Documentary About Thiruvithamcodu Church

തിരുവിതാംകോട് അരപ്പള്ളിയെക്കുറിച്ച് ബ്രഹ്മവാര് ഭദ്രാസന മീഡിയാവിംഗ് തയ്യറാക്കിയ ഷോര്ട്ട് ഫിലിം.

തോമയാര്‍ കോവില്‍

ഡോ. എം. കുര്യന്‍ തോമസ്

ഇന്ത്യയിലെന്നല്ല, ലോകത്തില്‍ത്തന്നെ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടാവുന്ന അത്യപൂര്‍വം ദേവാലങ്ങളിലൊന്നാണ് കന്യാകുമാരി ജില്ലയിലുള്ള തിരുവിതാംകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി എന്ന മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടനകേന്ദ്രം. അരപ്പള്ളി എന്നു പൊതുവെ അറിയപ്പെടുന്ന പുണ്യഭൂമിയുടെ യഥാര്‍ത്ഥനാമം തോമയാര്‍ കോവില്‍ എന്നാണ്. ഇന്ത്യയില്‍ പൊളിച്ചുപണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയവും ലോകത്തിലെതന്നെ അത്തരത്തിലുള്ള പള്ളികളിലൊന്നുമാണ് തോമയാര്‍ കോവില്‍.
പഴയ ആയ് രാജവംശത്തിന്‍റെയും പിന്നീട് വേണാടിന്‍റെയും ആസ്ഥാനമായിരുന്നു തിരുവിതാംകോട്. പാരമ്പര്യപ്രകാരം തന്‍റെ ഗുരുവിന്‍റെസന്ദേശവുമായി ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹാ ക്രിസ്തുവര്‍ഷം 52-ല്‍ അന്നത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ തുറമുഖമായ മുസിരിസിലെത്തി, സുവിശേഷം അറിയിച്ചു, സഭ സ്ഥാപിച്ചു. തുടര്‍ന്ന് പാലയൂര്‍, നിരണം, കൊല്ലം എന്നീ തുറമുഖ നഗരങ്ങളിലും അദ്ദേഹം സുവിശേഷം അറിയിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് അദ്ദേഹം തിരുവിതാംകോട്ട് എത്തുന്നത്. സംസ്കാര സമ്പന്നമായ തിരുവിതാംകോടിനു സമീപമുള്ള നാഞ്ചിനാടന്‍ തുറമുഖത്തും ശ്ലീഹാ സുവിശേഷം അറിയിച്ചു സഭ സ്ഥാപിച്ചു. പ്രാദേശിക ഐതിഹ്യമനുസരിച്ച് അന്നത്തെ വേണാട്ടു രാജാവിന്‍റെ ക്ഷണപ്രകാരം ശ്ലീഹായും ശിഷ്യന്മാരും തലസ്ഥാനമായ തിരുവിതാംകോട്ടെത്തി രാജാവിനെ സന്ദര്‍ശിച്ചു. അവര്‍ക്ക് സര്‍വസഹായവും വാഗ്ദാനം ചെയ്ത രാജാവ,് ഒരു സ്വര്‍ണ്ണ താമ്പോളത്തില്‍ പിച്ചിപ്പൂ, മുല്ലപ്പൂ, ചെറുനാരങ്ങ, ചന്ദനം, ഭസ്മം എന്നിവ വെച്ച് സ്വര്‍വസ്വ ദാനം നല്‍കി. ഇവയില്‍ ഭസ്മം മാത്രം സ്വീകരിക്കാന്‍ ശ്ലീഹായുടെ ശിഷ്യന്മാര്‍ വിസമ്മതിച്ചു. വിഭൂതി ധരിക്കാത്ത ചെട്ടികളോ എന്ന് ആശ്ചര്യഭരിതനായ രാജാവു ചോദിച്ചതിനാല്‍ അവര്‍ക്കു വിഭൂതി ധരിയാ ചെട്ടികള്‍ എന്ന പേരു വീണുവെന്നാണ് ഐതിഹ്യം. ധരിയാ അഥവാ തരിയാ ചെട്ടികള്‍ എന്നാണ് പില്‍ക്കാല ചരിത്രത്തില്‍ തിരുവിതാംകോട്ടെ ക്രിസ്ത്യാനികള്‍ അറിയപ്പെടുന്നത്. എന്നാല്‍ സത്യവിശ്വാസികള്‍ എന്നര്‍ത്ഥമുള്ള ത്രിസയ്ശുബ്ഹോ എന്ന സെമിറ്റിക് പദത്തിന്‍റെ പ്രാദേശിക രൂപമായ തരിസാ എന്ന വാക്കില്‍ നിന്നാണ് തരിസാ ചെട്ടികള്‍ അഥവാ തരിയാ ചെട്ടികള്‍ എന്ന വാക്ക് രൂപമെടുത്തതെന്നാണ് പണ്ഡിതമതം. ശ്ലീഹായോടൊപ്പം കുടിയേറിയത് ഇന്ത്യയുടെ കിഴക്കേ തീരത്തു നിന്നാണെന്നും അപൂര്‍വം ചിലര്‍ പ്രസ്താവിക്കുന്നുണ്ട്.
