പ്രഥമ വര്‍ക്കിംഗ് കമ്മറ്റി, റൂള്‍ കമ്മറ്റി, നോമിനേഷന്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

vjt_feb_17_1 vjt_feb_17_2

കോട്ടയം എംഡി സെമിനാരിയില്‍ 1934 ഡിസംബര്‍ 26നു കൂടിയ മലങ്കര അസോസിയേഷന്‍ എട്ടാം നിശ്ചയമനുസരിച്ചാണ് മാനേജിംഗ് കമ്മറ്റിക്ക് ഒരു വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വന്നത്.
“കാര്യക്ഷമതയയെയും സൗകര്യത്തെയും ഉദ്ദേശിച്ച് അസോസേഷ്യന്‍ കമ്മട്ടിയ്ക്കു വേണ്ടി കാര്യനിര്‍വഹണത്തിനായി മലങ്കര മെത്രാപ്പോലീത്താ(പ്രസിഡണ്ട്)യും എപ്പിസ്കോപ്പല്‍ സിനഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു മെത്രാപ്പോലീത്തായും അസോസേഷ്യന്‍ കമ്മട്ടി സെക്രട്ടറിയും അസോസേഷ്യന്‍ കമ്മട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മറ്റ് എട്ട് അംഗങ്ങളും ചേര്‍ന്ന ഒരു പ്രവര്‍ത്തക കമ്മട്ടി ഉണ്ടായിരിക്കണം” എന്ന് ഇ.ജെ. ഫീലിപ്പോസ് അവതരിപ്പിക്കുകയും കെ.സി. മാമ്മന്‍ മാപ്പിള പിന്താങ്ങുകയും ചെയ്ത പ്രമേയം മലങ്കര അസോസിയേഷന്‍ പാസ്സാക്കിയതോടെയാണ് വര്‍ക്കിംഗ് കമ്മറ്റിയുടെ തുടക്കം.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, ഫാ. പി.ടി. ഏബ്രഹാം, ചെറിയമഠത്തില്‍ സ്കറിയാ മല്‍പാന്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, എം.എ. ചാക്കോ, കെ.സി. മാമ്മന്‍ മാപ്പിള, ഒ.എം. ചെറിയാന്‍, എ.എം. വര്‍ക്കി, ഇ.ജെ. ഫീലിപ്പോസ്, കെ.എം. മാത്തന്‍ മാപ്പിള (സെക്രട്ടറി) എന്നിവരായിരുന്നു പ്രഥമ വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങള്‍. ഇവരെല്ലാം മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ തന്നെയായിരുന്നു. അന്നു പാസ്സാക്കിയ ഭരണഘടനയനുസരിച്ച് സമുദായകൂട്ടുട്രസ്റ്റികളായ പാലപ്പള്ളിയില്‍ മാണി പൗലോസ് കത്തനാര്‍, എറികാട്ട് ഇ.ഐ. ജോസഫ് എന്നിവരും ഇതില്‍ സ്ഥാനന്യായേന അംഗങ്ങള്‍ ആയിരിക്കേണ്ടതാണ്.
വര്‍ക്കിംഗ് കമ്മറ്റിയെ പറ്റി 1934 ഡിസംബര്‍ 26ന് പാസ്സാക്കിയ മലങ്കരസഭാ ഭരണഘടനയില്‍ ഇങ്ങനെ പറഞ്ഞിരുന്നു (വകുപ്പ് 85): “അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്ക് ഒരു പ്രവര്‍ത്തക സമിതി (ണീൃസശിഴ ഇീാാശലേേല) ഉണ്ടായിരിക്കേണ്ടതും, ആ സമിതി, അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്കു വേണ്ടി അപ്പഴപ്പോള്‍ ആവശ്യമെന്നു തോന്നുന്ന സംഗതികള്‍ നടത്തുന്നതും ആകുന്നു. ഈ സമിതിയുടെ പ്രസിഡണ്ടു മലങ്കരെ മെത്രാപ്പോലീത്താ ആയിരിക്കുന്നതാകുന്നു. പ്രസിഡണ്ടും, എപ്പിസ്ക്കോപ്പല്‍ സിനഡിനാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു മേല്‍പട്ടക്കാരനും, സമുദായട്രസ്റ്റികളും, അസോസിയേഷന്‍ സെക്രട്ടറിയും, ഈ സമിതിയിലെ അംഗങ്ങള്‍ ആയിരിക്കുന്നതും, ഇവര്‍ ഒഴിച്ചുള്ള ശേഷം അംഗങ്ങളേ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുക്കേണ്ടതും, ആകുന്നു.”
