ബസ്സേലിയോസ് ഔഗേന്‍ കാതോലിക്കായുടെ സ്ഥാനാരോഹണം: മനോരമ റിപ്പോര്‍ട്ട്

ബസ്സേലിയോസ് ഔഗേന്‍ കാതോലിക്കായായി വാഴിക്കപ്പെട്ടു

സഭയില്‍ പരിപൂര്‍ണ്ണ സമാധാനമുണ്ടായെന്നു പാത്രിയര്‍ക്കീസ് ബാവായുടെ പ്രഖ്യാപനം
സ്ഥാനാരോഹണച്ചടങ്ങില്‍ ജനലക്ഷങ്ങള്‍ സംബന്ധിച്ചു

സ്റ്റാഫ് പ്രതിനിധി

കോട്ടയം, മെയ് 22 – ജനലക്ഷങ്ങള്‍ സംബന്ധിച്ച ഭക്തിനിര്‍ഭരവും ശാന്തഗംഭീരവുമായ ഒരു ചടങ്ങില്‍, അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ തിരുമേനി, മലങ്കര മെത്രാപ്പോലീത്താ ആയ ഔഗേന്‍ മാര്‍ തീമോത്തിയോസ് തിരുമേനിയെ മാര്‍ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കാ ആയി ഇന്ന് അവരോധിച്ചിരിക്കുന്നു.
എം. ഡി. സെമിനാരിയിലെ മാര്‍ ഏലിയാ ചാപ്പലിനോടനുബന്ധിച്ചു പ്രത്യേകം സജ്ജീകരിച്ചിരുന്ന മണ്ഡപത്തില്‍ നടത്തപ്പെട്ട സ്ഥാനാരോഹണ ശുശ്രൂഷയില്‍ നൂറുകണക്കിനു വൈദികരും, ലക്ഷോപലക്ഷം സഭാംഗങ്ങളും, സഹോദരീസഭകളുടെ പ്രതിനിധികളും, പ്രമുഖാതിഥികളും മറ്റും സംബന്ധിച്ചിരുന്നു.
പൗരസ്ത്യ കാതോലിക്കായെ വാഴിച്ചിരിക്കുന്നതോടെ മലങ്കരസഭ കലഹത്തിലും വഴക്കിലും നടന്ന കാലം മുഴുവനായി വിസ്മരിക്കണമെന്നും, സഭാസമാധാനം സമ്പൂര്‍ണ്ണമായിരിക്കുന്നതുകൊണ്ടു നമ്മുടെ സന്തോഷവും പൂര്‍ണ്ണമാണെന്നും സ്ഥാനാരോഹണച്ചടങ്ങിനു ശേഷം പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ചെയ്ത പ്രസംഗത്തില്‍ പ്രസ്താവിച്ചു.
ഭിന്നിപ്പിച്ച സഭയെ പ. പാത്രിയര്‍ക്കീസു ബാവാതിരുമേനി ഒന്നിപ്പിച്ച വസ്തുത മലങ്കരസഭ എന്നെന്നും സ്മരിക്കുമെന്നും പ. പത്രോസിന്‍റെ അന്തോഖ്യാ സിംഹാസനവും മാര്‍തോമായുടെ കാതോലിക്കാ സിംഹാസനവും രണ്ടാണെങ്കിലും ഒന്നു തന്നെയാണെന്നും മാര്‍ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാതിരുമേനി ചെയ്ത മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.
മലങ്കരസഭയുടെ ചരിത്രത്തിലെ അവിസ്മരണീയ സുദിനമായ ഇന്ന് പ്രഭാതമാകുന്നതിനു മുമ്പു തന്നെ സ്ഥാനാരോഹണ സ്ഥലത്തേക്കു ഭക്തജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. രാവിലെ 7.45-നു മാര്‍ തീമോത്തിയോസ് തിരുമേനിയും, 8 മണിക്കു പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയും പരിവാരങ്ങളും മാര്‍ ഏലിയാ ചാപ്പലിലെ സ്ഥാനാരോഹണ മണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. അനാരോഗ്യംമൂലം വിശ്രമിക്കുന്ന മാര്‍ തേവോദോസിയോസ്, പാമ്പാടി മാര്‍ ഗ്രിഗോറിയോസ് എന്നീ തിരുമേനിമാരൊഴിച്ചുള്ള മലങ്കരയിലെ മറ്റെല്ലാ തിരുമേനിമാരും, തൊഴിയൂര്‍ ഇടവകയുടെ മാര്‍ കൂറിലോസ്, കല്‍ദായ ഇടവകയുടെ മാര്‍ തോമ്മാ ധര്‍മ്മോ, എത്യോപ്യന്‍ സഭയിലെ അബുനാ മാര്‍ തെയോഫിലോസ്, അര്‍മ്മീനിയന്‍ സഭാ പ്രതിനിധി എന്നീ തിരുമേനിമാരും, സ്ഥാനാരോഹണ മണ്ഡപത്തില്‍ സന്നിഹിതരായിരുന്നു.
സ്ഥാനവസ്ത്രം
മാര്‍ തീമോത്തിയോസ് തിരുമേനിയെ സ്വസുഹൃത്തായ ഒസ്താത്തിയോസ് മാര്‍ കുറിയാക്കോസ് തിരുമേനിയാണു സ്ഥാനവസ്ത്രങ്ങള്‍ ആദ്യമായി സസന്തോഷം അണിയിച്ചത്. ശുശ്രൂഷയുടെ ആരംഭത്തോടുകൂടി എല്ലാ തിരുമേനിമാരും സ്ഥാനവസ്ത്രങ്ങള്‍ മാറിയ കാഴ്ച ഹൃദയാവര്‍ജ്ജകമായിരുന്നു. 8.50-ന് ആരംഭിച്ച വി. കുര്‍ബാനയിലെ ചില ഭാഗങ്ങള്‍ പാത്രിയര്‍ക്കീസുബാവാ തിരുമേനി തന്നെ മലയാളത്തില്‍ ചൊല്ലി, ബാക്കി ശുശ്രൂഷയുടെ ചില ഭാഗങ്ങള്‍ പൗലൂസ് മാര്‍ പീലക്സിനോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ്, ഒസ്താത്തിയോസ് മാര്‍ കുറിയാക്കോസ് എന്നീ തിരുമേനിമാരാണ് വായിച്ചത്.