തിരുവിതാംകോട്ടെ ചരിത്ര പ്രസിദ്ധമായ വേണാട്ടുതിട്ടയുടെ വടക്കുഭാഗത്ത് മാര്‍ത്തോമ്മാ ശ്ലീഹായുടെ ശിഷ്യന്മാരായ 64 കുടുംബങ്ങള്‍ക്ക് രാജാവ് ഓരോ പുരയിടവും വീടും കരമൊഴിവായി ദാനം ചെയ്തു. അവര്‍ അവിടെ പാര്‍പ്പുറപ്പിച്ചു വ്യാപാരം ചെയ്തു. പില്‍ക്കാലത്ത് അവരുടെ അപേക്ഷപ്രകാരം ഒരു ആരാധനാലയത്തിനായി തന്‍റെ കൊട്ടാരത്തിനടുത്തു തന്നെ അന്നത്തെ വേണാട്ടു രാജാവ് യോഗ്യമായ ഒരു ഭൂമി കരമൊഴിവായി ദാനം ചെയ്തു. തിരുവിതാംകോട്ടെ ക്രിസ്ത്യാനികളുടെ അത്മീയ ദിഷ്ടതികള്‍ നടത്തുന്നതിന് അലക്സന്ത്രയോസ്, യാക്കോബ് എന്നീ പട്ടക്കാരെ അഭിഷേകം ചെയ്ത ശേഷം മാര്‍തോമാ ശ്ലീഹാ ഇന്ത്യയുടെ കിഴക്കേ തീരത്തേയ്ക്ക് തന്‍റെ സുവിശേഷ ദൗത്യവുമായി യാത്രയായി.
ദേവാലയ നിര്‍മാണത്തിനായി വേണാട്ടടികള്‍ ദാനം ചെയ്ത ചന്ദനക്കാവില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ കാലശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അന്നത്തെ വേണാട്ടു രാജാവു തന്നെ കല്ലിട്ട് പണിതതാണ് ഇന്നു കാണുന്ന ദേവാലയം. ലോകത്തിലെ പൊളിച്ചു പണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയം എന്ന് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം തികച്ചും യാഥാര്‍ത്ഥ്യമാണ്. എല്ലാ പുരാതന ക്രൈസ്തവ ദേവാലയങ്ങളെയുംപോലെ ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തിലാണ് തിരുവിതാംകോട് പള്ളിയും സ്ഥാപിതമായിരിക്കുന്നത്. മാര്‍ത്തോമ്മാശ്ലീഹാ സ്വന്തം കൈ കൊണ്ടു കൊത്തിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കല്‍ക്കുരിശു പള്ളിക്കുള്ളിലുണ്ട്. ജാതിമതഭേദമെന്യേ അനേകര്‍ക്ക് എന്നും അത്താണിയായ തോമയാര്‍ കോവിലില്‍ ഇപ്പോള്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രഖ്യാപിത മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ തോമയാര്‍കോവില്‍ അദ്ദേഹത്തിന്‍റെ സ്ഥാനിക പിന്‍ഗാമിയായ പൗരസ്ത്യ കാതോലിക്കായുടെ നേരിട്ടുള്ള ഭരണത്തിലാണ്.
