കുന്നംകുളം ∙ പുതിയ അധ്യായന വർഷത്തിൽ വിദ്യാഭ്യാസ മേഖല പ്രശ്നരഹിതവും സന്തോഷകരവുമാകട്ടെയെന്ന് ഓർത്തഡോക്സ് സഭയുടെ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഷെയർ ആൻഡ് കെയർ സൊസൈറ്റിയുടെ സ്നേഹപൂർവം കൂട്ടുകാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീതി നടക്കുന്നയിടത്താണ് പ്രതിഷേധമുണ്ടാകേണ്ടത്. എന്നാൽ പ്രതിഷേധമെന്ന പേരിലുള്ള സമരങ്ങൾ എൽപി ക്ലാസുകളിലുള്ളവരുടെ പഠനം പോലും മുടക്കുന്ന സ്ഥിതിയാണുള്ളത്. ഇൗ പ്രവണത മാറണം. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു.
ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, ഗുഡ്ഷേപ്പർഡ് സിഎംഐ സ്കൂൾ, ആർത്താറ്റ് എക്സൽ പബ്ലിക് സ്കൂൾ, വെള്ളിത്തിരുത്തി ബ്ലൂമിങ് ബസ്ഡ്സ് ബഥാനിയ, ആർത്താറ്റ് ഹോളിക്രോസ് എന്നീ സ്കൂളുകളുടെ സഹകരണത്തോടെയാണ് സിസി ടിവിയുമായി ചേർന്നുള്ള പദ്ധതിയിലേക്ക് സ്കൂൾ കിറ്റ് സമാഹരിച്ചത്.
ജീവകാരുണ്യ സംഘടനയായ സൊസൈറ്റിയുടെ പ്രവർത്തകർ നേരിട്ടും കിറ്റ് ശേഖരിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് ലബീബ് ഹസൻ അധ്യക്ഷനായി. കഴിഞ്ഞ ദിവസം പെരുമ്പിലാവിൽ ഉണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അൻസാർ ആശുപത്രി ഡയറക്ടർ ഡോ. എ. നിസാറിനെ സമ്മേളനത്തിൽ അനുമോദിച്ചു. ടി.വി. ജോൺസൻ, സി. ഗിരീഷ് കുമാർ, പെൻകോ ബക്കർ, എം. ബിജുബാൽ എന്നിവർ പ്രസംഗിച്ചു