സമാധാനം അകലെയല്ല / ടി. പി. ജോര്‍ജുകുട്ടി കോത്തല

കോട്ടയം ഭദ്രാസനത്തിലെ ഇന്ന് പാത്രിയര്‍ക്കീസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പല പള്ളികളിലും ഓര്‍ത്തഡോക്സ് ന്യൂനപക്ഷം നിശബ്ദരായി നിലനില്‍ക്കുന്നുണ്ട്. അവരെ പ്രചോദിതരും പ്രകോപിതരുമാക്കിയാല്‍ ഈ പള്ളികളൊക്കെ പൂട്ടിക്കാനും ശവമേറു നടത്തുവാനും സാധിക്കുമായിരുന്നു. അത്തരം ഒരാവശ്യവുമായി പാത്രിയര്‍ക്കീസ് പക്ഷത്തുള്ള ഒരു പ്രമുഖ പള്ളിയിലെ ചില പ്രമുഖ വ്യക്തികള്‍ അവരുടെയിടയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് പാറേട്ട് തിരുമേനിയെ കാണാനെത്തി. ആ പള്ളിയിലെ വികാരിയെ മാറ്റി അവിടെയൊരു തീവ്രവാദിയായ ഓര്‍ത്തഡോക്സ് വൈദികനെ വച്ചാല്‍ പള്ളി പൂട്ടിക്കാമെന്ന വാഗ്ദാനത്തിനു മുമ്പില്‍ തിരുമേനി പറഞ്ഞ വാക്കുകള്‍ എത്രയോ ദീര്‍ഘദര്‍ശിത്വം ഉള്ളതായിരുന്നു:
“ഏതെങ്കിലും ഒരു പള്ളി പൂട്ടിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. മലങ്കരയിലെ എല്ലാ പള്ളികളും കാതോലിക്കേറ്റിനു പൂര്‍ണമായും അവകാശപ്പെട്ടതു തന്നെയാണ്. അന്ത്യോഖ്യയിലെ ബാവാ ആകാശത്തിലുള്ള ബാവാ തന്നെയാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്ന പാവപ്പെട്ട ജനതയെ പറ്റിച്ചു കഴിയുന്ന ചില വ്യക്തികളുടെ കപടത മൂലം സത്യം മനസ്സിലാക്കാന്‍ കഴിയാത്ത തീവ്രവാദികളായ ചിലരാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അന്ത്യോഖ്യന്‍ സഭാനേതൃത്വത്തിന്‍റെ ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ഇടയില്‍ നിന്നു തന്നെ കാതോലിക്കേറ്റിലേക്ക് ഒരൊഴുക്കുണ്ടാവും. ആ സന്ദര്‍ഭത്തിനായി നമ്മള്‍ കാത്തിരുന്നാല്‍, അങ്ങനെ വരുന്നവര്‍ക്ക് വൈകാരികമായ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മലങ്കര മുഴുവന്‍ കാതോലിക്കേറ്റിന്‍റെ കീഴിലാവും. അത്തരമൊരു സാഹചര്യത്തിലൂടെ ഉരുത്തിരിയുന്ന സമാധാനം മാത്രമേ ശാശ്വതമാവൂ. അല്ലാതെ പള്ളി പൂട്ടിച്ചും അടിപിടി നടത്തിയും നമുക്ക് കാതോലിക്കേറ്റിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ സമൂഹത്തിനു മുമ്പില്‍ നമ്മെ പരിഹാസ്യരാക്കും.” പാറേട്ട് തിരുമേനി ദീര്‍ഘദര്‍ശനം ചെയ്തതുപോലെ പാത്രിയര്‍ക്കീസ് പക്ഷത്തെ വലിയൊരു വിഭാഗം നാലു മെത്രാന്മാരുടെ നേതൃത്വത്തില്‍ കാതോലിക്കേറ്റിനു കീഴിലേക്കു വന്നു. എന്നാല്‍ നിര്‍ഭാഗ്യകരമായ പ്രതികരണങ്ങള്‍ ഉണ്ടായതു മൂലം അവരില്‍ ഒരു വിഭാഗത്തിന് തിരികെ പോകേണ്ടതായി വന്നു. അങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല.

മഹാനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിക്കൊപ്പം നിന്ന് മണ്ണാറപ്രായില്‍ അച്ചന്‍ ഈ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ അവഗണിച്ചുകൊണ്ട് ആ വ്യക്തിത്വത്തെ തേജോവധം ചെയ്യുവാന്‍ സംഹാരകര്‍ നടത്തിയ ശ്രമങ്ങളുടെ ആത്യന്തിക പരിണതിയാണ് തൃക്കുന്നത്തു സെമിനാരിയുടെ നിയന്ത്രണം നമുക്കു നഷ്ടപ്പെടുത്തിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?

ഏതെങ്കിലും പള്ളിയില്‍ ഓടിളക്കി കയറിയതുകൊണ്ടോ, ഏതെങ്കിലും വൈദികന്‍റെ താടിക്കു തീ വച്ചതുകൊണ്ടോ, മാതാപിതാക്കളുടെ ശവശരീരത്തെ വഴിയിലേക്കു വലിച്ചെറിഞ്ഞതുകൊണ്ടോ ഈ സഭയില്‍ സമാധാനം വരുമെന്നോ, കാതോലിക്കേറ്റിന്‍റെ പതാക പാറിപ്പറക്കുമെന്നോ വിശ്വസിക്കുന്നവരല്ല മലങ്കര സഭാംഗങ്ങള്‍.

വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ വ്യക്തിപരവും സ്വാര്‍ത്ഥപരവുമായ കാരണങ്ങള്‍കൊണ്ട് ചിലര്‍ നടത്തിയ പ്രചരണങ്ങള്‍ മൂലമാണല്ലോ വടക്കന്‍ ഭദ്രാസനങ്ങള്‍ കാതോലിക്കേറ്റിനോട് അകലാന്‍ ഇടയായതും പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ കോട്ടകളായി അവിടം ഇന്നു നിലനില്‍ക്കുന്നതും. ഇരുട്ടുകൊണ്ട് ശാശ്വതമായി ഓട്ടയടയ്ക്കാന്‍ കഴിയാത്തപോലെ, ഈ അവസ്ഥ ശാശ്വതമായി നിലനില്‍ക്കാന്‍ പോവുന്നില്ല. ആ വിഭാഗത്തിലെ കാര്യവിവരമുള്ള വൈദികരും അത്മായക്കാരും എക്കാലത്തും സത്യത്തിനുനേരെ മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. സ്വാര്‍ത്ഥമതികളായവരുടെ ദുഷ്ടലക്ഷ്യങ്ങളും എന്നും വിലപ്പോവാന്‍ പോവുന്നില്ല.

കോട്ടയം ഭദ്രാസനത്തിലെ കാര്യങ്ങള്‍ പറഞ്ഞായിരുന്നല്ലോ തുടങ്ങിയത്. കോട്ടയത്തെ പാത്രിയര്‍ക്കീസ് പക്ഷത്തെ സിംഹാസനപള്ളിയിലെ റാസ കോട്ടയത്തെ ഓര്‍ത്തഡോക്സ് കേന്ദ്രമായ ചെറിയപള്ളിയിലെത്തുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കും. വൈദികരും ജനങ്ങളും അവിടെ കയറി പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്യും. പാത്രിയര്‍ക്കീസ് പക്ഷത്തു മാത്രം സേവനമനുഷ്ഠിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ മൃതദേഹം ഓര്‍ത്തഡോക്സ് ഇടവകയായ മീനടം പള്ളിയില്‍ എത്തിച്ചപ്പോള്‍ ഗീവറുഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ അടക്കം ചെയ്യുവാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഓര്‍ത്തഡോക്സ് പക്ഷത്തെ മഞ്ചയിലച്ചന്‍റെ മൃതദേഹം ആദരവോടെ ഒളശ്ശയിലെ യാക്കോബായ വിഭാഗക്കാര്‍ ഏറ്റുവാങ്ങി അവരുടെ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തിയശേഷം തിരികെ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാര ശുശ്രൂഷയിലേക്കെത്തിച്ചതും പാത്രിയര്‍ക്കീസ് ഭാഗത്തെ കല്ലൂപ്പറമ്പില്‍ അച്ചന് പള്ളം സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെയും ഓര്‍ത്തഡോക്സ് സഭാ വൈദികരുടെയും നേതൃത്വത്തില്‍ സമുചിതമായ അന്ത്യയാത്രാ ശുശ്രൂഷകള്‍ വി. മദ്ബഹായില്‍ വച്ചു തന്നെ നല്‍കിയതും സഭയ്ക്ക് ആകമാനം പിന്‍തുടരാവുന്ന വിലപ്പെട്ട മാതൃകകള്‍ തന്നെയാണ്. മഹാന്മാരായ പാമ്പാടി തിരുമേനിയുടെയും പാറേട്ട് തിരുമേനിയുടെയും മാതൃകകള്‍ പിന്തുടരുന്നതിനാലാണ് കോട്ടയം ഭദ്രാസനത്തില്‍ സഹോദരന്മാര്‍ ഒത്തൊരുമിച്ചു പോവുന്നത്. ആ മാതൃകയിലൂടെ മലങ്കരസഭയ്ക്ക് മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളെണ്ണം നോക്കി വീതം വയ്ക്കുവാനോ ആള്‍ബലം നോക്കി കത്തിക്കുത്ത് നടത്തുവാനോ നമുക്കു കഴിയില്ല. കാരണം, മലങ്കരയിലെ പള്ളികളും ജനങ്ങളും കാതോലിക്കേറ്റിന്‍റെ സ്വന്തമാണ്. ഇന്നു മാറിനില്‍ക്കുന്നവരും നാളെ നമ്മുടെ ഒപ്പം നടക്കേണ്ടവരാണ്. അതിവൈകാരികതയുടെ വിഷവിത്തുകളും അവിവേകത്തിന്‍റെ മുള്‍ച്ചെടികളും ദുര്‍മോഹങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും ഒഴിവാക്കുവാന്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതി. പ. വട്ടശ്ശേരില്‍ തിരുമേനി മുതല്‍ പ. പൗലൂസ് രണ്ടാമന്‍ വരെയുള്ളവര്‍ക്കൊപ്പം ഈ സഭ വീഴ്ത്തിയ കണ്ണീര്‍ക്കണങ്ങള്‍ വെറുതെയാവില്ല.

ലേഖകന്‍റെ ഫോണ്‍ നമ്പര്‍: 9744284563