ഐക്യമോ വിഭജനമോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത് വിഭജനത്തിന്‍റെ യുക്തി അതിന്‍റെ എല്ലാ അധികാര പ്രമത്തതയോടും കലഹവാസനയോടും കൂടി വിജയഭേരി അടിയ്ക്കുന്നു. മറുവശത്ത് ക്രിസ്തുവിന്‍റെ സുവിശേഷം അക്രമരഹിതമായ അനുരഞ്ജനത്തിന്‍റെ മുദൃലശബ്ദമായി നമ്മുടെ മനസ്സാക്ഷികളില്‍ നിമന്ത്രണം ചെയ്യപ്പെടുന്നു. ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ സമാധാനം ലഭിക്കാതെ ഈ പ്രതിസന്ധിയില്‍ പ്പെട്ടുഴലുന്നു. ലജ്ജയും ദു:ഖവും നിരാശയും അവരെ മൂടുന്നു.

ഇപ്പോഴത്തെ കലഹങ്ങളാണ് അര്‍ത്ഥശൂന്യം, സമാധാനമാണ് അര്‍ത്ഥപൂര്‍ണ്ണവും കാമ്യവും എന്നുവിചാരിക്കുന്ന കുറെപ്പേരെങ്കിലും രണ്ടു ഭാഗത്തുമുണ്ട്. അങ്ങനെയുള്ള ആദര്‍ശവാദികളായ ചില ചെറുപ്പക്കാരാണ്, ഈ ‘വിശ്വസ്നേഹദര്‍ശനം’ ത്രൈമാസികത്തിന്‍റെ ഒരു ലക്കം കൂടി മലങ്കര സമാസമാധാനത്തെക്കുറിച്ചായിരിക്കണമെന്നും, കോപ്റ്റിക്-എത്യേപ്യന്‍ സഭകള്‍ തമ്മിലുണ്ടാക്കിയ ഉടമ്പടി ഒരു പക്ഷേ മലങ്കരസഭയിലും പ്രയോജനപ്പെട്ടേക്കാം എന്നും ചിന്തിച്ചത്. “പ്രത്യാശയ്ക്കെതിരെ പ്രത്യാശിച്ചു”കൊണ്ടാണ്, വ്യര്‍ത്ഥമെന്ന് വിവേകമുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ സംരംഭത്തിന് അവര്‍ മുതിരുന്നത്. ലോകത്തില്‍ വലിയ കാര്യങ്ങള്‍ നടന്നിട്ടുള്ളത് ഇത്തരം ഭ്രാന്തുപിടിച്ച ചിന്തകള്‍ കൊണ്ടു നടന്നിട്ടുള്ളവരിലൂടെയാണ് എന്ന് ചരിത്രവും പഠിപ്പിക്കുന്നുണ്ടല്ലോ. നാം വിതയ്ക്കുന്ന നന്മയുടെ വിത്തുകള്‍ എപ്പോഴാണ് മുളയ്ക്കുന്നത് എന്നു നമുക്കറിഞ്ഞുകൂടാ. വിത നടത്തിയിട്ട് ഉണ്ടും ഉറങ്ങിയും ഉണര്‍ന്നു കഴിയുന്ന കര്‍ഷകന്‍റെ ഉപമ കര്‍ത്താവ് പഠിപ്പിച്ചത് ഓര്‍ക്കാം. എപ്പോഴാണത് മുളയ്ക്കുന്നത് എന്ന് അയാള്‍ അറിയുന്നില്ല.

