ഒരു സന്ധി സംഭാഷണവും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മരണവും / കെ. വി. മാമ്മന്‍

മഞ്ഞിനിക്കരയില്‍ വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തതിനെ തുടര്‍ന്ന്, മലങ്കരസഭ അറിയാതെ പുതിയ പാത്രിയര്‍ക്കീസീനെ വാഴിച്ചാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയില്ല എന്ന് വട്ടശ്ശേരില്‍ തിരുമേനി കൈമാഖാമിനെ (പാത്രിയര്‍ക്കീസ് കാലംചെയ്യുമ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ) അറിയിച്ചു.

ഇതിനെ തുടര്‍ന്ന് ശീമയില്‍ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുക്കാന്‍ കൂടിയ സുന്നഹദോസിലേക്ക് ‘മുടക്കപ്പെട്ട’ വട്ടശ്ശേരില്‍ തിരുമേനിക്കും ക്ഷണം ലഭിച്ചു. കാതോലിക്കോസിനെയും മറ്റു മേല്‍പട്ടക്കാരെയും ക്ഷണിക്കാത്തതുകൊണ്ട് വരുന്നില്ലെന്നു മെത്രാപ്പോലീത്താ കമ്പി അടിച്ചു. എന്നിരിക്കിലും പാത്രിയര്‍ക്കീസായി മാര്‍ അപ്രേം സേവേറിയോസിനെ അവരോധിച്ചപ്പോള്‍ മലങ്കര മെത്രാപ്പോലീത്താ ഒരഭിനന്ദന സന്ദേശം കമ്പിമാര്‍ഗ്ഗം അറിയിച്ചു. അതിനു നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തും പാത്രിയര്‍ക്കീസില്‍ നിന്നു ലഭിച്ചു. പാത്രിയര്‍ക്കീസ് നല്ല പഠിപ്പുള്ള ആളാകയാല്‍ മലങ്കരയില്‍ സമാധാനം ഉണ്ടാക്കണമെന്നു കാണിച്ച് ഒരു കത്ത് വട്ടശ്ശേരില്‍ തിരുമേനി അയച്ചു. അതിന്‍റെ മറുപടിയായി പാത്രിയര്‍ക്കീസ് ആലുവായിലെ മാര്‍ അത്താനാസ്യോസിനും വട്ടശ്ശേരില്‍ തിരുമേനിക്കും കത്തുകള്‍ അയച്ചു. ഇരുവരും കൂടിയാലോചിച്ച് ആവശ്യമായ വ്യവസ്ഥകള്‍ എഴുതി അറിയിക്കണമെന്നും അതു സ്വീകരിച്ചു കല്‍പന അയയ്ക്കാമെന്നും ആയിരുന്നു പാത്രിയര്‍ക്കീസിന്‍റെ കത്തിലെ സാരം.

