മലങ്കരസഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം:  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : സുപ്രിം കോടതി വിധി സത്യത്തിനും നീതിക്കും ലഭിച്ച അംഗീകാരമെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പുറം സെന്റ് ജോർജ് പള്ളിയിൽ ചേർന്ന വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1934 ലെ ഭരണഘടനയ്ക്ക് വിധേയമായി ഏവരും ക്രിസ്തുവിൽ ഒന്നായി തീരുവാൻ അദ്ദേഹം സ്വാഗതം ചെയ്തു. വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സഭയ്ക്ക് അനുകൂലമായി വന്ന വിധി സഹിഷ്ണതയോടെ നടപ്പാക്കും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എം. കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വർക്കിംഗ് കമ്മറ്റിയംഗം ഫാ. അലക്സാണ്ടർ ഏബ്രഹാം, സഭാ മാനേജിംഗ് അംഗങ്ങളായ ഫാ. ജോൺ മാത്യു, ജൂബി പീടിയേക്കൽ, ഇടവക ട്രസ്റ്റി ജയ്ബോയി അലക്സ്, ഇടവക സെക്രട്ടറി ജോബി. പി തോമസ് എന്നിവർ പ്രസംഗിച്ചു.
പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം നൽകിയത് ദൈവകൃപയാണ്, പിതാക്കൻമ്മാരുടെ പ്രാർത്ഥനയാണ് ഈ സഭയുടെ വിജയത്തിന് ശക്തിയെന്ന് യോഗം വിലയിരുത്തി. ഹാർത്താൽ ദിനത്തിൽ നടന്ന യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു.