കഴിഞ്ഞയാഴ്ച്ച വരെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് കൊച്ചി മെട്രോയും അതിന്‍റെ സാരഥി ശ്രീ. ഇ. ശ്രീധരനും. ഏറെ കുറെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാനോ മറ്റൊരുപക്ഷെ കുറെ വര്‍ഷമെങ്കിലും ഇഴഞ്ഞ് നീങ്ങാനോ സാധ്യതയുണ്ടായിരുന്ന കൊച്ചി മെട്രോ ശ്രീ. ഇ. ശ്രീധരന്‍റെ നിശ്ചയദാര്‍ഡ്യത്തിന് മുമ്പില്‍ വളരെ വേഗം കൂകി പായുകയായിരുന്നു. സമാനസ്വഭാവമുളള മലങ്കര സഭയിലെ രണ്ട് സംഭവങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.
2010 ലാണ് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. പൗലോസ് മാര്‍ മിലിത്തിയോസ മെത്രാപ്പോലീത്ത പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ അതിനും ഏകദേശം പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണ് പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മലങ്കര സഭയ്ക്ക് ഒരു ആസ്ഥാന കെട്ടിടം വേണമെന്ന് കരുതി പഴയ അരമനയുടെ കിഴക്ക് ഭാഗത്ത് മൂന്ന് നിലകളിലായി ഒരു കെട്ടിടം തറക്കല്ലിട്ടത്. 1999ല്‍ അതിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഒരോരോ കാരണങ്ങളാല്‍ അതിന്‍റെ പണി മുടങ്ങി. എഞ്ചിനിയര്‍മാര്‍ പലരും മാറി മാറി വന്നു. നിര്‍മ്മാണ കമ്മറ്റികളും പലതും പുതുതായി രൂപീകരിച്ചു. നിര്‍മ്മാണം മാത്രം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും രസകരമായ വസ്തുത സാമ്പത്തിക പ്രതിസന്ധിയല്ല ഇതിന്‍റെ നിര്‍മ്മാണം തടസ്സപ്പെടുത്തിയത് എന്നുളളതാണ്. പിന്നീട് പല കഥകളും പരക്കെ കേട്ടു. ഒരു ഘട്ടത്തില്‍ ഇതിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നവര്‍ക്കെല്ലാം എന്തോ വലിയ ആപത്തുകള്‍ നേരിടുന്നു എന്ന് കഥകളുമുണ്ടായി. ദേവലോകത്ത് വരുന്നവര്‍ക്കെല്ലാം കാണാവുന്ന തരത്തില്‍ നോക്കുകുത്തി പോലെ ഇതിന്‍റെ അസ്ഥിപഞ്ജരം അവശേഷിച്ചു. വന്ദ്യനായ ജോഷ്വ അച്ചന്‍ പോലും പല പ്രാവശ്യം ഇതിന്‍റെ പണി പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യക്ത ചൂണ്ടി കത്തുകള്‍ അയച്ചു. നിര്‍മ്മാണം മാത്രം ആരംഭിക്കാന്‍ കഴിഞ്ഞില്ല.
2010 ല്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സ്ഥാനമേറ്റു. പരിശുദ്ധ പിതാവിന്‍റെ പ്രഥമ പരിഗണനയില്‍ ഒന്നായി കാതോലിക്കേറ്റ് ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മ്മാണം മാറി. അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. ഒടുവില്‍ ദീര്‍ഘമായി 12 വര്‍ഷം മുടങ്ങികിടന്ന കാതോലിക്കേറ്റ് ആസ്ഥാനത്തിന്‍റെ പണി 2011 സെപ്റ്റംബര്‍ 14 ന് പുനരാരംഭിച്ചു. പിന്നീട് രാവും പകലും ഒന്ന് പോലെ നിര്‍ത്താതെ പണി മുന്നോട്ട് പോയി. പുതുതായി വന്ന എഞ്ചിനിയര്‍മാര്‍ക്ക് 12 വര്‍ഷം മുമ്പ് ഇതിന്‍റെ തുടക്കത്തിലെ കോണ്‍ട്രാക്ടര്‍ മാര്‍ വിഭാവനം ചെയ്ത പല ആശയങ്ങളും കണ്ടെത്താന്‍ ഏറെ ക്ലേശിക്കേണ്ടി വന്നു.
പല പ്രതിസന്ധികളും പരിശുദ്ധ പിതാവിന്‍റെ മുമ്പില്‍ ഒന്നൊന്നായി കടന്ന് വന്നു. എന്നാല്‍ അതിനെയെല്ലാം ഒരോന്നായി അതിജീവിച്ച് സഭയുടെ യശസ്സ് ഉയര്‍ത്തുന്ന രീതിയില്‍ ആസ്ഥാന മന്ദിര സമുച്ചയത്തിന്‍റെ പണി പൂര്‍ത്തീകരിച്ചു. അകത്തളങ്ങള്‍ മനോഹരമായ കൊത്തുപണികള്‍ കൊണ്ട് അലംകൃതമാക്കി. പൂര്‍ണ്ണമായി എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ച സഭാ കേന്ദ്രം 2015 ജനുവരി മൂന്നിന് പരിശുദ്ധ പിതാവ് സഭാമക്കള്‍ക്കായി സമര്‍പ്പിച്ചു.