തുബ്ദേന്‍ സമയത്തു പാത്രിയര്‍ക്കീസു ബാവാതിരുമേനി പാത്രിയര്‍ക്കീസിന്‍റെ സ്ഥാനമഹിമയ്ക്കനുയോജ്യമായതും വീതിയുള്ള കട്ടിക്കസവുകൊണ്ടു മനോഹരമായി ചിത്രപ്പണി ചെയ്തതുമായ വിലപിടിപ്പുള്ള കാപ്പ ധരിക്കുകയും തുടര്‍ന്നു 10.25-ന് മാര്‍ തീമോത്തിയോസ് തിരുമേനിയെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
പിന്നീട് മാര്‍ തീമോത്തിയോസ് തിരുമേനി, ദൈവത്തോടും, സഭയോടും പൂര്‍വ്വിക സഭാപിതാക്കന്മാരുടെ സത്യവിശ്വാസത്തോടും, അന്ത്യോഖ്യാ സിംഹാസനത്തോടും മറ്റും വിശ്വസ്തനായിരിക്കുന്നതാണെന്നുള്ള സത്യപ്രതിജ്ഞ വായിച്ചു.
അനന്തരം മാര്‍ തീമോത്തിയോസ് തിരുമേനിയെ തിരുമേനിമാര്‍ ഒരു കസേരയില്‍ ഉയര്‍ത്തുകയും എല്ലാവരും ചേര്‍ന്നു മൂന്നു പ്രാവശ്യം ഓക്സിയോസ് വിളിക്കുകയും ചെയ്തു. കസേരയില്‍ ഉയര്‍ത്തിയപ്പോള്‍ കാതോലിക്കാബാവാ തിരുമേനി സ്ളീബാകൊണ്ടു ജനങ്ങളെ ആശീര്‍വദിക്കുന്നുണ്ടായിരുന്നു. കാതോലിക്കാബാവാ തിരുമേനി, “നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവനെ ത്യജിക്കുന്നു” എന്ന വേദഭാഗം വായിച്ചു. തിരുമേനിയെ പാത്രിയര്‍ക്കീസുബാവാ തിരുമേനിയും മറ്റു തിരുമേനിമാരും ചേര്‍ന്ന് അംശവടി പിടിപ്പിക്കുകയും അംശവടി ഉയര്‍ത്തി കാതോലിക്കാബാവാ തിരുമേനി ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം പാത്രിയര്‍ക്കീസുബാവാ തിരുമേനിയും കാതോലിക്കാബാവാ തിരുമേനിയും പ്രസംഗിക്കുകയും പ്രസംഗം കഴിഞ്ഞു കാതോലിക്കാബാവാ തിരുമേനി വി. കുര്‍ബാന ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനമായി എത്യോപ്യന്‍ ചക്രവര്‍ത്തിയുടേയും സഭയുടേയും അര്‍മ്മീനിയന്‍ സഭയുടേയും ആശംസകള്‍ വായിക്കുകയും സമ്മാനങ്ങള്‍ തിരുമേനിമാര്‍ക്കു നല്‍കപ്പെടുകയും ചെയ്തു.

പാത്രിയര്‍ക്കീസ്ബാവാ
ചടങ്ങുകള്‍ക്കു മദ്ധ്യേ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ചെയ്ത പ്രസംഗം താഴെച്ചേര്‍ക്കുന്നു.

എന്‍റെ പ്രിയരേ, മുള്ളുകളുടെ ഇടയിലെ ശൂശാനപുഷ്പങ്ങളെപ്പോലെയാണെന്നു പറഞ്ഞിട്ടുള്ളതുപോലെ സഭ ലോകത്തിലെ മുള്ളുകളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന പുഷ്പമാണ്. സഭയ്ക്കു വിരോധമായി ഓരോ കാലത്ത് നാനാഭാഗങ്ങളില്‍ ഞെരുക്കങ്ങളും പീഡകളും ഉണ്ടായിട്ടുണ്ട്. സഭാമക്കളുടെ മദ്ധ്യത്തില്‍ തന്നെ ഇടയ്ക്കിടയ്ക്ക് കലഹങ്ങള്‍ തലപൊക്കിയിട്ടുണ്ട്. മലങ്കരസഭ പലവിധത്തില്‍ കലഹങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് ഇക്കാലഘട്ടത്തില്‍ എനിക്ക് ഇവിടെ വരേണ്ടി വന്നു. കലഹത്തിലും വഴക്കിലും നടന്ന കാലം മുഴുവനായി നാം വിസ്മരിച്ചുകളയണം. സഭയിലെ ഈ വഴക്കു മാറ്റുന്നതിനു വളരെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. തന്നിമിത്തം സഭ വളരെ ക്ഷീണിച്ചു പോയി. കലഹങ്ങളില്‍ നിന്ന് വിമുക്തി നേടാന്‍ പലരും ചിന്തിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ ഒരാളാണ് മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഏലിയാസ് തൃതീയന്‍ബാവാ തിരുമേനി. അദ്ദേഹം ഇവിടെ വന്നതു വഴക്കുകള്‍ തീര്‍ക്കാനായിരുന്നു. എന്നാല്‍ ബാവാതിരുമേനിക്കു അതിനവസരം ലഭിച്ചില്ല. അഥവാ ദൈവം അതിനദ്ദേഹത്തെ അനുവദിച്ചില്ല. ആകയാല്‍ സഭയ്ക്കു സമാധാനം നല്‍കേണ്ട ആവശ്യം ഉണ്ടായി. ഞാന്‍ പാത്രിയര്‍ക്കീസായശേഷം ഇക്കാര്യത്തെപ്പറ്റി ഗാഢമായി ചിന്തിക്കുകയും സിംഹാസനാരൂഢനായി ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് നിങ്ങള്‍ക്കറിവുള്ളതുപോലെ സമാധാനകല്പന അയയ്ക്കുകയും ചെയ്തു. അതു മൂലം കാലം ചെയ്ത പ. കാതോലിക്കാബാവായെ ഞാന്‍ സ്വീകരിക്കുകയുണ്ടായി.
