ജോസഫ് മാര്‍ത്തോമ്മായ്ക്ക് സ്നേഹപൂര്‍വം / ഡോ. എം. കുര്യന്‍ തോമസ്


മലങ്കര മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കോലഞ്ചേരിയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം. 2013 ഒക്ടോബര്‍ 19-ന് മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരാഴ്ചയ്ക്കു ശേഷം ഇതെഴുതുന്ന സമയംവരെയും നിഷേധിക്കാത്തതില്‍ നിന്നും ജോസഫ് മാര്‍ത്തോമ്മാ അതില്‍ ഉറച്ചു നില്‍ക്കുന്നു എന്നു തന്നെ കരുതാം. അവയില്‍ ഇവിടെ പരാമര്‍ശന വിധേയമാകുന്നവയെ താഴെ പറയുംവിധം സംഗ്രഹിക്കാം.

1. ഇന്ത്യയിലെ സുറിയാനി സഭകള്‍ എല്ലാം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേലധികാരം അംഗീകരിക്കണം.

2. യാക്കോബായ സഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ത്തോമ്മാ സഭ മൂന്നു ബിഷപ്പുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

3. മാര്‍ത്തോമ്മാ സഭ യാക്കോബായ സഭയില്‍ നിന്നും പിരിഞ്ഞപ്പോള്‍ ഇരുവിഭാഗവും തവണവെച്ച പള്ളികളിലെ യാക്കോബായ തവണ ഇന്ന് ഓര്‍ത്തഡോക്സ് സഭയാണ് ഉപയോഗിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ മാന്യമായി എല്ലാവര്‍ക്കും സ്വന്ത അഭിപ്രായം പറയാന്‍ അവകാശമുണ്ട്. പക്ഷേ അവ അവാസ്തവങ്ങളും അസത്യങ്ങളും മറ്റൊരു സമൂഹത്തെ മുറിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടിയതുമാണെങ്കില്‍ അതിനോടു പ്രതികരിക്കാനുള്ള അവകാശവും ഈ രാജ്യത്തുണ്ട്.

മിതമായ ഭാഷയില്‍ ജോസഫ് മാര്‍ത്തോമ്മായുടെ പ്രസ്താവനയുടെ മുകളില്‍ പറഞ്ഞ ഭാഗങ്ങള്‍ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്ന് ഉടലെടുത്തവയാണെന്നു പറയേണ്ടി വരും. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ ബോധപൂര്‍വം തമസ്ക്കരിക്കുകയാണ്. ഇവയില്‍ ഏതായാലും ഈ പ്രസ്താവന അദ്ദേഹം അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര മാര്‍ത്തോമ്മാ സഭയുടെ അടിവേരിളക്കുന്നവയാണെന്നതു നിസംശയമാണ്.

ആദ്യമായി ഈ പ്രസ്താവനയിലെ ചരിത്രപരമായ പൊരുത്തക്കേടുകള്‍ പരിശോധിക്കാം. ഇന്ത്യയില്‍ സുറിയാനി പാരമ്പര്യമുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ അനേകമുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭ (ഇരു വിഭാഗങ്ങളും) കൂടാതെ, ബാഗ്ദാദിലെ നെസ്തോറിയന്‍ കാതോലിക്കായുടെ കീഴിലുള്ള പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, റോമന്‍ കത്തോലിക്കാ സഭയില്‍പ്പെട്ട സീറോ-മലബാര്‍, സീറോ-മലങ്കര വിഭാഗങ്ങള്‍, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ഇവയും ഇന്ത്യയിലെ സുറിയാനി സഭ എന്നാണ് അവകാശപ്പെടുന്നത്. മലങ്കര മാര്‍ത്തോമ്മാ സഭയും അപ്രകാരം അവകാശപ്പെടുന്നുണ്ട്. ഇവയെല്ലാം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ അധികാരം അംഗീകരിക്കണമെന്നാണോ ജോസഫ് മാര്‍ത്തോമ്മാ ആവശ്യപ്പെടുന്നത്? അങ്ങിനെയെങ്കില്‍ അതിനു മറുപടി പറയേണ്ടത് അതത് സഭകളാണ്.

