ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്.
പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ ഫലമായി സ്ഥാപിതമായ ഈ ഉന്നത പൗരോഹിത്യ സ്ഥാനത്തിന്‍റെ പ്രാധാന്യം സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന് ഈ സ്ഥാനത്തിന്‍റെ സ്ഥാപനം എത്ര മാത്രം അനിവാര്യമായിരുന്നു എന്നു ചിന്തിക്കുമ്പോഴാണ് ശതാബ്ദി ആഘോഷങ്ങളുടെ പ്രസക്തി വെളിപ്പെടുന്നത്.
വിവിധ കാലഘട്ടങ്ങളില്‍ വിവിധ വിദേശ ശക്തികള്‍ക്ക് കീഴ്പ്പെട്ടിരിക്കേണ്ടി വന്നതിനാല്‍ മലങ്കര സഭ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ വളരെയായിരുന്നു. പേര്‍ഷ്യന്‍ മെത്രാന്മാര്‍ മലങ്കരയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലമത്രയും (എ. ഡി 4-ാം നൂറ്റാണ്ടു മുതല്‍) ഒരു നാട്ടുകാരന് മേല്പട്ടസ്ഥാനം സ്വപ്നം കാണുവാനുള്ള അവകാശംപോലും ഉണ്ടായിരുന്നില്ല. പേര്‍ഷ്യയില്‍ നിന്നു വന്ന ഒരു മെത്രാന്‍ കാലം ചെയ്താല്‍ അടുത്തയാള്‍ക്കായി ഒരു പക്ഷെ ദീര്‍ഘനാള്‍ കാത്തിരിക്കണമായിരുന്നു. ആ കാലങ്ങളില്‍ സഭയുടെ മേല്‍നോട്ടത്തിന് അര്‍ക്കദിയാക്കോന്‍ എന്ന നാട്ടുസ്ഥാനി ഉണ്ടായിരുന്നു എന്ന് ആശ്വസിക്കാം. പിന്നീടു വന്ന പോര്‍ട്ടുഗീസുകാരും (16-ാംനൂറ്റാണ്ട്) ഈ സഭയെ പീഡിപ്പിക്കുകയാണ് ചെയ്തത്. അന്ത്യോഖ്യന്‍ ബന്ധം ആരംഭിച്ചതുമുതല്‍ (17-ാം നൂറ്റാണ്ട്) നാട്ടുമെത്രാന്മാര്‍ ഉണ്ടായിരുന്നു എങ്കിലും സഭയുടെ സ്വാതന്ത്ര്യം അവരും അംഗീകരിച്ചു തന്നിരുന്നില്ല. മലങ്കരസഭയിലെ മെത്രാന്മാരെ അന്ത്യോഖ്യന്‍ പിതാക്കനമാരുടെ തന്നിഷ്ടം പോലെ ആക്കുകയും നീക്കുകയും ചെയ്യുന്നതില്‍ യാതൊരു വൈമനസ്യവും അവര്‍ കാണിച്ചിരുന്നില്ല.
പൂര്‍ണ്ണസ്വാതന്ത്ര്യത്തിന്‍റെ ആവശ്യത്തെക്കുറിച്ച് എക്കാലവും ചിന്തിച്ചിരുന്ന സഭാ നേതാക്കള്‍ മെത്രാന്മാരെ വാഴിക്കുവാനും, മൂറോന്‍കൂദാശചെയ്യുവാനും എല്ലാം അധികാരമുള്ള ഒരു ഉന്നത പൗരോഹിത്യ സ്ഥാനി മലങ്കരയില്‍ ഉണ്ടാകുന്നതിനുവേണ്ട പ്രത്യക്ഷപരിശ്രമങ്ങള്‍ 19-ാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ചു. ഒരു കാതോലിക്കായോ, മപ്രിയനായോ ഈ സഭയില്‍ ഉണ്ടാകുന്നതിനു വേണ്ടി അന്ത്യോഖ്യ പാത്രിയര്‍ക്കീസന്മാരുമായി ആദ്യകാലത്ത് എഴുത്തുകുത്തുകള്‍ നടത്തിയ രണ്ടു പിതാക്കന്മാരായിരുന്നു വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാനും, കോനാട്ട് മാത്തന്‍ മല്പാനും.
