നഴ്സിംഗ് സമരത്തിന് പിന്തുണയുമായി മാര്‍ തെയോഫിലോസ്

ജോലി ചെയ്യുന്നവർ അതിന്റെ കൂലിക്ക് യോഗ്യർ എന്ന് വി.വേദപുസ്തകം പറയുന്നു…എന്നാൽ ഈ അടുത്ത കാലത്ത് ഭൂമിയിലെ മാലാഖമാർ എന്ന് നാം (ആത്മാർത്ഥത ഈ പുകഴ്ത്തലിന് ഉണ്ടോ എന്ന് സംശയിക്കുന്നു) പുകഴ്ത്തുന്ന യുവതീയുവാക്കൾ വരുന്ന ഒരു വലിയ വിഭാഗം നേഴ്സുമാരും തങ്ങളുടെ
കഷ്ടപ്പാടിനു അനുസരിച്ചു ശമ്പളം ലഭിക്കാതെ സമരത്തിൽ ആണ് എന്ന് മനസിലാക്കുന്നു. ക്യാൻസർ മൂലം സ്ഥിരമായി കേരളത്തിലും, കേരളത്തിന് പുറത്തും ഉള്ള ആശുപതികളിൽ ഒരു പതിവ് സന്തർശകൻ ആയ എനിക്ക് ഞാൻ ഏറ്റവും അടുത്തു ഇടപിഴകുന്ന ഈ മാലാഖമാരുടെ പ്രയാസത്തിൽ പങ്കുചേരാതിരിക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ല… അവരുടെ പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയ പരിചരണവും, കരുതലും രോഗിക്ക് കൂടുതൽ ആത്മവിശ്വാസവും, പ്രതീക്ഷയും നൽകും. ആ മുഖം ചിരിച്ചു തന്നെ ഇരിക്കണം എങ്കിൽ പൊതു സമൂഹത്തിന്റെ കരുതൽ അവർക്കും ആവശ്യമാണ്. പല കുട്ടികളും അത്ര മെച്ചമായ സാമ്പത്തിക സ്ഥിതിയിൽ നിന്ന് വരുന്നവർ അല്ല. അവർക്ക് അർഹമായത് പിടിച്ചു വെക്കുന്നത് ക്രിസ്തിയവും അല്ല. അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപെടുക തന്നെ വേണം. ഇവർ നടത്തുന്നത് വെറും ഒരു സമരമായി തുച്ഛീകരിച്ചു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇന്ന് ഞാനും ഇവരിൽ ഒരു ആൾ ആണ്. ഇത്‌ മാന്യമായി മറ്റുള്ളവർക്കൊപ്പം ജോലിചെയ്ത് ജീവിക്കാൻ ഉള്ള അവകാശത്തിന്റെ മുറവിളിയാണ്. അതു കണ്ടില്ല എന്നു നടിക്കാൻ നമുക്ക് ആവുമോ? എന്റെ എല്ലാ പിന്തുണയും ഞാൻ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
സ്നേഹപൂർവം

ഡോ സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ
മലങ്കര ഓർത്തഡോക്സ് സഭ
മലബാർ ഭദ്രാസനം