1
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി ചെയ്യിച്ച് ശെമ്മാശന്മാരെയും പൈതങ്ങളെയും വരുത്തി നമ്മളുടെ വേദമര്യാദകള്‍ പഠിപ്പിച്ചു വരുമ്പോള്‍ ഈ സിമ്മനാരിയില്‍ ഇംഗ്ലീഷ് മുതലായ ഭാഷകളും കൂടെ അഭ്യസിപ്പിക്കണമെന്നും അവര്‍ക്ക് ആഗ്രഹമുള്ളപ്രകാരം ഇംഗ്ലീഷ് മിഷണറിമാര്‍ അപേക്ഷിക്കകൊണ്ട് ആയതുകൂടെ പഠിപ്പിക്കുന്നതിനു സമ്മതിച്ച് അപ്രകാരം നടന്നുവരുന്ന സംഗതിയിങ്കല്‍ നമ്മളുടെ മര്യാദയ്ക്കു വിരോധമായിട്ടുള്ള പഠിത്വങ്ങള്‍ ശെമ്മാശന്മാരു മുതലായ ആളുകളെ പഠിപ്പിക്കുകയും പള്ളികളില്‍ മുമ്പിനാലെ നടന്നുവരുന്ന മര്യാദകള്‍ക്കും ചട്ടത്തിനും വിരോധമായിട്ടു സംസാരിക്കുകയും തമ്മില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുന്നതിനു ശ്രമിക്കയും ചെയ്തുവരുന്നതുമല്ലാതെ സുറിയാനി മര്യാദപ്രകാരം ഉള്ള കുര്‍ബ്ബാന, നമസ്കാരം മുതലായതു വ്യത്യാസം വരുത്തി നടക്കണമെന്നും മിഷണറിമാരും ലോര്‍ഡ് ബിഷപ്പ് അവര്‍കളും കൂടി പറഞ്ഞാറെ ആയതു അസാധ്യമെന്നു നിശ്ചയിച്ചതു കാരണത്താല്‍ അവര്‍ നമുക്കും സുറിയാനി മതത്തിനും വിരോധികളായി ചമഞ്ഞും ചില പ്രദേശങ്ങളില്‍ ബുദ്ധിഹീനന്മാരായിട്ടുള്ള ആളുകളെ പറഞ്ഞു കബളിപ്പിച്ച് പള്ളികളില്‍ കലഹങ്ങളും അഴിമതികളും ഉണ്ടാക്കുകയും അവരുടെ മതത്തില്‍ ചേര്‍ക്കയും ചെയ്തുവരുന്ന സംഗതികള്‍ ഇടപെട്ടു തിരുമനസറിയിച്ചാറെ കീഴ്മര്യാദപ്രകാരം എല്ലാ കാര്യങ്ങളും വിചാരിച്ചു നടത്തികൊള്ളണമെന്നും കല്പനയായിരിക്കുന്നതു കൂടാതെയും ഈ സംഗതികള്‍ക്കും സിമ്മനാരി വക ആധാരങ്ങള്‍ മുതലായതു സിമ്മനാരിയില്‍ തന്നെ വച്ചുപൂട്ടി നമ്മുടെ പക്കല്‍ താക്കോലിരിക്കുമ്പോള്‍ മിഷണറിമാര്‍ ബലാല്‍ക്കാരമായിട്ടു താഴുപറിച്ച് ആധാരങ്ങള്‍ മുതലായതു എടുത്തുകൊണ്ടുപോയിരിക്കുന്ന സംഗതിക്കും കൂടെ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ബംഗാളം, മദ്രാസ് ഈ രണ്ടു ഗവര്‍ണര്‍ കൗണ്‍സലിലേക്കും എഴുതി ബോധിപ്പിച്ചാറെ മിഷണറിമാര്‍ നമ്മുടെ കര്‍ത്തവ്യത്തെ അതിക്രമിച്ചതുപ്രകാരമുള്ള അഴിമതികള്‍ ചെയ്തിരിക്കുന്നതിനാല്‍ അവര്‍ കുറ്റപ്പെട്ടിരിക്കുന്നു എന്നും അവരു ചെയ്തിരിക്കുന്ന അക്രമങ്ങള്‍ ഈ സംസ്ഥാനത്തുള്ള ലോക്കല്‍ ത്രിബുനാല്‍ കോര്‍ട്ടില്‍ വച്ച് വിസ്തരിക്കുന്നതിനും പള്ളി മതമര്യാദ ഉള്‍പ്പെട്ട കാര്യാദികള്‍ വ്യത്യാസം വരുത്തുന്നതിനു