വര്‍ക്കിംഗ് കമ്മറ്റിയെ പറ്റിയുള്ള വകുപ്പ് 1951 മേയ് 17നു കൂടിയ മലങ്കര അസോസിയേഷന്‍ ഭേദഗതി ചെയ്തു. ഇപ്പോഴത്തെ ഭരണഘടനയിലുള്ള ആ വകുപ്പ് ഇപ്രകാരമാണ് (വകുപ്പ് 87) : “അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്ക് പത്തില്‍ കൂടാതെ അംഗങ്ങളുള്ള ഒരു പ്രവര്‍ത്തക സമിതി (ണീൃസശിഴ ഇീാാശലേേല) ഉണ്ടായിരിക്കേണ്ടതും … ഈ സമിതിയുടെ പ്രസിഡണ്ട് മലങ്കര മെത്രാപ്പോലീത്താ ആയിരിക്കുന്നതും ആകുന്നു. മലങ്കര എപ്പിസ്കോപ്പല്‍ സിനഡിനാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു മേല്പട്ടക്കാരനും സമുദായ ട്രസ്റ്റികളും അസോസിയേഷന്‍ സെക്രട്ടറിയും ഈ സമിതിയിലെ അംഗങ്ങളായിരിക്കുന്നതും ശേഷമുള്ള അംഗങ്ങളെ ഇവരുടെ ആലോചനയോടുകൂടി മലങ്കര മെത്രാപ്പോലീത്താ നിയമിക്കുന്നതും ആകുന്നു. ഇങ്ങനെയുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളായി നിയമിക്കപ്പെടുന്നവര്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളല്ലാതെ വന്നാല്‍ അവര്‍ സമിതിയിലെ അംഗങ്ങളായിരിക്കുന്നിടത്തോളം കാലം മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരിക്കുന്നതാകുന്നു.”
പ്രാരംഭകാലത്ത് അംഗങ്ങളെ തെരഞ്ഞെടുത്തും 1951 മുതല്‍ കൂടിയാലോചനയോടെ നിയമിച്ചുമാണ് വര്‍ക്കിംഗ് കമ്മറ്റി രൂപീകരിച്ചിരുന്നത് എന്നു വ്യക്തം. മാനേജിംഗ് കമ്മറ്റിയംഗങ്ങളെയും അംഗങ്ങള്‍ അല്ലാത്തവരെയും ഉള്‍പ്പെടുത്തിയിരുന്നു. 2012ല്‍ അംഗങ്ങള്‍ അല്ലാത്തവരെ മാത്രം ഉള്‍പ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുക്ക പ്പെട്ട ഒരു വൈദികനെയും ഒരു അയ്മേനിയെയും മാനേജിംഗ് കമ്മറ്റിയില്‍ നിന്ന് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അംഗസംഖ്യ കാലോചിതമായി 15 ആയി വര്‍ദ്ധിപ്പിക്കേണ്ടതാണ്. നിയുക്ത കാതോലിക്കാ, സിനഡ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളല്ലെ ങ്കില്‍ അവരെ എക്സ്ഒഫീഷ്യോ അംഗങ്ങളാക്കുന്നതും ഉചിതമാണ്.
