സമൂഹവും സഭയും ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം; മാർ തെയോഫിലോസ്. പുണ്യ ജീവിതം കൊതിച്ച്, വിട്ടുവീഴചയില്ലാത്ത വിശുദ്ധിയുടെ മാർഗത്തിലൂടെ, പുണ്യ ജീവിതം നയിച്ച് ദൈവത്തിന്റെ കരങ്ങളും നിസഹായരുടെ സ്നേഹിതനുമായി മാറിയ ഡോ. സഖറിയാ മാർ തെയോഫിലോസ് ഈ നൂറ്റാണ്ടിലെ മലങ്കര സഭയുടെ ഒരു വിശുദ്ധൻ എന്നെനിക്കു സാക്ഷിക്കുവാൻ സാധിക്കും.
സെമിനാരി ജീവിതത്തിന്റെ ഒന്നാം വർഷാവസാനം മുതൽ അടുത്തറിഞ്ഞ ആത്മബന്ധം. കോട്ടയം സ്റ്റുഡന്റ് സെന്ററിൽ കുറച്ചുകാലത്തെ ഒരുമിച്ചുള്ള വാസം. (ഫാ.പി.സി. ചെറിയാൻ, ഫാ. ജോർജ് കുര്യൻ,ഡീക്കൻ. എം.സി.ചെറിയാൻ, ഡീക്കൻ രാജു വർഗീസ്) ആർക്കും ഉപദേശം നൽകാതെ സ്വജീവിതം സന്ദേശമാക്കി അനേകർക്ക് വഴികാട്ടിയായി മാറിയ പുണ്യ ജീവിതം.; എനിക്കും. ഒരു ശെമ്മാശനായിരിക്കെത്തന്നെ നിഷ്ഠയുള്ള ഒരു ജീവിതം സ്വീകരിച്ച ഒരു യഥാർത്ഥ സന്യാസി. മറ്റുള്ളവരെ സ്നേഹിച്ചത് ഉപാധികൾ കൂടാതെ. അശരണർക്ക് കൂട്ടുകാരനായത് മറ്റുള്ളവരുടെ ശ്രദ്ധ നേടാനായിരുന്നില്ല; മറിച്ച്, ദൈവത്തിന്റെ ഭൂമിയിലേക്ക് നീളുന്ന കരങ്ങളായിത്തീരാനായിരുന്നു. ദൈവ കരങ്ങളുടെ ആ സ്പർശമേറ്റ അനേകം നിരാലംബരായ മനുഷ്യർ ഇന്നും ഈ ഭൂമിയിലുണ്ട്; അവർക്ക് പറയാനുണ്ടാകും ഏറെ സാക്ഷ്യങ്ങൾ.
80- കളിൽ ശെമ്മാശനായിരിക്കെ കോട്ടയം ബസ്സ്റ്റാന്റിൽ വണ്ടി കാത്തു നിൽക്കുമ്പോഴുള്ള ഒരു സംഭവം. ഒരു മനുഷ്യൻ വന്ന് ഭക്ഷണത്തിനായി കൈ നീട്ടി. ആ മനുഷ്യന്റെ ദയനീയ ഭാവം കണ്ട് ഒരു സമൃദ്ധമായ ഭക്ഷണത്തിന്റെ കാശു തന്നെ നൽകി ശെമ്മാശൻ. (അതു നൽകിക്കഴിഞ്ഞ് ശെമ്മാശന്റെ പേഴ്സും ഏതാണ്ട് കാലി). ബസു വരാൻ കാത്തു നിൽക്കെ ആ മനുഷ്യൻ അല്പ്പം അകലെയുള്ള ഒരു കടയിൽ നിന്നു ഭക്ഷണത്തിനു പകരം ഒന്നല്ല, ഒരു പാക്കറ്റു സിഗററ്റു് വാങ്ങുന്നതാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ പിറകെ കൂടി അയാളുമായി കലഹിച്ചു..പക്ഷെ വൈകിട്ട് ശെമ്മാശൻ പറഞ്ഞതിങ്ങനെ…ദൈവം ആണ് വിധികർത്താവ്, നമ്മളല്ല;പണം എങ്ങനെ ചിലവഴിക്കണം എന്നറിയാത്ത അയാളെ എന്തിനു പഴിക്കണം. ഭക്ഷണമായിരുന്നു അയാൾക്ക് നൽകേണ്ടിയിരുന്നത്; അതു എന്റെ കുറ്റം…പിന്നീടുള്ള അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തികളിലെല്ലാം തന്നെ ഈ തത്വം അദ്ദേഹം സ്വീകരിച്ചിരുന്നതായി എന്നിക്ക് തോന്നിയിട്ടുണ്ട്.
ദൈവ സ്നേഹത്തിന്റെ ഭൂമിയിലെ മറ്റൊരു മുഖം തന്നെയായിരുന്നു പുണ്യശ്ളോകനായ മാർ തെയോഫിലോസ്. മലങ്കര സഭയിലെ അനേകം ആളുകൾ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ അഭയം തേടുകയും സഭ അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നാളുകൾ 50 വർഷങ്ങൾക്കകം ഉണ്ടാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.
മർത്തോമ്മാ ശ്ളീഹായുടെ ജീവകാരുണ്യ പാതയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നൂറ്റാണ്ടിൽ മാർ ഒസ്ത്താത്തിയോസിനു ശേഷം ഈ സഭ കണ്ട ഏറ്റവും നല്ല മനുഷ്യ സ്നേഹിയും.
ആ പുണ്യ ജീവിതത്തിന്റെ വിയോഗത്തിൽ പുണ്യാത്മാവിനു മുന്നിൽ ഈയുള്ളവന്റെ കണ്ണീർ പ്രണാമം!!
– ഷേബാലിയച്ചൻ