ലോകപരിസ്ഥിതി ദിനാഘോഷം

ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ പദ്ധതി പ്രശംസനീയം: രാജു എബ്രഹാം എം എൽ എ

റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭ നടപ്പിലാക്കുന്ന ഊർജസംരക്ഷണ കുടുംബ ബോധവത്കരണ പദ്ധതി കേരള സമൂഹത്തിന് മാതൃകയാണെന്ന് റാന്നി എം എൽ എ രാജു എബ്രഹാം. കേരള സംസ്ഥാന ഊർജ സംരക്ഷണ കേന്ദ്രവും സഭയുടെ മാനവശാക്തീകരണ വിഭാഗവും ചേർന്നൊരുക്കുന്ന ബോധവത്കരണ പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം റാന്നിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ഉത്തരവാദിത്വത്തോടു കൂടി വ്യത്യസ്തമായ പരിപാടികൾ ഓർത്തഡോക്സ് സഭ ആസൂത്രണം ചെയ്യുന്നത് ശ്രദ്ധേയമാണ്‌. ഊർജ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കുടുംബ ബോധവത്കരണം അനിവാര്യമാണ്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഗാർഹികമായ ഊർജ പരിപാലനം സ്ഥായിയായ മാറ്റങ്ങൾ വരുത്തുമെന്നും എം എൽ എ പറഞ്ഞു. നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഡോ ജോഷ്വാ മാർ നിക്കോദിമോസ് അദ്ധ്യക്ഷത വഹിച്ചു. സഭയുടെ എല്ലാ കുടുംബങ്ങളിലും ഈ പദ്ധതി പ്രയോജനപ്പെടുത്തുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.  സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ആഗോള താപനം എന്ന വലിയ വിപത്തിനെ മുന്നിൽ കണ്ട് സഭയിലെ യുവാക്കൾ പരിസ്ഥിതി – ഊർജ സംരക്ഷണ യജ്ഞത്തിൽ ക്രിയാത്മകമായി പങ്കുകാരാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാരുമായി ചേർന്നൊരു സഭ ഇദംപ്രഥമമായി നടത്തുന്ന ബോധവത്ക്കരണ പദ്ധതിയാണിത്. ഭാവിയോടുള്ള നമ്മുടെ പ്രതിബദ്ധതയായി ഇത് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഫാ പി എ ഫിലിപ്പ് പദ്ധതി അവതരണം നടത്തി. ഫാ യൂഹാനോൻ ജോൺ, ഫാ ഷൈജു കുര്യൻ, ഫാ സൈമൺ വർഗീസ്, അനു വടശേരിക്കര, മിൻറാ മറിയം, അഡ്വ നോബിൻ അലക്സ്, എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ഊർജസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച ഊർജകിരൺ എന്ന പുസ്തകം ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലേക്കുമായി വിതരണം ചെയ്തു. പരിസ്ഥിതി കമ്മീഷന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചിരുന്നു.

പരുമല : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ ഇക്കോളജിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രകൃതിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് പ്രകൃതിക്ക് അതീതനായി സുഖലോലുപനായി ജീവിക്കുവാന്‍ ത്വരകാട്ടിയ മനുഷ്യന്റെ പരാക്രമമാണ് ഇന്ന് കാണുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി പറഞ്ഞു. പച്ചപ്പ് സൃഷ്ടിക്കുക, പരിസര ശുചിത്വം, ജലസ്രോതസ്സുകളെ സംരക്ഷിക്കുക, ലളിതജീവിതം ആചരിക്കുക ഈ മൂന്നു കാര്യങ്ങള്‍ പാലിക്കുവാന്‍ നാം ശ്രദ്ധിക്കണം.
ദൈവം കനിഞ്ഞുനല്‍കിയ പ്രകൃതിയുടെ കാര്യവിചാരകന്മാരായ നാം അത് കാത്തുസൂക്ഷിക്കുവാനും ബാധ്യസ്ഥരാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ പറഞ്ഞു.
പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി കുര്യാക്കോസ്, റവ.ഫാ. കെ.വി ജോസഫ് റമ്പാന്‍, എ.ജി ജോസഫ് റമ്പാന്‍, ഫാ.മത്തായിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.