അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന അഡ്വ. ബിജു ഉമ്മനുമായുള്ള അഭിമുഖം
1. താങ്കള്‍ അഅസോസിയേഷന്‍ സെക്രട്ടറിയായി മത്സരിക്കുന്നതിനേക്കുറിച്ച്?
ദൈവത്തിന്‍റെ മഹാ കരുണയാല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിരണം ഭദ്രാസനത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പുണ്യശ്ലോകരായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ എന്നിവരോടൊപ്പവും ഇപ്പോള്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായോടൊപ്പവും 23 വര്‍ഷം മാനേജിംഗ് കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഈ അനുഭവസമ്പത്ത് കുറേക്കൂടി കാര്യക്ഷമമായി പ. സഭയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ്. എന്ന മത്സരരംഗത്ത് എത്തിച്ചത്.
2. താങ്കളുടെ സഭാപ്രവര്‍ത്തന പശ്ചാത്തലം എന്താണ്?
ഞാന്‍ കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. ഇടവകതലം മുതലാണ് എന്‍റെ സഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാതൃഇടവക സെക്രട്ടറി, സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍, സുവിശേഷസംഘം ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം, സഭാ മാനേജിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ പ. സഭ അവസരം തന്നു. ലഭിച്ച അവസരങ്ങള്‍ വിശ്വസ്തതമായും ആത്മാര്‍ത്ഥമായും സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി വിനയോഗിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂര്‍വ്വം പറയാന്‍ സാധിക്കും.
3. എടുത്തു പറയത്തക്ക സംഭാവനകള്‍?
സഭയുടെ റൂള്‍ കമ്മറ്റി, പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ലീഗല്‍ കമ്മീഷന്‍, 2008-ലെ എപ്പിസ്കോപ്പല്‍ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മറ്റി, കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് ഗവേണിംഗ് ബോര്‍ഡ് എന്നിവയിലെ അംഗത്വം, വിവാഹ സഹായ പദ്ധതി, ഭവന സഹായ വിതരണ പദ്ധതി, പരുമലയില്‍ നടന്ന മൂന്ന് മലങ്കര അസോസിയേഷന്‍ യോഗങ്ങളുടെ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കണ്‍വീനര്‍, പുനര്‍വിവാഹം സംബന്ധിച്ചുള്ള പ. ബാവാ തിരുമേനിമാരുടെ നിയമോപദേഷ്ടാവ് തുടങ്ങിയ നിലകളില്‍ വിശ്വസ്ഥതയോടെ പ്രവര്‍ത്തിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്.
4. കഴിഞ്ഞ മാനേജിംഗ് കമ്മറ്റിയില്‍ താങ്കള്‍ മൗനി ആയിരുന്നു എന്ന ആരോപണത്തെക്കുറിച്ച്?
മാനേജിംഗ് കമ്മറ്റിയില്‍ ബഹളം വെയ്ക്കുന്നതല്ലല്ലോ ക്രിയാത്മകമായ പ്രവര്‍ത്തനം. ഫലപ്രദമായ ഭൂരിഭാഗം പ്രവര്‍ത്തികളും നിശബ്ദമായിരിക്കും. ആ നിലയില്‍ എന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണെന്‍റെ വിശ്വാസം. ഉദാഹരണത്തിന് റൂള്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ 2006, 2011 വര്‍ഷങ്ങളിലെ സഭാഭരണഘടനാ ഭേദഗതി പ്രക്രിയയില്‍ സജീവ പങ്കാളിത്തം വഹിക്കാനും, ലീഗല്‍ കമ്മീഷന്‍ അംഗം എന്ന നിലയില്‍ 2016-ലെ അസോസിയേഷന്‍ നടപടിച്ചട്ട പരിഷ്കരണത്തില്‍ മുഖ്യപങ്കു വഹിക്കാനും സാധിച്ചു. ഇതു മൂലം തെരഞ്ഞെടുപ്പു റദ്ദാവുന്ന ഇടവകകളില്‍ സാദ്ധ്യമെങ്കില്‍ പുനര്‍ തെരഞ്ഞെടുപ്പു നടത്താനും 2017 മാര്‍ച്ച് ഒന്നിനു കൂടിയ മലങ്കര അസോസിയേഷനില്‍, സങ്കീര്‍ണമായിരുന്ന തെരഞ്ഞെടുപ്പു പ്രക്രിയകള്‍ (വോട്ടിംഗും കൗണ്ടിംഗും) ലളിതമാക്കാനും ഇടയായി. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഈ വിഷയങ്ങള്‍ പരിഗണിച്ച അവസരങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു എന്ന കാര്യം വിനയപൂര്‍വ്വം സ്മരിക്കുന്നു.
5. അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
നമ്മുടെ പ. സഭ ഒരു എപ്പിസ്ക്കോപ്പല്‍ സഭയാണ്. അതേസമയം അതൊരു മഹത്തായ ജനാധിത്യ പ്രസ്ഥാനവുമാണ്. പ. ബാവാ തിരുമേനിയാണ് ഈ സഭയുടെ ദൃശ്യതലവനും മുഖ്യകാര്യദര്‍ശിയും. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹത്തെ സഹായിക്കാനുമാണ് അസോസിയേഷന്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തു നിയമിക്കുന്നത്. ഈ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഞാന്‍ ബന്ധപ്പെട്ടിട്ടുള്ള ശ്രേഷ്ഠ പിതാക്കന്മാരില്‍നിന്നും ഞാന്‍ പഠിച്ചതും അതാണ്.
6. ഇതിനെപ്പറ്റി വേറിട്ട ചിന്തകള്‍ വല്ലതുമുണ്ടോ?
~ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ; പ. സഭയോടും പ. ബാവാ തിരുമേനിയോടും ചേര്‍ന്ന് സഭാഭരണഘടനയ്ക്കുള്ളില്‍നിന്നല്ലാതെ അസോസിയേഷന്‍ സെക്രട്ടറിക്ക് ഒരു അസ്തിത്വവുമില്ല. അത് സെക്രട്ടറിക്കെന്നല്ല സഭയിലെ ഒരു സ്ഥാനിക്കുമില്ല. ഒരു എപ്പിസ്ക്കോപ്പല്‍ സഭ എന്ന നിലയില്‍ സഭയിലെ പിതാക്കന്മാരുടേയും പ. സുന്നഹദോസിന്‍റെയും സ്ഥാനം അദ്വിതീയമാണ്. സഭയ്ക്കുള്ളിലെ വിവിധഘടകങ്ങള്‍ തമ്മിലുള്ള മത്സരം സഭയെ തളര്‍ത്തുക മാത്രമേയുള്ളു. പ. ബാവായോടൊപ്പം പ. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും സ്ഥാനികളും ചേര്‍ന്നുനിന്ന്, ഒരു മനസായി, സഭയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുക. അതാണ് എന്‍റെ സ്വപ്നം. അത്തരമൊരു ഏകോപനമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. കലഹത്തിന്‍റെ ആത്മാവല്ല, അനുരഞ്ജനത്തിന്‍റെ ആത്മാവാണ് സഭാ സ്ഥാനികളെ ഭരിക്കേണ്ടത്.
7. സഭയും രാഷ്ട്രീയവും തമ്മില്‍?
മലങ്കരസഭയ്ക്ക് രാഷ്ട്രീയമില്ല. ഉണ്ടായിരുന്നില്ല, ഉണ്ടാകാന്‍ പാടുമില്ല. പക്ഷേ സഭാംഗങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. അതിനവര്‍ക്ക് അവകാശവുമുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരേണ്ടത് സഭാംഗങ്ങളുടെ കടമയാണ്. പക്ഷേ സ്വന്തം രാഷ്ട്രീയ ലക്ഷ്യപ്രാപ്തികള്‍ക്ക് സഭയെ ആരും ഉപയോഗിച്ചുകൂടാ. പ്രത്യേകിച്ചും സഭാ സ്ഥാനികള്‍. കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന മനോഭാവമാണ് ഈ വിഷയത്തില്‍ പുലര്‍ത്തേണ്ടത്.
8. താങ്കള്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ആരോപണത്തേപ്പറ്റി?
