“മാര്‍ അത്താനാസ്യോസ് മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തപ്പെട്ടിരുന്നു” / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ

(യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പായുടെ കബറടക്കശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം)

‘നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിച്ചവനായ എന്‍റെ മുഖം ഇനി നിങ്ങള്‍ കാണുകയില്ല.’ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എപ്പേസോസിലെ സഭാംഗങ്ങളോടു യാത്രപറയുന്നതായ അവസരത്തില്‍ പറഞ്ഞതായ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ അനുസ്മരിച്ചു പോകുകയാണ്. ആ വിടവാങ്ങല്‍ അവിടെ ഒത്തിരി വേദനകളും വിങ്ങലുകളും ഉയര്‍ത്തിയിട്ടുണ്ട്. സ്നേഹം നിറഞ്ഞ എപ്പേസോസിലെ വിശ്വാസികള്‍ക്കു ആ വിരഹവേദന വഹിക്കാവുന്നതിലധികമായിരുന്നു. ദുഃഖത്തിന്‍റെ തേങ്ങലുകള്‍ തോരാത്ത കണ്ണുനീരായി മാറി. ‘ഇനിയും നിങ്ങള്‍ എന്‍റെ മുഖം കാണുകയില്ല’ എന്നുള്ള വാക്കുകള്‍ ഒരു ഇടിവാള്‍പോലെ അവരുടെ ഹൃദയങ്ങളില്‍കൂടി കടന്നുപോയി. പൗലോസ് ശ്ലീഹാ യേരുശലേമിലേക്കു പോകുകയും അവിടെ വച്ചു പിടിക്കപ്പെടുകയും തുടര്‍ന്നു തന്നെ റോമിലേക്കു കൊണ്ടുപോകുകയും ചെയ്തു.

നമ്മില്‍നിന്നു വേര്‍പെട്ടിരിക്കുന്ന ഈ കൊച്ചു മെത്രാച്ചനെ സംബന്ധിച്ചിടത്തോളം ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. നമ്മുടെ സഭയിലെ മേല്പട്ടക്കാരില്‍ വച്ചു ചെറുപ്പമായിരുന്ന യൂഹാനോന്‍ മാര്‍ അത്താനാസിയോസ് മെത്രാച്ചന്‍ നമ്മില്‍നിന്നു ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. ഈ കൊച്ചുമെത്രാച്ചന്‍റെ വേര്‍പാടു ഏറ്റം ദുഃഖകരമാണ്. പക്ഷേ, അത് അപ്രതീക്ഷിതമായിരുന്നില്ല. അന്ത്യഘട്ടത്തെ പ്രതീക്ഷിച്ച് അദ്ദേഹം കഴിയുവാന്‍ തുടങ്ങിയിട്ടു നാളേറെയായി. തന്നെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന മാരകമായ കാന്‍സര്‍ രോഗത്തിന്‍റെ ഭീകരതയും തന്മൂലം മരണത്തിന്‍റെ കവാടത്തിനു മുമ്പിലാണു താന്‍ നിലകൊള്ളുന്നതെന്നുള്ള യാഥാര്‍ത്ഥ്യവും അദ്ദേഹത്തിനു ആരേക്കാളും വ്യക്തമായി അറിയാമായിരുന്നു. രോഗാവസ്ഥയില്‍ അനേകര്‍ അദ്ദേഹത്തെ ചെന്നു കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സ്നേഹമസൃണമായ പെരുമാറ്റവും വിനയാന്വിതമായ ജീവിതവും മൂലം ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഈ കൊച്ചുമെത്രാച്ചന്‍ ഇന്നലെ 5 മണിക്കു നമ്മില്‍നിന്നു വേര്‍പിരിയുകയാണ് ചെയ്തിരിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം ഈ ഭൗതികശരീരം മണ്ണിലേക്കു താഴ്ത്തപ്പെടുകയും ചെയ്യും. ഇനിമേലില്‍ നാം അദ്ദേഹത്തിന്‍റെ മുഖം ഈ രീതിയില്‍ കാണുകയില്ല. ആ യാഥാര്‍ത്ഥ്യം നമുക്കേവര്‍ക്കും വളരെ വേദനാജനകമാണെന്നുള്ളതിനു സംശയമില്ല. എന്നാല്‍ ഒരു സമയം വരും. ദൈവംതമ്പുരാന്‍ നിശ്ചയിക്കുന്ന ആ സമയത്തു ഈ തിരുമുഖം നാം കാണും; ഈ രീതിയിലായിരിക്കുകയില്ലെന്നു മാത്രം. രൂപാന്തരപ്പെട്ടവനായി, കൂടുതല്‍ തേജസ്സോടുകൂടി ഈ മുഖം നാം കാണുമെന്നു നമുക്ക് ഏവര്‍ക്കും ഉറച്ച പ്രതീക്ഷയുണ്ട്. അദ്ദേഹം ദൈവത്തിന്‍റെ അടുക്കലേക്കു പോയിരിക്കുന്നു. അതുകൊണ്ടു ഈ വിയോഗത്തില്‍ ദുഃഖിക്കേണ്ട കാര്യമില്ല. മറിച്ചു സന്തോഷിക്കയത്രേ വേണ്ടത്.

