ്ങളും മേല്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെയും, ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായെയും മെത്രാസനത്തിലെ മെത്രാപ്പോലീത്തന്മാരായി അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരവുകളോടു കൂടി സ്വീകരിച്ചും അംഗീകരിച്ചും നടന്നുകൊള്ളേണ്ടതാണ്.

1998 ജൂലൈ 11-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്ന്.