ദൈവരാജ്യത്തിന്‍റെ നല്ല ചെടികളെ കളകളില്‍നിന്ന് തിരിച്ചറിഞ്ഞ് വേര്‍തിരിക്കുന്നത് ലോകാന്ത്യത്തിലായിരിക്കുമെന്നു കര്‍ത്താവ് തന്നെ പഠിപ്പിക്കുന്നുണ്ടല്ലോ. അപ്പോള്‍, അനിശ്ചിതവും ചിലപ്പോള്‍ അതിദീര്‍ഘമായ കാലയളവ് ആവശ്യപ്പെടുന്നതുമായിരിക്കും നന്മയുടെ വിത്തുകള്‍. അതുകൊണ്ട് അവയെ വിതയ്ക്കുന്ന നല്ല മനുഷ്യരെ മഠയന്മാര്‍ എന്ന് വിളിച്ച് നമുക്ക് പരിഹസിക്കാതിരിക്കാം. ദൈവരാജ്യത്തിനുവേണ്ടി വിഡ്ഢികളാകുന്ന ചിലരെയെങ്കിലും ഇടയ്ക്കിടെ കിട്ടിയില്ലെങ്കില്‍, നമ്മുടെ ലോകം ആരോഗ്യത്തോടെ നിലനില്‍ക്കയില്ല. ”ദൈവത്തിന് ഒന്നും അസാദ്ധ്യമല്ലല്ലോ”.

മുന്‍പ് ചില ലേഖനങ്ങളിലൂടെ ഈ ലേഖകന്‍ സഭാസമാധാനം സംബന്ധിച്ച് ചോദിച്ച ചില എളിയ ചോദ്യങ്ങള്‍ക്ക്, ശ്രേഷ്ഠരായ സഭാനേതാക്കള്‍ എന്തെങ്കിലും ഒരുത്തരം പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൂര്‍ണ്ണമായ നിശ്ശബ്ദതയും അവഗണനയുമാണ് ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരം. എങ്കിലും വീണ്ടും ചോദിക്കുകയാണ്:

1. ഒരേ വിശ്വാസവും ഒരേ ആരാധനയും ഒരേ ഭാഷയും സംസ്ക്കാരവും, പരസ്പരം രക്തബന്ധവുമുള്ള മലങ്കരസഭയില്‍ ഒരു വിഭജനം ഇപ്പോള്‍ ആവശ്യമുണ്ടോ? ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന വേര്‍പിരിവിന് എന്തെങ്കിലും ദൈവശാസ്ത്രപരമോ ധാര്‍മ്മികമോ ആയ അടിസ്ഥാനമുണ്ടോ?

2. ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന വിഭജനം യഥാര്‍ത്ഥത്തില്‍ ഇരുഭാഗത്തെയും ബഹുഭൂരിപക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്നതാണോ അതോ ഏതാനും സഭാനേതാക്കളും അവരുടെ പിണിയാളുകളും ചേര്‍ന്ന് തീരുമാനിച്ച് വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണോ?

3. ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന കൃത്രിമമായ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭജനം ദൈവേഷ്ടത്തിനും ദൈവജനത്തിന്‍റെ താല്‍പ്പര്യത്തിനും എതിരാണെന്നും, അതില്‍നിന്ന് മോചനം പ്രാപിച്ച്, നാം വീണ്ടും അനുരഞ്ജനത്തിന്‍റെയും ഐക്യത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച് ഒരു സഭയായി തീരണമെന്നും ആത്മാര്‍ത്ഥമായ ആഗ്രഹം നമ്മുടെ ശ്രേഷ്ഠരായ മേലദ്ധ്യക്ഷന്മാര്‍ക്കും അത്മായ നേതാക്കള്‍ക്കും ഉണ്ടോ?

4. നമ്മുടെ പള്ളികളിലും സെമിത്തേരികളിലും തെരുവുകളിലും അരങ്ങേറുന്ന അക്രമവും, കൊലപാതകം വരെയെത്തിയ രക്തചൊരിച്ചിലും കേരളത്തിന്‍റെ പൊതു സമൂഹത്തില്‍ ഇതൊക്കെ സൃഷ്ടിക്കുന്ന ദു:ഖവും പരിഹാസവും വിരുദ്ധസാക്ഷ്യവും, രണ്ടായിരം വര്‍ഷത്തെ നമ്മുടെ ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? ഇതിനുകാരണക്കാര്‍ സാധാരണ വിശ്വാസികളാണോ, അതോ നമുക്ക് പേരെടുത്ത് പറയാന്‍ കഴിയുന്ന ചില സഭാ നേതാക്കളാണോ?