ശ്രേഷ്ഠനായ (പൂജനീയനായ) തോമ്മായുടെ ആരാധനാലയം എന്ന നിലയില്‍ തോമയാര്‍ കോവില്‍ എന്ന പേരിലാണ് ഈ ദേവാലയം അറിയപ്പെട്ടത്. പില്‍ക്കാലത്ത് ചില തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ പണിപൂര്‍ത്തിയാക്കാത്ത ദേവാലയം എന്ന അര്‍ത്ഥത്തില്‍ അരപ്പള്ളി എന്ന് അറിയപ്പെട്ടു തുടങ്ങി. അരചമന അരമന ആയതുപോലെ രാജകീയ ദേവാലയം എന്ന അര്‍ത്ഥത്തിലുള്ള അരചപ്പള്ളി ലോപിച്ചാണ് അരപ്പള്ളിയായത് എന്നൊരു വാദവും നിലവിലുണ്ട്. നൂറ്റാണ്ടുകളിലെങ്ങോ നാഞ്ചിനാടിനെ ഗ്രസിച്ച്, പതിനായിരത്തിലധികം ആളുകളുടെ ജീവനെടുത്ത കോളറാ ബാധ, തെരിസാ ചെട്ടിമാരുടെ എണ്ണവും ശുഷ്ക്കിപ്പിച്ചു. പക്ഷേ കച്ചവടാര്‍ത്ഥം തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും വിവിധ ഭാഗങ്ങളിലേയ്ക്കു കുടിയേറിയിരുന്ന തരിസാ ചെട്ടിമാര്‍ രക്ഷപ്പെട്ടു. എന്നാല്‍, അവര്‍ അതത് നാട്ടില്‍ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കി. കൊല്ലം, കുണ്ടറ, കാര്‍ത്തികപ്പള്ളി, കായംകുളം, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ തിരുവിതാംകോട്ടെ തരിസായ്ക്കള്‍ കുടിയേറിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ ഇവര്‍ കേവലം രണ്ടു കുടുംബങ്ങളായി ചുരുങ്ങി. അതോടെ തോമയാര്‍ കോവിലും അവഗണനയിലായി.
കരിങ്കല്ലില്‍ നിര്‍മ്മിച്ച ലളിതമനോഹരകാവ്യം എന്നു വിശേഷിപ്പിക്കാവുന്ന നിര്‍മ്മിതിയാണ് തോമയാര്‍ കോവിലിന്‍റേത്. നാഞ്ചിനാടിന്‍റെ സവിശേഷ ദേവാലയ നിര്‍മ്മാണ രീതിയായ ശ്രീകോവിലും മണ്ഡപവും ചേര്‍ന്ന ശില്പശൈലിയാണ് പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച തോമയാര്‍ കോവിലിന്‍റേത്. 8 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയും 3 മീറ്റര്‍ മാത്രം ഉയരവുമാണ് തോമയാര്‍ കോവിലിനുള്ളത്. വിശുദ്ധ മദ്ബഹാ മാത്രമാണ് ആദ്യം കരിങ്കല്‍ ഭിത്തി കെട്ടി അടച്ചിരുന്നത്. ബാക്കി ഭാഗം കല്‍ത്തൂണുകള്‍ താങ്ങുന്ന തുറന്ന കല്‍മണ്ഡപമായിരുന്നു. കരിങ്കല്‍ പാകിയ തറയും, കരിങ്കല്‍ ഉത്തരങ്ങളുടെമേല്‍ കരിങ്കല്‍ പലകകള്‍ പാകിയ മേല്‍ക്കൂരയുമായിരുന്നു തോമയാര്‍ കോവിലിന്‍റേത്. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ മണ്ഡപം കരിങ്കല്‍ കെട്ടി അടയ്ക്കുകയും പടിഞ്ഞാറുഭാഗത്ത് കരിങ്കല്‍ മേച്ചിലോടെ പുതിയ മണ്ഡപം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇടുങ്ങി ഉയരം കുറഞ്ഞ മൂന്നു വാതിലുകള്‍ വഴി മാത്രമാണ് പള്ളിക്കുള്ളിലേയ്ക്കു പ്രവേശനം. മദ്ബഹായുടെ തെക്കും വടക്കും ഭിത്തികളിലെ ഏഴിഞ്ചു മാത്രം ഉയരമുള്ള രണ്ടു ജനലുകള്‍ മാത്രമായിരുന്നു വായു നിര്‍ഗ്ഗമനത്തിനുള്ള ഉപാധികള്‍. തെക്കുകിഴക്കെ ഭിത്തിയില്‍ കൊത്തിയ ഒരു കുരിശല്ലാതെ മറ്റു യാതൊരു രൂപവും തോമയാര്‍ കോവിലില്‍ ഇല്ലായിരുന്നു. ശലോമോന്‍ രാജാവ് പണികഴിപ്പിച്ച യെറുശലേം ദേവാലയത്തിന്‍റെ കൃത്യം പകുതി അളവുകളാണ് തോമയാര്‍ കോവിലിനുള്ളത്. സ്വാമിയാര്‍ എന്നാണ് അവിടുത്തെ പുരോഹിതര്‍ ഇന്നും പ്രാദേശികമായി വിശേഷിപ്പിക്കപ്പെടുന്നത്.