സുപ്രീംഗവര്‍ണര്‍ ജനറല്‍ക്കു പോലും ഏര്‍പ്പെടുവാന്‍ കഴിയുന്നതല്ലെന്നും 1836-മാണ്ടു വക 2010 നമ്പരിലും 1837-മാണ്ടു വക 183-ാം നമ്പരിലും 187-ാം നമ്പരിലും എഴുതിയ കല്‍പനകള്‍ നമുക്കു വന്നിരിക്കുന്നതിനാല്‍ നാം നിങ്ങളെ അറിയപ്പെടുത്തുന്നതു. ആഴ്ചതോറും മാസംതോറും കത്തങ്ങള്‍ മാറി മാറി വികാരിത്വം നടക്കുന്നതിനാല്‍ ദൈവകാര്യം ജനങ്ങളെ പഠിപ്പിക്കുന്നതിനും പള്ളി മത മര്യാദ ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിച്ചു നടത്തുന്നതിനും കത്തങ്ങള്‍ക്കു താല്‍പര്യകുറവായിട്ടു തീര്‍ന്നിരിക്കകൊണ്ട് അറിവും പഠിത്വവും പ്രാപ്തിയുമുള്ള കത്തങ്ങളെ തിരഞ്ഞെടുത്ത് വികാരിമാരായിട്ടു താമസിയാതെ എല്ലാ പള്ളികളിലും നിയമിച്ച് ചട്ടപ്പെടുത്തുന്നതാകകൊണ്ടു മേലെഴുതിയപ്രകാരം ഉള്ള അഴിമതികള്‍ നടക്കാതെയിരിക്കേണ്ടുന്നതിനു
ഒന്നാമത്, യാക്കോബായ സുറിയാനിക്കാരായ നമ്മളുടെ മതമര്യാദപ്രകാരം എല്ലാ പള്ളികളിലും നടന്നുവരുന്ന നോമ്പ്, നമസ്കാരം മുതലായ നന്മപ്രവൃത്തികളിലും പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും കത്തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നുകൊള്‍കയും ജനങ്ങളെ താല്‍പര്യപ്പെടുത്തികൊള്‍കയും
രണ്ടാമത്, മിഷണറിമാരുടെ മതത്തില്‍ ചേരുന്നവരെയും നമ്മളുടെ മതത്തിനു വിരോധമായി സംസാരിക്കുന്നവരെയും പള്ളിയില്‍ നിന്നു തിരിച്ചുകൊള്‍കയും
മൂന്നാമത്, അങ്ങിനെയുള്ള ആളുകള്‍ക്കു വിവാഹത്തിനു പെണ്‍ കൊടുക്കാതെയും അവരോടുകൂടെ യാതൊരു ഗുണദോഷത്തില്‍ കൂടാതെയും കൂട്ടാതെയും ഇരുന്നുകൊള്‍കയും
നാലാമത്, മിഷണറിമാര്‍ എങ്കിലും അവരുടെ മതത്തില്‍ ചേര്‍ന്നിട്ടുള്ള യാതൊരുത്തര്‍ എങ്കിലും നമ്മുടെ പള്ളിയില്‍ കയറി യാതൊരു കാര്യവും ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും ബലാല്‍ക്കാരമായിട്ടു ചെയ്യുന്നു എങ്കില്‍ ഉടന്‍ നമ്മെ എഴുതി ബോധിപ്പിച്ചുകൊള്‍കയും
അഞ്ചാമത്, മൂന്നുമ്മേല്‍ കുര്‍ബ്ബാന മുതലായ അടിയന്തിരങ്ങള്‍ക്കു വേറുവിട്ടു കത്തങ്ങള്‍ കൂടെ വേണമെന്നുണ്ടായിരുന്നാല്‍ അടുത്ത പള്ളികളില്‍ നിന്നും കത്തങ്ങളെ വരുത്തി അടിയന്തിരം കഴിച്ചുകൊള്ളുന്നതല്ലാതെ ഒരു പള്ളിയിലുള്ള കത്തങ്ങള്‍ മറുപള്ളികളില്‍ കയറി നമ്മുടെ അനുവാദം കൂടാതെ യാതൊരു കാര്യവും ചെയ്യാതെയും ചെയ്യിക്കാതെയും ഇരുന്നുകൊള്‍കയും വേണം.
