മനസ്സിന്‍റെ ശക്തി / ജോസഫ് മാര്‍ പക്കോമിയോസ്

മുറിമറ്റത്തില്‍ തിരുമേനി എളി ഒരു മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹത്തെപ്പോലെ ശക്തന്മാര്‍ വളരെ വിരളമായേ അവതരിച്ചിട്ടുള്ളു. അദ്ദേഹത്തിനു ദൈവികശക്തിയുടെ നല്‍വരം ഉണ്ടായിരുന്നു. അദ്ദേഹം മനസ്സിന്‍റെ ഏകാഗ്രതയില്‍ പറയുന്ന വാക്കുകള്‍ക്കു വലിയ ശക്തിയുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. നല്ലതു വിചാരിച്ചാലും നൊമ്പരപ്പെട്ടു വിചാരിച്ചാലും അതിന്‍റെ ഫലം ഉടന്‍തന്നെ ഉണ്ടാകുമായിരുന്നു.
ഒരിക്കല്‍ പിറവം വലിയപള്ളിയില്‍ താമസിക്കുന്ന സമയത്തു രണ്ടു വ്യക്തികള്‍ മദ്യപാനം നടത്തിയിട്ട് പള്ളിപ്പരിസരത്തു വന്നിരുന്ന് എന്തൊക്കെയോ അനാവശ്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന പള്ളി ശുശ്രൂഷക്കാര്‍ അവരെ വിലക്കിയിട്ടും വഴങ്ങിയില്ല. തിരുമേനി അവിടെ കിടന്നു വിശ്രമിക്കുന്നുണ്ടെന്നും ശബ്ദം ഉണ്ടാക്കി ശല്യപ്പെടുത്തരുതെന്നും മറ്റും ഉപദേശിച്ചു നോക്കി. അവര്‍ ഒന്നും ശ്രവിച്ചില്ല. അവരുടെ ശബ്ദകോലാഹലങ്ങള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ ഉറങ്ങിക്കിടന്നിരുന്ന തിരുമേനി ഉണര്‍ന്ന് വിവരം അന്വേഷിച്ചു. അവിടെയുണ്ടായിരുന്നവര്‍ നടന്ന സംഭവം വളരെ മയപ്പെടുത്തി തിരുമേനിയെ അറിയിച്ചു.

ഉടനെ തിരുമേനി പറഞ്ഞത്: ‘ശുംഭന്മാര്‍ വെളിവില്ലാതെ പള്ളിപ്പരിസരത്തു വന്ന് ആദരവില്ലാത്ത ശബ്ദകോലാഹലങ്ങളുണ്ടാക്കി പോയാല്‍ തുടര്‍ന്ന് അവര്‍ വല്ല കുണ്ടിലും കിണറ്റിലും വീഴുമല്ലോ’ എന്നു മാത്രം. അവര്‍ പോകുന്ന വഴി നട്ടുച്ചനേരത്ത് അവരിലൊരാള്‍ ഒരു കിണറ്റില്‍ വീണു.

ഒരിക്കല്‍ പിറവത്തു പള്ളിയില്‍ താമസിക്കുന്ന കാലത്ത് ഉച്ചകഴിഞ്ഞു തിരുമേനി വിശ്രമിക്കുന്ന സമയത്ത് ഒരാള്‍ ഓടിക്കിതച്ച് ‘തിരുമേനി രക്ഷിക്കണം’ എന്നു പറഞ്ഞു തിരുമേനിയുടെ മുമ്പില്‍ വന്ന് അഭയം പ്രാപിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ ഒരു എക്സൈസുകാരന്‍ അയാളെ പിടിക്കാന്‍ ഓടിച്ചുകൊണ്ടു വരികയായിരുന്നെന്നു മനസ്സിലായി. അയാള്‍ ഒരു കള്ളപ്പുകയിലകച്ചവടക്കാരന്‍ ആയിരുന്നു. കള്ളപ്പുകയിലക്കച്ചവടക്കാരനെ പിടിച്ചു കൊടുത്താല്‍ അക്കാലത്ത് എക്സൈസുകാരനു പ്രമോഷനും ശമ്പളക്കൂടുതലും കിട്ടും. കൊച്ചി സംസ്ഥാനത്തു നിന്നും പുകയില അതിര്‍ത്തി കടത്തി തിരുവിതാംകൂറില്‍ കൊണ്ടുവന്നു വിറ്റാല്‍ അല്പം ലാഭം കിട്ടുമെന്നുള്ളതിനാല്‍ ആ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പലരും അക്കാലത്ത് ഉണ്ടായിരുന്നു. അപ്രകാരമുള്ള ഒരു കച്ചവടക്കാരനെയാണ് ഓടിച്ചു കൊണ്ടുവന്നത്. അധികം താമസിയാതെ എക്സൈസുകാരനും സ്ഥലത്ത് എത്തി. വന്നയുടനെ തിരുമേനിയുടെ അടുത്ത് അഭയം പ്രാപിച്ചിരിക്കുന്ന ആളെ കയറിപ്പിടിക്കാന്‍ തുടങ്ങി. തിരുമേനി അയാളെ വിലക്കിക്കൊണ്ട് ‘അയാളെ വിടുക, കാര്യമെന്തെന്നു പറയുക’ എന്നു പറഞ്ഞു. ഫലിച്ചില്ല. ആ എക്സൈസ്കാരനോടു തന്‍റെ നില വിട്ട് ഒരിക്കല്‍കൂടി ആവശ്യപ്പെട്ടു. പക്ഷേ, അയാള്‍ കേള്‍ക്കാന്‍ സന്നദ്ധനായില്ല എന്നു മാത്രമല്ല തിരുമേനിയോടു ധിക്കാരമായി സംസാരിക്കുകയും ചെയ്തു.

