ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?

2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക് നിർദ്ദേശിച്ച മാറ്റങ്ങൾ. സൂഷ്മമായി നിരീക്ഷിച്ചാൽ യുവ തലമുറയിലേക്കുള്ള ഒരു തലമുറ മാറ്റം തന്നേയാണ് അവിടെ ഉണ്ടായിരിക്കുന്നത്.
ഇതോടൊപ്പം അംഗങ്ങൾക്കു സഭയിൽ എങ്ങനെയുള്ള ഒരു മാറ്റമാണ് ആവശ്യം എന്നു സഭാ നേതൃത്വത്തോട് കൃത്യമായിട്ടുള്ള ഒരു ധരിപ്പിക്കലായി ട്രസ്ടിമാർക്കുവേണ്ടിയുള്ള അസോസിയേഷൻ തിരഞ്ഞെടുപ്പ്. എന്തായാലും സഭയിലെ മാറ്റങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള, Dr. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി, Fr. Dr. എം ഓ ജോൺ, ശ്രീ. ജോർജ് പോൾ എന്നിവർ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി, വൈദീക – അല്മായ സ്ഥാനങ്ങളിലേക്ക് കടന്നു വന്നിരിക്കുകയാണ്. എന്നാൽ ഈ മാറ്റങ്ങൾ പൂർണമാകുന്നത് അസോസിയേഷൻ സെക്രെട്ടറിയുടെ തിരഞ്ഞെടുപ്പോടെയാണ്. ഇവിടെ ഉരുത്തിരിയുന്ന വലിയ ചോദ്യം “അസോസിയേഷൻ സെക്രട്ടറിയെ” ഭാരിച്ച ഒരുക്കങ്ങളോടും ചിലവുകളും ചെയ്ത് നടത്തുന്ന “അസോസിയേഷൻ മീറ്റിംഗിൽ” തന്നെ എന്തു കൊണ്ട് തിരഞ്ഞെടുത്തു കൂടാ എന്നുള്ളതാണ്. ഇതൊരു വൈരുധ്യം അല്ലെ?
മലങ്കര സഭയിൽ ട്രസ്ടിമാരുടെ സ്ഥാനം ആലങ്കാരികമാണെങ്കിൽ, അസോസിയേഷൻ സെക്രെട്ടറിയുടെ സ്ഥാനം വളരെയേറെ ഉത്തരവാദിത്വങ്ങൾ നിറഞ്ഞതാണ്. ഭരണ ഘടന പ്രകാരം വലിയ സഭാ സംബന്ധമായ ഉത്തരവാദിത്വങ്ങൾ ഇല്ലെങ്കിൽ പോലും, സഭയെ സമൂഹത്തിൽ പ്രതിനിധാനം ചെയ്യേണ്ട ആൾ എന്ന നിലയിൽ അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തു പ്രവർത്തിക്കേണ്ട വ്യക്തിക്കു അത്യാവശ്യമായി വേണ്ട ചില ഗുണങ്ങളാണ്;
• ആത്മീയ സമർപ്പണം,
• സഭയോടുള്ള വിശ്വസ്തത,
• സഭാംഗങ്ങളോടുള്ള കരുതൽ
• പൗരോഹിത്യത്തോടുള്ള ബഹുമാനം
• രാഷ്ട്രീയ നിഷ്പക്ഷത
• സംഘാടക മികവ് ,
• ഭരണ മികവ് ,
• വിദ്യാഭ്യാസ യോഗ്യത,
• സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായും,
• സഭയുടെ സബ്കമ്മിറ്റികളിൽ നയ നിർമാണങ്ങളിൽ പങ്കെടുത്ത പരിചയം,
• സഭാ നൗകയെ സമൂഹത്തിൽ എങ്ങനെ അവതരിപ്പിക്കണെമെന്ന രാഷ്ട്രീയമായും ആത്മീയമായും സാമൂഹികവുമായ ദീർഘ വീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് എന്നിവ.
• ഇതിലൊക്കെ ഉപരിയായി “എന്റെ സഭ ” എന്ന നിസ്സ്വാർത്ഥമായ വിചാരം.
നിർഭാഗ്യവശാൽ ഇന്ന് കാണുന്നത്, ഇതുപോലെയുള്ള സ്ഥാനങ്ങൾ സ്വന്തം ഉയർച്ചക്കും, പ്രശസ്തിക്കുമായി ഉപയോഗിക്കുന്നതാണ്. ഇതിന്റെ അനന്തര ഫലങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സഭക്കു രാഷ്ട്രീയപരമായും സാമൂഹ്യപരമായും നേരിട്ട തിരിച്ചടികൾ.
അസോസിയേഷൻ സെക്രെട്ടറിയായി മത്സരിക്കുന്ന വ്യക്തി ധാർമികമായി ഒരു തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കേണ്ടത് ആവശ്യമാണ്. അതായത് സ്വന്തം ഇടവക പൊതുയോഗത്തിൽ നിന്ന് ഒരു അസോസിയേഷൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും, തുടർന്ന് ഭദ്രാസന പൊതുയോഗത്തിൽ നിന്നും ഒരു മാനേജിങ് കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടേണ്ടതുമാണ്. ഇത് ആ സ്ഥാനത്തേക്കു മത്സരിക്കുന്ന ആളിന്റെ വിശ്വസ്തതയും മാന്യതയും സുതാര്യതയും വെളിവാക്കുവാൻ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് .
