അഗതികൾക്കും ആലംബഹീനർക്കുമായി ഒരു നല്ല ഇടയൻ

​പത്തനംതിട്ട:തണ്ണിത്തോട്‌ സ്വദേശിയായ ഫാദർ സന്തോഷ്‌ ജോർജ്ജ്‌ ഒരു ക്രിസ്തീയ പുരോഹിതന്റെ പരിധികൾക്കപ്പുറം നിന്ന് കൊണ്ട്‌ ആരോരുമില്ലാത്തവർക്ക്‌ കൈത്താങ്ങായി മാറിയ ദൈവവഴിയിലെ അപൂർവ്വം വ്യക്തികളിൽ ഒരാളാണു.തണ്ണിത്തോട്‌ അറയ്ക്കൽ കുടുംബാംഗമായ ഇദ്ദേഹം 2007 മുതൽ മലങ്കര ഓർത്തഡോക്സ്‌ സഭാ വൈദികനാണു.വളർന്ന് വന്ന സാഹചര്യങ്ങളാണു ആതുരസേവനത്തിന്റെ വഴിയെ നയിക്കപെടാൻ പ്രചോദനമായതെന്ന് സന്തോഷ്‌ അച്ഛൻ പറയുന്നു.

ഇദ്ദേഹം രൂപം നൽകിയ തണൽ വീട്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ അധീനതയിൽ തിരുവനന്തപുരം ശ്രീകാര്യത്തെ സാന്റ്രോ ടവേഴ്സിൽ പ്രവർത്തിക്കുന്ന “തണൽ വീട്‌” പുവർ ഹോമാണു ആതുരശുശ്രൂഷ രംഗത്തെ പ്രധാന സംരംഭം.അർബ്ബുദ രോഗ ചികിൽത്സയ്ക്കായി തിരുവന്തപുരം ആർ.സി.സിയിൽ എത്തുന്ന നിർദ്ധന രോഗികൾക്ക്‌ അഭയവും ആശ്രയവുമാണു ഈ ശരണാലയം.നിർദ്ധനരായ രോഗികൾക്ക്‌ ഇവിടെ ആഹാരവും താമസവും സൗജന്യമാണു.പരിചരണം ആവശ്യമുള്ളവർക്ക്‌ അതിനുള്ള സൗകര്യവും നിലവിലുണ്ട്‌.9 മുറികൾ,ഒരു ഹാൾ എന്നിവയുള്ള വാടകകെട്ടിടത്തിൽ 21 പേർക്ക്‌ ഒരേ സമയം താമസിക്കാം.ആർ.സി.സിയിൽ ഇവിടെ താമസിക്കുന്ന രോഗികളെ എത്തിക്കാനായി ആംബുലൻസ്‌ സേവനവും സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്‌.ഫാദർ സന്തോഷിന്റെ സുഹൃത്തുക്കളും നവമാധ്യമങ്ങളിലെ സുഹൃത്ത്‌ വലയത്തിൽപെട്ടവരും സേവനസന്നദ്ധരായ ഒരു കൂട്ടം ജീവനക്കാരുമാണു തണൽ വീടിന്റെ പ്രവർത്തനങ്ങൾക്ക്‌ കരുത്തേകുന്നത്‌.നവമാധ്യമങ്ങളിലെയും സജീവ സാന്നിദ്ധ്യമാണു ഇദ്ദേഹം.

പത്തനംതിട്ട തുമ്പമൺ താഴം കേന്ദ്രീകരിച്ച്‌ തെരുവിൽ ഉപേക്ഷിക്കപെട്ട ആളുകളെ പുനരധിവസിപ്പിക്കുന്ന ഒരു പ്രോജക്ടും ഫാ:സന്തോഷ്‌  ആരംഭിച്ചിട്ടുണ്ട്‌.ബെദ്സേഥാ പുവർ ഹോം എന്ന ഈ സ്ഥാപനത്തിൽ നിലവിൽ 13 അന്തേവാസികളുണ്ട്‌.ഇവരെയെല്ലാം തെരുവിൽ നിന്നും ഉപേക്ഷിക്കപെട്ട സാഹചര്യത്തിലും കണ്ടെത്തി ഇവിടെ എത്തിക്കുകയായിരുന്നു.ഇവർക്ക്‌ ഒരു പുതിയ ജീവിതം നൽകാൻ കഴിയുക എന്നത്‌ ജീവിതത്തിൽ ചെയ്യാൻ കഴിഞ്ഞ ഏറ്റവും വലിയ പ്രവർത്തിയായി ഫാ:സന്തോഷ്‌ കരുതുന്നു.

ഭവനരഹിതരായവർക്ക്‌ വിവിധ ജില്ലകളിലായി 14 വീടുകൾ ഫാദറിന്റെ നേതൃത്ത്വത്തിൽ പണി തീർത്ത്‌ നൽകുവാനും കഴിഞ്ഞിട്ടുണ്ട്‌.വിഴിഞ്ഞം,കോവളം എന്നീ തീരദേശ മേഖലകളിലായി എല്ലാ മാസവും120 അർബ്ബുദ്ദബാധിതരായ കിടപ്പ്‌ രോഗികൾക്ക്‌ പാലിയേറ്റീവ്‌ പരിചരണം എത്തിക്കാനും തണൽ വീടുനു കഴിയുന്നുണ്ട്‌.അരുവിക്കരയിലെ ഈയക്കോട്‌ സെറ്റിൽമന്റ്‌ കോളനിയിലും തണൽ വീടിന്റെ കാരുണ്യ കരങ്ങൾ എല്ലാ മാസവും ഭക്ഷ്യ-ധാന്യ കിറ്റുകൾ എത്തിക്കുന്നുണ്ട്‌.ഈ വർഷം 110 നിർദ്ധന രോഗികൾക്ക്‌ ചികിൽത്സാ സഹായവും നൽകി.വയനാട്‌ ജില്ലയിലെ ആദിവാസി മേഖലകളിലും ബെദ്സേഥാ മിഷന്റെ പ്രവർത്തനങ്ങൾ ഉണ്ട്‌.സൗജന്യ രോഗ നിർണ്ണയ ക്യാമ്പുകൾ,ധാന്യകിറ്റ്‌ വിതരണം,മരുന്നുകൾ എന്നിവ ഇവിടങ്ങളിൽ എത്തിക്കുന്നതും ബെദ്സേഥാ മിഷന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
ഈ പ്രവർത്തനങ്ങൾക്കെല്ലാം സഹായമാകുന്നത്‌ ഒരുകൂട്ടം കാരുണ്യനിധികളായ വ്യക്തികളാണെന്ന് അച്ഛൻ നന്ദിപൂർവ്വം പറയുന്നു.സുഹൃത്തുക്കൾ,സഹോദര വൈദികർ എന്നിവരാണു ഈ പ്രവർത്തനങ്ങൾക്ക്‌ ആത്മവിശ്വാസവും കരുത്തും സഹായവുമേകുന്നതെന്നും ഫാദർ പറയുന്നു.ഇതിനെല്ലാം സഭയുടെയും സഭാവിശ്വാസികളുടെയും പിന്തുണയുമുണ്ട്‌.
തണൽ വീടിനു സ്വന്തമായി ഒരു കെട്ടിടമെന്നതാണു ഇപ്പോൾ തന്റെ സ്വപ്നം എന്ന് ഫാ:സന്തോഷ്‌ പറയുന്നു.നല്ലവരായ പലരുടെയും സഹായത്താലാണു നിലവിൽ തണൽ വീടെന്ന ഈ കാരുണ്യാലയം പ്രവർത്തിച്ച്‌ പോകുന്നത്‌.ഇതിനായി തണൽ വീട്‌,അക്കൗണ്ട്‌ നമ്പർ:67371445232,IFSC CODE-SBIN0070288 എന്ന SBI ശ്രീകാര്യം ബ്രാഞ്ചിലെ ബാങ്ക്‌ അക്കൗണ്ടും നിലവിലുണ്ട്‌.തണൽ വീടിനു സ്വന്തമായി

ഒരു കെട്ടിടം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കാരുണ്യനിധികളായ ആരുടെയെങ്കിലും സഹായഹസ്തം തനിക്ക്‌ നേരേ നീട്ടപ്പെടും എന്ന പ്രതീക്ഷയിലാണു ഇദ്ദേഹം.അത്‌ വഴി അഗതികളായ പലരുടെയും ജീവിതത്തിൽ പുതുവെളിച്ചമായി മാറാൻ ഫാ:സന്തോഷിനു കഴിയട്ടെ എന്ന് നമ്മൾക്കും പ്രത്യാശിക്കാം.
തണൽ വീട്‌ ചാരിറ്റബിൾ ട്രസ്റ്റ്‌

(ആർ.സി.സിയിൽ ചികിൽത്സയിലുള്ള നിർദ്ധന രോഗികൾക്കായി സൗജന്യ താമസം,ഭക്ഷണം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നു.ബന്ധപെടേണ്ട നമ്പർ/ഫാ:സന്തോഷ്‌ ജോർജ്ജ്‌:9447190123)

Source