പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്

ചികിത്സയില്‍ കഴിഞ്ഞ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവാ അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത്

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ

ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)

വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ 

ആരൂഢനായിരിക്കുന്ന 

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ തോമ്മാ മാത്യൂസ് പ്രഥമന്‍

(മുദ്ര)

കര്‍ത്താവില്‍ നമ്മുടെ സഹോദരന്‍ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാച്ചന് സമാധാനം.

പ്രിയപ്പെട്ട തിരുമേനി,

തിരുമേനി സുഖം പ്രാപിച്ചു വരുന്നു എന്നുള്ള വാര്‍ത്തകളാണ് വെല്ലൂരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ നാം അത്യന്തം സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. മനുഷ്യനാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാണല്ലോ. ദൈവാനുഗ്രഹത്താല്‍ തിരുമേനി പരിപൂര്‍ണ്ണ സൗഖ്യം പ്രാപിച്ച് എത്രയുംവേഗത്തില്‍ നാട്ടിലേക്കു മടങ്ങിവരുന്നതിന് മുട്ടിപ്പായി തിരുമേനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വി. കുര്‍ബ്ബാനകളില്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ മാത്രമല്ല, എല്ലാ മെത്രാച്ചന്മാരും വൈദികരും ജനങ്ങളും തിരുമേനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ളത് തിരുമേനിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണല്ലോ. എല്ലാവരുടെയും പ്രാര്‍ത്ഥനയാല്‍ ദൈവംതമ്പുരാന്‍ തിരുമേനിക്കു പൂര്‍ണ്ണ സൗഖ്യം നല്‍കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

കൃത്യാന്തര ബഹുലതയാല്‍ വെല്ലൂര്‍ക്കു വന്നു തിരുമേനിയെ കാണുവാന്‍ എനിക്കു സാധിച്ചില്ലെങ്കിലും, നമ്മുടെ പക്കോമിയോസ് മെത്രാപ്പോലീത്തായേയും മറ്റു മെത്രാപ്പോലീത്തന്മാരേയും എന്‍റെ സെക്രട്ടറി ശെമ്മാശനെയും വെല്ലൂര്‍ക്കു വിട്ട് തിരുമേനിയുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്. അടുത്ത ചൊവ്വാഴ്ച ഞാന്‍ അമേരിക്കയ്ക്കു പോകുകയാണ്. അതിനു മുമ്പ് അവിടെ എത്തി തിരുമേനിയെ കാണുന്നതിന് ആഗ്രഹിച്ചെങ്കിലും അതിന് ഒട്ടുംതന്നെ സാവകാശം ലഭിച്ചില്ല. അതില്‍ അതിയായ ഖേദം ഉണ്ട്. തിരുമേനി അക്കാര്യം എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. ഞാന്‍ ഒരു മാസം അമേരിക്കയിലായിരിക്കും. മടങ്ങിവരുമ്പോള്‍ തിരുമേനിയെ പൂര്‍ണ്ണ സൗഖ്യത്തോടെ നാട്ടില്‍ വച്ചു കാണുവാന്‍ സാധിക്കുമെന്നു കര്‍ത്താവില്‍ ശരണപ്പെടുന്നു. തിരുമേനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു നിര്‍ത്തുന്നു.

കരുണാവാരിധിയായ ദൈവംതമ്പുരാന്‍ തിരുമേനിയെ അനുഗ്രഹിക്കട്ടെ. ത്രീയേക ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും തിരുമേനിയോടുകൂടി ഉണ്ടായിരിക്കട്ടെ.

(ഒപ്പ്)

തിരുമേനിയുടെ പ്രിയപ്പെട്ട സഹോദരന്‍

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ

കോട്ടയം

7-7-1979