ഒടുവില്‍ 1912 ല്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ തന്നെ മലങ്കരയിലെത്തി പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ചു. പില്‍ക്കാലത്ത് ആ സ്ഥാനം ഒഴിയുമ്പോള്‍ പുതിയ ആളെ വാഴിക്കാനുള്ള സ്വാതന്ത്ര്യവും മലങ്കര സഭയിലെ മേല്പട്ടക്കാര്‍ക്ക് ലഭിച്ചു.
കാതോലിക്കേറ്റിന്‍റെ ഉത്ഭവവും വളര്‍ച്ചയും
എ. ഡി. 4-ാം നൂറ്റാണ്ടോടെ റോമാസാമ്രാജ്യത്തിലെ പ്രധന നഗരങ്ങളിലെ മെത്രാന്മാര്‍ അധികാരത്തില്‍ വളര്‍ന്ന് പാത്രിയര്‍ക്കീസന്മാര്‍ എന്ന നാമം എടുക്കുവാന്‍ തുടങ്ങി. ക്രമേണ തങ്ങള്‍ക്കു ചുറ്റുമുള്ള വലിയൊരു പ്രദേശത്തെ മെത്രാന്മാരുടെമേല്‍ ഇവര്‍ ആധിപത്യം പുലര്‍ത്തുവാന്‍ തുടങ്ങി. ഏതാണ്ട് ഇതേകാലത്തുതന്നെ റോമാസാമ്രാജ്യത്തിനു പുറത്ത് പ്രധാന നഗരങ്ങളിലെ മെത്രന്മാര്‍ ക്രമേണ ആര്‍ജിച്ച നാമമാണ് കാതോലിക്കാ.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന സെലൂക്യ-ടെസിഫോണിലെ മെത്രാനാണ് ആദ്യം കാതോലിക്ക എന്ന പേരെടുത്തത്. ഈ പേര് എന്ന് ഉപയോഗത്തില്‍ വന്നു എന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും, 4-ാം നൂറ്റാണ്ടില്‍ തന്നെ സെലൂക്യയിലെ മെത്രാന് ڇകിഴക്കിന്‍റെ കാതോലിക്കാڈ എന്ന പര് ഉറച്ചു കഴിഞ്ഞിരുന്നിരിക്കണം. 410, 420, 424 എന്നീ വര്‍ഷങ്ങളില്‍ സമ്മേളിച്ച പേര്‍ഷ്യന്‍ സുന്നഹദോസുകള്‍ കാതോലിക്കായുടെ അധികാരാവകാശങ്ങള്‍ നിജപ്പെടുത്തി.
വിപുലമായ അധികാരാവകാശങ്ങളാണ് കാതോലിക്കായ്ക്ക് നല്‍കപ്പെട്ടത്. അദ്ദേഹത്തിനു കീഴിലുള്ള മറ്റു മെത്രാന്മാരുടെ മേല്‍ കുറ്റാരോപണമുണ്ടായാല്‍ അതു തീര്‍ക്കുവാന്‍ കാതോലിക്കായ്ക്ക് അധികാരമുണ്ട്. എന്നാല്‍ കാതോലിക്കായുടെമേല്‍ കുറ്റാരോപണമുണ്ടായാല്‍ അത് ക്രിസ്തുവിന്‍റെ കോടതിയില്‍ മാത്രം വിസ്തരിക്കപ്പെടണം എന്നതാണ് സുന്നഹദോസ് നിശ്ചയം. ചില കാലഘട്ടങ്ങളില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസന്മാര്‍ കിഴക്കിന്‍റെ കാതോലിക്കായുടെ മേല്‍ ചില അവകാശവാദങ്ങല്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്ത്യോഖ്യ പോലുള്ള റോമന്‍ സാമ്രാജ്യത്തിലെ സഭാനേതാക്കള്‍ തങ്ങളുടെ സഭാകാര്യങ്ങളില്‍ ഇടപെട്ടുകൂടാ എന്നായിരുന്നു സുന്നഹദോസ് തീരുമാനം. പിന്നീട് 5-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പേര്‍ഷ്യന്‍ സഭ നെസ്തോറിയ വിശ്വാസം സ്വീകരിച്ചതോടെ ഈ സ്ഥാനപ്പേര് അവര്‍ ഉപേക്ഷിച്ചു.