ഇതുകൊണ്ടാണ് മാനേജിങ് കമ്മിറ്റിയിലേക്കു ഏതെങ്കിലും മാർഗങ്ങളിൽ കൂടി നാമനിർദ്ദേശം ചെയ്യപ്പെട്ട ആളുകൾ അസോസിയേഷൻ സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കേണ്ടത്. സ്വന്തം ഇടവകക്കോ ഭദ്രാസനത്തിനോ സ്വീകാര്യമല്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ സഭയുടെ സ്വീകാര്യത നേടാൻ സാധിക്കും? സഭക്കു വേണ്ടത് നിഷ്പക്ഷമായി പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു വ്യക്തിയെയാണ്. പരമ്പരാഗതമായ മാർഗത്തിൽ കൂടെയല്ലാതെ നാമനിർദ്ദേശങ്ങളിൽ കൂടി നേതൃസ്ഥാനത്തേക്കു വരുന്ന ആളിന് എങ്ങനെ നിഷ്പക്ഷമായി പ്രവർത്തിക്കുവാനോ ഉറച്ച നിലപാടുകൾ എടുക്കാനോ സാധിക്കും?
സഭയെന്നത് ഒരു സമൂഹവും (കൂട്ടം ) ഒപ്പം തന്നെ ധാരാളം സാമൂഹിക പ്രതിബദ്ധതകളുള്ള ഒരു മത സംഘടനയുമാണ്. ഇതിനെ ഒരു രാഷ്ട്രീയ പാർട്ടിയുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല. മതപരമായും, പൊതുഭരണമായും വളരെയേറെ ഡിപ്പാർട്മെന്റ്സുമുള്ള സഭയെ കാലാനുസൃതമായി ഒരു കോർപറേറ്റ് ഭരണരീതിയിൽ മുന്നോട്ട് നയിക്കുന്ന ഒരു നേതൃത്വത്തെയാണ് സഭക്കാവശ്യം. സഹോദര സഭയിൽ നിന്നുള്ള കുല്സിത പ്രവർത്തികൾ മൂലം അവസാനങ്ങളില്ലാത്ത കേസുകളുടെ കാറുകളും കോളുകളും നിറഞ്ഞു കവിയുന്ന സാഹചര്യത്തിലും, സഭയുടെ പാഠങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന പുത്തൻ തലമുറയെ തിരികെ കൊണ്ടുവരുന്നതിനു നിലപാടുകളും കാലാനുസൃതമായ മാറ്റങ്ങളും വരുത്തുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും, ഉത്തമനായ ഒരു സെക്രട്ടറി ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ദൈവത്തിന്റെ അളവറ്റ കൃപയാൽ മതപരമായും ഭരണപരമായും പ്രാഗൽഭ്യം നിറഞ്ഞ വ്യക്തിത്വങ്ങളാണ് സുന്നഹദോസ് സെക്രട്ടറിയും ട്രസ്റിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരോടൊപ്പം ഒത്തുചേർന്നു പ്രവർത്തിക്കുവാൻ ഒരു നല്ല സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ അവകാശമാണ്.
മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃത്വത്തിൽ ഒരു മാറ്റത്തിന്റെ പൂർത്തീകരണത്തിനു ഒരു പുതിയ സെക്രട്ടറി വരേണ്ടിയിരിക്കുന്നു എന്നു പുരോഹിതർ പോലും ആശിക്കുന്നു അതിന്റെ വ്യക്തമായ തെളിവാണ് സഭയുടെ മഹാഗുരു ജോഷ്വാ അച്ചൻ പറഞ്ഞത് , “ശരിയായ മാറ്റം ആയിട്ടില്ലെന്നും പുതിയ സെക്രെട്ടറി കൂടി വരുമ്പഴേ അത് പൂർത്തി യാവുകയുള്ളൂ ” എന്നത്….
അനുബന്ധ ചിന്തകൾ :
നാമനിർദ്ദേശം ചെയ്യപെടൽ എന്ന പ്രക്രിയ പരിശുദ്ധ പിതാവിന്റെ അവകാശമാകുന്നു. എന്നാൽ ഈ പ്രക്രിയ ഇതര മേഖലകളിൽനിന്നു സഭക്കു പ്രയോജനപ്പെടുന്ന ആൾക്കാരെ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാനായി മാത്രം ഉപയോഗിക്കുന്നതല്ലേ അഭികാമ്യം? മാത്രമല്ല നാമനിർദ്ദേശം നൽകുന്നവരുടെ പേരുകൾ തയാറാക്കുമ്പോൾ പുതിയതായി ചുമതല ഏറ്റെടുക്കുന്ന സ്ഥാനികളുടെയും അഭിപ്രായങ്ങൾ തേടിയാൽ സുതാര്യത കൂടുതൽ മെച്ചപ്പെടും എന്നാണ് തോന്നുന്നത്.
ട്രസ്റ്റീമാരുടെയും അസോസിയേഷൻ സെക്രെട്ടറിയുടെയും സേവനം കേവലം ആലങ്കാരികമായി സ്ഥാനം എന്നുള്ളതിൽ നിന്നും മാറി വ്യവസ്ഥാപിത രീതിയിൽ പ്രവർത്തിക്കുന്നതിന് അവർക്കു ഭരണഘടനപരമായ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി അവരുടെ സേവനം ഒരു ഫുൾ ടൈം ജോലിയായി സഭക്കു വേണ്ടി ചിലവഴിക്കുവാൻ സഭാ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട് .
ഏബ്രഹാം ജോസഫ് – ദുബായ്