ദുബായ് ∙ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നതു പ്രശസ്‌തിക്കുവേണ്ടിയാകരുതെന്ന സന്ദേശം പ്രവൃത്തിയിലൂടെ പകർന്നു നൽകിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദിൽ. കാരുണ്യപ്രവർത്തനങ്ങൾ ആഘോഷമാക്കാതെ വിശ്വാസികൾക്കു വഴികാട്ടിയ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുഖ്യവികാരി ഫാ.ഷാജി മാത്യൂസ് മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു യാത്രയാകുന്നത്.
ഡൽഹി ഭദ്രാസനത്തിലെ ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിലാണു പുതിയ ദൗത്യം. വിശന്നുവരുന്ന ആർക്കും ദുബായിലെ പള്ളിയങ്കണത്തിലെ വലിയ ഫ്രിജിൽനിന്നു സ്വാതന്ത്ര്യത്തോടെ വയർനിറയെ ഭക്ഷണം കഴിച്ചുമടങ്ങാൻ സൗകര്യമൊരുക്കിയ ഇദ്ദേഹം നൂറുകണക്കിനാളുകളുടെ വിശപ്പകറ്റി. ഇദ്ദേഹത്തിന്റെ ദൗത്യത്തിൽ വിശ്വാസികൾ കൂട്ടത്തോടെ പങ്കാളികളായതോടെ ഒഴിയാത്ത കലവറയായി പള്ളിയങ്കണം മാറി. വെള്ളം, ജൂസ്, മോര്, പഴങ്ങൾ തുടങ്ങിയവയാണ് ഫ്രിജിൽ ഉള്ളത്. വിസിറ്റ് വീസയിലെത്തി ജോലിതേടി അലയുന്നവരുൾപ്പെടെ ഭക്ഷണമില്ലാതെ കഷ്‌ടപ്പെടുന്നതു തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമായത്.
സ്വന്തം പ്രയാസം മറ്റുള്ളവരോടു പങ്കുവയ്‌ക്കാൻപോലും കഴിയാത്തവരെ ഉദ്ദേശിച്ചായിരുന്നു പ്രധാനമായും ഈ ദൗത്യം. ബാച്‌ലേഴ്‌സിനു മാത്രമല്ല, കുടുംബമായി താമസിക്കുന്നവർക്കും ഇത് അനുഗ്രഹമായി. കഴിഞ്ഞവർഷം ഓഗസ്‌റ്റിൽ തിരുവനന്തപുരത്തുനിന്നെത്തിയ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടപ്പോൾ യാത്രക്കാരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അരികിൽ സാന്ത്വനവുമായി ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു ഫാ.ഷാജി മാത്യൂസ്. ഇടവകക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയതിനും മുൻകൈയെടുത്തു. പത്തനംതിട്ട കിഴവള്ളൂർ വലിയപറമ്പിൽ പരേതനായ ഫാ.വിജെ.മാത്യൂസിന്റെയും റിട്ട.അധ്യാപിക ശോശാമ്മയുടെയും മകനാണ്.
പത്തനംതിട്ട കുളത്തൂർ കുടുംബാംഗം മേരിയാണു ഭാര്യ. അഡ്വ.അബു ജോൺ മാത്യു, ആരോൺ ജോഷ്വാ ജോൺ, ആൻ റേച്ചൽ ജോൺ എന്നിവർ മക്കളാണ്. ഇന്നു രാവിലെ പത്തിനു കുർബാനയ്‌ക്കു ശേഷം കത്തീഡ്രലിൽ യാത്രയയപ്പ് സമ്മേളനം നടക്കും. പുതിയ വികാരിയായി ഫാ.നൈനാൻ ഫിലിപ്പ് പനയ്‌ക്കാമറ്റം നിയമിതനായി.