സൗമ്യം, ദീപ്‌തം, മധുരം പ്രകാശനം ചെയ്‌തു

കുടുംബങ്ങളാണ് ഏറ്റവും വലിയ സർവ്വകലാശാല : പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല കുടുംബങ്ങളാണെന്നും അതിലെ ഏറ്റവും മികച്ച ഗുരു അമ്മയാണെന്നും മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന പേട്രൺസ്‌ ഡേ സെലിബ്രേഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുക്കന്മാർ ദൈവ തുല്യരാണെന്നും അവരോടുള്ള കടപ്പാടുകൾ മറന്നു പോവരുതെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ലഭിച്ച അനുഗ്രഹങ്ങളെ മനസിലാക്കാതെ നിരാശയിൽ ജീവിക്കുന്നതാണ് യഥാർത്ഥ പരാജയമെന്നും ഒരു വ്യക്തിയെ നേരെ നിൽക്കാൻ പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കോളേജുകളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച പ്രൊഫ. ഇ. ജോൺ മാത്യുവിനെക്കുറിച്ച് തോമസ് നീലാർമഠം തയ്യാറാക്കിയ സൗമ്യം, ദീപ്‌തം, മധുരം എന്ന പുസ്‌തകം പരിശുദ്ധ കാതോലിക്കാ ബാവ ഡോ. സിറിയക് തോമസിന് നൽകി പ്രകാശനം ചെയ്‌തു. ഡോ. പോൾ മണലിൽ പുസ്‌തകത്തെ പരിചയപ്പെടുത്തി.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, ഫാ. ജേക്കബ് ഫിലിപ്പ്, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ. ഡോ.വർഗീസ് മാത്യു, ജേക്കബ് തോമസ് അരികുപുറം, അഡ്വ. മനോജ് മാത്യു, പ്രൊഫ. കെ. കെ. രാജു, പ്രൊഫ. ടെസ്സി കെ.എ. എന്നിവർ പ്രസംഗിച്ചു.