രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍…

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ദൈവാലയശുശ്രൂഷിയായിരുന്ന ജോർജ്ജുകുട്ടി ബി.എസ്.സി. കഴിഞ്ഞപ്പോൾ അപ്പനോട് പറഞ്ഞു, വൈദികനാകാൻ ആഗ്രഹമുണ്ട്. രണ്ടാഴ്ച ഇക്കാര്യം ആരോടും പറയരുത് എന്നായിരുന്നു അപ്പന്റെ നിർദ്ദേശം. രണ്ടാഴ്ച പ്രാർത്ഥനയിൽ കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപ്പൻ ചോദിച്ചു:”ജോർജ്ജുകുട്ടി, മോൻ എന്തു തീരുമാനിച്ചു?”
”’ദൈവഹിതമെങ്കിൽ അച്ചനാകണം” ജോർജ്ജുകുട്ടി പറഞ്ഞു.
പിറ്റേന്ന് കാലത്ത് ജോർജ്ജുകുട്ടിയേയും കൂട്ടി അപ്പൻ വികാരിയച്ചനെ കാണാൻ ചെന്നു. അന്ന് വികാരി ഫാദർ സൈമൺ വാഴപ്പളളിയിൽ ആയിരുന്നു. മകന്റെ ആഗ്രഹം പാവു വികാരിയച്ചനെ അറിയിച്ചു. വികാരി അച്ചൻ ചോദിച്ചു:’തിരുമേനിയോട് നേരെ ചെന്ന് പറഞ്ഞാൽപ്പോരേ?
ശരിയാണ്, ഭദ്രാസനമെത്രാപ്പോലീത്ത പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ കാതോലിക്കാ ബാവാ) ജോർജ്ജുകുട്ടിക്ക് ജ്യേഷ്ഠ സഹോദരനാണ്
”അച്ചൻ ഞങ്ങളുടെ വികാരിയാണ്. അച്ചനാണ് ആദ്യം തീരുമാനിക്കേണ്ടത്. ഇവനെ വൈദിക സെമിനാരിയിൽ വിട്ടു പഠിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ അച്ചൻ ഇവനേയും കൂട്ടി തിരുമേനിയെ കണ്ട് വിവരം ബോധിപ്പിക്കുക” അപ്പൻ പറഞ്ഞു. വ്യാപാരിയായ അപ്പന്റെയും അധ്യാപികയായിരുന്ന അമ്മയുടെയും പ്രിയ ജോർജുകുട്ടി അങ്ങനെ വൈദികനാകാനുള്ള ചുവടുകൾ വച്ചു.ജോർജ്ജിനേയും കൂട്ടി വികാരിയച്ചൻ അരമനയിലെത്തി തിരുമേനിയെ കണ്ടു. ആഗ്രഹം അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശപ്രകാരം 1987-ൽ കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ വിദ്യാർത്ഥിയായി ചേർന്ന
1982-ലായിരുന്നു ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ടർപഠനത്തിനായി ചാവറ കുറിയാക്കോസച്ചനാൽ സ്ഥാപിതമായ തൃശൂർ സെൻറ് അലോഷ്യസ് കോളേജിൽ ചേർന്നു. അവിടെനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു വൈദികവൃത്തിയിലേക്ക് ചേരാനുള്ള തീരുമാനമെടുത്തത്. 1990 ഏപ്രിൽ മാസം 27-ാം തീയതി ആർത്താറ്റ് മഹായിടവക ദേവാലയത്തിൽ വെച്ച് പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ ശെമ്മാശപട്ടം നൽകി. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എ ഫിലോസഫിക്ക് രജിസ്റ്റർ ചെയ്തു. കോഴിക്കോട്ടുളള രാമകൃഷ്ണൻ സാറിന്റെ കീഴിൽ സംസ്‌കൃത പഠനവും ആരംഭിച്ചു