1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിപ്രകാരമാണ് പാലക്കുന്നത്തു തോമസ് അത്താനാസ്യോസിനും കൂട്ടര്‍ക്കും മലങ്കരസഭ വിട്ടു പോകേണ്ടി വന്നത്. ഈ പ്രക്രിയയില്‍ ഏതാനും പള്ളികള്‍ പൂര്‍ണ്ണമായും ചിലതു ഭാഗികമായും അവരുടെ കൈവശമായി. അന്ന് പാലക്കുന്നത്തു തോമസ് അത്താനാസ്യോസ് അദ്ധ്യക്ഷനായി സ്ഥാപിച്ച പുതിയ സഭയുടെ പേര് നവീകരണ സുറിയാനി സഭ എന്നായിരുന്നു. പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസും തുടര്‍ന്ന് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും മലങ്കര മെത്രാപ്പോലീത്താമാര്‍ എന്ന നിലയില്‍ അദ്ധ്യക്ഷന്മാരായിരുന്ന മുഖ്യധാരാ ഔദ്യോഗിക വിഭാഗം യാക്കോബായ സഭ എന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ അറിയപ്പെട്ടിരുന്നു.
യാക്കോബായ സഭ എന്ന് അന്ന് അറിയപ്പെട്ടിരുന്ന മലങ്കരസഭ 1934-ലെ സഭാ ഭരണഘടനയിലൂടെ അതിന്‍റെ ഔദ്യോഗിക നാമം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നാണെന്ന് പ്രഖ്യാപിച്ചു. 1958-ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ഈ ഭരണഘടന അംഗീകരിച്ചതോടെ 1889-ലെ യാക്കോബായ സഭയുടെ പിന്തുടര്‍ച്ച എന്നത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു മാത്രമാണെന്ന് വ്യക്തമായി.

നവീകരണ സുറിയാനി സഭയും ഇതിനിടയില്‍ തങ്ങളുടെ സഭയുടെ ഔദ്യോഗിക നാമം മാറ്റി. റ്റി. രാഘവയ്യ തിരുവിതാംകൂര്‍ ദിവാനായിരിക്കെ (1920-1925) നവീകരണ സുറിയാനി സഭയിലെ അംഗവും നോമിനേറ്റഡ് നിയമസഭാ സാമാജികനും ആയിരുന്ന സി. പി. തോമസ് (1925-28) നിയമസഭയില്‍ അഭ്യര്‍ത്ഥിച്ചാണ് നവീകരണ സുറിയാനി സഭയ്ക്ക് മലങ്കര മാര്‍ത്തോമ്മാ സഭ എന്ന പേര് അംഗീകരിപ്പിച്ചത്. ഇപ്രകാരം പേരു മാറി എന്നതുകൊണ്ട് നവീകരണ സുറിയാനി സഭയുമായി പങ്കുവെച്ചിരുന്ന പള്ളികളില്‍ അവരുടെ പ്രവേശനസ്വാതന്ത്ര്യം മലങ്കരസഭ നിഷേധിച്ചില്ല.

ചുരുക്കത്തില്‍ 1889-ല്‍ സ്ഥാപിതമായ നവീകരണ സുറിയാനി സഭയും അന്ന് യാക്കോബായ സഭ എന്നറിയപ്പെട്ടിരുന്ന ഔദ്യോഗിക മലങ്കരസഭയും തമ്മില്‍ ഏതെങ്കിലും പള്ളിയുടെ കാര്യത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഇന്നും അതേ കക്ഷികള്‍ തന്നെയാണ് നടത്തിവരുന്നത്. 1889-ന് ശേഷം നവീകരണ സുറിയാനി സഭയ്ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കൈവശം ലഭിച്ച അപൂര്‍വം പൂര്‍വിക നസ്രാണിപ്പള്ളികള്‍ എങ്ങനെ അവര്‍ ഒപ്പിച്ചെടുത്തു എന്ന് ഇവിടെ വിവരിക്കുന്നില്ല. ഒന്നു മാത്രം പറയാം, പേരു മാറ്റാന്‍ 1889-ല്‍ സ്ഥാപിച്ച നവീകരണ സുറിയാനി സഭയ്ക്ക് മാത്രമല്ല മലങ്കരസഭയ്ക്കും അധികാരമുണ്ട്. അതുകൊണ്ട് ആരുടേയും അവകാശം ഹനിക്കപ്പെടുന്നില്ല.