ഭൂരിപക്ഷം മലയാളികളെപ്പോലെ എനിക്കും രാഷ്ട്രീയ ആഭിമുഖ്യമുണ്ട്. അതൊരു തെറ്റായി ഞാന്‍ കാണുന്നില്ല. എനിക്ക് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലും അംഗത്വമില്ല. പക്ഷേ ഈ ദീര്‍ഘവര്‍ഷങ്ങളിലൊരിക്കലും ഒരു ഗ്രാമപഞ്ചായത്ത് അംഗമായിപ്പോലും ഞാന്‍ മത്സരിച്ചിട്ടില്ല. അതിനു ആഗ്രഹവുമില്ല. എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരു രാഷ്ട്രീയ മോഹങ്ങളുമില്ല. ഒരു കാര്യം ഉറപ്പു നല്‍കാം. അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ എന്‍റെയോ എന്‍റെ കുടുംബത്തിന്‍റെയോ നേട്ടങ്ങള്‍ക്കായി പ. സഭയെ ഒരിക്കലും ഉപയോഗിക്കില്ല.
9. സഭയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ എനിക്കു തന്നെ സഭയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കുകയില്ല. പക്ഷേ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അത്ഭുതങ്ങള്‍ നടത്താന്‍ നമ്മുടെ സഭയില്‍ സാധിക്കും എന്നാണ് എന്‍റെ പരിപൂര്‍ണ്ണ വിശ്വാസം. അതിനുള്ള ആളും അര്‍ത്ഥവും നമുക്കുണ്ട്. കഴിവുള്ളവരെ നേതൃത്വ നിരയിലേയ്ക്കു കൊണ്ടുവരണം. പ്രതിഭകളുടെ കഴിവും കാര്യക്ഷമതയും സഭയ്ക്കായി വിനിയോഗിക്കുന്ന സാഹചര്യം ഉണ്ടാകണം. ഇതിനേക്കാള്‍ ഒക്കെ ഉപരി, പരസ്പര സഹവര്‍ത്തിത്വത്തിന്‍റെ അന്തരീക്ഷം സഭയില്‍ പുനഃസ്ഥാപിക്കുക എന്നതാണ് അടിയന്തിര ആവശ്യം.
10. ഇതിനൊക്കെ പിന്തുണ ലഭിക്കുമോ?
ലഭിക്കും എന്നാണ് എന്‍റെ പരിപൂര്‍ണ്ണ വിശ്വാസം. പ. ബാവാ തിരുമേനിയുടെ അനുവാദവും അനുഗ്രഹവും വാങ്ങിയാണ് ഞാന്‍ മത്സര രംഗത്തിറങ്ങിയത്. നമ്മുടെ പിതാക്കന്മാരുമായും കൂട്ടുട്രസ്റ്റിമാരുമായും നല്ല ബന്ധം പുലര്‍ത്തുന്നു. എന്‍റെ കൂടെ മുന്‍ മാനേജിംഗ് കമ്മിറ്റികളില്‍ ഉണ്ടായിരുന്ന അനേകര്‍ ഇപ്പോഴും അംഗങ്ങളാണ്. നവ അംഗങ്ങളുമായി ഞാന്‍ ഇതിനകം നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. എന്നെ അറിയാവുന്ന അവരുടെയൊക്കെ പിന്തുണ തീര്‍ച്ചയായും എനിക്കുണ്ടാകും. അതിനുമപ്പുറം എന്‍റെ സ്വന്ത നേട്ടത്തിനായി അല്ലാതെ സഭയുടെ വളര്‍ച്ചയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാ സഭാ സ്നേഹികളും പിന്തുണയ്ക്കുമെന്നു എനിക്കു ഉത്തമ ബോദ്ധ്യമുണ്ട്.
11. മാനേജിംഗ് കമ്മറ്റി അംഗങ്ങളോട് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്?
നമുക്ക് ദൈവാനുഗ്രഹമാണ് ആദ്യം വേണ്ടത്. അതിനായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. പ. സഭയ്ക്കും നമ്മുടെ പ. ബാവാ തിരുമേനിക്കും വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക. ഞാന്‍ യോഗ്യനെന്ന്, എന്‍റെ സേവനം നമ്മുടെ സഭയ്ക്ക് ആവശ്യമെന്ന്, നിങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ടെങ്കില്‍ എന്നെ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കു വിജയിപ്പിക്കുക. നിസാരനായ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.