1992 വലിയ നോമ്പിൽ അഭിവന്ദ്യ ഇടവകമെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് പറഞ്ഞു: ”ശെമ്മാശ്ശാ, എനിക്ക് അച്ചന്മാരുടെ കുറവുണ്ട്””’ഞാൻ പട്ടമേൽക്കാം”’ശെമ്മാശൻ മറുപടിയായി പറഞ്ഞു. സാധാരണ ഗതിയിൽ ശെമ്മാശന്മാർ ആഗ്രഹിക്കുന്നെങ്കിൽ കശ്ലീശ്ലാ ആകുന്നതിന് മുമ്പ് വിവാഹം കഴിക്കണം. കാനോൻ അങ്ങനെയാണ്. എന്നാൽ അവിവാഹിതനായി പട്ടമേൽക്കാൻ സെമിനാരിയിൽ പഠിക്കുന്ന കാലത്തേ തീരുമാനം എടുത്തിരുന്നു. വൈദികവൃത്തിയും കുടുംബജിവിതവും പൊരുത്തപ്പെടില്ല എന്നൊരു ചിന്ത മുന്നമേ മനസ്സിലുണ്ടായിരുന്നു. സന്യാസത്തിലേക്കുളള ഉണർന്നെഴുന്നേൽക്കലായിരുന്നു ആ തീരുമാനം. 1992 മാർച്ച് മാസം 14-ാം തീയതി കുന്നംകുളം അരമന ചാപ്പലിലെ മദ്ബഹായിൽ വെച്ച് പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ കൈകളാൽ ജോർജ്ജ് പുലിക്കോട്ടിൽ കശ്ശീശ്ശയായി ഉയർത്തപ്പെട്ടു. ഉടനെതന്നെ മരത്തംകൊട് സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ വികാരിയായി നിയോഗിക്കപ്പെട്ടു. അധികം വൈകാതെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ ചേർന്ന് പഠിക്കുവാനായി ബാംഗ്ലൂരിലേക്ക് പോയി. അവിടെ ദൈവാലയവും ലഭിച്ചു. അവിടെയും വിധി മറ്റൊന്നായിരുന്നു. മദ്രാസ് ഗുരുകുൽ കോളേജിൽ എം.റ്റി.എച്ചിന് അഡ്മിഷൻ തരപ്പെട്ടിട്ടുണ്ടെന്ന് വന്ദ്യ ഗുരുനാഥനായ ഡോ.ജേക്കബ് കുര്യനച്ചൻ വിളിച്ചറിയിച്ചു. പുലിക്കോട്ടിൽ അച്ചനും അങ്ങനെ മദ്രാസിലേക്ക്. ഗുരുകുൽ കോളേജിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ദു:ഖം ഉളവാക്കുന്നതായിരുന്നു. അവിടെ ക്ലാസ്സ് ആരംഭിച്ചിട്ട് ഒരു മാസം ആകുന്നു. അടുത്ത വർഷം പരിഗണിക്കാം എന്നായിരുന്നു കോളേജധികൃതർ നൽകിയ ഉറപ്പ്. വിധികല്പിതമോർത്ത് ഒട്ട് ദു:ഖത്തോടെ തിരിച്ച് നാട്ടിലെത്തി. കോട്ടയത്ത് സെമിനാരിയിൽ എത്തിച്ചേർന്നു.