നൂറ്റാണ്ടുകളിലെ അവഗണനയും കരുതലില്ലായ്മയും തോമയാര്‍ കോവിലിനെ അപകടനിലയിലാക്കി. കരിങ്കല്ലുകൊണ്ടുള്ള മേല്‍ക്കൂരയില്‍ മുളച്ചുപൊന്തിയ ഒരു ആല്‍മരം പള്ളിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന സ്ഥിതിയിലെത്തി. ഈ സാഹചര്യത്തിലാണ് അന്നത്തെ തിരുവിതാംകൂര്‍ ചീഫ് എന്‍ജിനിയറായിരുന്ന പുതുപ്പള്ളി കന്നുകുഴിയില്‍ കെ. കെ. കുരുവിള, തോമയാര്‍ കോവില്‍ സന്ദര്‍ശിക്കുന്നത്. അപ്പോഴേയ്ക്കു അറ്റകുറ്റപ്പണി അസാദ്ധ്യമായി മാറിയ മേല്‍ക്കൂര അദ്ദേഹം പൊളിച്ചുമാറ്റി. പകരം തടികൊണ്ടുള്ള മേല്‍ക്കൂട്ടു കയറ്റി ഓടിട്ടു. ആ കല്ലുകള്‍ കൊണ്ട് തുറന്ന മണ്ഡപം കെട്ടിയടച്ചു. പള്ളിയകത്ത് ഒരു മുറിത്തട്ടുമാളികയും പടിഞ്ഞാറുവശത്ത് ഒരു നാടകശാലയും അദ്ദേഹം പണികഴിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശാബ്ദത്തിലാണ് ഈ സംഭവം നടന്നത്.
കുരുവിള എന്‍ജിനിയറുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം തോമയാര്‍ കോവിലിന്‍റെ ഭൗതികമായ അപകടനില തരണം ചെയ്യാന്‍ സാധിച്ചു. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലത്തിന്‍റെ മെത്രാനായിരിക്കുമ്പോള്‍ മുതല്‍ തോമയാര്‍ കോവിലിന്‍റെ കാര്യത്തില്‍ സവിശേഷ താല്പര്യം എടുത്തെങ്കിലും സംഗതികള്‍ ക്രമാനുസൃതമാക്കാന്‍ സാധിച്ചില്ല. അവസാനം 1941-ല്‍ പ. കാതോലിക്കാ ബാവാ കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാനെ തോമയാര്‍ കോവില്‍ പുനരുദ്ധരിക്കുക എന്ന ദൗത്യവുമായി തിരുവിതാംകോട്ടേയ്ക്കയച്ചു. ദശാബ്ദങ്ങള്‍ നീണ്ട അക്ഷീണ പ്രയത്നത്തിലൂടെ അദ്ദേഹം തോമയാര്‍ കോവിലിനെ പ്രാര്‍ത്ഥനാ സങ്കേതം എന്ന പഴയ പ്രൗഢിയിലെത്തിച്ചു. തിരുവിതാംകോട്ട് റമ്പാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഗീവര്‍ഗീസ് റമ്പാന്‍ 1970-ല്‍ ഇഹലോകവാസം വെടിഞ്ഞ്, തന്‍റെ മുന്‍ഗാമികളും ആദ്യകാല തെരിസാ പുരോഹിതരുമായ യാക്കോബ് സ്വാമിയാര്‍, അന്ത്രയോസ് സ്വാമിയാര്‍, കോനാട്ട് യാക്കോബ് മല്പാന്‍ തുടങ്ങിയ ആചാര്യന്മാരെ അടക്കിയ, പള്ളിമുറ്റത്തുള്ള കബറില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്തു.