‘എനിക്കു മരിക്കുന്നതു ഏറെ നല്ലത്. തന്മൂലം ഞാന്‍ എന്‍റെ കര്‍ത്താവിനോടുകൂടി ആയിത്തീരുമെന്നതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു’യെന്നു പൗലോസ് ശ്ലീഹാ സാക്ഷിക്കുന്നുണ്ട്. മാരകരോഗം നല്കിയ കഠിനവേദനയിലൂടെ കടന്നുപോകുമ്പോളൊക്കെയും പൗലോസ് ശ്ലീഹായെപ്പോലെ ഈ ലോകം കടന്നുപോയി കര്‍ത്താവിനോടുകൂടി നിത്യമായി ചേരുവാനുള്ള തന്‍റെ അദമ്യമായ അഭിലാഷം അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. നമ്മോടും പറഞ്ഞിട്ടുണ്ട്. ‘എനിക്കു മരിക്കുന്നതിനു യാതൊരു പ്രയാസവുമില്ല. ഞാന്‍ സദാ ഒരുക്കത്തോടുകൂടി ഇരിക്കുന്നു.’ ആ സമയത്തെല്ലാമുള്ള ആദ്ദേഹത്തിന്‍റെ പല്ലവിയായിരുന്നു ഇവ.

ഒരു സാധാരണക്കാരനു അനുഭവിക്കുവാന്‍ ആവാത്ത അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്‍റെ രോഗാവസ്ഥയില്‍ ലഭിക്കുകയുണ്ടായി. ഈ ലോകത്തില്‍ നിന്നു നിത്യമായി വിരമിക്കുന്നതിനു മുമ്പുതന്നെ പരലോകത്തിലെ അഭൗമികമായ അവസ്ഥയെ അറിയുവാനും ആ സ്വര്‍ഗ്ഗീയ അനുഭവത്തിന്‍റെ മാധുര്യം നുകരുവാനും അദ്ദേഹത്തിനു സാധിച്ചുയെന്ന് അദ്ദേഹം സാക്ഷിക്കുന്നു. പൗലോസ് ശ്ലീഹായെപ്പോലെ മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു അദ്ദേഹം എടുക്കപ്പെട്ടതായാണ് അദ്ദേഹം മനസ്സിലാക്കിയത്. വാക്കുകള്‍കൊണ്ടു വിവരിക്കുവാനോ വര്‍ണ്ണിക്കുവാനോ കഴിയാത്ത ആ അസുലഭമായ അനുഭവത്തെക്കുറിച്ചു ഒന്നിലേറെ തവണ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വെല്ലൂര്‍ ആശുപത്രിയില്‍ വച്ചു നടന്ന മേജര്‍ ഓപ്പറേഷന്‍ സമയത്തു ഏതാണ്ടു പത്തു സെക്കന്‍റോളം അദ്ദേഹം യഥാര്‍ത്ഥത്തില്‍ മരിക്കുകയുണ്ടായി. ആ ശരീരം ചലനമറ്റു. ഡോക്ടറന്മാര്‍ അന്ധാളിച്ചു. ആ സമയത്തു തന്‍റെ ആത്മാവു ശരീരത്തില്‍ നിന്നു വിട്ടു ഉയരത്തിലേക്കു പറന്നു കയറിയെന്നും അവിടുത്തെ അലൗകികമായ ആനന്ദം അനുഭവിച്ചെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത് – സാക്ഷിക്കുന്നത്. പൗലോസ് ശ്ലീഹായെപ്പോലെ മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടുയെങ്കില്‍ അതു എത്രയോ ഭാഗ്യകരമായ അനുഭവമാകുന്നു. എല്ലാ തരത്തിലും പുണ്യവാനും പരിശുദ്ധനുമായ ഒരുവനേ ആ അനുഭവം ലഭിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ക്കു മാത്രമേ അതേക്കുറിച്ചു സാക്ഷിക്കുവാനും സാധിക്കുകയുള്ളൂ. ആ ഭാഗ്യം ലഭിച്ച ഒരാളെയാണ് നാം ഇന്നു യാത്രയയ്ക്കുന്നത്.