വന്ദ്യഗുരു ശ്രേഷ്ഠനായ കോരുത് മല്പാനച്ചനോട് വ്യഥിത മാനസ്സനായി ഉണ്ടായ സംഗതികളെക്കുറിച്ചൊക്കെ വിവരിച്ചു. കേൾവിക്ക് ഇത്തിരി പിന്നിലായ മൽപാനച്ചൻ പറഞ്ഞു. എന്തായാലും അഡ്മിഷൻ കിട്ടിയല്ലോ നന്നായി പഠിച്ചു വരിക.’ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുകയും ചെയ്തു. എന്തു പറയണമെന്നറിയാതെ നിന്നു. തിരുത്തുവാൻ തുനിഞ്ഞില്ല. അന്ന് അവിടെ നിന്ന് കുന്നംകുളത്തേക്ക് പോയി. പിറ്റേന്ന് ഡോ. ജേക്കബ് കുര്യനച്ചന്റെ ഫോൺ സന്ദേശം ലഭിച്ചു. ‘മദ്രാസിലേക്ക് തിരിച്ചു ചെല്ലുക. ഗുരുകുലത്തിൽ നിന്നും പ്രിൻസിപ്പൽ സുന്ദരറാവു വിളിച്ചിരുന്നു. അഡ്മിഷൻ ഉറപ്പായിരിക്കുന്നു. ചെന്ന് പഠിച്ചു കൊളളുക.’ അപ്പോഴാണ് കഴിഞ്ഞ ദിവസമുണ്ടായ അത്ഭുതകരമായ പ്രവചനങ്ങളുടേയും അനുഗ്രഹത്തിന്റേയും പൊരുൾ അറിയുന്നത്. ഗുരു കടാക്ഷത്തിനു മുമ്പിൽ വിനീതനായി നിന്നു.
ഗുരുകുൽ കോളേജിലെ വിദ്യാഭ്യാസ കാലഘട്ടം സന്തോഷപ്രദമായിരുന്നു. എക്യുമെനിക്കൽ രംഗത്ത് നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞതും ഈ നാളുകളിലായിരുന്നു. രണ്ടു വർഷം മദ്രാസിൽ താമസിച്ച് പഠനം പൂർത്തിയാക്കി. സുന്നഹദോസ് തീരുമാനപ്രകാരം തീയോളജിയിൽ മാസ്റ്റർ ഡിഗ്രി പഠനം പൂർത്തീകരിച്ച ഫാദർ ജോർജ്ജ് പുലിക്കോട്ടിൽ കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായി നിയമിതനായി. ഒപ്പം സോഫിയാ സെന്റർ പ്രോഗ്രാം സെക്രട്ടറി, ദിവ്യബോധനം റെജിസ്ട്രാർ, സെമിനാരി അസിസ്റ്റന്റ് വാർഡൻ എന്നീ ചുമതലകളെല്ലാം പുലിക്കോട്ടിലച്ചനിൽ ഭരമേൽപ്പിക്കപ്പെട്ടു
സെമിനാരിയിൽ അദ്ധ്യാപകനായി നിയമിതനായ ജോർജ്ജ് പുലിക്കോട്ടിലച്ചനെ കോട്ടയം ‘ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ ഈവാനിയോസ് തിരുമനസ്സു കൊണ്ട് മിഷൻ പളളികളുടെ ചുമതല ഏൽപ്പിച്ചു. എന്നാൽ മാതൃഭദ്രാസനമായ കുന്നംകുളത്ത് വൈദികരുടെ അഭാവം ഉണ്ടായതിനാൽ അവിടെയുളള ദൈവാലയങ്ങളുടെ ചുമതല ഏൽക്കേണ്ടി വന്നു. 1995-ൽ വടക്കെ ഇൻഡ്യയിൽ പുതിയ സെമിനാരി സ്ഥാപിക്കപ്പെട്ടപ്പോൾ അവിടെയും പോയി പഠിപ്പിക്കുവാനുളള നിയോഗമുണ്ടായി.പിന്നീട് ഫാദർ ജോർജ്ജ് പുലിക്കോട്ടിൽ ജർമ്മനിയിലെ ഫെഡറിക് അലക്‌സാണ്ടർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനായി യാത്രയായി. 