കാലത്തിന്‍റെ കുത്തൊഴുക്കും നൂറ്റാണ്ടുകളിലെ ശ്രദ്ധാരാഹിത്യവും തോമയാര്‍ കോവിലിന്‍റെ പുരാതന ഈടുവയ്പ്പുകളില്‍ ഭൂരിപക്ഷത്തേയും അപ്രത്യക്ഷമാക്കി. പള്ളിക്കുള്ളിലെ കരിങ്കല്ലില്‍ കൊത്തിയ ചെറിയ മാമോദീസാതൊട്ടിയും കരിങ്കല്‍ ജലസംഭരണിയും, പാദക്ഷാളനക്കല്ലും, നൂറ്റാണ്ടുകളിലെന്നോ സമ്മാനമായി ലഭിച്ച ഐക്കണ്‍പേടകവും, പോര്‍ട്ടുഗീസുകാര്‍ സമ്മാനിച്ച തൂക്കുവിളക്കും, പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ധൂപക്കുറ്റിയുംപോലെ അപൂര്‍വം വസ്തുക്കള്‍ മാത്രമാണ് ചരിത്രസ്മാരകങ്ങളായി ഇന്ന് തോമയാര്‍ കോവിലില്‍ ശേഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്കുള്ള ദേശീയപാതയില്‍ അഴകിയമണ്ഡപത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറാണ് തോമയാര്‍ കോവില്‍. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്ററും, കന്യാകുമാരിയില്‍ നിന്നും 38 കിലോമീറ്ററും ആണ് തോമയാര്‍ കോവിലിലേയ്ക്കുള്ള ദൂരം. വിനോദസഞ്ചാര കേന്ദ്രങ്ങളായ പദ്മനാഭപുരം കൊട്ടാരം, ഉദയഗിരിക്കോട്ട എന്നിവയിലേയ്ക്ക് ഇവിടെനിന്നും കേവലം 5 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത് (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക: ഡോ. എം. കുര്യന്‍ തോമസ്, തോമയാര്‍ കോവില്‍: തിരുവിതാംകോട് അര(ച)പ്പള്ളി, എം.ഒ.സി. പബ്ലിക്കേഷന്‍സ്, കോട്ടയം, പേജുകള്‍ 328, വില 150 രൂപ).
നാഞ്ചിനാടിന്‍റെ കാഴ്ചനിലങ്ങള്‍ തേടി ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കുക. ഈ പാതയ്ക്കു സമീപം ഒരു സാംസ്കാരിക പൈതൃകം സ്ഥിതിചെയ്യുന്നുണ്ട് – തോമയാര്‍ കോവില്‍. കന്യാകുമാരിയിലേയ്ക്കും പദ്മനാഭപുരത്തേയ്ക്കും കാഴ്ച തേടി പോകുമ്പോള്‍ തൊട്ടടുത്തുള്ള തോമയാര്‍ കോവില്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. അത് ഇന്ത്യയുടെ ദേശീയ പൈതൃകമാണ്. നാഞ്ചിനാടിന്‍റെ സാംസ്ക്കാരിക പെരുമയാണ്. നസ്രാണികളുടെ രണ്ട് സഹസ്രാബ്ദകാലത്തെ നിലനില്‍പ്പിന്‍റെ പ്രതീകമാണ്. ഇതിലൊക്കെ ഉപരി, തോമയാര്‍ കോവില്‍ ശാന്തത കളിയാടുന്ന ഒരു ദൈവനിലമാണ്. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ ആരംഭമിട്ട ഒരു തീര്‍ത്ഥാടന കേന്ദ്രവും.