ഇത് 1010-മാണ്ടു മീനമാസം 13-നു പുതുപ്പള്ളി പള്ളിയില്‍ നിന്നും എഴുത്ത്.
2
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ …….. പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
ബാഗ്ദാദില്‍ നിന്നും വന്നവരുടെ പക്കല്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കലേക്കു വേണ്ടുംപ്രകാരം എഴുത്ത് കൊടുത്ത് വേഗത്തില്‍ അയക്കണമെന്നു നാം നിശ്ചയിച്ചിരിക്കകൊണ്ട് അവര്‍ക്ക് ഇവിടെ നിന്നും ബാബേല്‍ എത്തുന്നതിനു മാത്രമുള്ള ചിലവ് ഇപ്പോള്‍ കൊടുത്ത് ഈ മാസം 15-ാം തീയതിക്കു ഉരുവില്‍ കയറത്തക്കവണ്ണം അയക്കുന്നതിനു അടിയന്തിരമാകയാല്‍ ആ പള്ളിയില്‍ നിന്നും 25 കലിയന്‍ ഈ വരുന്ന ആളിന്‍വശം കൊടുത്തയച്ച് ആ വസ്തുതയ്ക്കു എഴുതി വരികയും വേണം. ശേഷം വിവരം നിങ്ങള്‍ ഇവിടെ വരുമ്പോള്‍ പറകയും ചെയ്യാം.
1014-മാണ്ടു മീന മാസം 5-നു കായങ്കുളത്തു പള്ളിയില്‍ നിന്നും.
3
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ ….. പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
പെരികെ പെരികെ ബഹുമാനപ്പെട്ടതും സ്തുതിക്കപ്പെട്ടതും സ്തുതികളാലെ പ്രഭല്ല്യപ്പെട്ടതും ദൈവീകത്തിനടുത്ത നന്മകള്‍ ഒക്കെയും നിറയപ്പെട്ടതുമായ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന കഴിഞ്ഞ മീന മാസത്തില്‍ നമുക്കു വന്നതില്‍ 1001-മാണ്ടു ഇവിടെ വന്നുപോയ അത്താനാസ്യോസ് മെത്രാപ്പോലീത്താ മലയാളത്തു വഴക്കുകള്‍ ഉണ്ടാക്കിയ സംഗതിക്കും കുറ്റം ചൊല്ലി പിന്നീട് കല്‍ക്കിദൂനാക്കാരുടെ മതത്തില്‍ ചേര്‍ന്നതിനാല്‍ ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും സുന്നഹദോസില്‍ നിന്നും മഹറോനേല്‍ക്കപ്പെട്ടു എന്നും ആ വിവരം മലയാളത്തുള്ള ഇടവകകളില്‍ നാം അറിയിച്ചുകൊള്ളണമെന്നും കണ്ടിരിക്കകൊണ്ടും ഇനിമേല്‍ ആയാളിന്‍റെ നാമം കുര്‍ബ്ബാന, നമസ്കാരം മുതലായ ദൈവശുശ്രൂഷകളില്‍ ഓര്‍ക്കപ്പെടുകയും അരുത്.
1014-മാണ്ടു ഇടവമാസം 7-നു ചേപ്പാട്ടു പള്ളിയില്‍ നിന്നും എഴുത്തു.
4
മദ്രാസില്‍ ആലോചനസഭയില്‍ എത്രയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ സായിപ്പവര്‍കളുടെ സന്നിധാനത്തുങ്കലേക്കു മലയാളത്തുള്ള സുറിയാനിക്കാരുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുതി ബോധിപ്പിക്കുന്നത്.