കുറച്ചുകൂടി വ്യക്തമാക്കട്ടെ, ജോസഫ് മാര്‍ത്തോമ്മാ 2010 ജൂലൈ 1-ന് 86-ാം നമ്പറായി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നപ്രകാരം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ 1912-ല്‍ സ്ഥാപിതമായ ഒരു സഭയാണെന്നു വീണ്ടും പ്രഖ്യാപിക്കാനുള്ള ഒരു ദയനീയ ശ്രമം ആയി മാത്രമേ ഇപ്പോഴത്തെ പ്രസ്താവനയിലെ ഈ ഭാഗത്തെ കണക്കാക്കാന്‍ സാധിക്കൂ. 1889-ല്‍ പാലക്കുന്നത്തു തോമസ് അത്താനാസ്യോസും കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ മുതല്‍പേരും ചേര്‍ന്ന് നവീകരണ സുറിയാനി സഭ എന്നപേരില്‍ സ്ഥാപിച്ച പ്രസ്ഥാനം മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ യഥാര്‍ത്ഥ മലങ്കരസഭയാണെന്നു സ്ഥാപിക്കാനുള്ള വിഫലമായ ശ്രമത്തിന്‍റെ പുനര്‍പ്രഖ്യാപനം മാത്രമായേ ഇതിനെ കാണാനാവൂ.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരസഭയുടെമേല്‍ ഏതെങ്കിലും വിധത്തില്‍ അധികാരമുണ്ടെന്നു സ്ഥാപിക്കപ്പെട്ടതിനു കാരണക്കാരന്‍ പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസാണ്. 1842-ല്‍ സ്വന്ത ഇഷ്ടപ്രകാരം അദ്ദേഹം ശീമയില്‍ പോയി. അദ്ദേഹമാണ് നസ്രാണികളില്‍ നിന്നും ഇദംപ്രഥമമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാല്‍ മേല്പട്ടസ്ഥാനത്ത് ഉയര്‍ത്തപ്പെട്ടത് എന്നതല്ല വിഷയം. അന്ന് മലങ്കര സഭയ്ക്ക് ഒരു മെത്രാന്‍റെ ആവശ്യമില്ലായിരുന്നു എന്നതും, പാലക്കുന്നത്തു മാത്യൂസ് ശെമ്മാശനെ മേല്പട്ടസ്ഥാനത്തേയ്ക്കു മലങ്കരസഭ തിരഞ്ഞെടുത്തിരുന്നില്ല എന്നതും ഇവിടെ പരിഗണിക്കുന്നില്ല. പക്ഷേ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആയ ചേപ്പാട്ട് മാര്‍ പീലിപ്പോസ് ദീവന്നാസ്യോസ് നാലാമന്‍ അധികാരത്തിലിരിക്കെ ആ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ച മാര്‍ മാത്യൂസ് അത്താനാസ്യോസ് അതിനായി ഉയര്‍ത്തിയ വാദമുഖമാണ് ഇവിടെ പ്രശ്നം. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അവകാശപ്പെടാന്‍ യാതൊരു ന്യായവുമില്ലെന്നു വ്യക്തമായി അറിയാമായിരുന്ന മാര്‍ മാത്യൂസ് അത്താനാസ്യോസ്, തനിക്ക് മേല്പട്ടസ്ഥാനം നല്‍കിയത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആണെന്നും, അദ്ദേഹത്തിനു മലങ്കര മെത്രാപ്പോലീത്തായെ ആക്കാനും നീക്കാനും അധികാരമുണ്ടെന്നും യാതൊരു അടിസ്ഥാനവും കീഴ്നടപ്പും ഇല്ലാതെ വാദിച്ചു.

മാര്‍ ദീവന്നാസ്യോസ് നാലാമന്‍ അധികാരമൊഴിയുകയും മാര്‍ മാത്യൂസ് അത്താനാസ്യോസിനൊപ്പം പരദേശി മാര്‍ യൂയാക്കീം കൂറിലോസും മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിനു അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ ഈ വിഷയം ഒരു സിവില്‍ വ്യവഹാരമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണക്കാക്കി. പ്രശ്ന പരിഹാരത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ രൂപീകരിച്ച കൊല്ലം പഞ്ചായത്ത് കോടതി മലങ്കര മെത്രാന്‍ ഒരു സ്വദേശിയായിരിക്കണമെന്നു കൊല്ലവര്‍ഷം 1023 മീനം 4-നു വിധി പ്രഖ്യാപിച്ചു. മാര്‍ ദീവന്നാസ്യോസ് നാലാമന്‍ അധികാരമൊഴിയുകയും മലങ്കര സിംഹാസനത്തിന്‍റെ ഇതര അവകാശവാദി മാര്‍ യൂയാക്കീം കൂറിലോസ് മലബാര്‍ സ്വദേശി അല്ലാതായിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വദേശിയായ ഏക മേല്പട്ടക്കാരന്‍ എന്ന നിലയില്‍ മാര്‍ മാത്യൂസ് അത്താനാസ്യോസിനു മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അനുവദിച്ചു കിട്ടി. ചുരുക്കത്തില്‍ പാലക്കുന്നത്ത് കുടുംബത്തിലെ ആദ്യ മേല്പട്ടക്കാരന്‍ മലങ്കരസഭാ ഭരണത്തിലെത്തുന്നത് കോടതിവിധിപ്രകാരമാണ്.

