പ്രായംകുറഞ്ഞ ഐപിഎസ്സുകാരി

കിരൺബേദിയാണ് കരിയറിലെ റോൾ മോഡൽ. ആരും ഈ തൊഴിൽ സ്വീകരിക്കാതിരുന്നകാലത്ത് ഐ.പി.എസ്. നേടിയവരാണവർ. പുരുഷൻമാർ മാത്രമുണ്ടായിരുന്ന ഈ മേഖലയിൽ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളാപോലീസിൽ എത്തുന്നതിനുമുൻപേ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മിഷണറാക്കി സമൂഹമാധ്യമങ്ങൾ ആഘോഷിച്ച ഓഫീസറാണ് മെറിൻജോസഫ്. അന്നുമുതൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഈ ഐ.പി.എസുകാരി ശ്രദ്ധിക്കപ്പെട്ടു. എവിടെയെത്തിയാലും താരമായി. സമൂഹമാധ്യമങ്ങൾ പിന്തുടർന്നു. പക്ഷേ, അത്തരം അപക്വമായ ആഘോഷങ്ങളെ അവഗണിക്കുകയാണ്‌ അവർ. കോഴിക്കോടിന്റെ ഡെപ്യൂട്ടി കമ്മിഷണറായി ഞായറാഴ്ചമുതൽ പുതിയ ചുമതലയിൽ പ്രവേശിച്ചിരിക്കുകയാണ്.
ടി. അഷ്‌മില ബീഗവുമായി സംസാരിച്ചതിന്റെ പ്രസക്‌ത ഭാഗങ്ങൾ

?സമൂഹമാധ്യമങ്ങളിൽ മെറിൻ ജോസഫിന്റെ  പേരിൽ ട്രോളുകൾ ഇറങ്ങിയ കാലമുണ്ടായിരുന്നു. അത്തരം ചർച്ചകളെ  എങ്ങനെയാണ് നേരിട്ടത്.

സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ ജനങ്ങൾക്കിടയിൽ ശ്രദ്ധനേടാനിടയായി എന്നത് സത്യമാണ്. പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ അത്തരം കാര്യങ്ങളെ ഞാൻ ഗൗനിച്ചിട്ടേയില്ല. തൊഴിലിന്റെ ഭാഗമായി ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നുകരുതി അവഗണിച്ചു. അത്രമാത്രം. ഒരു വിവാദവും എന്റെ വ്യക്തിജീവിതത്തെ ബാധിച്ചിട്ടില്ല.  ഏൽപ്പിച്ച ജോലി നന്നായി ചെയ്യുകമാത്രമാണ് ലക്ഷ്യം.

?സുന്ദരിയായ 10 ഐ.പി.എസ്. ഓഫീസർമാരിൽ ഒരാളായി തിരഞ്ഞെടുത്തതിനെ വിമർശിച്ചിരുന്നല്ലോ

ഐ.പി.എസ്.പോലുള്ള ജോലിചെയ്യുമ്പോൾ നമ്മുടെ പ്രവൃത്തി കൊണ്ടുവേണം ശ്രദ്ധ​ നേടാൻ. സൗന്ദര്യംകൊണ്ട് അഭിനന്ദനം നേടണം എന്നുതോന്നിയിട്ടില്ല. കരിയറിൽ നല്ലനേട്ടങ്ങൾ ഉണ്ടായ ഓഫീസർമാരുണ്ട്. ജോലിയുടെ മികവിനെ വിലയിരുത്തട്ടെ. ആദ്യം ലുക്ക് നോക്കുക, പിന്നെ നേട്ടങ്ങൾ പരിഗണിക്കുക. അത് തീർത്തും പുരുഷപക്ഷ കാഴ്ചപ്പാടാണ്. അതിനോട്‌ യോജിക്കുന്നില്ല. എന്റെകൂടെ ജോലിചെയ്യുന്ന പുരുഷന്മാരായ ഓഫീസർമാരെ കാണാൻ ഭംഗിയുണ്ടെന്ന് പറഞ്ഞല്ലല്ലോ പരിചയപ്പെടുത്തുന്നത്. സ്ത്രീയായാലും പുരുഷനായാലും നമ്മൾ എങ്ങനെ നമ്മുടെ ചുമതല നിർവഹിക്കുന്നു എന്നതിലല്ലേ കാര്യം. മറ്റുള്ളതൊക്കെ ബാലിശമാണെന്നേ തോന്നിയിട്ടുള്ളൂ.