പാത്രിയര്‍ക്കീസിന്‍റെ കല്‍പന കിട്ടിയ ഉടനെ വട്ടശ്ശേരില്‍ തിരുമേനി, കല്പന വന്ന സ്ഥിതിക്ക് എന്ന് എവിടെ വച്ച് കൂടി ആലോചിക്കാന്‍ സൗകര്യപ്പെടുമെന്ന് എഴുത്തിലൂടെ പൗലൂസ് മാര്‍ അത്താനാസ്യോസിനോട് ആരാഞ്ഞു. എട്ടുപത്തു ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ അത്താനാസ്യോസിന്‍റെ കൂടെ നിന്ന ശെമ്മാശന്‍റെ മറുപടി വന്നു. മാര്‍ അത്താനാസ്യോസ് പള്ളിസഞ്ചാരത്തിലായതുകൊണ്ടാണു മറുപടി വൈകിയതെന്നും ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ ഓര്‍മ്മപ്പെരുന്നാളിനു പോകുമ്പോള്‍ കോട്ടയത്തു വരാമെന്നുമായിരുന്നു കത്തിന്‍റെ ഉള്ളടക്കം. മഞ്ഞിനിക്കരപ്പെരുന്നാളിനു രണ്ടുമാസം കൂടിയുണ്ടെന്നും അതുകൊണ്ട് താന്‍ ആലുവായില്‍ വരാമെന്നും സൗകര്യമുള്ള സമയം അറിയിച്ചാല്‍ മതിയെന്നും വട്ടശ്ശേരില്‍ തിരുമേനി വീണ്ടും എഴുതി. അതിനും ശെമ്മാശനാണു മറുപടി നല്‍കിയത്. മഞ്ഞിനിക്കരയ്ക്കു പോകുന്ന സമയത്തല്ലാതെ അത്താനാസ്യോസിനു സൗകര്യപ്പെടുകയില്ലെന്നും ഫെബ്രുവരി 12 തിങ്കളാഴ്ച വരാമെന്നുമാണ് ശെമ്മാശനെക്കൊണ്ടു എഴുതിച്ച കത്തിന്‍റെ ചുരുക്കം. ഫെബ്രുവരി 12-നു 11 മണിക്കു വന്നു. മണിയടിച്ചു സ്വീകരിച്ചു. പള്ളിയില്‍ മെഴുകുതിരികള്‍ കത്തിച്ച് ഒരു ശെമ്മാശന്‍ ധൂപക്കുറ്റിയുമായി നിന്നിരുന്നു. മണലില്‍ യാക്കോബ് ശെമ്മാശന്‍ കാറിനടുത്തു ചെന്നു മാര്‍ അത്താനാസ്യോസിനെ കൈമുത്തി സ്വീകരിച്ച് പള്ളിയിലേക്കു ആനയിച്ചു. പള്ളിയുടെ പടിഞ്ഞാറേ വാതിലിനു പുറത്തുനിന്നു കുരിശുവരച്ചു പ്രാര്‍ത്ഥിച്ചു. പിന്നീട് വടക്കേ വരാന്തയിലൂടെ നടന്നു പുലിക്കോട്ടില്‍ തിരുമേനിയുടെ കബറിന്‍റെ പുറത്തെ വാതിക്കലും നിന്ന് മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സെമിനാരിയുടെ ഗോവണി കയറിച്ചെന്നപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി അവിടെ നിന്നിരുന്നു. ചുംബനം കഴിഞ്ഞു വട്ടശ്ശേരില്‍ തിരുമേനിയുടെ മുറിയിലിരുന്നു. വെയിലുകൊണ്ടും പൊടിപിടിച്ചും വരുന്നതാകയാല്‍ ഒരു കൂള്‍ഡ്രിങ്ക് ഉണ്ടാക്കി കുടിക്കാന്‍ കൊണ്ടുവന്നു എങ്കിലും വേണ്ടെന്നു പറഞ്ഞു. തമ്മില്‍ കൂടികണ്ടിട്ട് വളരെ നാളായെന്നും സെമിനാരിയില്‍ വന്നിട്ടു വര്‍ഷങ്ങളായെന്നും വളരെ സന്തോഷമുണ്ടെന്നും മറ്റും വട്ടശ്ശേരില്‍ തിരുമേനി പറഞ്ഞിട്ടും അതിഥി ഒന്നും മിണ്ടാതെ മൗനം പാലിച്ചു.

‘എനിക്ക് ഉടനെ പോകണം. ബാവായുടെ കല്പനയും തിരുമേനിയുടെ കത്തും കിട്ടിയതുകൊണ്ടു വന്നതാണ്. എനിക്ക് ഒന്നും പറയാനില്ല. പാത്രിയര്‍ക്കീസും നിങ്ങള്‍ എല്ലാവരും കൂടി നിശ്ചയിക്കുന്നത് എനിക്കും സമ്മതമാണ്’ മാര്‍ അത്താനാസ്യോസ് പറഞ്ഞു. “കാതോലിക്കാ വേണമെന്ന് എനിക്കഭിപ്രായമില്ല. എല്ലാവരും കൂടി നിശ്ചയിക്കുന്നു എങ്കില്‍ വിരോധവും ഇല്ല. ഞാന്‍ പോകുന്നു” അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

‘പ്രാര്‍ത്ഥനയും ഉച്ചഭക്ഷണവും കഴിഞ്ഞു പോകാം. ഇന്ന് ഇവിടെ താമസിക്കുന്നതും സന്തോഷമാണ്.’ വട്ടശ്ശേരില്‍ തിരുമേനി പറഞ്ഞു.

‘ഭക്ഷണം വണ്ടിയില്‍ ഉണ്ട്, ഞാന്‍ പോകയാണ്.’ ഇതിനകം എഴുന്നേറ്റ മാര്‍ അത്താനാസ്യോസ് വട്ടശ്ശേരില്‍ തിരുമേനിയെ അറിയിച്ചു. അത്താനാസ്യോസ് ഇറങ്ങിക്കഴിഞ്ഞു.

