ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പ. കാതോലിക്കാ ബാവാ

ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റുടെ കൊട്ടാരത്തില്‍ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പോപ്പ് തവദ്രോസ്(കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ), അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം , അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ – പാത്രിയര്‍ക്കീസ് പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ എന്നിവരോടൊപ്പം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഇന്‍റര്‍ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്‍റ് സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തായും പങ്കെടുത്തു.

ജര്‍മ്മനിയില്‍ നടക്കുന്ന സഭകളുടെ അന്തര്‍ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ബെര്‍ലിനില്‍ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും പ്രതിനിധിസംഘത്തെയും വിദേശകാര്യ വകുപ്പ് അദ്ധ്യക്ഷന്‍ ബിഷപ്പ് ബോസെ ഹൂബെറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജര്‍മ്മനിയിലെ ലൂഥറന്‍ സഭകളുടെ ആഭിമുഖ്യത്തില്‍ പ്രതിനിധികള്‍ക്ക് സ്വീകരണ സത്ക്കാരം നല്‍കി.

ഒക്ടോബര്‍ 20 ന് (ഇന്ന്) ‘പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ സഭകളുടെ ഭാവി’ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും. സഖറിയാ മാര്‍ നിക്കോളവോസ്, ഫാ. ഡോ. കെ.എം ജോര്‍ജ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിക്കും.