?ഡെപ്യൂട്ടി കമ്മിഷണറായി ആദ്യമായി ഒരു നഗരത്തിൽ എത്തിയിരിക്കുന്നു, പരിചയപ്പെട്ടോ നഗരത്തെ

രണ്ടാംതവണയാണ് കോഴിക്കോട്ട് വരുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തായിരുന്നു ആദ്യത്തേത്. അന്ന് ഇവിടെ അധികം ആസ്വദിക്കാൻ പറ്റിയില്ല. ഭാഷ, സംസ്കാരം, രീതികൾ എല്ലാംകൊണ്ടും കോഴിക്കോട് വ്യത്യസ്തമാണ്. ആദ്യം എനിക്ക് ഈ നഗരം പഠിക്കണം. പൊതുവേ സമാധാനമുള്ള ഇടമാണെങ്കിലും നഗരത്തിന്റെ എല്ലാവിധ മുഖവും ഇവിടെയുമുണ്ടാകും. പോലീസിന് എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്ഥലമാണ് കോഴിക്കോട്. എല്ലാവരെയും സ്വീകരിക്കുന്ന നഗരമാണിതെന്ന് കേട്ടിട്ടുണ്ട്. എന്നെയും സ്വീകരിക്കുമെന്ന് ഉറപ്പിക്കാമല്ലോ…

?ഒരു വനിതാ ‌ഓഫീസറെന്ന നിലയിൽ സ്ത്രീസുരക്ഷയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്.

പൊതുവേ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറഞ്ഞ ജില്ലയാണിത്. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ഈ നഗരത്തിലാണ്. പിങ്ക് പട്രോളിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീസൗഹൃദ പോലീസിങ്ങിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്. ഉള്ളവ കുറച്ചുകൂടി കാര്യക്ഷമമാക്കാനും സുരക്ഷയ്ക്കായി പുത്തൻ ആശയങ്ങൾ കൊണ്ടുവരാനും ശ്രമിക്കും. പിന്നെ സ്ത്രീകളെ മാത്രമല്ലല്ലോ ശ്രദ്ധിക്കേണ്ടത്. നഗരത്തിലെ എല്ലാവർക്കും ഒരുപോലെ പ്രാധാന്യമുണ്ടല്ലോ.

?കോഴിക്കോട്‌  അടിയന്തരമായി പരിഹരിക്കണമെന്ന് േതാന്നിയ കാര്യമെന്താണ്

ഗതാഗതം തന്നെയാണ്. അത് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

?ഏതെങ്കിലും കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊണ്ടുവരണം എന്ന് തോന്നുന്നുണ്ടോ

എപ്പോഴും ജാഗ്രതയോടെ പ്രവർത്തിക്കണം. ജനങ്ങൾക്കിടയിൽ എന്നും എപ്പോഴും ഉണ്ടാവണം. മലബാറിൽ ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം.  എന്നാലേ സർവീസ് പൂർണമാവുകയുള്ളൂ എന്ന്‌ വിശ്വസിക്കുന്നയാളാണ് ഞാൻ.

?ഈ നഗരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 

കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണ്.  ഇതുവരെ ഇവിടത്തെ ബിരിയാണി കഴിച്ചിട്ടില്ല.  കഴിക്കണം. വ്യത്യസ്തമായ രുചികളുള്ള നഗരമാണ്. ഒപ്പം സിറ്റിയുടെ ഫീൽ വളരെ പോസിറ്റീവാണ്. ഭംഗിയുള്ള നഗരമാണ്. ആളുകളൊക്കെ വൈകുന്നേരങ്ങളിൽ ബീച്ചിൽ കുടുംബസമേതം ഒത്തുകൂടുന്നു. ഭക്ഷണം കഴിക്കുന്നു. സായാഹ്നങ്ങൾ ആസ്വദിക്കുന്നു. ഈ സംസ്കാരം എന്നെ ഏറെ ആകർഷിച്ചു.

?ഐ.പി.എസ്. മോഹം എന്നാണ് തുടങ്ങിയത് ?

കുഞ്ഞിലെ എനിക്ക് ഐ.പി.എസുകാരിയാവാനായിരുന്നു ആഗ്രഹം.   കോളേജിൽ എത്തിയപ്പോൾ പരിശ്രമം മുഴുവൻ അതിനായി. കഠിനാധ്വാനം ചെയ്തു. സിവിൽ സർവീസിൽ ഏതെങ്കിലും നേടണമെന്ന്‌ ലക്ഷ്യമുണ്ടായിരുന്നു. ആദ്യത്തെ ശ്രമത്തിൽത്തന്നെ ഐ.പി.എസ്. നേടാനായി.

?പെന്പിളൈ ഒരുമൈ എന്ന സ്ത്രീക്കൂട്ടായ്മ നടത്തിയ സമരകാലത്ത് താങ്കൾ മൂന്നാറിലുണ്ടായിരുന്നു. എങ്ങനെയാണ് ഒരു വനിതാ ഓഫീസറെന്ന നിലയിൽ അത്തരം പ്രക്ഷോഭങ്ങളെ കൈകാര്യംചെയ്തത്.