മാര്‍ അത്താനാസ്യോസിന്‍റെ ഈ സംസ്കാരശൂന്യമായ പെരുമാറ്റം വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു ആഘാതമായിരുന്നു. ഫെബ്രുവരി 15-നു മാന്തുരുത്തേല്‍ പള്ളിപ്പെരുന്നാള്‍ ആയിരുന്നു. മണലില്‍ ശെമ്മാശന്‍ കത്തനാരായശേഷം ആദ്യം വരുന്ന പെരുന്നാള്‍. ഫെബ്രുവരി 14-നു അച്ചന്‍ മാന്തുരുത്തേല്‍ പള്ളിയിലേക്കു പോയി. അത്താനാസ്യോസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വട്ടശ്ശേരില്‍ തിരുമേനി വളരെയധികം മൗനിയായി കാണപ്പെട്ടു.

പെരുന്നാള്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കരുതെന്നു തിരുമേനി കല്‍പ്പിച്ചശേഷമാണ് മണലില്‍ അച്ചനെ വിട്ടത്. മാമ്മലശേരിയില്‍ ചെന്ന് അമ്മയെ ഒന്നു കണ്ടിട്ടു വരാമെന്നും പറഞ്ഞാണു അച്ചന്‍ യാത്ര ചോദിച്ചത്. പെരുന്നാള്‍ കഴിഞ്ഞു പിറ്റേദിവസം മാമ്മലശേരിക്കു പോകാന്‍ സാധിച്ചില്ല. ഫെബ്രുവരി 17-നു കാപ്പികുടി കഴിഞ്ഞു മാമ്മലശേരിക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ കോട്ടയത്തുനിന്നു ഒരാള്‍ വന്നു. ‘വട്ടശ്ശേരില്‍ തിരുമേനി സുഖമില്ലാതെ കിടപ്പിലാണ്. സംസാരിക്കുന്നില്ല. അച്ചന്‍ എളുപ്പം ചെല്ലണമെന്നു പറയാന്‍ മാമ്മന്‍ മാപ്പിള അയച്ചതാണ്’ എന്നറിയിച്ചു. അത്താനാസ്യോസ് വന്നുപോയതിന്‍റെ അനന്തരഫലമായിരിക്കും ഈ അസുഖം എന്ന് അച്ചന്‍ ഊഹിച്ചു. വന്ന ആള്‍ക്കും ഭക്ഷണം കൊടുത്തശേഷം ഉടനെ അച്ചന്‍ കോട്ടയത്തിനു തിരിച്ചു. ബസ് കിട്ടാനും മറ്റും അല്‍പ്പം വൈകി. സെമിനാരിയില്‍ ചെന്നപ്പോള്‍ മണി 12.30 ആയി. തിരുമേനി കണ്ണടച്ചു കിടക്കുകയാണ്. ഇതിനകം ഇ. ജെ. പീലിപ്പോസ് തിരുവനന്തപുരത്തു നിന്നു കാറില്‍ എത്തി. അച്ചനും പീലിപ്പോച്ചനും തിരുമേനിയുടെ കൈപിടിച്ചു മുത്തി. ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ തിരുമേനിയുടെ കണ്ണുനിറഞ്ഞു. എപ്പോള്‍ വന്നു എന്ന് ആംഗ്യം മൂലം ആരാഞ്ഞു. ഇപ്പോള്‍ വന്നു എന്നു ഞങ്ങള്‍ പറഞ്ഞു. തിരുമേനി കണ്ണടച്ചു. ‘എപ്പോഴും കണ്ണടഞ്ഞിരിക്കയാണ്, സംസാരമില്ല. മറ്റുള്ളവര്‍ പറയുന്നതു മനസ്സിലാകുന്നുണ്ട്.’ കൂടെ നിന്നവര്‍ അറിയിച്ചു.
ഈ സമയം തിരുമേനിയുടെ മുറിയുടെ തൊട്ടു അച്ചന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയില്‍ മാമ്മന്‍ മാപ്പിള ഇരുന്നിരുന്നു. അദ്ദേഹം അച്ചനെ വിളിച്ചു ‘തിരുമേനിയുടെ കൈപ്പെട്ടിയില്‍ പണം വല്ലതുമുണ്ടോ’ എന്നു ചോദിച്ചു. “ആയിരത്തില്‍ താഴെ കാണും.” “കൈപ്പെട്ടി തുറക്കാന്‍ പറഞ്ഞിട്ടു ബാവായ്ക്കും മെത്രാപ്പോലീത്താമാര്‍ക്കും എല്ലാവര്‍ക്കും ഭയമാണ്. സെമിനാരിയില്‍ ഒരു കാശുമില്ല. കടം വാങ്ങിയാണു അത്യാവശ്യങ്ങള്‍ നിറവേറ്റുന്നത്.” മാനേജരച്ചന്‍ ഇതു പറഞ്ഞപ്പോള്‍ മണലില്‍ അച്ചന്‍ തന്നെ പെട്ടിയില്‍ നിന്നു പണം എടുക്കണമെന്നു മാമ്മന്‍ മാപ്പിള നിര്‍ദ്ദേശിച്ചു.