അങ്ങനെ ഈ സഭയുടെ സമാധാനത്തിനു അടിസ്ഥാനമിടാന്‍ സാധിച്ചു. ഇപ്പോള്‍ ആ സമാധാനം പൂര്‍ണ്ണമാക്കേണ്ട ചുമതല കൂടി ഉണ്ട്. അതുകൊണ്ടാണ് വളരെ ദൂരെനിന്നും വന്നു ഞാന്‍ നിങ്ങളുടെ മദ്ധ്യത്തില്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
സമാധാനം
ഈ സമാധാനം പരിപൂര്‍ണ്ണമായിരിക്കുന്നതുകൊണ്ട് നമ്മുടെ സന്തോഷം സമ്പൂര്‍ണ്ണമായിരിക്കുന്നു (കരഘോഷം). ആകയാല്‍ ഇന്നത്തെ നമ്മുടെ സന്തോഷം അതിര്‍ത്തിയില്ലാത്തതാണ്.
എന്തുകൊണ്ടെന്നാല്‍ ഈ സഭയ്ക്കു പൗരസ്ത്യ കാതോലിക്കായെ വാഴിക്കുന്നതിനു ഇടയായി (കരഘോഷം). ഈ നല്ല പ്രവര്‍ത്തനം മൂലം സഭയ്ക്കു ഉല്‍കൃഷ്ടത ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്നു നടത്തിയ സ്ഥാനാരോഹണ ശൂശ്രൂഷ മൂലം ഈ സഭയുടെ സമാധാനത്തിനു വേണ്ടി ശ്രമിച്ചവരെല്ലാം സന്തോഷിക്കുക തന്നെ ചെയ്യും. ഈ സുദിനം കാണാന്‍ നിങ്ങളുടെ പിതാക്കന്മാരും അവരുടെ പിതാക്കന്മാരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ക്കിതു സാധിച്ചില്ല. ഇന്നവര്‍ ആത്മാവില്‍ സന്തോഷിക്കുന്നുണ്ടാവും. ഈ നല്ല സംഗതിയില്‍ എല്ലാവരും സന്തോഷിക്കുക തന്നെ വേണം. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്വീകരണം
നാം ഇപ്പോള്‍ മാര്‍ ഔഗേനെ കാതോലിക്കായായി വാഴിച്ചു എന്നതു മാത്രമല്ല, നമ്മില്‍നിന്നും അകന്നുനിന്ന മെത്രാപ്പോലീത്താമാരെയും, സകല പുരോഹിതന്മാരെയും നാം സ്വീകരിച്ചിരിക്കുന്നു. ഈ മെത്രാപ്പോലീത്തന്മാരെ മെത്രാപ്പോലീത്തന്മാരായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. പുരോഹിതന്മാരെ സത്യപുരോഹിതന്മാരായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. അപ്രകാരം തന്നെ സകല അവൈദികര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു.
ആകയാല്‍ നിങ്ങള്‍ മേലില്‍ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും കൂടാതെ എന്‍റെ ഈ സന്ദേശം സ്വീകരിക്കണം. നാം ഇവരെ എപ്രകാരം സ്വീകരിക്കുന്നുവോ അപ്രകാരം നിങ്ങളും സ്വീകരിക്കണം. നാം നിങ്ങളുടെ സഭയുടെ ഇടയനെന്നു നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ നമ്മുടെ വചനം അനുസരിക്കതന്നെ ചെയ്യണം. ഈ നല്ല പ്രവൃത്തിയില്‍ ഞാന്‍ നിങ്ങളെ അനുമോദിക്കുന്നു. പൗരസ്ത്യ കാതോലിക്കായ്ക്കു ദൈവം സന്തോഷവും അഭിവൃദ്ധിയും നല്‍കുമാറാകട്ടെ. അദ്ദേഹത്തിന്‍റെ ഭരണകാലത്തു സഭ ഉന്നതിയും ശ്രേഷ്ഠതയും പ്രാപിക്കട്ടെ. അപ്രകാരം എല്ലാ മെത്രാപ്പോലീത്താമാരെയും നാം അനുമോദിക്കുന്നു. സിറിയയിലുള്ള എല്ലാ സഭാമക്കളും ഈ പ്രവൃത്തിയില്‍ സന്തോഷിക്കുന്നുണ്ട്.
നമ്മുടെ സഹോദരനായ കാതോലിക്കാ ബാവാതിരുമേനിയെയും മറ്റു മെത്രാപ്പോലീത്താമാരെയും സിറിയയിലേക്കു ഞാന്‍ ക്ഷണിച്ചുകൊള്ളുന്നു. നമ്മുടെ ഈ പ്രവൃത്തിയില്‍ ആകമാനസഭ സന്തോഷിക്കാന്‍ ഇവര്‍ അവിടെ വരണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ദൈവം സഭയ്ക്ക് അഭിവൃദ്ധിയും ഉല്‍ക്കൃഷ്ടതയും നല്‍കട്ടെ. ആയതു ദൈവമാതാവായ വി. മറിയാമ്മിന്‍റെയും മാര്‍ത്തോമ്മാ ശ്ളീഹായുടെയും സര്‍വ പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍ തന്നെ.
കാതോലിക്കാബാവായുടെ പ്രസംഗം
മലങ്കരസഭയില്‍ ക്രമേണ ഉണ്ടായ സമാധാനം പൂര്‍ണ്ണ നിലയില്‍ എത്തിയിരിക്കുകയാണ്. സഭയിലെ ഭിന്നതകള്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ഇന്നു തുടച്ചുനീക്കി. ഇന്നു സ്വര്‍ഗ്ഗത്തില്‍ സന്തോഷമാണ്. മാലാഖമാര്‍ സന്തോഷിക്കുന്നു. സിനഡിന്‍റെ അപേക്ഷപ്രകാരം ബലഹീനനായ എന്നെ അഭിഷേകം ചെയ്തിരിക്കുകയാണ്. പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസുബാവാ ഭിന്നതയില്‍ നിന്നു സഭയെ നീക്കി ഒന്നിപ്പിച്ചിരിക്കുന്നതുകൊണ്ടു തിരുമേനിയെ മലങ്കരസഭ എക്കാലവും സ്മരിക്കുകതന്നെ ചെയ്യും. ഞാന്‍ ആജീവനാന്തം തിരുമേനിയെ സ്നേഹിക്കുകയും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ പ്രമാണങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
പ. പത്രോസിന്‍റെ സിംഹാസനമായ അന്ത്യോഖ്യാ സിംഹാസനമാണ് മാര്‍ത്തോമ്മായുടെ സിംഹാസനത്തേക്കാള്‍ മെച്ചം. കാലഗതിയില്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ സിംഹാസനത്തിന് അല്‍പ്പം ഗ്രഹപ്പിഴ വന്നു. അന്ത്യോഖ്യാ സിംഹാസനത്തെ സ്നേഹിക്കുന്നവര്‍ക്കു തോമ്മാശ്ളീഹായുടെ സിംഹാസനത്തെ സ്നേഹിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. രണ്ടും രണ്ടാണെങ്കിലും ഒന്നു തന്നെയാണ്. എല്ലാവരും പാത്രിയര്‍ക്കീസ് ബാവാതിരുമേനിയുടെ കല്‍പ്പന അക്ഷരംപ്രതി അനുസരിക്കണം. ആജീവനാന്തം പാലിക്കണം. എന്‍റെ ഭാരിച്ച കര്‍ത്തവ്യം നിറവേറ്റാന്‍ എല്ലാവരും സഹകരിക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിച്ച ഇതര സഭാപ്രതിനിധികള്‍ക്കു നന്ദി പറഞ്ഞുകൊണ്ടു തിരുമേനി പ്രസംഗം ഉപസംഹരിച്ചു.
ഒടുവില്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ ആശംസാസന്ദേശം അംഹാരിക്കു ഭാഷയില്‍ അദ്ദേഹത്തിനു വേണ്ടി പ്രതിനിധി വായിച്ചു. തുടര്‍ന്ന് അത് ഇംഗ്ലീഷിലും മലയാളത്തിലും തര്‍ജ്ജിമ ചെയ്യുകയും ചെയ്തു. എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ വകയായുള്ള മനോഹരമായ കാപ്പയും, വടിയും, സ്ളീബായും പ. കാതോലിക്കാബാവാ തിരുമേനിക്കും എത്യോപ്യന്‍ സഭയിലെ ആരാധനാക്രമത്തിന്‍റെ ഓരോ പ്രതി രണ്ടു ബാവാതിരുമേനിമാര്‍ക്കും ആബുനാ മാര്‍ തിയോഫിലോസ് തിരുമേനി സമ്മാനിച്ചു. ഇതിനും പുറമേ മലങ്കരസഭയിലെ എല്ലാ തിരുമേനിമാര്‍ക്കും ഓരോ സ്വര്‍ണ്ണക്കുരിശും ആബുനാ മാര്‍ തിയോഫിലോസ് നല്‍കി.
അര്‍മ്മീനിയന്‍ സഭയുടെ സുപ്രീംകാതോലിക്കായായ വസ്ക്കന്‍ തിരുമേനി കൊടുത്തയച്ച സ്വര്‍ണ്ണ സ്ളീബാ പ്രസ്തുത സഭാപ്രതിനിധി കാതോലിക്കാബാവാ തിരുമേനിക്കു സമ്മാനിച്ചു.

മലങ്കരസഭയ്ക്കു വിപുലമായ സേവന സാദ്ധ്യതകള്‍

കാതോലിക്കാ സ്ഥാനാരോഹണ സമ്മേളനത്തിലെ
പ്രസംഗങ്ങളും മംഗളപത്ര സമര്‍പ്പണവും

കോട്ടയം, മെയ് 22 – കാതോലിക്കാ സ്ഥാനാരോഹണത്തോടെ മലങ്കരയില്‍ പരിപൂര്‍ണ്ണ ഐക്യമുണ്ടായി സഭ പൂര്‍വാധികം ശക്തിപ്പെട്ടുവെന്നും ഇനിയും സഭയ്ക്കു വിപുലമായ സേവനരംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയും കര്‍ത്തവ്യവും ഉണ്ടെന്നും ഇന്നുച്ചയ്ക്കു ചേര്‍ന്ന സ്വീകരണ പൊതുസമ്മേളനത്തിലെ പ്രസംഗകര്‍ അനുസ്മരിപ്പിക്കുകയുണ്ടായി.
ഈ യോഗത്തില്‍ വച്ചു മലങ്കരസഭ വകയായുള്ള മംഗളപത്രം പാത്രിയര്‍ക്കീസുബാവാ തിരുമേനിക്കു നല്‍കുകയും അഭിനവ കാതോലിക്കായെ അനുമോദിക്കുകയും ചെയ്യുകയുണ്ടായി. യോഗത്തില്‍ എറണാകുളം ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് പാറേക്കാട്ടില്‍ തിരുമേനി അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യക്ഷ പ്രസംഗം
അദ്ധ്യക്ഷ പ്രസംഗത്തില്‍ തിരുമേനി ഇങ്ങനെ പറഞ്ഞു. കേരളത്തിലെ വിവിധ സഭാമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും പങ്കെടുക്കുന്ന ഈ സമ്മേളനം കേരള ചരിത്രത്തിലെ അഭൂതപൂര്‍വമായ ഒരു മഹാ സമ്മേളനമാണ്.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസു ബാവാതിരുമേനി സമാധാനത്തിന്‍റേയും സൗഹാര്‍ദ്ദത്തിന്‍റേയും സന്ദേശവാഹകനായിട്ടാണു കേരളത്തിലേയ്ക്കു വന്നിരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ മാത്രമല്ല വിവിധ സമുദായങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് ഒരു ദേശീയ ഐക്യനിര സൃഷ്ടിക്കേണ്ടതാവശ്യമാണ്. ക്രൈസ്തവ സഭൈക്യത്തിനു വേണ്ടി കാലം ചെയ്ത ജോണ്‍ മാര്‍പ്പാപ്പാ തിരുമേനി ചെയ്ത സേവനങ്ങളെ പാറേക്കാട്ടില്‍ തിരുമേനി അനുസ്മരിച്ചു.