1978 മേയ് 15-ാം തീയതിയാണ് മറ്റു നാലുപേരോടൊപ്പം അദ്ദേഹവും മേല്‍പട്ടസ്ഥാനത്തേക്കു ഉയര്‍ത്തപ്പെട്ടത്. ആ ശുശ്രൂഷയില്‍ പ്രധാന കാര്‍മ്മികനായി അവരുടെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്നതിനു നമുക്ക് അവസരമുണ്ടായി. അങ്ങനെ നമ്മുടെ ബലഹീന കൈകളാല്‍ ആത്മീയനല്‍വരം ലഭിച്ച ഈ മെത്രാച്ചന്‍ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ നമ്മില്‍ നിന്നു കടന്നുപോകുമെന്നു കരുതിയിരുന്നില്ല.

ഞാന്‍ പട്ടംകൊടുത്ത ഈ മെത്രാച്ചന്‍ എന്നെ യാത്രയയ്ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇതുപോലെയുള്ള ഒരു ഘട്ടത്തില്‍ പുശ്ബശ്ലോമ്മോ ചൊല്ലി എന്നെ യാത്രയയ്ക്കേണ്ട ഒരാളേയാണ് ഞാനും നിങ്ങളും യാത്രയയ്ക്കുന്നത്. അതു തികച്ചും ദുഃഖകരമാണ്. സങ്കടമുളവാക്കുന്ന സംഗതിയാണ്. പക്ഷേ, മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയിരിക്കയാണ് അദ്ദേഹം. മരണമുള്ള ലോകത്തില്‍നിന്നു മരണമില്ലാത്ത ലോകത്തിലേക്കു അദ്ദേഹം നീങ്ങിയിരിക്കുന്നു. അവിടെ ഹാനോക്ക് ഉണ്ട്, ഏലിയാ ഉണ്ട്, പരിശുദ്ധ ദൈവമാതാവുണ്ട്, ശുദ്ധിമാന്മാരും ശുദ്ധിമതികളുമുണ്ട്.
മേല്പട്ടസ്ഥാനത്തേക്കു അദ്ദേഹത്തെ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിനു നല്കിയ പേര് അത്താനാസിയോസ് എന്ന് ആയിരുന്നു. അത് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നല്കിയതാണ്. വിശ്വാസധീരനായ പ്രഖ്യാതനായ അത്താനാസിയോസിനെപ്പോലെ വിശ്വാസത്തില്‍ ഉറച്ചവനായിരുന്നു അദ്ദേഹം. ആ വാക്കിന്‍റെ അര്‍ത്ഥം എന്താണെന്നു ഞാന്‍ ചിന്തിച്ചുപോകുകയാണ്. മരണമില്ലാത്തവന്‍ എന്നാണെന്നു എനിക്കു തോന്നുന്നു. അങ്ങനെയെങ്കില്‍ ആ പേര് അന്വര്‍ത്ഥമാണ്. അദ്ദേഹം ദൈവത്തോടുകൂടി നിത്യമായി, നിതാന്തമായി ജീവിക്കുമെന്നുള്ളതിനു സംശയമില്ല.