വകുപ്പു വിഭജനം
1940കളില്‍ രൂപീകൃതമായ വര്‍ക്കിംഗ് കമ്മറ്റി വകുപ്പടിസ്ഥാന ത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു (കാബിനറ്റ് സിസ്റ്റം). പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 1944ന് കൊല്ലം 1120 വൃശ്ചികം 10ലെ 653-ാം നമ്പര്‍ കല്‍പനയില്‍ “നമ്മുടെ സമുദായ പുരോഗമന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മേലില്‍ ഊര്‍ജ്ജിതമായി നടത്തുന്നതിന് നമ്മുടെ മാനേജിംഗ് കമ്മറ്റിയുടെ പ്രവര്‍ത്തക കമ്മറ്റിയില്‍ ശാഖകള്‍ തിരിച്ച് കമ്മറ്റിയുടെ പൊതുമേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പ്രവര്‍ത്തന വിഭാഗങ്ങളുടെയും അവയുടെ പ്രത്യേക ചുമതല വഹിക്കുന്ന പ്രവര്‍ത്തക കമ്മറ്റി അംഗങ്ങളുടെയും പേരുകള്‍ താഴെ ചേര്‍ക്കുന്നു” എന്നു കാണുന്നു. പന്ത്രണ്ട് സമിതികളുടെയും ചുമതലക്കാരുടെയും പേരുകള്‍ കല്‍പനയില്‍ തുടര്‍ന്നു പറയുന്നു (വിശദവിവരങ്ങള്‍ക്ക് ജോയ്സ് തോട്ടയ്ക്കാട്, തിരുസന്നിധിയില്‍, സോഫിയാ ബുക്സ്, കോട്ടയം, 2016, പേജ് 287, 288). നിര്‍ഭാഗ്യവശാല്‍ ആ പദ്ധതിക്കു ദീര്‍ഘായുസ് ഉണ്ടായിരുന്നില്ല (ഇസഡ് എം പാറേട്ട്, മലങ്കര നസ്രാണികള്‍ അഞ്ചാം വാള്യം, 1972, പേജ് 237). പള്ളിക്കെട്ടിടങ്ങളും ആരാധനയും എന്ന വകുപ്പിന്‍റെ ചുമതല വി.കെ. മാത്യുവിനായിരുന്നു (വിശദവിവരങ്ങള്‍ക്ക് ഡോ. എം. കുര്യന്‍ തോമസ്, വട്ടക്കുന്നേല്‍ മാത്യൂസ് റാബോ കാതോലിക്കാ ഒന്നാം വാള്യം, എംഒസി, കോട്ടയം, 2016, പേജ് 91, 92).
റൂള്‍ കമ്മറ്റി
1934 ഡിസംബര്‍ 27നു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി പത്ത് ഉപസമിതി(സബ്കമ്മറ്റി)കള്‍ രൂപീകരിച്ചു. അതിലൊന്നാണ് റൂള്‍ കമ്മറ്റി. ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ (പ്രസിഡണ്ട്), ഇ.ജെ. ഫീലിപ്പോസ് (കണ്‍വീനര്‍), ഫാ. പി.ടി. ഏബ്രഹാം, പത്രോസ് മത്തായി, വി.എ. വര്‍ഗീസ്, ജേക്കബ് കുര്യന്‍, സി.ഒ. ഉമ്മന്‍ എന്നിവരായിരുന്നു പ്രഥമ റൂള്‍ കമ്മറ്റിയിലെ അംഗങ്ങള്‍. അസോസിയേഷന്‍ പൊതുയോഗാംഗങ്ങളുടെ തെരഞ്ഞെടുപ്പു രീതിയെ പരിഷ്കരിക്കുന്നതിനെപറ്റി ഒരു പദ്ധതി തയ്യാറാക്കി അസോസിയേഷന്‍ കമ്മറ്റിയില്‍ സമര്‍പ്പിക്കുന്നതിന് റൂള്‍ കമ്മറ്റിയെ ഭരമേല്പിക്കുന്നതിന് നിശ്ചയിച്ചു.