അവിടെകൊണ്ടും പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസിന്‍റെ ഭരണ സ്ഥിതീകരണത്തിലെ കോടതി-സര്‍ക്കാര്‍ ഇടപെടല്‍ അവസാനിച്ചില്ല. മാര്‍ യൂയാക്കീം കൂറിലോസും അനുയായികളും മലങ്കരയിലെ ചില പള്ളികളില്‍ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആയ അദ്ദേഹത്തിന്‍റെ അധികാരത്തെ നിഷേധിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചതോടെ സര്‍ക്കാരിനു വീണ്ടും ഈ വിഷയത്തില്‍ ഇടപെടേണ്ടി വന്നു. അതനുസരിച്ച് ദിവാന്‍ മാധവരായര്‍ 1038-ാമാണ്ട് മാശി മാസം 9-ാം തീയതി, നമ്പര്‍ 2455 – പോലീസ് – എന്ന സര്‍ക്കുലര്‍ കല്പന അയച്ചു. അതിന്‍റെ പ്രസക്ത ഭാഗം താഴെ പറയുന്നതാണ്
… മതവിഷയമായിട്ടുള്ള കാര്യങ്ങളില്‍ ഇവിടെനിന്നും പ്രവേശിപ്പാന്‍ പാടില്ലെന്നു വരികിലും, യാതൊരു അക്രമങ്ങള്‍ക്കും ഇടവരാതെ ഇരിക്കേണ്ടത എത്രയും ആവശ്യമാകകൊണ്ട, മെത്രാന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ട പള്ളികളില്‍ കൂടിനടക്കുന്നതിന മനസ്സില്ലാത്തവര്‍ ഉണ്ടായിരുന്നാല്‍ അവര്‍ വേറെ പള്ളികള്‍ മുറപൊലെ ബോധിപ്പിച്ച കെട്ടി യാതൊരു ഉപദ്രവങ്ങളും കൂടാതെ നടക്കയൊ, മെത്രാന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ട പള്ളികളില്‍ത്തന്നെ വല്ലതും അവകാശങ്ങള്‍ ഉണ്ടെന്ന അവര്‍ വിചാരിക്കുന്നപക്ഷം അതിനു മുറപോലെ അദാലത്തില്‍ ബോധിപ്പിച്ച തീര്‍ച്ച വരുത്തിക്കൊള്‍കയൊ ചെയ്കയല്ലാതെ, കീഴ്നടന്നു വരുന്നതിന വിരോധമായി പള്ളികളിലും മറ്റും അവര്‍ ചെന്ന പ്രവര്‍ത്തിക്കുന്നതിനു സമ്മതിക്ക എന്നുവച്ചാല്‍ സമാധാനത്തിനു വിരോധം സംഭവിക്കുന്നതിനും, അങ്ങനെ പ്രവര്‍ത്തിക്കപ്പെടുന്നവരെ നമ്പറില്‍ ചേര്‍ത്തു വിസ്തരിച്ച തക്ക കുറ്റം കൊടുക്കുന്നതിനും ഇടവരുന്നതാകകൊണ്ട, അതിനു സംഗതി വരാതെ മേല്‍പ്പറഞ്ഞ നമ്മുടെ താല്‍പര്യപ്രകാരം നടപ്പാന്‍ തക്കവണ്ണം വിവദിച്ചിട്ടുള്ള പള്ളികളിലെ ഇരുകക്ഷിക്കാരെയും തെര്യപ്പെടുത്തിയും, തഹശീല്‍ദാര്‍ മുതലായവര്‍ അറിഞ്ഞു ശരിയായി നടത്തിക്കയും, എന്നിട്ടും അനുസരണമില്ലാതെതീര്‍ന്ന പള്ളികളില്‍ ചെന്ന കീഴ്നടത്തിപ്പിനു വിരോധമായി ഏതെങ്കിലും പ്രവര്‍ത്തിച്ചതായി മെത്രാനോ പള്ളിക്കാരോ എഴുതി അയച്ചാലുടനെ ആ വക ആളുകളെ വരുത്തി നമ്പ്രില്‍ ചേര്‍ത്തു വിസ്തരിച്ചു തക്ക കുറ്റം കൊടുത്ത എഴുതി ബോധിപ്പിച്ചു കൊള്‍കയും വേണം. …

നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു സര്‍ക്കാരിനും ചെയ്യുവാന്‍ സാധിക്കുന്നത് അന്നും ഇന്നും ഇതു മാത്രമാണ്. ഈ സര്‍ക്കുലറിന്‍റെ ബലത്തിലാണ് 1877-ല്‍ തന്‍റെ ജീവിതാവസാനം വരെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന് തുടരുവാന്‍ സാധിച്ചതും.

ചെറുപ്പത്തിന്‍റെ തിളപ്പില്‍ സ്വസ്ഥാനപ്രാപ്തിക്കായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ഇല്ലാത്ത അധികാരം അംഗീകരിച്ചുകൊടുത്തെങ്കിലും പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസ് ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണെന്നു പിന്നീടു തെളിയിച്ചു. സ്വയം വലിച്ചു തലയില്‍ കയറ്റിയ വയ്യാവേലിയെക്കുറിച്ചു അദ്ദേഹം പില്‍ക്കാലത്തു ഖേദിച്ചു എന്നതല്ല കാര്യം. 1875-77 കാലത്ത് കേരളത്തിലുണ്ടായിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് പത്രോസ് തൃതീയനുമായി അദ്ദേഹം കൂടിക്കാണാതിരുന്നതാണ് പ്രധാനം. തന്നെ കാണണമെങ്കില്‍ ആദ്യം അനുസരണത്തിന്‍റെ ഉടമ്പടി കൊടുക്കുകയും പിന്നീട് മെത്രാന്‍റെ ചമയങ്ങള്‍ അഴിച്ചുവെച്ച് വന്നു കാണണമെന്നുമുള്ള പാത്രിയര്‍ക്കീസിന്‍റെ തിരു കല്പന അനുസരിക്കാന്‍ പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസ് എന്ന ജാത്യാഭിമാനി തയാറായില്ല. ഇതിന്‍റെ പ്രാധാന്യം മറന്നാണ് പാലക്കുന്നത്ത് ജോസഫ് മാര്‍ത്തോമ്മാ ഈ പ്രസ്താവന നടത്തിയതെന്നു വ്യക്തം.