5. ഇരുപത് നൂറ്റാണ്ടായി ഭാരതത്തില്‍ നിലനിന്ന മലങ്കരസഭ എന്ന തദ്ദേശീയ ക്രിസ്തീയ സമൂഹം മുന്‍ഗണന നല്‍കേണ്ട ആത്മീയ ചുമതലകളും സാക്ഷ്യവും ജീവിതശൈലിയും എന്തായിരിക്കണമെന്ന് നാം ജനങ്ങളെ പഠിപ്പിക്കുന്നുണ്ടോ? അതോ, നമ്മുടെ നിഷ്ക്കളങ്കരായ യുവജനങ്ങളെ തീവ്രവാദത്തിലേക്കും പരസ്പര വിദ്വേഷത്തിലേക്കും, തള്ളിവിട്ട് യേശുക്രിസ്തു എന്തൊക്കെ ഉപദേശിച്ചോ അതിനെല്ലാം എതിരായി ആത്മീയാധികാരത്തിന്‍റെ മേലാടകളണിഞ്ഞ്, ഉള്ളില്‍ ദ്രവ്യാഗ്രഹവും മറ്റും മറ്റും ഒളിപ്പിച്ച്, വടിയും കൊടിയുമായി പാഞ്ഞുനടക്കുന്നതാണോ ഉത്തമ ക്രിസ്തീയശൈലി?

അല്‍പ്പമെങ്കിലും ദൈവഭയത്തോടും മനസ്സാക്ഷിയോടും കൂടി, നമ്മുടെ സഭാപരമായ ചുറ്റുപാടുകളെ വീക്ഷിക്കുന്ന ഒരു സാധാരണ വിശ്വാസിക്ക് ചോദ്യങ്ങള്‍ മാത്രമേ കാണുകയുള്ളൂ. സഹവിശ്വാസികള്‍ക്കും ഉത്തരമറിയില്ല. അവരെല്ലാം തീര്‍ത്തും നിസ്സഹായരാണ്. നേതൃത്വം പറയുന്നതനുസരിച്ച്, റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും ബസ്സുകളിലും ലോറികളിലും അവര്‍ പോയെന്നിരിക്കും. ജനങ്ങള്‍ മാത്രമല്ല, മിക്ക വൈദികരും നിസ്സഹായരാണ്. ചെറിയൊരു ശമ്പളത്തെ ആശ്രയിച്ച് കുടുംബം പുലര്‍ത്തേണ്ടിവരുന്ന അവര്‍ക്കും മുകളില്‍ നിന്ന് കല്‍പ്പന വന്നാല്‍ മറ്റൊന്നുമാവില്ല. വളരെ നന്മകളും സൗഹൃദശേഷിയുമുള്ള വിശ്വാസികളുടെ ഒരു വലിയ സമൂഹത്തെ മുഴുവന്‍ വേര്‍പാടിന്‍റെയും വിദ്വേഷത്തിന്‍റെയും മൂശകളിലിട്ട് വികലമാക്കാന്‍ കഴിയുന്ന ഒരു മതനേതൃത്വം നിലവിലുണ്ട് എന്ന ദു:ഖകരമായ സത്യം നാം തിരിച്ചറിയണം. പക്ഷേ നമ്മുടെ ജനങ്ങള്‍, ആത്മീയ നേതാക്കളോട് ഉള്ള ആദരവു കൊണ്ടായിരിക്കാം, ഫ്രഞ്ച് വിപ്ലവമൊന്നും ഉണ്ടാക്കാന്‍ പോവുകയില്ല. അവര്‍ നിശ്ശബദമായി വഴിയൊഴിഞ്ഞ് കൊടുക്കും. അവരെ റാഞ്ചാന്‍ ‘റീത്തുകളും’ ‘വിരുന്നു’കളുമായി അനേകം കഴുകന്മാര്‍ ചുറ്റുപാടുമുണ്ട് എന്നു നമുക്കറിയാം.