മൂന്നാർ കരിയറിലെ ഒരു വലിയ അനുഭവമാണ്. പെമ്പിളൈ ഒരുമൈ സമരം നടക്കുന്ന സമയത്താണ് അവിടെ ജോലിയിൽ പ്രവേശിക്കുന്നത്. രാജ്യംമുഴുവൻ ശ്രദ്ധകിട്ടിയ ഒരു സമരമായതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. നന്നായി ചെയ്യാൻ കഴിഞ്ഞു. മൂന്നാർ മാത്രമല്ല, ഇടുക്കി ജില്ലതന്നെ വളരെ നിശ്ശബ്ദമായൊരു അന്തരീക്ഷമുള്ള സ്ഥലമാണ്.

എന്നാൽ, ഒരു പ്രശ്നമുണ്ടായാൽ രാജ്യവ്യാപകമായി ചർച്ചചെയ്യും. മൂന്നാറിൽ ഒാരോ ഊരിലും എത്തണമെങ്കിൽ മണിക്കൂറുകളെടുക്കും. വിനോദ സഞ്ചാരകേന്ദ്രമായതുകൊണ്ടുതന്നെ നല്ല ശ്രദ്ധവേണം. ഇനി അവിടെ ജോലിചെയ്യാൻ പറ്റിയെന്നുവരില്ല. വ്യത്യസ്ത അനുഭവമായിരുന്നു. അവസാനം പാലക്കാട്ടായിരുന്നു. ഒരു ബറ്റാലിയനെ നയിക്കാൻ കഴിഞ്ഞു. പാലക്കാട് ജീവിതത്തിനിടയിൽ ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. ആലുവയിൽ എ.എസ്.പി.ട്രെയിനിയായായിരുന്നു കേരളത്തിൽ ആദ്യമെത്തിയത്. ഇരിങ്ങാലക്കുട എ.എസ്.പി.ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്.

?ഹൈദരാബാദ് പോലീസ് അക്കാദമിയിലെ പരിശീലനകാലം എങ്ങനെയാണ് മെറിൻ ജോസഫിലെ പോലീസുകാരിയെ പരുവപ്പെടുത്തിയത്.

എന്നും ആവേശമുള്ളതും ഒപ്പംതന്നെ വളരെ കഠിനവുമായിരുന്നു  ഹൈദരാബാദിലെ പരിശീലനകാലം. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് പരിശീലനം തുടങ്ങും. കുതിരസവാരി, നീന്തൽ, ആയുധപരിശീലനം തുടങ്ങി എല്ലാകാര്യങ്ങളും എല്ലാവരും ചെയ്യണം. അവിടെ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. 11 മാസത്തെ പരിശീലനം കഴിയുമ്പോഴേക്കും എല്ലാവരും ഉറച്ചിട്ടുണ്ടാവും. എന്റെ വ്യക്തിത്വത്തെ വളർത്തിയെടുക്കാൻ ആ പരിശീലനത്തിന് കഴിഞ്ഞിട്ടുണ്ട്.

?ഇഷ്ടങ്ങൾ എന്തൊക്കെയാണ്

വായിക്കാൻ ഇഷ്ടമാണ്. ജോലിയുടെ ഭാഗമായി ഒരുപാടുയാത്രകൾ ചെയ്യുന്നുണ്ട്. പാട്ടുകേൾക്കുന്നതും പാചകവും ഇഷ്ടമാണ്. ഖാലിദ് ഹുസൈനിയെയാണ് വായിക്കാൻ ഏറെ ഇഷ്ടം. ഡൽഹിയിലാണ് വളർന്നത് അതുകൊണ്ട് മലയാളത്തിൽ ഒരു പുസ്തകവും ഇതുവരെ വായിച്ചിട്ടില്ല. എന്തുകിട്ടിയാലും വായിക്കുന്ന പ്രകൃതമാണ്.

?ജോലിയിൽ ആരാണ് റോൾ മോഡൽ 

കിരൺബേദിയാണ് കരിയറിലെ റോൾ മോഡൽ. ആരും ഈ തൊഴിൽ സ്വീകരിക്കാതിരുന്നകാലത്ത് ഐ.പി.എസ്. നേടിയവരാണവർ. പുരുഷൻമാർ മാത്രമുണ്ടായിരുന്ന ഈ മേഖലയിൽ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അനുകരിക്കാവുന്ന മാതൃകയാണ് അവർ.

?കുടുംബം

അമ്മ സാമ്പത്തികശാസ്ത്ര അധ്യാപികയാണ്. കോട്ടയമാണ് അമ്മയുടെ നാട്. അച്ഛൻ റാന്നിക്കാരനാണ്. ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ ജോലിചെയ്യുന്നു. ഡൽഹിയിലാണ് പഠിച്ചതും. ബി.എ.യും എം.എ.യും സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു. ഭർത്താവ്  ഡോ. ക്രിസ് എബ്രഹാം മദ്രാസിൽ എം.ഡി.യ്ക്ക് പഠിക്കുകയാണ്.  മൂത്തസഹോദരൻ ബെംഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു.

Source