യുവജന സംഗമവും സ്നേഹസ്പർശം പദ്ധതി ഉദ്ഘാടനവും

കുമ്പഴ: സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന യുവജന സംഗമവും, “സ്നേഹസ്പർശം” കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലങ്കര ഓർത്തഡോൿസ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു.യേശു ക്രിസ്തു ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ യുവജനങ്ങൾ ഏറ്റെടുത്ത ചെയ്യുന്നത് സമൂഹത്തിനു വലിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടവക വികാരി റവ. ഫാ ലിറ്റോ ജേക്കബ് അധ്യക്ഷത വഹിച്ചു.
 
നിർധനരായവർക്ക്‌ ഭവന നിർമാണം,വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം,പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കോളനികൾ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ-വസ്ത്ര വിതരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ രക്തദാനം എന്നിവയാണ് “സ്നേഹസ്പർശം” പദ്ധതിയുടെ പ്രധാന പ്രവർത്തങ്ങൾ.ഭവന നിർമാണ പദ്ധതിക്കായുള്ള ആദ്യ സംഭാവന ഇടവകാംഗം ശ്രീ. ഷിജു തങ്കച്ചൻ ഓലിയിൽ നിന്നും തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം റവ. ഫാ യോഹന്നാൻ ശങ്കരത്തിൽ ഏറ്റു വാങ്ങി. അസോസിയേഷൻ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ഉമ്മനെ യോഗം അനുമോദിച്ചു. യുവജന പ്രസ്ഥാനം ഭാരവാഹികളായ ശ്രീ നിതിൻ മണക്കാട്ടുമണ്ണിൽ, ശ്രീ അനൂജ് ജോൺസൻ, ശ്രീ ലിജിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.