കോപ്റ്റിക്-എത്തിയോപ്യന്‍ ഉടമ്പടിയെക്കുറിച്ച് വിശദമായി ഈ ലക്കത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട്, ഒരുകാര്യം മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. എത്തിയോപ്യക്കാര്‍ക്ക് അവരുടെ പൈതൃകത്തെക്കുറിച്ച് അഭിമാനമുണ്ട്. അവര്‍ക്കിടയില്‍ പല ഗോത്രപ്രശ്നങ്ങളുമുണ്ടെങ്കിലും അവരുടെ പുരാതന ക്രിസ്തീയ പാരമ്പര്യത്തെ അഖണ്ഡമായി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. കോപ്റ്റിക് സഭയ്ക്ക് എത്തിയോപ്യയുടെ മേലുണ്ടായിരുന്ന അധികാരം ഒരു വൈദേശിക-കൊളോണിയല്‍ ആധിപത്യമായിരുന്നു. ഈജിപ്തില്‍ സാധാരണ വൈദികരെ സംബോധന ചെയ്യുന്ന പദം (ആബൂനാ) ഉപയോഗിച്ചാണ് അവര്‍ എത്യോപ്യയിലെ മെത്രാന്മാരെ വിളിച്ചത് (സുറിയാനിക്കാര്‍ ഇന്‍ഡ്യയിലെ മെത്രാന്മാരെ ‘ആബൂന്‍’ എന്നുവിളിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്) . കോപ്റ്റിക് സഭയുടെ അധീശത്വവാദത്തിന് കൂട്ടുനില്‍ക്കാന്‍, എത്തിയോപ്യയില്‍ നിന്ന സ്വാഭിമാനമുള്ള ആരും തയ്യാറാകാത്തതിനാല്‍ അവിടെ “കക്ഷികള്‍” ഉണ്ടായില്ല. ഉടമ്പടിയില്‍ രണ്ടുസഭകളും പരസ്പരം തങ്ങളുടെ സഭാവ്യക്തിത്വത്തെ ആദരിക്കാമെന്ന് തീരുമാനിച്ചു.

ഇന്‍ഡ്യയില്‍ നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു സാഹചര്യമല്ല. ഇവിടെ, മലങ്കരസഭയുടെ തനിമയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സ്വന്തം നാട്ടുകാരായ നേതാക്കളെ അപഹസിക്കയും അനാദരിക്കയും, വിദേശാധികാരികള്‍ക്ക് സ്തുതിപാടുകയും ചെയ്യുന്ന രീതിയാണല്ലോ. ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തോടെ രാഷ്ട്രീയ രംഗത്ത് അത് മാറിപ്പോയെങ്കിലും ചില ക്രിസ്തീയ സഭകള്‍ അത് വിശ്വാസപ്രമാണമായി പിന്തുരടുന്നു. നമ്മുടെ സഭാധികാരത്തിന്‍റെ കുറ്റികള്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉറപ്പിക്കുന്നതിനുപകരം, അത് റോമിലും അന്ത്യോഖ്യയിലും ബാഗ്ദാദിലും ഉറപ്പിക്കാനാണ് നമ്മുടെ ജനങ്ങളെ നാം പഠിപ്പിച്ചത്. അവിടെ നിന്നും ഈ കുറ്റികള്‍ പറിച്ച് ഇവിടെ ഉറപ്പിക്കുമ്പോള്‍ മാത്രമേ, ഇവിടെ ഒരു സമാധാന ഉടമ്പടിയ്ക്ക് പ്രസക്തിയുണ്ടാവൂ. 1912ല്‍ കാതോലിക്കേറ്റ് ഉണ്ടാക്കിയപ്പോള്‍, മലങ്കരസഭ ചെയ്തു തുടങ്ങിയത് അതാണ്. അന്ന് അതിനെ എതിര്‍ത്തവരുടെയും അപഹസിച്ചവരുടെയും പിന്‍ഗാമികള്‍ ഇന്ന് അതിനെ അനുകരിച്ച് പുതിയ കാതോലിക്കേറ്റുകള്‍ സൃഷ്ടിച്ച്, തങ്ങളുടെ തനിമ കാണിക്കാന്‍ ശ്രമിക്കയാണ്. പക്ഷേ മലങ്കരസഭയെ വിഭജിച്ചുകൊണ്ടാണിത് ചെയ്യുന്നത്.