‘ഞാന്‍ കള്ളപ്പുള്ളിയെയാണു പിടിക്കുന്നത്. നിങ്ങള്‍ക്ക് ഇതില്‍ യാതൊരു കാര്യവുമില്ല’ എന്ന് ഒരു മര്യാദയുമില്ലാത്ത രീതിയിലും ഭാഷയിലും സംസാരിച്ചു.
അയാള്‍ക്കു പുള്ളിയെ പിടിച്ചുകൊടുത്താല്‍ കിട്ടാവുന്ന ലാഭങ്ങളിലായിരുന്നു ശ്രദ്ധ മുഴുവനും.

ഏതായാലും ഈ കാര്യത്തില്‍ ദുഃഖിതനായ തിരുമേനി ആ എക്സൈസ്കാരനോടായി: ‘ഹാ! കൊള്ളരുതാത്തവനെ! നീ പോയി കുഴിയില്‍ വീണു കുഷ്ഠം പിടിക്കട്ടെ’ എന്നു പറഞ്ഞു. അയാള്‍ പുള്ളിയെ പിടിച്ചു കൊടുത്തതിലുള്ള സന്തോഷാധിക്യത്താല്‍ അന്നു പോയി മദ്യപിച്ചു. കുടിച്ചു ലക്കില്ലാതെ നടന്നു പോകവേ ഒരു ചെളിക്കുണ്ടില്‍ വീണു. നേരം വെളുക്കുന്നതുവരെ അവിടെ കിടന്നു. നേരം വെളുത്ത് എഴുന്നേറ്റു നോക്കുമ്പോള്‍ ശരീരം മുഴുവനും കുഷ്ഠം ബാധിച്ചിരിക്കുന്നതായിട്ടാണ് കണ്ടത്.

പിറവത്തു താമസിക്കുമ്പോള്‍ തിരുമേനി കുഞ്ഞമ്മാട്ടില്‍ കാരണവരോടു വാങ്ങിയ സ്ഥലം സന്ദര്‍ശിക്കുക പതിവായിരുന്നു. അവിടെ പോയി വരുന്ന സന്ദര്‍ഭത്തില്‍ പിറവം കരവട്ടെ ചന്തയില്‍കൂടി നടന്നുപോകവേ ഒരു സ്ത്രീ അവിടെ ഇരുന്ന് അസഭ്യവാക്കുള്‍ വിളിച്ചു പറയുന്നതു കേട്ടു. തിരുമേനിയെ കണ്ടിട്ടും ആ സ്ത്രീ നാവ് അടക്കിയില്ല. പലരും ഉപദേശിച്ചിട്ടു വകവച്ചില്ല. ഇതു കേട്ടു സഹികെട്ട തിരുമേനി ഇവള്‍ പുഴുത്തേ ചാവുകയുള്ളു എന്നു പറയുകയുണ്ടായി. കാലങ്ങള്‍ കഴിഞ്ഞു. ആ സ്ത്രീയുടെ അന്ത്യം അപ്രകാരമായിരുന്നു.