എന്നാല്‍ മലയാളത്തിലുള്ള യാക്കോബായ സുറിയാനിക്കാരായ ഞങ്ങളുടെ മതമര്യാദകളുടെ അലശലുകളും പഠിത്വകുറച്ചിലും മറ്റും പൂര്‍ത്തി ആക്കി തരേണ്ടുന്നതിനായിട്ടും മലയാളത്തില്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്ത് അബ്രഹാം കത്തനാരും അയാളുടെ അനന്തിരവന്‍ മത്തായി ശെമ്മാശും വെറുംവിട്ടു ചില ആളുകളും കുറഞ്ഞോരു സംവത്സരം മുമ്പേ തന്നെ സുറിയാനി വേദത്തെയും മതമര്യാദകളെയും വിട്ടുപിരിഞ്ഞ് അവരുടെ സ്വയമ്പാല്‍ ചില പള്ളിക്രമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി നടന്നുവരുന്നതിനാല്‍ ആ വിവരം ബോധിച്ചിരിക്കേണ്ടുന്നതിനായിട്ടു ബഹുമാനപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു ഞങ്ങള്‍ എഴുതി അയച്ച് അവിടെനിന്നും മറുപടി വന്നിരിക്കുന്ന സംഗതിയിങ്കല്‍ ഈയാണ്ടു ഇടവമാസത്തില്‍ മേലെഴുതിയ മത്തായി ശെമ്മാശു ഇവിടെ വന്ന് പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ പോയിരുന്നു എന്നും മലയാളത്തിലേക്കു മെത്രാപ്പോലീത്തായായി അയാളെ ചട്ടംകെട്ടി സുസ്താത്തിക്കോനും കൊടുത്തയച്ചിരിക്കുന്നു എന്നും പറകയാല്‍ സുറിയാനി മതത്തില്‍ നിന്നും ഇയാളും ഇയാളുടെ കാരണവനും വേര്‍തിരിഞ്ഞ് നടന്നു വരികയും ആ വിവരത്തിനു എഴുതി അറിയിക്കയും ചെയ്തിരിക്കുമ്പോള്‍ അങ്ങനെ വരുവാന്‍ ഇടയില്ലെന്നും ഏതെങ്കിലും വ്യാജമുണ്ടെന്നും എങ്കിലും എല്ലാ പള്ളിക്കാരും കൂടി സുസ്താത്തിക്കോന്‍ കണ്ട് വ്യാജം തെളിയിച്ച് കൊള്ളാമെന്നും നിശ്ചയിച്ച് ഞാനും പള്ളിക്കാരും ഇപ്പോള്‍ മെത്രാനായിട്ടു വന്നിരിക്കുന്ന ആളും കഴിഞ്ഞമാസം 10-നു ഈ പള്ളിയില്‍ എത്തിയാറെ കുറഞ്ഞോരു സംവത്സരമായിട്ടു സുറിയാനി മത മര്യാദയില്‍ നിന്നും അയാള്‍ വേര്‍തിരിഞ്ഞ് വേര്‍പെട്ട് ഇംഗ്ലീഷ് മതത്തില്‍ നടന്നുവരുമ്പോള്‍ പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെല്ലുവാനും സ്ഥാനം ഏല്‍പ്പാനും എന്തെന്നു ചോദിച്ചാറെ ആയതിനു ഉത്തരം പറയാതെയും സുസ്താത്തിക്കോന്‍ എടുത്തു കാണണമെന്നു പറഞ്ഞാറെ കാണിക്കാതെയും പോയിരിക്കുന്നതും പിന്നീട് വിചാരിച്ചാറെ സുറിയാനി മതത്തില്‍ നിന്നും ഇയാള്‍ വേര്‍പിരിഞ്ഞ് പോയ വിവരം പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ എഴുതി അയച്ചിരിക്കുന്നതിനാല്‍ ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരെന്നും, മത്തായി എന്ന പേരായിരിക്കുമ്പോള്‍ മത്തിയൂസെന്നും ആള്‍മാറ്റമായിട്ടു ബോധിപ്പിച്ച് സ്ഥാനം ഏറ്റിരിക്കുന്നു എന്നും അയാള്‍ കൊണ്ടുവന്നിരിക്കുന്ന സുസ്താത്തിക്കോനില്‍ പല വെട്ടിത്തിരുത്തും ചുരണ്ടി എഴുത്തും ഉണ്ടെന്നും അതിനാല്‍ കാണിക്കാതെ കൊണ്ടുപോയിരിക്കുന്നു എന്നും സൂക്ഷ്മമായിട്ടു കേള്‍ക്കുന്നതും ഇയാളുടെ ദുര്‍നടപ്പിന്‍റെ വിവരം പാത്രിയര്‍ക്കീസിനു എഴുതി അയച്ചിരിക്കുമ്പോള്‍ ഒരു പ്രകാരത്തിലും ഇയാളെ മെത്രാനായിട്ടു ആക്കി അയപ്പാന്‍ ഇടയില്ലാത്തതും എന്‍റെ പേര്‍ക്കു തിരുവിതാംകൂര്‍ – കൊച്ചി ഈ രണ്ട് സംസ്ഥാനത്തും നിന്നും വിളംബരം പ്രസിദ്ധപ്പെടുത്തി നടന്നുവരുമ്പോള്‍ ഇങ്ങനെയുള്ള വ്യാജങ്ങള്‍ ചെയ്ത് തൊന്തരവുകള്‍ ഉണ്ടാക്കുന്ന സംഗതിക്കു രണ്ടു സംസ്ഥാനത്തെയും റെസിഡണ്ട് സായിപ്പവര്‍കള്‍ക്കും ദിവാന്‍ജി അവര്‍കള്‍ക്കും എഴുതി അയച്ചിരിക്കുന്നതു കൂടാതെ ഈ വിവരത്തിനു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനു ഉടനെ എഴുതി അയക്കുന്നതും ആകയാല്‍ ഇങ്ങനെയുള്ള ചെയ്തികള്‍ കൊണ്ടുനടന്ന് എന്‍റെ വിചാരത്തില്‍ ഉള്‍പ്പെട്ട പള്ളികളില്‍ തന്നിതങ്ങളും കലഹങ്ങളും വേദവിപരീതങ്ങളും ഉണ്ടാക്കാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടംകെട്ടി തരുന്നതിനു ഗവണ്മെന്‍റിലെ കൃപാകടാക്ഷമുണ്ടായിട്ടു റെസിഡണ്ട് സായിപ്പ് അവര്‍കള്‍ക്കു കല്‍പന കൊടുത്തയച്ച് എന്നെയും എന്‍റെ വിചാരത്തില്‍ ഉള്‍പ്പെട്ട സുറിയാനിക്കാരെയും രക്ഷിച്ചുകൊള്ളുമാറാകണമെന്നു ഏറ്റവും സങ്കടത്തോടുകൂടെ ഞാന്‍ അപേക്ഷിക്കുന്നു.
എന്‍റെ സങ്കടം താങ്കളുടെ അടുക്കല്‍ എത്തി റെസിഡണ്ട് സായിപ്പ് അവര്‍കള്‍ക്കു കല്‍പന കൊടുത്തയയ്ക്കുന്ന വിവരത്തിനു മറുപടി കല്‍പന വന്നു കിട്ടി കാണ്മാന്‍ വീണ്ടും താങ്കളുടെ ബഹുമാനത്തോടു ഞാന്‍ അപേക്ഷിക്കുന്നു.
എന്ന് 1843 കന്നി മാസം 7-നു കണ്ടനാട് പള്ളിയില്‍ നിന്നും.
5
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും
(മുദ്ര)
കൊട്ടാരക്കര പള്ളി വികാരിയും, ദേശത്തു പട്ടക്കാരും കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്.
മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്ത് മാത്തന്‍ ശെമ്മാശന്‍, വിദേശങ്ങളില്‍ പോയി, അവിടെയുള്ള ഒരു പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ട സ്ഥാനം പ്രാപിച്ചു മടങ്ങിയെത്തി, മലയാളത്തു ഇപ്പോഴുള്ള മേല്പട്ട സ്ഥാനം പൂര്‍ണ്ണമല്ലെന്നും അപ്പോസ്തോലിക കൈവയ്പ് ഉള്ളിടത്തുനിന്നും സ്വീകരിച്ചിരിക്കുന്ന തന്‍റെ സ്ഥാനം പൂര്‍ണ്ണമാണെന്നും അതിനാല്‍ എല്ലാവരും സ്ഥാനപൂര്‍ണ്ണതയുള്ള ആളിനെ അംഗീകരിക്കേണ്ടതാണെന്നും പ്രസംഗിച്ചുവരുന്നുണ്ടല്ലോ. എന്നാല്‍ മലങ്കരയിലെ മേല്‍പ്പട്ടസ്ഥാനം മാര്‍ത്തോമ്മായുടെ കൈവയ്പില്‍ നിന്ന് ലഭിച്ചിട്ടുള്ളതാണ്. ആ മേല്പട്ട സ്ഥാനത്തിന്‍റെ തുടര്‍ച്ചയില്‍ ചില കുറവുകള്‍ സംഭവിച്ചു എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ അപ്പോസ്തോലിക കൈവയ്പുള്ള ഒരു വിദേശ ഇടവകയിലെ മേല്പട്ടക്കാരന്‍, ഇവിടുത്തെ, പട്ടത്വത്തെ, കാനോനികമായി പൂര്‍ത്തിയാക്കി. അതുകൊണ്ടു, നമ്മുടെ സ്ഥാനം