1877-ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം തനിക്കാണെന്നു സ്ഥാപിച്ചു കിട്ടുവാന്‍ ആലപ്പുഴ ജില്ലാക്കോടതിയില്‍ കൊല്ലവര്‍ഷം 1054-ല്‍ 439-ാം നമ്പറായി സിവില്‍ വ്യവഹാരം ഫയല്‍ ചെയ്തു. മലങ്കരസഭയുടെ പാരമ്പര്യത്തിനു വിരുദ്ധമായി തിരഞ്ഞെടുപ്പു കൂടാതെ മാര്‍ മാത്യൂസ് അത്താനാസ്യോസ് പിന്‍ഗാമിയായി വാഴിച്ച സ്വന്തം പിതൃസഹോദരപുത്രന്‍ പാലക്കുന്നത്തു തോമസ് അത്താനാസ്യോസായിരുന്നു ടി. കേസിലെ ഒന്നാം എതിര്‍കക്ഷി. അദ്ദേഹം അതേ വര്‍ഷം ആടി മാസം 7-ാം തീയതി സിവില്‍ നിയമം 109-ാം വകുപ്പ് അനുസരിച്ച് നല്‍കിയ പത്രികയില്‍ … നമ്മുടെ ആസ്ഥാനമാകുന്ന മലങ്കരസഭയെ സ്ഥാപിച്ചത മാര്‍ത്തോമ്മാശ്ലീഹായും പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനമാകുന്ന അന്ത്യോഖ്യാ സഭയെ സ്ഥാപിച്ചത മാര്‍ പത്രോസു ശ്ലീഹായും ആകുന്നു. ആ രണ്ടുപേരും സമാധികാരികളും സ്വാതന്ത്ര്യം ഉള്ളവരും ആയിരുന്നു. അതുപോലെതന്നെ ഈ രണ്ടു സഭകള്‍ക്കും സമാധികാരവും സ്വാതന്ത്ര്യവും പ്രായതുല്യതയും ആയിരിക്കുന്നു. ഈ രണ്ടു സഭയും മേല്‍പ്രകാരം സമത്വം ഉള്ളവയല്ലാതെ മേലുകീഴ എന്നുള്ള ഭാവം ഉണ്ടായിട്ടുമില്ല. ഉണ്ടാവാന്‍ പാടില്ലാത്തതുമാകുന്നു. … എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇതു കാണാതെയാണോ പാലക്കുന്നത്ത് ജോസഫ് മാര്‍ത്തോമ്മാ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിനു കീഴ്പ്പെടാന്‍ തയാറാകുന്നത്?

ഈ കേസാണ് നീതിന്യായവ്യവസ്ഥയുടെ വിവിധ തലങ്ങളില്‍ക്കൂടി കയറിക്കയറി 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയില്‍ സമാപിച്ചത്. അവിടെ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിലും ഇന്നത്തെ മാര്‍ത്തോമ്മാ സഭയെന്ന പാലക്കുന്നത്തു തോമസ് അത്താനാസ്യോസിന്‍റെ കക്ഷിക്കാര്‍ മാതൃക കാണിച്ചു. റോയല്‍ കോടതി വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് ഇരു കക്ഷികളേയും ഒരു ഒത്തുതീര്‍പ്പിനു ക്ഷണിച്ചു. പാലക്കുന്നത്തു തോമസ് അത്താനാസ്യോസ് … നൂതനമായി സ്വീകരിച്ചിരിക്കുന്ന മതവിപരീതങ്ങളെ പരിത്യജിച്ച് അവരും അവരുടെ പിതാക്കന്മാരും മുമ്പിനാലെ കൈക്കൊണ്ടിരിക്കുന്ന പ്രാചീനവിശ്വാസത്തില്‍ … മടങ്ങിവരാന്‍ സമ്മതമാണെങ്കില്‍ താന്‍ അദ്ദേഹത്തിനു സ്ഥാനമൊഴിഞ്ഞു കൊടുക്കാന്‍ തയാറാണെന്ന് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മഹാരാജാവിനെ അറിയിച്ചു. എന്നാല്‍ തോമസ് അത്താനാസ്യോസ് … യാക്കോബായ വിശ്വാസം മനഃസാക്ഷിക്കു വിപരീതമാകയാല്‍ കൈക്കൊള്ളുവാന്‍ മനസില്ലെന്നു … മറുപടി കൊടുത്തു. അതോടെ ചര്‍ച്ച അവസാനിച്ചു. തുടര്‍ന്ന് റോയല്‍ കോടതി മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് അനുകൂലമായി വിധിയും പ്രഖ്യാപിച്ചു.