റോമന്‍ കത്തോലിക്കാ സഭ ലോകത്തിലെ എല്ലാ ഓര്‍ത്തഡോക്സ് സഭകളിലും റീത്തുകള്‍ ഉണ്ടാക്കി അവയെ ഭിന്നിപ്പിച്ചു. ആദ്യമുണ്ടായ മാറോനീത്താ റീത്തു മുതല്‍ അവസാനമുണ്ടായ മലങ്കര റീത്തുവരെ നോക്കിയാല്‍ മനസ്സിലാകും അവര്‍ക്ക് റോമിനോടുള്ള ഭക്തി കുറഞ്ഞു കുറഞ്ഞു വരികയാണ്. സ്വന്തം അധികാരസ്ഥാനങ്ങള്‍ സൃഷ്ടിച്ച്, തദ്ദേശീയ സഭയുടെ തനിമയിലേക്ക് അവ നീങ്ങുകയാണ്. ഇതു നല്ലകാര്യമായിരിക്കാം. പക്ഷേ പൗരസ്ത്യവും തദ്ദേശീയവുമായ മാതൃസഭകളെ ഭിന്നിപ്പിച്ചാണ് അവസാനം മാതൃസഭകളുടെ ഈ നിലപാടില്‍ എത്തിയിരിക്കുന്നത്. ‘ഏകസഭ’ എന്ന ക്രിസ്തീയ ദര്‍ശനത്തിന് റോമന്‍ ശൈലിയിലുള്ള വ്യാജവ്യാഖ്യാനങ്ങള്‍ നല്‍കി പുനരൈക്യ സിദ്ധാന്തം സൃഷ്ടിച്ച്, വിശ്വാസികളില്‍ കൂടുതല്‍ കലഹമുണ്ടാക്കി എന്നതില്‍ കവിഞ്ഞ പ്രയോജനമൊന്നുമില്ല. റോമാസഭയുമായുള്ള സന്ദിഗ്ധബന്ധത്തെ സ്വന്തം കാര്യലാഭത്തിനുവേണ്ടി നിലനിര്‍ത്തുകയും ചെയ്യുന്നു.