2003- ഡിസംബർ ആറ്, മതങ്ങളുടെ വേദശാസ്ത്ര ശാഖയിലെ ഫാക്കൽറ്റിക്കൊപ്പമായിരുന്നു ഫാദർ ജോർജ്ജിന് അന്ന് അത്താഴം. അത്താഴം കഴിഞ്ഞ് നടന്ന മീറ്റിംഗിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകപ്പെട്ടു. കൈയ്യിൽ കിട്ടിയ ഇളം നീല നിറത്തിലുളള കടലാസിലേക്ക് നോക്കി. മനസ്സ് മെരുങ്ങാത്ത കുതിരയെപ്പോലെ സന്തോഷം കൊണ്ട് കുതിച്ചു പൊന്തി. കഴിഞ്ഞ ആറു വർഷങ്ങളിലെ കഠിനമായ അദ്ധ്വാനത്തിനും സംഘർഷഭരിതമായ കാത്തിരിപ്പിനും ഒടുവിൽ അത് ലഭിച്ചിരിക്കുന്നു. ‘മത സംസ്‌കാരങ്ങളോടുളള മലങ്കര ഓർത്തഡോക്‌സ് സഭയുടെ സംവേദനം’ എന്ന വിഷയത്തിൽ എഴുതി തയ്യാറാക്കിയ പ്രബന്ധം കഴിഞ്ഞ ആറു മാസമായി പരിശോധിക്കപ്പെടുകയായിരുന്നു. അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മുതൽ ഫാദർ ജോർജ്ജ് പുലിക്കോട്ടിൽ, ഫാദർ ഡോക്ടർ ജോർജ്ജ് പുലിക്കോട്ടിൽ എന്ന് അറിയപ്പെടും.ജർമ്മനിയിൽനിന്നും പഠനം പൂർത്തിയാക്കിയെത്തിയ ഫാദർ ജോർജ്ജ് പുലിക്കോട്ടിൽ പരിശുദ്ധ ബസേലിയോസ് മാർതോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കബാവായുടെ കല്പന പ്രകാരം കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി ഫാക്കൽട്ടിയിലും നാഗ്പൂർ, സെന്റ് തോമസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ വിസിറ്റിംഗ് പ്രാഫസറായും ചുമതലയേറ്റു
2005 മെയ് ഒന്നാം തീയതി ഫാദർ ഡോ.ജോർജ്ജ് പുലിക്കോട്ടിൽ അമേരിക്കയിലെത്തി. ഷിക്കോഗോ ഓക്പാർക്ക് സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ വികാരിയായി നിയോഗിക്കപ്പെട്ടു. ഏറെ വൈകാതെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണാനന്തര പഠനത്തിനായി ചേർന്നു. കുട്ടിക്കാലത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പഠനം. ‘സ്വാമി വിവേകാനന്ദന്റെ ചിന്തയിലെ മതസ്വരലയം’ എന്ന വിഷയം പഠിക്കുവാൻ തിരഞ്ഞെടുത്തു.അമേരിക്കയിലെ പഠനവും സേവനവും കഴിഞ്ഞ് തിരിച്ചെത്തിയ പുലിക്കോട്ടിലച്ചൻ നാഗ്പൂർ സെമിനാരിയിൽ മുഴുവൻ സമയ അദ്ധ്യാപകനായി ചുമതലയേറ്റു. ഒപ്പം സെമിനാരിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബർസാർ’ ചുമതലയും. ഈ കാലഘട്ടം അദ്ദേഹത്തിൽ പുത്തൻ ചിന്തകൾക്ക് വഴിയൊരുക്കി. ഒരു ഇടവകയുടേയും വികാരിസ്ഥാനം ഏറ്റെടുത്തില്ല. വൈദികരുടെ അഭാവം ഉണ്ടാകുന്നിടത്ത് പോകും. വൈദികകർമ്മങ്ങൾ അനുഷ്ഠിക്കും. പിന്നെ സെമിനാരിയിലേക്ക് മടങ്ങും. നാഗ്പൂർ സെമിനാരിയിൽ അദ്ധ്യാപകനായതിൽ സംതൃപ്തി തോന്നിയ കാലമായിരുന്നു അത്.വീണ്ടും പരിശുദ്ധ സഭയിൽ മെത്രാൻ തിരഞ്ഞെടുപ്പ് സംജാതമായി. ഫാ.