തിരുമേനിയുമായി ബന്ധമുള്ള കടമറ്റത്തെ ഒരു ശെമ്മാശനെ ഏതോ കാര്യത്തിനു ശാസിച്ചപ്പോള്‍ ശെമ്മാശന്‍ യോഗ്യമല്ലാത്ത രീതിയില്‍ മറുപടി പറഞ്ഞു. തിരുമേനിക്ക് അതു വളരെ വേദനാജനകമായി തോന്നി. ‘നിനക്കു വീടെത്താനൊക്കുകയില്ല’ എന്നു പറഞ്ഞു. ശെമ്മാശന്‍ അന്നു വീട്ടിലേക്കു പോകുമ്പോള്‍ ഒരു പാമ്പ് ശെമ്മാശനെ ഓടിച്ചിട്ടു കടിച്ചു. ശെമ്മാശനു ജീവനോടെ വീട്ടില്‍ ചെന്നുപറ്റാന്‍ സാധിച്ചില്ല.

ഒരിക്കല്‍ കണ്ടനാട് ഭദ്രാസനത്തിലെ ഒരു ഇടവകപ്പള്ളിയില്‍ പോയി. അവിടെ കുറെ നാള്‍ താമസിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് പോയത്. അവിടെ ചെന്നപ്പോള്‍ ആ ഇടവകക്കാരുടെ ഇടയില്‍ ദുര്‍ന്നടപ്പ് ഒരു സാംക്രമികരോഗം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നും മറ്റും അറിയുവാന്‍ ഇടയായി. അതിനു തക്ക തെളിവുകളും തിരുമേനിക്കു ലഭിച്ചിരുന്നു. തിരുമേനി അവരെ പലകുറി ഉപദേശിക്കുകയും ആളാംപ്രതി വിളിച്ചുവരുത്തി ഗുണദോഷിക്കുകയും ചെയ്തുനോക്കി. എങ്കിലും വലിയ ഫലം ഉണ്ടായില്ല. ഇതില്‍ ദുഃഖിതനായ തിരുമേനി അത്യന്തം വേദനയോടെ പറഞ്ഞു: ‘ദുര്‍ന്നടപ്പുകാര്‍ക്കെല്ലാം തിരിച്ചടി ഉണ്ടാകും.’ എന്നിട്ട് ആ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആ ഇടവകയില്‍ പലര്‍ക്കും മസൂരിരോഗം പടര്‍ന്നു പിടിച്ചു. അനേകര്‍ മരിച്ചു. ഇടവകക്കാരും നാട്ടുകാരും ഭയവിഹ്വലരായി തിരുമേനിയെ അഭയം പ്രാപിച്ചു സങ്കടം പറഞ്ഞു. തിരുമേനി ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്നപേക്ഷിച്ചു. അവരുടെ സങ്കടം കേട്ട തിരുമേനി കുറെ നേരം മൗനമായിരുന്നിട്ടു കുറെ കുന്തിരിക്കം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആ കുന്തിരിക്കം വാഴ്ത്തി അവരുടെ കൈയില്‍ കൊടുത്തിട്ട് ഇതിന്‍റെ കൂടെ കുറെക്കൂടി വാങ്ങി നിങ്ങളുടെ വീടുകളില്‍ പുകച്ചുകൊള്ളുക എന്നു പറഞ്ഞയച്ചു. അവര്‍ അതുപോലെ പ്രവര്‍ത്തിക്കുകയും അധികം താമസംകൂടാതെ മസൂരിരോഗം വിട്ടുമാറുകയും ചെയ്തു.

തിരുമേനി ശെമ്മാശനായിരിക്കുമ്പോള്‍ ഇതുപോലെ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു. കോലഞ്ചേരിപ്പള്ളിക്കടുത്ത് ഒരു വസ്തുതര്‍ക്കം തീര്‍ക്കാന്‍ ശെമ്മാശനെ ക്ഷണിച്ചുകൊണ്ടുപോയി. തര്‍ക്കസംഗതി ഇരുഭാഗവും കേട്ടിട്ട് ഇരുഭാഗക്കാര്‍ക്കും യോജിക്കുന്ന ഒരു തീരുമാനവും പറഞ്ഞു. എന്നാല്‍, ഒരു ഭാഗക്കാരന് ആ വിധിയില്‍ തൃപ്തിയായില്ല. ഇതിനാണോ ശെമ്മാശന്‍ വന്നത് എന്നു പറഞ്ഞുകൊണ്ട് അയാള്‍ നിന്നിരുന്ന കണ്ടത്തില്‍ നിന്നു കുറെ ചേറും ചെളിയും കലക്കവെള്ളവും ശെമ്മാശന്‍റെ കുപ്പായത്തില്‍ തട്ടിതെറിപ്പിച്ചു.