മുഖ്യമന്ത്രി ശങ്കര്‍
വിദ്യാഭ്യാസരംഗം ഉള്‍പ്പെടെയുള്ള സാമൂഹ്യരംഗങ്ങളില്‍ക്കൂടി കേരളത്തിലെ ക്രൈസ്തവസഭ രാജ്യത്തിനു നല്‍കിയിട്ടുള്ള മഹത്തായ സെവനങ്ങളെ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ പ്രത്യേകം അഭിനന്ദിച്ചു. അദ്ദേഹം ചെയ്ത അനുമോദനപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു. കേരളം എല്ലാത്തരത്തിലുള്ള സഹിഷ്ണുതയ്ക്കും പ്രത്യേകിച്ചു മതസഹിഷ്ണുതയ്ക്കും കീര്‍ത്തി കേട്ടിട്ടുണ്ട്. ചെറിയ ഈ സംസ്ഥാനത്തെപ്പോലെ വിഭിന്ന മതങ്ങള്‍ സ്വൈര്യമായിക്കഴിയുന്ന ചരിത്രം വേറെങ്ങും കാണുകയില്ല. വിവേകശാലികളും വിശാലവീക്ഷണമുള്ളവരുമാണ് കേരളത്തിലെ ജനങ്ങള്‍. മതത്തിന്‍റെ ലക്ഷ്യം ആദ്ധ്യാത്മികമാണെന്നും ദൈവം ഒന്നേയുള്ളൂ എന്നും അവര്‍ക്കറിയാം എന്നതാണു മതത്തിന്‍റെ പേരില്‍ ഇവിടെ സംഘട്ടനമില്ലാത്തതിന്‍റെ കാരണം. ബാവാ തിരുമേനിയുടെ ആഗമനം മൂലം ഇവിടെ സംജാതമായിരിക്കുന്ന മഹത്തായ പ്രചോദനം സമുദായത്തിന്‍റെയും തദ്വാരാ രാജ്യത്തിന്‍റെയും നവോത്ഥാനത്തിനും അവരവരുടെ പങ്കു വഹിക്കുന്നതിനും ഇടയാക്കിത്തീര്‍ക്കട്ടെ.
യൂഹാനോന്‍ മാര്‍ത്തോമ്മാ
മലങ്കരസഭയില്‍ അനുഗ്രഹാശ്ശിസ്സുകളുടെ മഹാമാരി സര്‍വശക്തനായ ദൈവം വര്‍ഷിച്ചു കഴിഞ്ഞിരിക്കുകയാണെന്നു യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി പ്രസ്താവിച്ചു (പ്രസംഗവേളയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു). തിരുമേനി തുടര്‍ന്നു:- ഒഴുക്കിന്‍റെ ഗതിക്കനുസരണമായി ഒഴുകാന്‍ കൂട്ടാക്കാതെ ഒഴുകേണ്ട ചാനലിലൂടെ ഗതി തിരിച്ചുവിടാന്‍ തയാറായ മഹോന്നതനാണു പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി. ഒരു വ്യാഴവട്ടക്കാലത്തോളം മലങ്കരയില്‍ താമസിച്ചു സഭയുടെ ആവശ്യങ്ങളും കഴിവും മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാണ് ഇങ്ങനെ ധീരമായ ഒരു നിലപാട് സ്വീകരിക്കാന്‍ തിരുമേനിക്കു കഴിഞ്ഞത്. ഇനിയും സഭയിലെ ഐക്യം സുദൃഢമാക്കേണ്ട കടമ ജനങ്ങളുടേതാണ്.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഒഴികെയുള്ള മറ്റെല്ലാ സിംഹാസനങ്ങളുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യം ക്രൈസ്തവ സഭയുടെ ഭാവിയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നതെന്നും തിരുമേനി പ്രസ്താവിച്ചു.
ബിഷപ്പ് ജോണ്‍
സി. എസ്. ഐ. ബിഷപ്പ് എം. എം. ജോണ്‍ തിരുമേനി ചെയ്ത പ്രസംഗത്തില്‍ കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് ഇന്നൊരു പുണ്യദിനമാണെന്നു പ്രസ്താവിച്ചു.
ഒരു ഐക്യ മലങ്കരസഭയെ കാണാന്‍ കഴിഞ്ഞതില്‍ തെന്നിന്ത്യാ സഭയ്ക്കു സംതൃപ്തിയുണ്ട്. പ. പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനമാണ് ഈ ഐക്യം സാധ്യമാക്കിത്തീര്‍ത്തത്. കേരളത്തില്‍ താമസിച്ചിരുന്ന തിരുമേനി അന്ത്യോഖ്യായിലേയ്ക്കു മടങ്ങുമ്പോള്‍ ഒരു പാത്രിയര്‍ക്കീസ് ബാവായായി മടങ്ങിവരട്ടെ എന്നു തന്‍റെ മുന്‍ഗാമി ബിഷപ്പ് ജേക്കബ് തിരുമേനി ആശംസിച്ചിരുന്നു. ആശംസ ഇന്നു സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. കാലംചെയ്ത കാതോലിക്കാബാവാ തിരുമേനി തനിക്കും തന്‍റെ മുന്‍ഗാമിക്കും വജ്റഖചിതമായ മോതിരവും കുരിശുമാലയും സമ്മാനിച്ച കാര്യവും തിരുമേനി അനുസ്മരിച്ചു.