പൂര്‍ണ്ണവും സാധുവുമാണ്. എന്നാല്‍ 1000-ാമാണ്ടു അന്ത്യോഖ്യായില്‍ നിന്നു അത്താനാസ്യോസ് എന്ന് പേരുള്ള ഒരു എപ്പിസ്കോപ്പാ ഇവിടെ വരികയും നമ്മുടെയും നമ്മുടെ മുന്‍ഗാമി കാലം ചെയ്ത മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെയും പട്ടത്വം പൂര്‍ണ്ണമല്ലെന്നു പ്രഖ്യാപിക്കുകയും ഭിന്നതകള്‍ ഉണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ചു സര്‍ക്കാരില്‍ പല നിവേദനങ്ങളും സമര്‍പ്പിക്കുകയും വിദേശികള്‍ക്ക് ഈ ഇടവകമേല്‍ യാതൊരു അധികാരവും ഇല്ലെന്ന് വിധിക്കുകയുമുണ്ടായി. ആ എപ്പിസ്കോപ്പായെ നാടുകടത്തുകയും ചെയ്തു. ശേഷം വിദേശ മെത്രാന്മാരുടെ വരവു നിലച്ച്, അത്തരം ഉപദ്രവങ്ങള്‍ നീങ്ങി, നമ്മുടെ ഇടവക സമാധാനത്തിലും സംതൃപ്തിയിലും കഴിയുന്നു. എന്നാല്‍ പ്രായാധിക്യം കൊണ്ടും ക്ഷീണം കൊണ്ടും നമ്മുടെ സ്ഥാനത്തിനടുത്ത ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് നമുക്കു പ്രയാസമായിരിക്കുന്നു. ഒരു വിദേശ സിംഹാസനത്തില്‍ നിന്നാണ് മാത്യൂസ് മെത്രാന്‍ സ്ഥാനം പ്രാപിച്ചിരിക്കുന്നതെങ്കിലും, അദ്ദേഹത്തിന് അപ്പോസ്തോലിക കൈവയ്പ് ഉള്ളതുകൊണ്ട്, അദ്ദേഹത്തെ നമ്മുടെ പിന്‍ഗാമിയായി അംഗീകരിക്കുന്നതിനു വിരോധമില്ല. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ ഭരണകാലത്തു വിദേശമെത്രാന്മാരുടെ സന്ദര്‍ശനത്തിനു വഴി തെളിക്കുമെന്നും തന്മൂലം മലങ്കര ഇടവകയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിന് പര്യാപ്തമായ പ്രശ്നങ്ങളെ ഉത്ഭവിപ്പിക്കുമെന്നും നാം സംശയിക്കുന്നു. മാത്യൂസ് മെത്രാന്‍റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ പരിഗണിച്ചശേഷം, നാം നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍, ഈ സിംഹാസനത്തിന്‍റെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയത്തേയും പിതാക്കന്മാരുടെ നടപടികളും പുരാതന ആചാരങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നതിനേയും പറ്റി നമുക്കു ബോദ്ധ്യമായി, ഇനിയും ഒരു കല്‍പന അയയ്ക്കുന്നതുവരെ, ആരും അദ്ദേഹത്തിന്‍റെ അടുക്കല്‍ പോകയോ അദ്ദേഹത്തെ അംഗീകരിക്കുകയോ ചെയ്യരുത്.
ചിങ്ങം 29, 1843 (1019)
(കണ്ടനാട് യോഗത്തിനു ശേഷം, മലങ്കരസഭ, മാര്‍ അത്താനാസ്യോസിനോട് എങ്ങിനെ വര്‍ത്തിക്കണം എന്നു നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കല്പന. 1019 (1843) ഇടവം 29-ാം തീയതി എഴുതിയ ഈ കല്പനയുടെ ഇംഗ്ലീഷു തര്‍ജ്ജിമ, മാര്‍ത്തോമ്മാക്കാരുമായുണ്ടായ കേസിന്‍റെ (Case No. 3 of 1061, in the Royal Court of final Appeal Travancore) റിക്കാര്‍ഡുകളില്‍ (36 അക്കം) കാണുന്നുണ്ട്. ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനം.)