‘ഞാന്‍ ആര്‍ക്കുമാര്‍ക്കും ഒരു വിരോധവും പറഞ്ഞില്ലല്ലൊ. എനിക്കു ന്യായവും സത്യവുമെന്നു തോന്നിയതു മാത്രമെ ഞാന്‍ പറഞ്ഞുള്ളു. അതിന് നീ ഇതാണോ സമ്മാനിക്കുന്നത്. ദൈവം നിന്നോടു ചോദിക്കട്ടെ’ എന്നു മാത്രം പറഞ്ഞുകൊണ്ട് ശെമ്മാശന്‍ സ്ഥലംവിട്ടു.

കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വെള്ളം തട്ടിത്തൂവിയ ആളിന്‍റെ കാലിന് ഒരു മരവിപ്പു തോന്നി. അതു ക്രമേണ വര്‍ദ്ധിച്ചു. അനേക ചികിത്സകള്‍ ചെയ്തുനോക്കിയിട്ടും യാതൊരു ഗുണവും സിദ്ധിച്ചില്ല. അതു ക്രമേണ കുഷ്ഠരോഗമായി മാറുകയും ചെയ്തു.
ചെളിവെള്ളം വീണ് അഴുക്കായ കുപ്പായം ശെമ്മാശന്‍ ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നു. ചിലപ്പോള്‍ അതു പെട്ടിയില്‍ നിന്നും എടുത്ത് വെയിലത്തിട്ട് ഉണക്കിവയ്ക്കുക പതിവായിരുന്നു. മെത്രാനായശേഷവും ഈ കുപ്പായമെടുത്ത് വെയിലത്തിട്ട് ഉണക്കിവയ്ക്കുക പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കരിങ്ങാശ്ര പള്ളിയിലെ കറുത്തേട അച്ചന്‍ തിരുമേനിയെ കാണാന്‍ യാദൃച്ഛികമായി വന്നു. അച്ചന്‍ തിരുമേനിയുമായി ഓരോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുപ്പായം കാണാനിടയായി. ചെളി അലക്കിക്കളയാതെ കുപ്പായം ഭദ്രമായി സൂക്ഷിക്കുന്നതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ അതിന്‍റെ ചരിത്രം പറഞ്ഞു കേള്‍പ്പിച്ചു.
അച്ചന്‍ മടങ്ങിപ്പോകുന്നതിനു മുമ്പ് തിരുമേനിയോടായി പറഞ്ഞു: ‘പാവങ്ങള്‍ വല്ലതുമൊക്കെ പറയും. അതിന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പിന്നെ അടിയങ്ങള്‍ എന്തു ചെയ്യും. തിരുമേനി ഈ കുപ്പായം അലക്കി സൂക്ഷിക്കുന്നതാണ് നല്ലത്.’

തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞു: ‘ഓ! കത്തനാരച്ചന്‍റെ അഭിപ്രായം അങ്ങനെയാണെങ്കില്‍ അങ്ങനെയാകട്ടെ.’

