സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കണം: പ. കാതോലിക്കാ ബാവാ

സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് 2017  ജൂലൈ 3 ലെ               കോടതിവിധി മൂലം സംജാതമായിട്ടുളളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  സുപ്രീം കോടതി വിധിയുടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി കോട്ടയം പഴയസെമിനാരിയില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.  സഭാ തര്‍ക്കം സംബന്ധിച്ച് എല്ലാ പ്രശ്നങ്ങള്‍ക്കും  പരിഹാരം നിര്‍ദ്ദേശിക്കുന്നതും പഴുതുകളടച്ചുളളതുമാണ് ഈ വിധി. തര്‍ക്കമുണ്ടായത് നമ്മുടെ സഹോദരങ്ങളുമായിട്ടാണ് എന്ന കാര്യം മറക്കരുതെന്നും തെറ്റിധാരണ പരത്തിയും ക്രമസമാധാന നില തകരാറിലാക്കിയും സമാധാന നീക്കത്തിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കുന്നതിനായി പാത്രിയര്‍ക്കീസ് ബാവായുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുരാതനവും ദേശീയവുമായ സഭയും രാജ്യവും വിദേശമേധാവിത്വത്തില്‍ നിന്നും മോചനം പ്രാപിച്ച സാഹചര്യത്തില്‍ സ്വാതന്ത്ര്യവും സമാധാനം ആഗ്രഹിക്കുന്നവരാണ് സഭയില്‍ ബഹൂഭൂരിപക്ഷവുമെന്നും കേവലം ന്യൂനപക്ഷമാത്രമാണ് തര്‍ക്കം തുടരാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുടെ വിശകലനം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്     മെത്രാപ്പോലീത്താ നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ഓ.തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, എം.ജി. ജോര്‍ജ് മുത്തൂറ്റ്, എ.കെ. ജോസഫ്, റോണി ദാനീയേല്‍, ഷാലു ജോണ്‍, ഫാ. ബിജു ആന്‍ഡ്രൂസ്, ഡോ. വര്‍ഗീസ് പേരയില്‍, ഫാ. സി.എ. കുര്യാക്കോസ്,  പോള്‍ സി. വര്‍ഗീസ്, അഡ്വ. ചെറിയാന്‍ വര്‍ഗീസ്, കോശി ഉമ്മന്‍, ടില്‍സണ്‍ വര്‍ഗീസ്, അലക്സ് എം. കുറിയാക്കോസ്, ഫാ. ഏബ്രഹാം കാരമേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആഗസ്റ്റ് 6 ന് ഞായറാഴ്ച്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ നെച്ചൂര്‍ സെന്‍റ് തോമസ് പളളിയില്‍  വി.കുര്‍ബ്ബാനയ്ക്ക് എത്തിയ നിയമാനുസൃതമായി നിയമിതനായ വികാരി ഫാ. ജോസഫ് മനയലിനെയും വിശ്വാസികളെയും തടഞ്ഞ പോലീസ് അധികൃതരുടെ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ച്  പ്രിന്‍സ് ഏലിയാസ്, ഫാ. ജോണ്‍ വര്‍ഗീസ് എന്നിവര്‍ അവതരിപ്പിച്ച് പ്രമേയം യോഗം അംഗീകരിച്ചു.