“അനന്തരം ഇത്ര ക്രൂരപാതകം ചെയ്ത പറങ്കികളോടും അവരുടെ കൂട്ടത്തോടും യാതൊരു ചേര്‍ച്ചയും അരുതെന്ന് സുറിയാനിക്കാര്‍ നിശ്ചയിച്ചു. എല്ലാവരും കൂടി കൊച്ചിയില്‍ കൂനന്‍കുരിശിന്മേല്‍ ഒരു കയറ് കെട്ടിപ്പിടിച്ച് 1653 മകരം 3-ാം തീയതി സത്യം ചെയ്കയും ഒരു പടിയോല എഴുതി ഒപ്പിടുകയും ചെയ്തു. ആ പടിയോലയുടെ പകര്‍പ്പ്:
മോറാന്‍ ഈശോമശിഹാ പിറന്നിട്ട് 1653-ാമത് മകരമാസം 3-ാം തീയതി വെള്ളിയാഴ്ച നാള്‍ അര്‍ക്കദിയാക്കോന്‍ അച്ചനും മലങ്കര എടവകയിലുള്ള പള്ളികളിലെ വികാരിമാരും ദേശത്തുപട്ടക്കാരും എല്ലാവരുംകൂടി മട്ടാഞ്ചേരില്‍ പള്ളിയില്‍ വച്ച് നിശ്ചയിച്ച് കല്പിച്ച കാര്യം: അതായത് ശുദ്ധമാന കാതോലിക്കാ പള്ളി കല്പിച്ച് നമുക്കായിട്ട് മലങ്കരയ്ക്ക് യാത്രയാക്കിയ പാത്രിയര്‍ക്കീസിനെ ബലത്താലെ മെത്രാനും സാമ്പാളൂര്‍ പാതിരിമാരും കൂടി പിടിച്ച് നമുക്ക് അനുഭവിക്കരുതെന്ന് കല്പിച്ചത്കൊണ്ടും ആ പാത്രിയര്‍ക്കീസ് മലങ്കരയ്ക്കു വന്ന് നമ്മുടെ കണ്ണുംമുന്നില്‍ കാത്തോളം നേരം (പൊടിവ്) ഇപ്പോള്‍ മലങ്കര വാഴുന്ന മാര്‍ ഫ്രഞ്ചിയൂസ് മെത്രാന്‍ നമുക്ക് മെത്രാനല്ല, നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല എന്ന് ഒന്മ. ശുദ്ധമാന പള്ളിയുടെ ക്രമത്തില്‍ തക്കവണ്ണം നമ്മുടെ എടവക വാഴുവാന്‍ മേല്പട്ടക്കാരന്‍ വേണ്ടുന്നതിന് ഇപ്പോള്‍തൊട്ട് തോമ്മാ അര്‍ക്കദിയാക്കോന്‍ തന്നെ വാണുകൊള്ളുകയും വേണമെന്ന് ഒന്മ. ഇതിന് വിചാരരായിട്ട് കല്ലിശ്ശേരി പള്ളിയില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും കടുത്തുരുത്തി പള്ളിയില്‍ കടവില്‍ ചാണ്ടിക്കത്തനാരും അങ്കമാലി പള്ളിയില്‍ വേങ്ങൂര്‍ ഗീവറുഗീസ് കത്തനാരും കുറവിലങ്ങാട്ടു പള്ളിയില്‍ പള്ളിവീട്ടില്‍ ചാണ്ടിക്കത്തനാരും ഇവര്‍ നാലുപേരും വിചാരക്കാരായിരുന്നു മൂവ്വാണ്ടില്‍ മൂവ്വാണ്ടില്‍ കൂടിവിചാരിച്ച് കല്പിച്ചു കൊള്‍കയും വേണം എന്ന് ഒന്മ. ഈ കല്പിച്ച മേക്ക് കടവില്‍ ചാണ്ടിക്കത്തനാര്‍ കയ്യെഴുത്ത്.
ഇപ്രകാരം ഒരു ഉടമ്പടി തീര്‍ത്ത് ഒപ്പിട്ടപടി എല്ലാവരും ആലങ്ങാട്ട് കൂടി തോമ്മാ അര്‍ക്കദിയാക്കോനെ പാത്രിയര്‍ക്കീസിന്‍റെ കല്പന അനുസരിച്ച് മെത്രാനായി വാഴിക്കയും ഇട്ടിത്തൊമ്മന്‍ കത്തനാര്‍ മുതലായ നാല് കത്തങ്ങളെ ആലോചനക്കാരായി നിയമിക്കുകയും ചെയ്തു.”
(1896-ലെ ഇടവകപത്രികയിലെ മുഖപ്രസംഗത്തില്‍ നിന്നും. പുസ്തകം 5, ലക്കം 3, ഈയോര്‍ – മീനം. ഇടവകപത്രികയിലെ മുഖലേഖനം എഴുതിയത് പത്രാധിപരായ ഇ. എം. ഫിലിപ്പ് തന്നെ ആകാനാണ് സാധ്യത.. ഇ. എം. ഫിലിപ്പിന്‍റെ പൂര്‍വികന്‍ ഇടവഴിക്കല്‍ പീലിപ്പോസ് കശ്ശീശാ എഴുത്തുകാരനും സുറിയാനി ഭാഷയിലും സഭാചരിത്രത്തിലും പണ്ഡിതനും ആയിരുന്നു. അദ്ദേഹവും പിന്‍ഗാമികളായ വൈദികരും ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും നാളാഗമരീതിയില്‍ എഴുതിവന്ന ‘ഇടവഴിക്കല്‍ ഡയറി’ എന്ന അപ്രകാശിത ഗ്രന്ഥത്തില്‍ നിന്നാണ് ഇ. എം. ഫിലിപ്പിന് ഈ പടിയോലയുടെ പകര്‍പ്പ് കണ്ടുകിട്ടിയത്.)