ജോർജ് പുലിക്കോട്ടിൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ വർത്തമാനവുമായി അമ്മയുടെ അടുത്തെത്തി. മാതൃ ചേതനയുടെ സൂക്ഷ്മമായ തുടിപ്പുകളോടെ ചേർത്തു നിർത്തി അമ്മ പറഞ്ഞു. ”മോനേ, ഇതു വലിയ കാര്യമൊന്നുമല്ല. ദൈവത്തെ വിളിച്ച് ജീവിക്കുക.” ഉറവുകളുടേയും മുലപ്പാലിന്റേയും ശാന്തിയേറ്റു വാങ്ങിയ ആദ്ധ്യാത്മിക ഉണർവ്വോടെ ആ മകൻ അമ്മയോട് ചേർന്നു നിന്നു, ആത്മസംതൃപ്തിയുടെ ആദ്യപാഠം കേട്ടിട്ടെന്ന പോലെ.തുടർന്ന്, സന്യാസത്തിന്റെ വ്രതാനുഷ്ഠാനങ്ങൾ പാലിക്കുന്നവൻ എന്ന നിലയിൽ പരിശുദ്ധ പരുമല ദേവാലയത്തിൽ വെച്ച് റമ്പാനായി വേർതിരിക്കപ്പെട്ടു. 2010 മെയ് മാസം 12-ാം തീയതി കോട്ടയത്ത് മാർ ഏലിയാ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് മാർ യൂലിയോസ് എന്ന പേരിൽ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. പരിശുദ്ധ ബസ്സേലിയോസ് മാർതോമാ ദ്വിദിമോസ് പ്രഥമൻ ബാവായുടെ സാന്നിദ്ധ്യത്തിലും മറ്റ് മെത്രാപ്പോലീത്തമാരുടേയും അനേക വൈദികരുടേയും സഹകരണത്തിലും അന്നത്തെ നിയുക്ത ബാവ പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ആദിമ സഭയുടെ പ്രവർത്തന ഘട്ടത്തിൽ പരിശുദ്ധ പൗലോസ് ശ്ലീഹായെ റോമിലേക്ക് കൊണ്ടു പോയ കപ്പിത്താന്റെ പേരായ യൂലിയോസ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ പൈതൽ എന്നാണ്. ദൈവത്തിന്റെ പൈതലായി ജനിച്ച് ഉത്തമ സാക്ഷ്യമായി വളർന്ന ജോർജ്ജുകുട്ടി അങ്ങനെ ഡോ.ഗീവറുഗീസ് മാർ യൂലിയോസ് എന്ന പേരിൽ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. പ്രവർത്തിക്കുവാനുളള ഭദ്രാസനം, പുതുതായി രൂപീകരിക്കപ്പെട്ട അഹമ്മദാബാദ് ആയിരിക്കുമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് നിശ്ചയിച്ചു.അഹമ്മദാബാദ് ഭദ്രാസനാധിപൻ എന്ന നിലയിൽമാത്രമല്ല വിവിധ സേവനരംഗങ്ങളിലും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ശോഭിക്കുന്നു. സഭാന്തര ബന്ധങ്ങൾ വളർത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനാണ്. 2016 നവംബറിൽ പുലിക്കോട്ടിൽ ഒന്നാമൻ മെത്രാപ്പോലീത്തയുടെ ചരമദ്വിശതാബ്ദിസമ്മേളനത്തിനായി എത്യോപ്യൻ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസിനെ കേരളത്തിലേക്ക് കൊണ്ടുവന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അതിന് നിദർശനമാണ്. 2017-ലെ സഭാസുനഹദോസ് തീരുമാനപ്രകാരം സഭയിലെ ദൃശ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മലങ്കര സഭ മാസിക, നാഷനൽ റിലീഫ് സർവീസ് ഓഫ് ഓർത്തഡോക്‌സ് ചർച്ച് എന്നിവയുടെയും പ്രസിഡന്റാണ്. ഇപ്പോൾ കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്ത എന്ന അധികച്ചുമതലയും വഹിക്കുന്നു.