മാര്‍ സേവേറിയോസിന് ദേവലോകം അരമനയില്‍ സ്വീകരണം നല്‍കി

ചരിത്രപരമായ സുപ്രീംകോടതി വിധിക്ക് ശേഷം ദേവലോകം അരമനയില്‍ എത്തിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായും  മുന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് ദേവലോകം അരമനയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഏറ്റവും ധന്യമായ നിമിഷങ്ങള്‍ക്കാണ് ദേവലോകം അരമന സാക്ഷ്യം വഹിച്ചത്.  പരിശുദ്ധ ബാവാ തിരുമേനി പുഷ്പഹാരം  നല്‍കി സേവേറിയോസ് തിരുമേനിയെ സ്വീകരിച്ചു. സഭയുടെ യശ്ശസ്സുയര്‍ത്തിയ അഭിവന്ദ്യ സേവേറിയോസ് തിരുമേനിക്ക് എന്‍റെ എളിയ സ്വീകരണം എന്ന ആശംസയോടെയാണ് പരിശുുദ്ധ ബാവാ സേവേറിയോസ് തിരുമേനിയെ സ്വീകരിച്ചത്.ചുറ്റും നിന്നവരുടെ കണ്ണുകള്‍ ആനന്ദാശ്രുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു.
കോലഞ്ചേരിയില്‍ നീതിക്കായുള്ള പോരട്ടത്തില്‍ നിരാഹാരമനുഷ്ഠിച്ച സാഹചര്യത്തില്‍ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സമ്മേളന നഗരി സന്ദര്‍ശിച്ചപ്പോള്‍ നിസ്സാഹായാവസ്ഥയില്‍ വിങ്ങിപ്പൊട്ടിയ സാഹചര്യത്തില്‍ നിന്നാണ് ദൈവാശ്രയത്തിലും നീതി ബോധത്തിലും വിജയിശ്രീലാളിതനായി അഭിവന്ദ്യ സേവേറിയോസ് തിരുമേനി ഇന്ന് ദേവലോകം അരമനയില്‍ മടങ്ങിയെത്തിയത്. ഒരായുസ്സിന്‍റെ മുഴുവന്‍ അധ്വാനവും വേദനയുമാണ് സേവേറിയോസ് തിരുമേനിയെ ഇന്ന് സഭയുടെ നാഴികകല്ല് സൃഷ്ടിക്കുന്നതില്‍ പ്രധാനിയാക്കിയത്. ഇത്ര വലിയ വിധി സമ്പാദിച്ചിട്ടും അമിതമായ ആഹ്ലാദമോ മറ്റ് വികാരങ്ങളോ ഒന്നും ആ മുഖത്ത്  കണ്ടില്ല. മറിച്ച് പതിവ് പുഞ്ചിരി മാത്രം.
   കേസ് നടത്തിപ്പ് സംബന്ധിച്ച് ഡല്‍ഹിയിലും മറ്റുമായി തിരുമേനി നടത്തിയ യാത്രകള്‍ക്ക് കണക്കില്ല. സഭയുടെ നിര്‍ണ്ണായകമായ മലങ്കര അസ്സോസിയേഷനോ, മാനേജിംഗ് കമ്മിറ്റിക്കോ ഈ വൈതരണികള്‍ മൂലം പങ്കെടുക്കാന്‍ സാധിച്ചില്ല. സുപ്രീംകോടതി വിധിയെക്കുറിച്ച് സേവേറിയോസ് തിരുമേനിയുടെ മറുപടി ഇത്ര മാത്രം .എല്ലാം ദൈവഹിതം. ഇത് നീതിയുടെയും സത്യത്തിന്‍റെയും വിജയം.