തിരുമേനി കിടന്ന കട്ടിലിന്‍റെ ക്രാസ്സിയില്‍ തൂവാലയില്‍ കെട്ടിയിരുന്ന താക്കോല്‍ എടുത്ത് അച്ചന്‍ ഒന്നു കുലുക്കി. കണ്ണു തുറന്നു തിരുമേനി നോക്കി. അച്ചന്‍ അടുത്ത മേശയിലിരുന്ന കൈപ്പെട്ടി തുറന്നു പണം എടുത്തശേഷം പൂട്ടി താക്കോല്‍ യഥാസ്ഥാനത്തു വച്ചു. പണം എണ്ണി. 950 രൂപാ ഉണ്ടായിരുന്നു. അതു മാമ്മന്‍ മാപ്പിളയെ ഏല്‍പിച്ചു. വേറെ പണം എടുക്കുവാന്‍ ഉണ്ടോ എന്നു മാമ്മന്‍ മാപ്പിള ചോദിച്ചപ്പോള്‍ 3000 രൂപ പരുമലയിലെ ഇരുമ്പുപെട്ടിയിലുണ്ടെന്നും അതിന്‍റെ താക്കോലും കൈപ്പെട്ടിയില്‍ ആണെന്നും അച്ചന്‍ വെളിപ്പെടുത്തി. ആ പണം കൂടി എടുക്കണമെന്നും പല ആവശ്യങ്ങളുണ്ടെന്നും മാമ്മന്‍ മാപ്പിള പറഞ്ഞു. നാളെ കൊണ്ടുവരാമെന്നു പറഞ്ഞു കൈപ്പെട്ടിയില്‍ നിന്നു ഇരുമ്പുപെട്ടിയുടെ താക്കോല്‍ എടുത്തുവച്ചു. അന്ന് ഒരു ശനിയാഴ്ച ആയിരുന്നു.

പിറ്റേ ദിവസം ഞായറാഴ്ച വി. കുര്‍ബാന കഴിഞ്ഞ് മാമ്മന്‍ മാപ്പിളയുടെ കാറില്‍ അച്ചന്‍ പരുമലയില്‍ ചെന്നു. ഇരുമ്പുപെട്ടി ഇരിക്കുന്ന മുറിയുടെ താക്കോല്‍ മാനേജരോടു വാങ്ങി പെട്ടി തുറന്നു 3000 രൂപായും എടുത്തു കോട്ടയത്തു തിരിച്ചെത്തി.

തിരുമേനി ഫെബ്രുവരി 23-നു വെള്ളിയാഴ്ച കാലംചെയ്തപ്പോള്‍ ഈ പണം കൊണ്ടാണു കബറടക്കം സംബന്ധിച്ച ആവശ്യങ്ങള്‍ നിറവേറ്റിയത്. ശനിയാഴ്ചത്തെ കബറടക്കം മെത്രാപ്പോലീത്തായുടെ സ്ഥാനത്തിന് യോജിച്ചവിധത്തിലുള്ളതായിരുന്നു. മലങ്കരയുടെ നാനാഭാഗങ്ങളില്‍ നിന്നും സഭാംഗങ്ങള്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

(കെ. വി. മാമ്മന്‍ രചിച്ച മലങ്കരസഭയിലെ കാതോലിക്കാമാര്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും)