കാറ്റ് പോയാലും ഓടും ടയർ വികസിപ്പിച്ചതിന് മലയാളിയുടെ കമ്പനിക്ക് അവാർഡ്

ഒഹായോ ∙ കാറ്റ് പോയാലും ദീർഘദൂരം ഓടുന്ന ടയർ വികസിപ്പിച്ചതിന് മലയാളി നേതൃത്വം നൽകുന്ന അമേരിക്കൻ എൻജിനീയറിങ് ഗ്രൂപ്പിന് (എഇജി) അവാർഡ്. യുഎസ് സ്പെഷൽ ഓപ്പറേഷൻസ് ഫോഴ്സിന്റെ സ്മോൾ ബിസിനസ് ടീം അവാർഡാണ് എഇജി നേടിയത്. ഫ്ലോറിഡയിൽ നടന്ന എസ്ഒഎഫ് വ്യവസായ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്തു. തിരുവല്ലയ്ക്കു സമീപം പുറമറ്റം സ്വദേശിയാണ് എഇജിയുടെ സ്ഥാപകനും ഓപ്പറേഷൻസ് മാനേജരുമായ എബ്രഹാം പന്നിക്കോട്.

സൈനിക വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ടയറുകളാണ് കമ്പനി വികസിപ്പിച്ചത്. കാറ്റ് പോയാലും മണിക്കൂറിൽ 50 മൈൽ വേഗത്തിൽ 60 മൈൽ ദൂരംവരെ പോകുന്നതാണ് പുതിയ ടയർ.

നിലവിലുള്ള 30 മൈൽ വേഗത്തിൽ 30 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്. ആദ്യ ടയറുകളിലെ കുറവുകൾ പരിഹരിച്ച് യാത്ര കൂടുതൽ സുഖകരമാകുന്ന തരത്തിലാണ് പുതിയ രൂപകൽപന നടത്തിയതെന്ന് ഏബ്രഹാം പറ‍ഞ്ഞു.