ഒരു നല്ല ധ്യാനഗുരുവായിരുന്നു അദ്ദേഹം. എത്രയോ പള്ളികളില്‍, സംഘങ്ങളില്‍, സമൂഹങ്ങളില്‍ അദ്ദേഹം ധ്യാനം നടത്തിയിട്ടുണ്ട്. ആത്മീയമായി വളരുവാന്‍ എത്രയോ പേര്‍ക്ക് ആ ധ്യാനപ്രസംഗങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഹൃദയസ്പര്‍ശകമായ ആ പ്രസംഗങ്ങള്‍ അനേകരുടെ ജീവിതത്തില്‍ ആഴമായി സ്പര്‍ശിച്ചിട്ടുണ്ട്.

ഇവിടെ കൂടിയ ഈ വലിയ ജനക്കൂട്ടം, ആളുകള്‍ക്കു അദ്ദേഹത്തോടുള്ള സ്നേഹത്തെ വ്യക്തമാക്കുന്നതാണ്. എല്ലാ പ്രകാരേണയും നമുക്കു സന്തോഷം നല്കിക്കൊണ്ടിരുന്ന ഒരു ഉന്നത വ്യക്തിയേയാണ് ഇന്നു നാം യാത്ര അയയ്ക്കുന്നത്. വളരെയധികം സേവനം സഭയ്ക്കു നല്‍കിയ ആളാണ് അദ്ദേഹം. ഇന്നത്തേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്‍റെ സേവനം ഇനി ഉണ്ടാകുമെന്നുള്ളതിനു സംശയമില്ല. സഭയ്ക്കുവേണ്ടിയും നമുക്കു ഓരോരുത്തര്‍ക്കു വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥിക്കും. നിരന്തരമായി പ്രാര്‍ത്ഥിക്കും. ദൈവത്തോടുകൂടി കഴിയുന്ന അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥത ദൈവതിരുസന്നിധിയില്‍ വിലയേറിയതാണ്.
ലോകത്തില്‍ വടവൃക്ഷങ്ങള്‍ ഉണ്ട്. ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ചു, നൂറ്റാണ്ടുകളും അതിലേറെ കാലവും ജീവിക്കുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍. മറ്റുള്ളവര്‍ക്കു തണല്‍ പരത്തുന്ന വന്‍ വൃക്ഷങ്ങള്‍. മണിക്കൂറുകളോ, ദിവസങ്ങളോ, മാസങ്ങളോ നില്ക്കുന്ന ചെറുചെടികളും ലോകത്തിലുണ്ട്. ലില്ലിപൂക്കള്‍, താമരകള്‍, റോസാപുഷ്പങ്ങള്‍ ഇവ പെട്ടെന്നു സുഗന്ധം പരത്തി പെട്ടെന്നു മായുന്നു, മറയുന്നു. ആ പുഷ്പങ്ങള്‍ എത്ര മനോഹരങ്ങളാണ്. ആ ചെടികള്‍ എത്ര ആകര്‍ഷങ്ങളാണ്. ഇപ്രകാരമുള്ള മനോഹര പുഷ്പങ്ങളെപ്പോലെ ഈ കൊച്ചു മെത്രാച്ചനും സുഗന്ധം പരത്തി, നമുക്ക് ഏവര്‍ക്കും സന്തോഷം പകര്‍ന്നുകൊണ്ട് നമ്മുടെയിടയില്‍ കുറച്ചുനാള്‍ ജീവിച്ചു. ഇവിടെ മിന്നിത്തിളങ്ങി ഇന്നു മണ്‍മറഞ്ഞിരിക്കയാണ്. ആ ജീവിതം ധന്യമായിരുന്നു. സുഗന്ധം പരത്തുന്നതായിരുന്നു. അനുകരണാര്‍ഹമായിരുന്നു. അദ്ദേഹം ദൈവംതമ്പുരാന്‍റെ അടുക്കലേക്കു കടന്നുപോയിരിക്കുന്നു. അവിടെയും സുഗന്ധം പരത്തി ആ ജീവിതം പരിലസിക്കും. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന നമുക്കു കോട്ടയായിരിക്കട്ടെ.

(മലങ്കരസഭാ മാസിക, 1980 ഡിസംബര്‍)

പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്