മഹാരാജാവ് മുന്‍കൈയെടുത്ത സമവായത്തിനു പുറംതിരിഞ്ഞ പാലക്കുന്നത്തു തോമസ് അത്താനാസ്യോസും കൂട്ടരും കോടതി കയറ്റം അവിടെ അവസാനിപ്പിക്കുക ആയിരുന്നില്ല. അവര്‍ ആര്‍ത്താറ്റു പള്ളിക്കേസ്, ചെറിയപള്ളിക്കേസ്, ഓരോ പള്ളിക്കും കേസ് എന്നിങ്ങനെ ദശാബ്ദങ്ങളോളം മലങ്കരസഭയെ കോടതിത്തിണ്ണയില്‍ തളച്ചിട്ടു. അന്നൊന്നും സമവായം അവരുടെ അജണ്ടയില്‍ ഇല്ലായിരുന്നു. അന്ന് പല കേസുകളിലും അവരില്‍ നിന്ന് മലങ്കരസഭ അനുഭവിച്ച നിയമ-നീതി നിഷേധങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നുമില്ല.

പാലക്കുന്നത്തു ജോസഫ് മാര്‍ത്തോമ്മായുടെ പ്രസ്താവനയിലെ അടുത്ത ഭാഗം …യാക്കോബായ സഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ചര്‍ച്ചയ്ക്കായി മാര്‍ത്തോമ്മാ സഭ മൂന്നു ബിഷപ്പുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈകാതെ ചര്‍ച്ച ആരംഭിക്കും. … എന്നതാണ്. 2013 സെപ്റ്റംബറിലെ മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലത്തില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് മാര്‍ത്തോമ്മാ സഭ പ്രതിനിധികളെ നിയമിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. സാമൂഹിക രംഗങ്ങളിലെ സഹകരണമല്ല ജോസഫ് മാര്‍ത്തോമ്മാ ഉദ്ദേശിക്കുന്നതെന്ന് പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ കൂദാശ ചെയ്ത മൂറോനെപ്പറ്റി അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടത്തിയ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്. വി. കുര്‍ബാന സംസര്‍ഗ്ഗമടക്കമുള്ള പൂര്‍ണ്ണബന്ധമാണ് അദ്ദേഹം യാക്കോബായ സഭയുമായി ലക്ഷ്യമിടുന്നതെന്ന് ന്യായമായും ഊഹിക്കാം.

ഇത് അസംഭാവ്യമാണ്. കാരണം യാക്കോബായ സഭ എന്ന് അദ്ദേഹം വിവക്ഷിക്കുന്ന വിഭാഗം അന്ത്യോഖ്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മാര്‍ത്തോമ്മാ സഭ ഒരു പ്രോട്ടസ്റ്റന്‍റ് സഭയും. യാക്കോബായ വിശ്വാസം മനഃസാക്ഷിക്കു വിപരീതമാകയാല്‍ കൈക്കൊള്ളുവാന്‍ മനസില്ലെന്നുള്ള തോമസ് അത്താനാസ്യോസിന്‍റെ പ്രസ്താവനയ്ക്കുപരി, കേവലം രണ്ട് വര്‍ത്തമാനകാല ഉദാഹരണങ്ങള്‍ മാത്രം ഇന്നും മാര്‍ത്തോമ്മാസഭ ഒരു പ്രോട്ടസ്റ്റന്‍റ് സഭയാണെന്നുള്ളതിനു തെളിവായി ചൂണ്ടിക്കാട്ടാം.

World Council of Churches ന്‍റെ ജനറല്‍ സെക്രട്ടറിയും ഒരു പ്രൊട്ടസ്റ്റന്‍റ് പുരോഹിതനുമായ റവ. ഡോ. സാമുവല്‍ കോബിയ 2007-ല്‍ കേരളം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ പര്യടനത്തപ്പറ്റി WCC യുടെ ഔദ്യോഗിക Website-ല്‍ … India, Kerala 18 Feb. 2007 – Worship at St. Thomas Mar Thoma Church in Kozencherry. Rev. Dr Samuel Kobia, World Council of Churches general secretary, receives Holy Communion from Bishop Dr Yuakim Mar Coorilose. … എന്നാണ് കാണുന്നത്. ഇതിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്.