സഭാ ഭരണഘടനയനുസരിച്ച് മാനേജിംഗ് കമ്മറ്റിയുടെ സുപ്രധാന മായ സബ് കമ്മറ്റിയാണ് റൂള്‍ കമ്മറ്റി. മറ്റു സബ് കമ്മറ്റികളെ പറ്റി പൊതു വായ പരാമര്‍ശങ്ങള്‍ (1934ല്‍ 84, 102; ഇപ്പോള്‍ 86, 109) മാത്രമേയുള്ളൂ. 1934ല്‍ പാസ്സാക്കിയ ഭരണഘടനയുടെ മൂന്നു വകുപ്പുകള്‍ (120, 121, 122; ഇപ്പോഴത്തെ ഭരണഘടനയില്‍ 126, 127, 129) റൂള്‍ കമ്മറ്റിയെ പറ്റി മാത്രമുള്ളതാണ്. “ഈ നിയമങ്ങളില്‍ അടങ്ങിയ തത്വത്തിനു വിരോധമല്ലാത്ത ഉപചട്ടങ്ങളേ (ആ്യഹമംെ) ഇടവകയോഗം, മെത്രാസന ഇടവകയോഗം, മെത്രാസനക്കൗണ്‍സില്‍, എന്ന സ്ഥാപനങ്ങള്‍ അപ്പഴപ്പോള്‍ പാസ്സാക്കി റൂള്‍ കമ്മറ്റിയുടെ അനുമതിയോടുകൂടി നടപ്പില്‍ വരുത്തിക്കൊള്ളാവുന്നതാകുന്നു” എന്നായിരുന്നു 1934ലെ 122-ാം വകുപ്പ്. 1951 മേയ് 17ലെ മലങ്കര അസോസിയേഷന്‍ ഈ വകുപ്പില്‍ “… റൂള്‍ കമ്മറ്റി വഴി മാനേജിംഗ് കമ്മറ്റിയില്‍ കൊണ്ടുവന്ന് മാനേജിംഗ് കമ്മറ്റിയുടെ അനുമതിയോടുകൂടി…” എന്ന വാചകം കൂടി ചേര്‍ത്ത് ഭേദഗതി ചെയ്തതാണ് ഇപ്പോഴത്തെ 129-ാം വകുപ്പ്. മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ തന്നെയാണ് റൂള്‍ കമ്മറ്റിയില്‍ അംഗങ്ങളാകുന്നത്. ഈ ഉപസമിതിയില്‍ പുറത്തു നിന്നുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തുന്നതു നല്ലതാണ്.

നോമിനേഷന്‍

1934 ല്‍ പാസ്സാക്കിയ സഭാഭരണഘടനയില്‍ 77-ാം വകുപ്പില്‍ “… ആവശ്യമെന്നു തോന്നുന്നപക്ഷം മലങ്കരെ മെത്രാപ്പോലീത്തായ്ക്കു രണ്ടു പേരില്‍ അധികപ്പെടാതെ ആളുകളെ അംഗങ്ങളായി നിയമിക്കാവുന്നതാകുന്നു” എന്നാണ് പറഞ്ഞിരുന്നത്. 1951ലെ ഭേദഗതിയിലൂടെ “മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം അസോസിയേഷന്‍ അധികപ്പെടുത്തുമ്പോള്‍ മലങ്കര മെത്രാപ്പോലീത്താ നോമിനേറ്റു ചെയ്യുന്ന അംഗങ്ങളുടെ എണ്ണവും അധികപ്പെടുത്തേണ്ടതാകുന്നു” (വകുപ്പ് 79) എന്നു കൂടി ചേര്‍ത്തു. 2006 നവംബര്‍ 23ന് ഭേദഗതി ചെയ്തപ്പോള്‍ രണ്ടു പേരില്‍ എന്നതിന്‍റെ സ്ഥാനത്ത് അന്നത്തെ കണക്കനുസരിച്ച് 30 പേരില്‍ അധികപ്പെടാതെ ആളുകളെ (10 പട്ടക്കാരും 20 അയ്മേനികളും) എന്നു ചേര്‍ത്തു.
കായംകുളത്തു കൊച്ചുപറമ്പില്‍ സ്കറിയാ കത്തനാര്‍, അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ എന്നീ രണ്ടു വൈദികരായിരുന്നു 1934ലെ 60 അംഗ മാനേജിംഗ് കമ്മറ്റിയിലെ നോമിനേറ്റഡ് അംഗങ്ങള്‍. ആകെയുള്ള 81 അംഗങ്ങളില്‍ 15 പേരെ സമുദായത്തിലെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതിനും മറ്റുമായി മലങ്കര മെത്രാപ്പോലീത്താ നോമിനേറ്റ് ചെയ്യേണ്ടതാണ് എന്ന് 1951 ലെ മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ നാലാം പ്രമേയത്തില്‍ പറയുന്നു. ഇതില്‍ അഞ്ചു വൈദികരും പത്ത് അയ്മേനികളും ഉള്‍പ്പെട്ടിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സംഖ്യ 1959ല്‍ 18 (6 + 12), 1965 മുതല്‍ 22 (7 + 15), 1985ല്‍ 24 (8 + 16), 1989 മുതല്‍ 30 (10 + 20), എന്നിങ്ങനെയായിരുന്നു. 2017 മുതല്‍ 33 (11 + 22) ആയിരിക്കും.
(ഇതോടൊപ്പം കഴിഞ്ഞ ലക്കത്തിലെ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് ചരിത്ര താളുകളില്‍ എന്ന ലേഖനം കൂടി കാണുക)