മലങ്കരയിലെ കാതോലിക്കേറ്റ്
മലങ്കര സഭയുടെ ഭാവനയ്ക്ക് അനുയോജ്യമായ ഏതെങ്കിലും ഒരു നവീന സ്ഥാനമല്ല സഭയടെ തലവന് നല്‍കപ്പെട്ടത്. ഒരു കാലത്ത് മലങ്കര സഭയെ നയിക്കുകയും, നിയന്ത്രിക്കുകയും ചെയ്തിരുന്ന പേര്‍ഷ്യന്‍ സഭയില്‍ നിലനിന്നിരുന്ന ڇകിഴക്കിന്‍റെ കാതോലിക്കڈ എന്ന സ്ഥാനത്തിനാണ് മലങ്കര സഭ പുനര്‍ ജീവന്‍ നല്കിയത്. പേര്‍ഷ്യന്‍ സഭയുടെ തലസ്ഥാനമായിരുന്ന സെലുക്യ-ടെസിഫോണിലെ മെത്രാപ്പോലീത്തായ്ക്ക് 4-ാം നൂറ്റാണ്ടോടെ ലഭിച്ച് ക്രമേണ ഉറപ്പായ സ്ഥാന നാമമാണിത്. 5-ാം നൂറ്റാണ്ടിന്‍റെ അവസാനം പേര്‍ഷ്യന്‍ സഭ നെസ്തോറിയ വിശ്വാസം സ്വീകരിക്കുകയും സഭയുടെ തലവന്‍ കാതോലിക്ക എന്ന പേര്‍ ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍, അതേ പേര്‍ഷ്യന്‍ സഭയുടെ ഭാഗമായി നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്ന മലങ്കര സഭയുടെ തലവന്‍ പുരാതനമായ ആ സ്ഥാനനാമം സ്വീകരിക്കുന്നത് ഉചിതം തന്നെയല്ലെ?
കാതോലിക്കേറ്റ് സ്ഥാപനം സഭയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള വളര്‍ച്ചയുടെ ആദ്യത്തെ സുപ്രധാന നാഴികക്കല്ലായിരുന്നു എങ്കില്‍ 1934-ലെ ഭരണഘടന ആ വളര്‍ച്ചയുടെ പൂര്‍ത്തീകരണമായിരുന്നു. ഇവ രണ്ടും കൂടെ ചേരുന്ന അടിസ്ഥാനത്തിന്മേലാണ് സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും നിലനില്ക്കുന്നത്.
‘കിഴക്കിന്‍റെ കാതോലിക്ക’ എന്ന നാമം മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ പുരാതനത്വം വിളിച്ചറിയിക്കുന്നു. വിപുലമായ അധികാര അവകാശങ്ങളാണ് പേര്‍ഷ്യയില്‍ ഉത്ഭവിച്ച കിഴക്കിന്‍റെ കാതോലിക്കയ്ക്ക് ഉള്ളത്. അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാനും, ആരാധന ക്രമീകരിക്കുവാനും, സഭയെ ആത്മീകമായും ലൗകികമായും കെട്ടിപ്പടുക്കുവാനും, നയിക്കുവാനുമുള്ള അധികാരവും അവകാശവും കാതോലിക്കായ്ക്കുണ്ട് എന്ന് 424-ലെ മര്‍ക്കബ്ത്ത സുന്നഹദോസ് തീരുമാനിച്ചു. ഈ കാതോലിക്കേറ്റിന്‍റെ പിന്‍തുടര്‍ച്ചയാണ് മലങ്കര സഭയ്ക്കു ലഭിച്ചിരിക്കുന്നത്.
എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉണ്ടായ ഏതോ ചില കാനോനുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല സഭ നില നില്ക്കുന്നത്. പുതിയ സ്ഥലത്തും, സാഹചര്യത്തിലും സ്ഥാപിതമായ കാതോലിക്കേറ്റിന് ഇന്നത്തെ സമൂഹത്തില്‍ സാക്ഷ്യം വഹിച്ചു മുന്നേറുന്നതിന് ആവശ്യമായ എല്ലാ നിയമസംഹിതകളും ഉള്‍ക്കൊള്ളുന്ന ഭരണഘടന പിതാക്കന്മാര്‍ രൂപികരിച്ചു. അങ്ങിനെ പുരാതനത്വത്തിന്‍റെ പിന്‍തുടര്‍ച്ചയും, പുതിയ സാഹചര്യത്തിലെ പുതുമയും ഒരേ സമയം ഉള്‍ക്കൊള്ളുന്നതാണ് മലങ്കരയിലെ കാതോലിക്കേറ്റ്.