രണ്ടാമതായി, ഏതാനും വര്‍ഷം മുമ്പ് മല്ലപ്പള്ളി മാര്‍ത്തോമ്മാ പള്ളിയില്‍ സി.എസ്.ഐ. സഭയുടെ അന്നത്തെ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. സാം മാത്യു അക്കൊല്ലത്തെ ക്രിസ്തുമസിന് മാര്‍ത്തോമ്മാ തക്സാ ഉപയോഗിച്ച് കുര്‍ബാന ചൊല്ലുമെന്ന് ഒരു നോട്ടീസ് കാണുകയുണ്ടായി. സി.എസ്.ഐ. സഭ 2013 സെപ്റ്റംബര്‍ 28-ന് ഇ. പുഷ്പലത എന്ന വനിതയെ അവരുടെ നന്ദ്യാല്‍ മഹായിടവകയുടെ ബിഷപ്പായി വാഴിച്ചു. റൈറ്റ് റവ. സാം മാത്യുവിനെപ്പോലെതന്നെ ഇനി റൈറ്റ് റവ. ഇ. പുഷ്പലതയേയും മാര്‍ത്തോമ്മാസഭ സ്വീകരിക്കേണ്ടി വരും. അന്ത്യോഖ്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയടക്കമുള്ള പുരാതന സഭകള്‍ക്കെല്ലാം വനിതാ പൗരോഹിത്യം അചിന്ത്യമായ വസ്തുതയാണ്.

ഓര്‍ത്തഡോക്സ് സഭകള്‍ക്കെല്ലാം പൊതുവായ ഏതാനും അടിസ്ഥാന വിശ്വാസങ്ങളുണ്ട്. അവ വി. ദൈവമാതാവ്, പരിശുദ്ധന്മാര്‍ എന്നിവരോടുള്ള സംസര്‍ഗം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, വി. കുര്‍ബാനയേയും കൂദാശകളേയും പറ്റിയുള്ള വിശ്വാസം, പട്ടക്കാരുടെ പാപമോചന അധികാരം മുതലായവയാണ്. ഇവയില്‍ ഒന്നുപോലും മാര്‍ത്തോമ്മാ സഭ അംഗീകരിക്കുന്നില്ല. നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്ന് യേശുക്രിസ്തു തന്നെ വ്യക്തമാക്കിയ പട്ടക്കാരുടെ പാപമോചന അധികാരം മാര്‍ത്തോമ്മാസഭയുടെ അത്യുന്നത നിയമനിര്‍മ്മാണ സമിതിയായ പ്രതിനിധി മണ്ഡലം 1941-ല്‍ ആ സഭയില്‍ എടുത്തു കളഞ്ഞു. മുകളില്‍പറഞ്ഞ ഏതെങ്കിലും വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭകളുടെ വിശ്വാസം സ്വീകരിക്കുവാന്‍ മാര്‍ത്തോമ്മാ സഭ തയാറാകുമോ? തയാറാകുമെങ്കില്‍ എന്തിന് 1877 മുതല്‍ കേസു നടത്തുകയും 1889-ലെ തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ഒത്തുതീര്‍പ്പു ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു എന്നതിനു കൂടെ മറുപടി പറയേണ്ടി വരും.

മാര്‍ത്തോമ്മാ സഭയുമായി കൗദാശിക സഹകരണത്തിന് പുരാതന സഭകളുടെ ഏറ്റവും വലിയ തടസം അവരുടെ പട്ടത്വത്തിന്‍റെ സാധുതയാണ്. പൗരസ്ത്യ കല്‍ദായ, ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ എന്നീ പൂര്‍വിക സഭാവിഭാഗങ്ങളൊന്നും മാര്‍ത്തോമ്മാ സഭയുടെ പട്ടത്വമോ കൂദാശകളോ സാധുവായി അംഗീകരിക്കുന്നില്ല. വിശ്വാസത്തില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുമായി പൂര്‍ണ്ണമായും തുല്യത പുലര്‍ത്തുന്ന തൊഴിയൂര്‍ സഭയെന്നറിയപ്പെടുന്ന മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പട്ടത്വവും കൂദാശകളും അവര്‍ മാര്‍ത്തോമ്മാ സഭയില്‍ നിന്നും മേല്പട്ടം സ്വീകരിക്കുന്നു എന്ന ഏക കാരണത്താല്‍ മുകളില്‍പ്പറഞ്ഞ പുരാതനസഭകളെല്ലാം നിരാകരിക്കുകയാണ്. അവരെ പൗരസ്ത്യ സഭകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതേസമയം വിശ്വാസത്തില്‍ വൈരുദ്ധ്യമുണ്ടെങ്കിലും പൗരസ്ത്യ കല്‍ദായ, ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ സഭകള്‍ പരസ്പരം പട്ടത്വം അംഗീകരിക്കുന്നുമുണ്ട്.