ഗോവിന്ദന്‍ നായര്‍
മന്ത്രി ശ്രീ. എം. പി. ഗോവിന്ദന്‍നായര്‍ ഇങ്ങനെ പറഞ്ഞു. നിശ്ചയ ദാര്‍ഢ്യം, സൗഹൃദം, സഹിഷ്ണുത എന്നിവയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവീനാദ്ധ്യായം കേരളത്തിന്‍റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത സുദിനമാണിന്ന്. അഭിപ്രായവ്യത്യാസം നിലവിലിരുന്ന സഭയില്‍ പൂര്‍ണ്ണ ഐക്യം പ്രഖ്യാപിക്കുന്ന സന്ദേശമാണിന്നു രാവിലെ ഇവിടെ കേട്ടത്. ഈ രാജ്യം നന്നാകണമെന്നാഗ്രഹിക്കുന്ന ഈശ്വരവിശ്വാസികള്‍ക്ക് ആനന്ദം നല്‍കുന്ന സന്ദേശമാണിത്.
പാത്രിയര്‍ക്കീസിന്‍റെ മറുപടി
മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതുകൊണ്ട് താന്‍ സമാധാനദൗത്യം അവസാനിപ്പിക്കുകയില്ലെന്നും ക്രൈസ്തവലോകത്തിന്‍റെ മുഴുവന്‍ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്നും അന്ത്യോഖ്യായുടെ പ. ഇഗ്നാത്യോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി മലങ്കരസഭ നല്‍കിയ മംഗളപത്രത്തിനു മറുപടിയായി പ്രസ്താവിച്ചു. തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയാണ് മംഗളപത്രം വായിച്ചു സമര്‍പ്പിച്ചത്. മലങ്കരസഭയില്‍ സമാധാനം ഉണ്ടായതില്‍ അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി പറഞ്ഞു. ഒറ്റക്കെട്ടായിനിന്ന് രാജ്യത്തിന്‍റെ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള നാനാജാതി മതസ്ഥരായ ജനങ്ങളുടെ സന്നദ്ധതയാണ് ഇന്നത്തെ യോഗത്തിലൂടെ അവര്‍ പ്രകടമാക്കിയിരിക്കുന്നത്. അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട ചുമതല നമുക്കുണ്ട്.
ക്രൈസ്തവ ഐക്യത്തിനുവേണ്ടി മറ്റു സഭാ മേലധ്യക്ഷന്മാരുമായും നാം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുടെ ലക്ഷ്യപ്രാപ്തിയില്‍ നാം ഒരിക്കലും ഉദാസീനത കാണിച്ചിട്ടില്ല. ഇക്കഴിഞ്ഞ വത്തിക്കാന്‍ സുന്നഹദോസിലേയ്ക്ക് നാം പ്രതിപുരുഷനെ അയയ്ക്കുകയുണ്ടായി. മാര്‍പ്പാപ്പാ തിരുമേനിയുമായും എഴുത്തുകുത്തുകള്‍ നടത്തിയിട്ടുണ്ട്.
മാര്‍പ്പാപ്പാ തിരുമേനിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് നമുക്കൊരു കത്തു ലഭിച്ചിരുന്നു. അതില്‍ ഇരുസഭകളും തമ്മിലുള്ള സാഹോദര്യബന്ധം വ്യക്തമാക്കിയിട്ടുണ്ട്. ആദിമനൂറ്റാണ്ടു മുതല്‍ അറിയപ്പെട്ടിരുന്ന പ. പാത്രിയര്‍ക്കീസ് സിംഹാസനങ്ങളില്‍ ഒന്നാമത്തേത് അന്ത്യോഖ്യയുടേതായിരുന്നുവെന്നും പ. ബാവാ തിരുമേനി ചൂണ്ടിക്കാട്ടി.
കാതോലിക്കാബാവായുടെ മറുപടി
പാത്രിയര്‍ക്കീസ്ബാവാ തിരുമനസ്സിലെ സന്ദര്‍ശനത്തോടെ മലങ്കരസഭയില്‍ സംസ്ഥാപിതമായിട്ടുള്ള സമാധാനം ശാശ്വതമായി നിലനിറുത്തുവാന്‍ സഭാംഗങ്ങള്‍ ഒന്നടങ്കം അകമഴിഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണമെന്നു കാതോലിക്കാബാവാ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ തിരുമേനി തനിക്കു നല്‍കിയ അനുമോദനത്തിനു മറുപടിയായി പ്രസ്താവിച്ചു.
കാതോലിക്കാബാവാതിരുമേനി ഇങ്ങനെ തുടര്‍ന്നു പറഞ്ഞു. പരിശുദ്ധ പാത്രിയര്‍ക്കീസുബാവാ തിരുമേനിയുടെ സന്ദര്‍ശനത്തോടെ എല്ലാമായി എന്നു വിചാരിച്ചു നാം അലസരായിക്കൂടാ. സഭാസമാധാനത്തെ മുമ്പെന്നത്തേക്കാളും സുദൃഢമാക്കിത്തീര്‍ക്കുന്നതിനുള്ള കര്‍മ്മപരിപാടികളുമായി ഇനിയുമാണ് നാം മുമ്പോട്ടു പോകേണ്ടിയിരിക്കുന്നത്. മലങ്കര സുറിയാനിക്കാര്‍ മാത്രമല്ല മലയാളികളെല്ലാം വഴക്കാളികളാണെന്ന പേരു പണ്ടേയുണ്ട്. പക്ഷേ, സ്നേഹത്തിന്‍റെ മായാശക്തിക്ക് എല്ലാ പ്രശ്നങ്ങളേയും അവസാനിപ്പിക്കുന്നതിനു കഴിയും. കുമ്മായം ചേര്‍ത്തു കല്ലുകള്‍ അടുക്കിവച്ചു മന്ദിരം പണിയുന്നതുപോലെ സ്നേഹമാകുന്ന കുമ്മായം ഉപയോഗിച്ച് ശക്തിമത്തായ ഒരു പുതിയ സമുദായസൗധം നമുക്കു പടുത്തുയര്‍ത്താം.
പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനി മടങ്ങിപ്പോകുന്നതോടെ പല വ്യാഖ്യാനങ്ങളും ഇനിയും ഉണ്ടായെന്നു വരാം. പക്ഷേ, പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയുടെ പരിശുദ്ധമായ സാന്നിദ്ധ്യംകൊണ്ടു സംജാതമായിട്ടുള്ള സമാധാനത്തെ ഇല്ലായ്മ ചെയ്യുവാന്‍ നാം ഒരിക്കലും അനുവദിക്കരുത്.
അധികാരം എപ്പോഴും മുള്‍ക്കിരീടമാണെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. ആത്മീയ മക്കളായ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴി ബലഹീനനായ എന്നെ ദൈവം ശക്തനാക്കിത്തീര്‍ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഉപദേശങ്ങളും അഭ്യര്‍ത്ഥിച്ചുകൊണ്ട് തിരുമേനി പ്രസംഗം ഉപസംഹരിച്ചു.
പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയെ അനുഗമിക്കുന്ന തിരുമേനിമാര്‍, എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ പ്രതിനിധി ബ്ളാട്ടോ മഴ്സി ഹസ്സന്‍ കാര്‍ക്കോസ്സ്, അര്‍മ്മീനിയന്‍ ആര്‍ച്ചുബിഷപ്പ് അബ്രഹാമിയന്‍, എത്യോപ്യന്‍ സഭാപ്രതിനിധി അബൂനാ തെയോഫിലോസ്, മന്ത്രിമാരായ ഇ. പി. പൗലൂസ്, റ്റി. എ. തൊമ്മന്‍, ജില്ലാ കലക്ടര്‍ പി. ജി. മുരളീധരന്‍, മലങ്കരയിലെ തിരുമേനിമാര്‍ തുടങ്ങിയവര്‍ അദ്ധ്യക്ഷവേദിയില്‍ സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി ശ്രീ എ. എം. തോമസ് സ്വാഗതവും ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി കൃതജ്ഞതയും പറഞ്ഞു.
ഫിലിം ചെയ്തു
ആലപ്പുഴ ഉദയാ സ്റ്റുഡിയോക്കാര്‍, സ്ഥാനാരോഹണച്ചടങ്ങുകളും എതിരേല്പു ഘോഷയാത്രയും ഫിലിം ചെയ്തിരുന്നു. അഖിലേന്ത്യാ റേഡിയോയുടെ തിരുവനന്തപുരം നിലയം നടപടികള്‍ റിക്കാര്‍ഡ് ചെയ്തു.
ജനലക്ഷങ്ങളെ നിയന്ത്രിക്കുന്നതില്‍ ഡി. എസ്. പി. ശ്രീ. ബാലഗംഗാധരമേനോന്‍റെയും ഡി. വൈ. എസ്. പി. ശ്രീ. കെ. വി. ഉമ്മന്‍റെയും നേതൃത്വത്തില്‍ പോലീസ് നിര്‍വഹിച്ച സേവനവും ജില്ലാ ഹോംഗാര്‍ഡ്സ്, സ്ക്കൗട്ട്സ് എന്നിവരുടെ സേവനവും എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.
ഹാരാര്‍പ്പണം
അദ്ധ്യക്ഷവേദിയില്‍ ഉപവിഷ്ടരായിരുന്ന പ. ബാവാ തിരുമേനിമാരെ മന്ത്രി ഈ. പി. പൗലൂസ്, ഫാ. വി. എം. ഗീവറുഗീസ്, മെ. സി. ജെ. കുര്യന്‍, ഈപ്പന്‍ തോമസ് പാലാമ്പടം, മനോരമ ചീഫ് എഡിറ്റര്‍ കെ.എം. ചെറിയാന്‍, ഈ. ജെ. ജോസഫ്, ഡോ. ചാക്കോ ജോര്‍ജ്, കുര്യന്‍ ഉതുപ്പ് കരയോരം, റ്റി. പി. പീലിപ്പോസ്, പി. സി. ഏബ്രഹാം പടിഞ്ഞാറേക്കര, ഇട്ടി കുര്യന്‍, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ചീഫ് എന്‍ജിനീയര്‍ ശ്രീ. വി. എം. മാത്യു, എന്‍ജിനീയര്‍ ശ്രീ. കെ. സി. ജോര്‍ജ് തുടങ്ങിയവര്‍ ഹാരമണിയിച്ചു. പ. കാതോലിക്കാബാവാ തിരുമേനിക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഭാ മേലദ്ധ്യക്ഷന്മാരയച്ചിരുന്ന സന്ദേശങ്ങള്‍ ഫാ. കെ. ഫീലിപ്പോസ് വായിച്ചു.
ഘോഷയാത്ര
ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്കുള്ള ഘോഷയാത്ര 5.45-ന് ആരംഭിച്ചു. വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്രയില്‍ പൊന്‍, വെള്ളി കുരിശുകളുടേയും മുത്തുക്കുടകളുടേയും പിന്നിലായി കമനീയമായി അലങ്കരിച്ചിരുന്ന ഒരു രഥത്തില്‍ പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയും പ. കാതോലിക്കാ ബാവാതിരുമേനിയും ഉപവിഷ്ടരായിരുന്നു. കോട്ടയത്തെ കൊമേര്‍ഷ്യല്‍ ആര്‍ട്ട് സെന്‍ററാണ് മനോഹരമായ ഈ രഥം നിര്‍മ്മിച്ചത്.
എം. ഡി. സെമിനാരിയില്‍ നിന്നു മുക്കാല്‍ മണിക്കൂറു കൊണ്ടാണ് ഘോഷയാത്ര കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേര്‍ന്നത്.
ചെറിയൊരു മഴയുണ്ടായിരുന്നിട്ടു കൂടി ആയിരക്കണക്കിനു ഭക്തജനങ്ങളും അനേകം വാഹനങ്ങളും ഘോഷയാത്രയില്‍ സംബന്ധിച്ചിരുന്നു.
കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ചിന്‍റെ മുമ്പില്‍ വച്ച് മദ്ധ്യകേരള മഹായിടവകയുടേയും അസന്‍ഷന്‍ ചര്‍ച്ചിന്‍റെയും വകയായി തിരുമേനിമാര്‍ക്ക് സ്വീകരണം നല്‍കപ്പെട്ടു. വികാരി റവ. എം. സി. മാണിയും ചര്‍ച്ചു കമ്മിറ്റിയംഗങ്ങളും തിരുമേനിമാര്‍ക്ക് ഹാരങ്ങളര്‍പ്പിക്കുകയും ബൊക്കെകള്‍ നല്‍കുകയും ചെയ്തു.
കണ്ടച്ചിറ സ്റ്റോഴ്സിന്‍റെ വകയായും ഹാരങ്ങളര്‍പ്പിക്കപ്പെട്ടു. ആലക്തിക ദീപങ്ങളാല്‍ അലംകൃതമായിരുന്ന കാതോലിക്കേറ്റ് അരമനയിലേയ്ക്ക് 6.30-നു തിരുമേനിമാര്‍ പ്രവേശിച്ചു.
അരമനച്ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം പ. തിരുമേനിമാര്‍ കാലം ചെയ്ത പ. കാതോലിക്കാബാവാ തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി.
പുതിയ അരമനയില്‍ നിന്നുകൊണ്ടു പ. പാത്രിയര്‍ക്കീസു ബാവാതിരുമേനി ഭക്തജനങ്ങള്‍ക്കു വാഴ്വു നല്‍കി. തുടര്‍ന്നു നടന്ന ഗംഭീരമായ വെടിക്കെട്ടു തിരുമേനിമാര്‍ അരമനയുടെ മട്ടുപ്പാവിലിരുന്നുകൊണ്ടു ദര്‍ശിച്ചു. കേന്ദ്രമന്ത്രി എ. എം. തോമസും സന്നിഹിതനായിരുന്നു.

മലങ്കരസഭ ഇനിയുമാണു പ്രവര്‍ത്തിക്കേണ്ടത്
പാത്രിയര്‍ക്കീസ് ബാവാ സമാധാനശില്‍പ്പി:
മന്ത്രി എ. എം. തോമസിന്‍റെ പ്രസംഗം

കോട്ടയം, മെയ് 22 – മലങ്കരസഭ കലഹങ്ങള്‍ മൂലം പത്തു പഞ്ചവല്‍സര പദ്ധതികളുടെ കാലഘട്ടം നഷ്ടപ്പെടുത്തിയതിനാല്‍ ഇനിയുമാണു കാര്യമായി പ്രവര്‍ത്തിക്കേണ്ടതെന്നു മന്ത്രി എ. എം. തോമസ് പ്രസ്താവിച്ചിരിക്കുന്നു.
മലങ്കരസഭാ സമാധാനത്തിന്‍റെ ശില്പിയായി പ. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയെ ഭാവിതലമുറ കാണുമെന്നും മന്ത്രി പറഞ്ഞു. സ്ഥാനാരോഹണത്തിനുശേഷം നടന്ന സ്വീകരണയോഗത്തില്‍ ചെയ്ത സ്വാഗത പ്രസംഗത്തിലാണദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ശ്രീ. തോമസ് ഇങ്ങനെ തുടര്‍ന്നു:- ഒരു വ്യാഴവട്ടക്കാലം ഇവിടെ താമസിച്ചിരുന്ന പ. പിതാവിനു കേരളത്തിലെ പൗരത്വമുണ്ട്. അതായതു പ. പത്രോസിന്‍റെ സിംഹാസനത്തില്‍ വാഴുന്ന പ്രഥമ മലയാളിയാണ് ഈ പാത്രിയര്‍ക്കീസ് തിരുമേനി എന്നു പറയാം.
മലങ്കരസഭയിലെ ഭിന്നതകള്‍ അര നൂറ്റാണ്ടുകാലം നീണ്ടുനിന്നുവെങ്കിലും അന്ത്യോക്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ ഭക്തിക്കോ, ബഹുമാനത്തിനോ സ്നേഹത്തിനോ യാതൊരു കുറവും സംഭവിച്ചിരുന്നില്ല. അന്ത്യോക്യാ സിംഹാസനവും മലങ്കരയുമായുള്ള ബന്ധം സുദൃഢമാക്കുക മാത്രമല്ല അതു ലോകാവസാനത്തോളം നിലനില്‍ക്കത്തക്കവിധം അരക്കിട്ടുറപ്പിക്കുകയാണു പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ചെയ്തിരിക്കുന്നത്.
ഇന്നു കാതോലിക്കായായി വാഴിക്കപ്പെട്ട പ. ബസ്സേലിയോസ് ഔഗേന്‍ ഒന്നാമന്‍ തിരുമേനി തികച്ചും ദൈവദത്തമായ കിരീടമാണ് അണിഞ്ഞിരിക്കുന്നത്. ദൈവഭക്തിയുടെയും വിനയത്തിന്‍റെയും കാര്യത്തില്‍ ബാവാ തിരുമേനി മറ്റാരുടെയും പിന്നിലല്ല. സഭയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍വേണ്ടി തിരുമേനി നടത്തിയിട്ടുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ പ്രതിഫലമാണിന്നു തിരുമേനിക്കു ലഭിച്ചത്.
ഇനിയും പ്രവര്‍ത്തിക്കണം
പ. പാത്രിയര്‍ക്കീസ് ബാവാ എഴുന്നള്ളി, സമാധാനം നിലവില്‍ വന്നു. ഇനിയുമാണു നാം സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നത്. പത്തു പഞ്ചവല്‍സരപദ്ധതികളുടെ കാലഘട്ടം കലഹത്തിലൂടെ നാം നഷ്ടപ്പെടുത്തി. അതുകൊണ്ടു ക്രൈസ്തവസഭയുടെ ചുമതലകള്‍ നാം നല്ലതുപോലെ മനസ്സിലാക്കി മറ്റു സഹോദരീസഭകളെയും മതവിഭാഗക്കാരെയും കൂട്ടുപിടിച്ചു മുന്നോട്ടു പോകുകയാണു വേണ്ടതെന്നും ശ്രീ. തോമസ് പറഞ്ഞു.

HH Augen I Catholicos: Old Photos