മലങ്കര സഭ സന്ദര്‍ശിക്കാന്‍ വിദേശ സഭാമേലധ്യക്ഷന്മാര്‍ വരുമ്പോള്‍ സാധാരണ രീതിയില്‍ ഇവിടെ ഹോട്ടലുകളിലോ മറ്റ് കേന്ദ്രങ്ങളിലോ ആണ് അവര്‍ക്ക് താമസം ഒരുക്കുക. ഇത്തരത്തിലുളളവരെ സ്വീകരിക്കുവാന്‍ പര്യാപ്തമായ ഒരു കെട്ടിടസമുച്ചയം ഇല്ല എന്നത് തന്നെയായിരുന്നു അതിന്‍റെ കാരണം. എന്നാല്‍ 2016 ല്‍ മലങ്കര സന്ദര്‍ശിച്ച പരിശുദ്ധ എത്യോപ്യന്‍ സഭാ തലവന്‍ ആബൂനാ മത്ഥ്യാസ് പാത്രിയര്‍ക്കീസ് പുതിയ സഭാ ആസ്ഥാനത്ത് താമസിച്ച് അന്തിയുറങ്ങിയ ആദ്യത്തെ അതിഥിയായി.
ഇന്ന് ദേവലോകം സന്ദര്‍ശിക്കുന്ന എല്ലാവരും ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണചാതുര്യവും കൊത്തുപണികളും ആശ്ചര്യത്തോടെ നോക്കികാണുന്നു. അതേ സമയം പരിശുദ്ധ കാതോലിക്കാ ബാവായുടെ നിശ്ചയദാര്‍ഡ്യത്തിന്‍റെ ഒരു പ്രതീകമായി ദേവലോകം അരമനയില്‍ ഈ കെട്ടിട സമുച്ചയം തല ഉയര്‍ത്തി നില്‍ക്കുന്നു.
അത് പോലെ തന്നെ പരി. പിതാവിന്‍റെ ഉള്‍ക്കാഴ്ച്ചയുടെ മറ്റൊരു പ്രതീകമാണ് പരുമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 2005ലാണ് പരുമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അവതരിപ്പിക്കപ്പെടുന്നത്. നൂറ് കോടി മുതല്‍ മുടക്കില്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാന്‍സര്‍ ആശുപത്രി. പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അതിന് അനുമതി നല്‍കി. ഒരു ബൃഹത്ത് പദ്ധതി ആയത്കൊണ്ട് തന്നെ പരുമല കാന്‍സര്‍ ആശുപത്രിക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചു. കല്ലീടില്‍ കര്‍മ്മം കേരളത്തിലെ എല്ലാ ചാനലുകളും തല്‍സമയം സംപ്രേക്ഷണം ചെയ്തു. വളരെ താമസിയാതെ പണിയും ആരംഭിച്ചു. ഇന്ത്യയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി സഭ ഔദ്യോഗികമായി നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടു. സഭാമക്കളില്‍ നിന്ന് ലക്ഷങ്ങളുടെ പിരിവും നടത്തി.
എന്നാല്‍ പിന്നീട് രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പണി ഒരു തരത്തിലും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി ഏറെയായി. നിര്‍മ്മാണ കമ്പനിക്ക് കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന അവസ്ഥ. ആശുപത്രി നിര്‍മ്മാണം മുടങ്ങി എന്ന കിംവദന്തി നാടാകെ പരന്നു. പലരും മുടക്കിയ പണം തിരികെ ആവശ്യപ്പെട്ടു.
ഈ അസന്നിഗ്ദ ഘട്ടത്തിലാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സഭാ നൗകയുടെ ഭരണം ദൈവം ഏല്പിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതകളും സാമ്പത്തിക ബാധ്യതകളുംമെല്ലാം പരിശുദ്ധ പിതാവിന്‍റെ ഉറക്കം കെടുത്തി. എന്നാലും തന്‍റെ കര്‍ത്തവ്യബോധത്തിന് മുമ്പില്‍ അദ്ദേഹം ഉരുക്കുപോലെ ഉറച്ചു നിന്നു. നൂറ് കോടിയില്‍ തീര്‍ക്കേണ്ട പദ്ധതി നൂറ്റിയന്‍പത് കോടിയിലും തീരില്ല എന്ന അവസ്ഥ. എന്നാല്‍ ഈ കാറും കോളുമെല്ലാം ഈ പിതാവ് ഒരോന്നായി ശാന്തമായി തരണം ചെയ്തു. കൂട്ടിയും കിഴിച്ചും ഒരോരോ കടമ്പകള്‍ ഓടിക്കയറി.
ഒടുവില്‍ 2016 നവംബറില്‍ മധ്യതിരുവിതാം കൂറിലെ ഏറ്റവും വലുതും മികച്ച ചികിത്സാ സൗകര്യങ്ങളുളളതുമായ കാന്‍സര്‍ ആശുപത്രി പൊതുസമൂഹത്തിന് തുറന്ന് കൊടുത്തു. ഇനിയും കൊടുത്ത് തീരാത്ത സാമ്പത്തിക ബാധ്യതകള്‍ പരിശുദ്ധ പിതാവിനെ ഏറെ അലട്ടുന്നുണ്ട്. പരുമല ആശുപത്രിയിലേക്ക് കോടികള്‍ കടം തന്നിട്ടുളള ബാങ്കുകള്‍ ഉറപ്പായി സ്വീകരിച്ചിരിക്കുന്നത് കിഴക്കിന്‍റെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കൈയൊപ്പ് മാത്രമാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും മലങ്കര സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന പുലിക്കോട്ടില്‍ തിരുമേനിമാരുടെ പിന്‍ഗാമി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതം മലങ്കര സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടും എന്നതില്‍ സംശയമില്ല