കോട്ടയം – സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. നാളെ മൂവാറ്റുപുഴ അരമനയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വിളിച്ചു കൂട്ടുന്ന ആലോചനായോഗത്തില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസ്യോസ് മുഖ്യ നേതൃത്വം നല്‍കും.
നാളെ കോട്ടയത്ത് യാക്കോബായ സഭാ മുന്‍ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ സഭാ സമാധാന ശ്രമങ്ങളുടെ ഭാഗമായി പത്രസമ്മേളനവും പുസ്തക പ്രകാശനവും നടത്തുന്നുണ്ട്.
21-ന് കോട്ടയത്ത് രാഷ്ട്രീയ-സാംസ്ക്കാരിക നായകന്മാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് മലങ്കരസഭാ സമാധാന സമിതി വിപുലമായ സമ്മേളനം നടത്തുന്നുണ്ട്.
ഇരു വിഭാഗത്തിലെയും മെത്രാപ്പോലീത്താമാര്‍ തമ്മില്‍ അനൗപചാരികമായ ചര്‍ച്ചകള്‍ രണ്ടു വട്ടം നടന്നു കഴിഞ്ഞു. പാത്രിയര്‍ക്കീസ് ബാവാ രേഖാമൂലം തരുന്ന പട്ടികയിലുള്ളവരുമായി മാത്രമേ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുവാന്‍ താല്‍പര്യമുള്ളുവെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വവുമായി ബന്ധപ്പെട്ട യാക്കോബായ മെത്രാപ്പോലീത്താമാരെ അറിയിച്ചിട്ടുണ്ട്.
മലങ്കരസഭാ പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം അധികം താമസിയാതെ ഉണ്ടാകുമെന്നാണ് ദേവലോകം, പുത്തന്‍കുരിശ് സഭാ കേന്ദ്രങ്ങളില്‍ നിന്നും ഒടുവില്‍ കിട്ടുന്ന വിവരം.