സ്വന്തം ലേഖകന്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേന്‍ സ്വാഗതസംഘം പ്രസിഡന്റും നിയുക്ത സിനഡ് സെക്രട്ടറിയുമായ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദീക ട്രസ്റ്റി, അത്മായ ട്രസ്റ്റി, എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന് യോഗം ചേരുന്നത്. മാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദികരും 94 അയ്മേനികളും ഉള്‍പ്പെടെ 141 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒ ജോണ്‍,ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്കോപ്പായും ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്.
ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 9 മണിക്ക് പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കുന്നതും 12 മണിക്ക് അവസാനിക്കുന്നതുമാണ്. നിലവിലുളള മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേകമായും മറ്റുളളവര്‍ക്ക് മെത്രാസന അടിസ്ഥാനത്തിലും പ്രത്യേക രജിസ്ട്രേഷന് കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 11 മണി മുതല്‍ 12 വരെയാണ് ഉച്ച ഭക്ഷണം നല്‍കുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം പ്രതിനിധികള്‍ 12:30 ന് മുമ്പായി സമ്മേളന നഗറില്‍ പ്രവേശിച്ച് നിശ്ചിത സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകണം.
12:30 ന് മാര്‍ ഏലിയാ കത്തീഡ്രലിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ഘോഷയാത്രയായി യോഗസ്ഥലത്ത് പ്രവേശിക്കും. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പ്രസിഡന്റുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഔദ്യോഗിക അംശവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് യോഗ വേദിയിലേക്ക് എത്തും.
ഒരു മണിക്ക് യോഗം ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി കെ.റ്റി. ചാക്കോ പ്രവര്‍ത്തിക്കും. പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പന്തലിനുളളില്‍ തന്നെ 43 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രഹസ്യബാലറ്റിംഗ് മുഖാന്തിരമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും.
1985 ഒക്ടോബര്‍ 23-ാം തീയതിയാണ് കോട്ടയത്ത് വച്ച് അവസാനമായി അസോസിയേഷന് യോഗം നടന്നത്. കോട്ടയത്ത് വച്ച് നടക്കുന്ന 25-ാമത്തെ അസോസിയേഷന് യോഗമെന്ന പ്രത്യേകതയും ഈ അസോസിയേഷനുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്,ഫാ.മോഹന്‍ ജോസഫ്,പി.സി ഏലിയാസ്,എ.കെ ജോസഫ്, രഞ്ജു മാത്യൂ എന്നിവരും പങ്കെടുത്തു.