വേലക്കാരനെ വിളിച്ച് കുപ്പായം അലക്കുകാരനെ ഏല്പിക്കാന്‍ ഏര്‍പ്പാടു ചെയ്തു. ഈ കുപ്പായം ഇത്ര ഭദ്രമായി സൂക്ഷിച്ചതിന്‍റെ ചേതോവികാരം എന്തെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. എന്തുതന്നെയാണെങ്കിലും തന്നെ സ്നേഹിക്കുന്നവര്‍ പറഞ്ഞു കൊടുക്കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കുവാനുള്ള സന്മനോഭാവം തിരുമേനി എക്കാലത്തും കാണിച്ചിരുന്നു.
മുറിമറ്റത്തില്‍ തിരുമേനി കത്തനാരായിരിക്കുമ്പോള്‍ നടന്ന ഒരു സംഭവം പറയാം. അക്കാലത്ത് യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയും ദ്വിഭാഷിയുമായി കഴിഞ്ഞു കൂടുകയായിരുന്നു. മുളന്തുരുത്തിപ്പള്ളിയില്‍ അവര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഒരു ദിവസം പള്ളിമുറ്റത്തു കാറ്റുകൊള്ളാന്‍ ഇരുന്നു. മുറിമറ്റത്തിലച്ചന്‍ കട്ടിലിനരികില്‍ മെത്രാപ്പോലീത്തായുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് കിഴക്കുവശത്തായിരുന്നു വിശാലമായ പള്ളിഅങ്കണം. ആ സമയത്തു പള്ളിമുറ്റത്തു സമീപവാസികളുടെ കുട്ടികള്‍ പന്തു കളിച്ചുകൊണ്ടിരുന്നു. ഒരവസരത്തില്‍ പന്ത് മെത്രാപ്പോലീത്താ ഇരുന്നിരുന്ന കട്ടിലിന്‍റെ കീഴില്‍ ഉരുണ്ടു ചെന്നു വീണു. കുട്ടികളെല്ലാവരും പന്തിന്‍റെ പിറകേ ഓടിച്ചെന്നു. പക്ഷേ, പന്തു കട്ടിലിന്‍റെ കീഴില്‍ അകപ്പെട്ടപ്പോള്‍ എല്ലാവരും ശങ്കിച്ചു പിന്നോട്ടു മാറി നിന്നു. എന്നാല്‍, ഒരു കുട്ടി യാതൊരു കൂസലും കൂടാതെ കട്ടിലിന്‍റെ കീഴിലേക്കു കടന്നു പന്തെടുത്തതും മുറിമറ്റത്തിലച്ചന്‍ ആ കുട്ടിയെ കടന്നുപിടിച്ചതും ഒരുമിച്ചു കഴിഞ്ഞു.

ഈ സംഭവം മെത്രാപ്പോലീത്തായെ സന്തോഷിപ്പിച്ചു. അവന്‍റെ കുടുംബത്തെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. കുട്ടിയുടെ അമ്മയെ വിളിച്ചുകൊണ്ടു വരുവാന്‍ ആളയച്ചു. കുട്ടിയില്‍ നിന്നു വിവരം അറിഞ്ഞ മാതാവ് മെത്രാപ്പോലീത്തായുടെ സമീപമെത്തി. കത്തനാര്‍ അവളുടെ ഭര്‍ത്താവിന്‍റെ പേരും കുടുംബത്തിന്‍റെ സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു. അതിനുശേഷം മുറിമറ്റത്തിലച്ചന്‍ ആ സ്ത്രീയോട് ഈ കുട്ടിയുടെ പിതാവാരാണെന്നു സത്യം പറയണമെന്ന് ആവശ്യപ്പെട്ടു. ആ സ്ത്രീ ഭയവിഹ്വലയായി.

ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോള്‍ ‘എന്തിനാണ് ആ കുട്ടിയെ കടന്നുപിടിച്ചതെന്ന്’ മെത്രാപ്പോലീത്താ, പൗലോസ് കത്തനാരോടു ചോദിച്ചു. മറ്റു കുട്ടികളൊക്കെ ഉണ്ടായിരുന്നിട്ടും ഒരു കുട്ടിയൊഴിച്ചു മറ്റെല്ലാവരും ശങ്കിച്ചു മാറിനില്‍ക്കുകയായിരുന്നുവെന്ന് കത്തനാര്‍ പറഞ്ഞു. അതിനു കാരണവും മനസ്സിലാക്കി. പന്തെടുത്ത കുട്ടി മാമ്മോദീസാ ഏല്‍ക്കാത്ത ഒരാളില്‍ പിറന്നവനായിരുന്നു. അതിന്‍റെ യാഥാര്‍ത്ഥ്യം അറിയാന്‍വേണ്ടി മാത്രമായിരുന്നു ആ കുട്ടിയെ കടന്നുപിടിച്ചതെന്ന് മുറിമറ്റത്തിലച്ചന്‍ പറഞ്ഞു. ഇതു കേട്ട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും പറഞ്ഞു: ‘നീ വിചാരിച്ചതുപോലെതന്നെ ഞാനും വിചാരിച്ചു.’

(കണ്ടനാട് ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്താ ആയിരുന്ന ജോസഫ് മാര്‍ പക്കോമിയോസ് എഴുതി 1991 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച “മുറിമറ്റത്തില്‍ ബാവാ: മലങ്കരയിലെ ഒന്നാമത്തെ കാതോലിക്കാ” എന്ന ശ്രദ്ധേയമായ ജീവചരിത്രത്തില്‍ നിന്നും.)