മാര്‍ത്തോമ്മാ സഭയുടെ പട്ടത്വം അംഗീകരിക്കപ്പെടാതിരിക്കുന്നത് ചരിത്രപരമായ പിന്തുടര്‍ച്ചയുടെ അഭാവം കൊണ്ടല്ല. പാലക്കുന്നത്ത് തോമസ് അത്താനാസ്യോസിന്‍റെ പെട്ടെന്നുള്ള നിര്യാണത്തെ തുടര്‍ന്ന് സ്വസഹോദരനെ തീത്തൂസ് പ്രഥമന്‍ എന്ന പേരില്‍ മെത്രാനായി തൊഴിയൂര്‍ മെത്രാന്മാര്‍ ചേര്‍ന്ന് വാഴിച്ചതില്‍ ചരിത്രപരമായ വിശ്ചിന്നതയൊന്നുമില്ല. പ്രശ്നം വിശ്വാസത്തിന്‍റെയാണ്. വേദശാസ്ത്രപരമായ ആ വിഷയങ്ങളേപ്പറ്റി ചുരുക്കത്തില്‍, വി. കുര്‍ബാന എന്ന ബലി, വി. കൂദാശകളിലെ പരിശുദ്ധാത്മ സാന്നിദ്ധ്യം, പട്ടക്കാരുടെ പാപമോചന അധികാരം എന്നിവയെപ്പറ്റിയുള്ള വിശ്വാസവിപരീതങ്ങളാണ് മാര്‍ത്തോമ്മാ സഭയുടെ പട്ടത്വം അസാധുവാക്കുന്നത് എന്നു പറയാം. അതില്‍ വിട്ടുവീഴ്ച ചെയ്ത് ഐക്യമുണ്ടാക്കാന്‍ ഒരു പുരാതനസഭയ്ക്കും സാദ്ധ്യമല്ല.

യാക്കോബായ സഭ എന്ന് ജോസഫ് മാര്‍ത്തോമ്മാ വിവക്ഷിക്കുന്ന വിഭാഗത്തിന് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നതാണ് അടുത്ത വസ്തുത. അവരുടെതന്നെ വാദഗതിയനുസരിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാണ് അതിനുള്ള അധികാരം. പക്ഷേ, നൂറ്റാണ്ടുകളില്‍ പ. പിതാക്കന്മാര്‍ രക്തവും ജീവനും കൊടുത്ത് സംരക്ഷിച്ച സത്യവിശ്വാസം അദ്ദേഹം ഉപേക്ഷിക്കുവാന്‍ യാതൊരു സാദ്ധ്യതയുമില്ല. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുവിനെ വിറ്റ മാതൃകയില്‍ വി. കൂദാശകളും വി. മൂറോനും സത്യവിശ്വാസവും വിറ്റ് തരകുപറ്റാന്‍ ശ്രമിക്കുന്നവര്‍ കേരളത്തില്‍ കണ്ടേക്കാം. പക്ഷേ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അതിനു വഴിപ്പെടുമെന്ന് തോന്നുന്നില്ല.

വാസ്തവത്തില്‍ ഏശാവിന്‍റെ രൂപവും യാക്കോബിന്‍റെ ശബ്ദവും എന്ന ദ്വന്ദവ്യക്തിത്വവുമായി ഒരു നൂറ്റാണ്ടായി ചരിക്കുന്ന മാര്‍ത്തോമ്മാ സഭയുടെ സ്വത്വസംഘര്‍ഷമാണ് (ശറലിശേ്യേ രൃശശെെ) ജോസഫ് മാര്‍ത്തോമ്മായുടെ പ്രസ്താവനകളില്‍ നിഴലിക്കുന്നത്. പ്രൊട്ടസ്റ്റന്‍റ് വിശ്വാസവും സുറിയാനി സഭയുടെ ബാഹ്യചിഹ്നങ്ങളും പേറുന്ന ഈ വിചിത്ര സംരംഭത്തിന് പ്രൊട്ടസ്റ്റന്‍റ് സഭ എന്ന പൂര്‍ണ്ണ അംഗീകാരം ഇതുവരെ അവരുടെ ഇടയില്‍ ലഭിച്ചിട്ടില്ല. പൗരസ്ത്യ സഭകളുടെ ഗണത്തില്‍പെടാനുള്ള ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ഈ ദശാസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമമാണ് സമീപകാലത്തെ യാക്കോബായ പ്രേമവും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോടുള്ള ഭക്തിയും.

ഈ പ്രസ്താവനാ ബഹളത്തില്‍ ജോസഫ് മാര്‍ത്തോമ്മാ പരോക്ഷമായി സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അത് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഇന്ത്യന്‍ സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയാണെന്നുള്ളതാണ്. പുരാതന ഇന്ത്യയുടെ നൈയാമിക പിന്തുടര്‍ച്ച ഇന്ത്യാ റിപ്പബ്ലിക്കിനാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നും പിരിഞ്ഞുപോയ പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയടക്കം ഏതു ചെകുത്താനുമായും അവിശുദ്ധ ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്. ഇവിടെ സംഭവിക്കുന്നതും അതിനു സമാനമാണ്. ഇവിടെ തകര്‍ന്നത് ദേശീയ സഭ എന്ന മലങ്കര മാര്‍ത്തോമ്മാ സഭയുടെ അവകാശവാദവും.

(മലങ്കരസഭാ മാസിക, നവംബര്‍ 2013)

ഇന്നലത്തെ പുത്തന്‍കുരിശില്‍ നിന്നുമുള്ള പത്ര പ്രസ്താവന

ഇന്നത്തെ പത്ര  വാര്‍ത്തകള്‍