മലങ്കരസഭയെ വിഭജിപ്പിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. മുഖ്യമായും കാണാവുന്നത് നമ്മുടെ കൊളോണിയല്‍ വിധേയത്വമാണ്. കഴിഞ്ഞ 350 വര്‍ഷങ്ങളിലെ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ അന്ത്യോഖ്യന്‍ ആരാധനാ പാരമ്പര്യത്തോട് നന്ദിയും, പാത്രിയര്‍ക്കീസ് ബാവാമാരോട് ആദരവും കാണിച്ചുകൊണ്ടുതന്നേ നമ്മുടെ മാര്‍ത്തോമ്മാ പാരമ്പര്യവും തദ്ദേശീയസഭയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയുമായിരുന്നു. നമ്മില്‍ ഒരു വിഭാഗം നമ്മുടെ പൈതൃകത്തെയും തദ്ദേശീയ നേതൃത്വത്തെയും തള്ളിപ്പറയുകയും കൊളോണിയല്‍ അധികാരികളോടെന്നതുപോലെ അന്ത്യോഖ്യന്‍ നേതൃത്വത്തോട് അന്ധമായ വിധേയത്വം പ്രകടിപ്പിക്കാന്‍ ജനങ്ങളെ പഠിപ്പിക്കയും ചെയ്യുന്നു. അതേസമയം, ജനങ്ങളെ അന്ധമായ അന്ത്യോഖ്യാ ഭക്തിയിലേക്ക് നയിച്ച്, ഗുണ്ടാസംഘങ്ങളെയും തീവ്രവാദികളെയും സൃഷ്ടിച്ച് സഭയെ ഭിന്നിപ്പിച്ച് നിര്‍ത്തിയിട്ട്, പാത്രിയര്‍ക്കീസ് ബാവാമാരുടെ പേരില്‍, സ്വന്തം കാര്യം നടത്തുന്ന ശ്രേഷ്ഠ നേതാക്കന്മാരാണ് നമ്മുടെ വിഭജനത്തിന്‍റെ മുഖ്യസംവിധായകര്‍. അവര്‍ക്ക് വാസ്തവത്തില്‍ ഒരു പാത്രിയര്‍ക്കീസിനോടും തെല്ലും ബഹുമാനമില്ല. കാര്യം സാധിക്കാന്‍ വേണ്ടി കണ്ണീരൊഴുക്കുകയും കാലുപിടിച്ച് തഴുകുകയും ചെയ്യും. ഇക്കാര്യങ്ങള്‍ കൊണ്ടൊക്കെയാണ്, ആദ്യമേ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് എന്തെങ്കിലുമൊരു ഉത്തരം നേതൃസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചെങ്കിലേ, ഭാവി സമാധാനകാര്യങ്ങള്‍ സംബന്ധിച്ച് യഥാര്‍ത്ഥ്യബോധത്തോടെ ചര്‍ച്ചകള്‍ നടത്താനാവൂ എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്. ഏതായാലും ഭാവിതലമുറകള്‍ക്ക് ഒരു ചരിത്രസാക്ഷ്യമായെങ്കിലും ഇത്തരം സംരംഭങ്ങളെ നാം രേഖപ്പെടുത്തിവയ്ക്കണം. എങ്ങിനെയാണ് ചരിത്രത്തെ വികലമാക്കാനും, സഭകളെ വിഭജിക്കാനും ഉള്ളതിനെ ഇല്ലാതാക്കാനും, ഇല്ലാത്തതിനെ സൃഷ്ടിക്കാനും മനുഷ്യര്‍ക്ക് സാധിക്കുന്നത് എന്നതിന് നല്ല ഉദാഹരണമായിരിക്കും സമീപകാല മലങ്കരസഭയുടെ ചരിത്രം.
പലകാര്യങ്ങളിലും അകല്‍ച്ചയുള്ള റോമന്‍ കത്തോലിക്കാ സഭയുമായി പരസ്പരം പള്ളികള്‍ ഉപയോഗിക്കാനും അടിയന്തിരസന്ദര്‍ഭങ്ങളില്‍ വൈദിക സേവനം പങ്കിടാനും തീരുമാനമെടുക്കുന്ന സഭകള്‍ക്ക്, സഹോദരവിശ്വാസികളുമായി അതു അനുവദിക്കപ്പെട്ടിട്ടില്ല എന്നത് സാധാരണക്കാരെ കുഴയ്ക്കുന്ന ചോദ്യമാണ്. ശവസംസ്ക്കാരത്തിന്‍റെ പ്രാര്‍ത്ഥനയില്‍പ്പോലും വൈദികര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ പാടില്ലെന്നും മറ്റും ഉത്തരവുകളിറങ്ങിയാല്‍ നമുക്ക് എന്ത് ചെയ്യാനാവും? വലിയ കാര്യങ്ങളൊന്നും ഉടനെ സാധിച്ചില്ലെങ്കിലും, ജനങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ ഇരുഭാഗത്തെയും വൈദികര്‍ ഒരുമിച്ച് നിന്ന്, ആരാധനയും കൂദാശകളും ശവസംസ്ക്കാരങ്ങളും നടത്തിക്കൊടുത്ത്, ഐക്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവസരമൊരുക്കുകയെങ്കിലും ചെയ്യാന്‍ അധികാരികള്‍ക്കു കഴിയുമല്ലോ.

(2010-ല്‍ എഴുതിയത്)