വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

prayer
ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ.
മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍ ഉയര്‍ത്തപ്പെടുകയും അതിലെ തലവന്മാരും ശുശ്രൂഷകന്മാരും നിരപ്പാക്കപ്പെടുകയും ചെയ്യണമെ.
കര്‍ത്താവേ, വിശുദ്ധ സഭയില്‍ സമാധാനം വര്‍ദ്ധിക്കയും അതിന്‍റെ കൂട്ടം ആര്‍പ്പുവിളിക്കയും, അതിന്‍റെ മക്കള്‍ സന്തോഷിക്കയും, അതിന്‍റെ തല ഉയര്‍ത്തപ്പെടുകയും, അതിന്‍റെ മഹത്വം വര്‍ദ്ധിക്കയും, അതിന്‍റെ കിരീടത്തിന് ഉന്നതി ലഭിക്കയും, അതിന്‍റെ മടി നിറയുകയും, അതിന്‍റെ മക്കള്‍ വര്‍ദ്ധിക്കയും, അതിന്‍റെ ശത്രുക്കള്‍ വീണുപോകയും ചെയ്യണമെ. അതിന്‍റെ ശത്രുക്കള്‍ ലജ്ജിക്കയും, അതിന്‍റെ മക്കളില്‍ അത് സന്തോഷിക്കയും, അതിന്‍റെ കൂട്ടങ്ങളില്‍ അത് ആനന്ദിക്കയും, അതിന്‍റെ ഭരണക്കാരില്‍ അത് ഇമ്പപ്പെടുകയും ചെയ്യുമാറാകണമെ. അതിനെ പുതുതാക്കുന്നവര്‍ മഹത്വത്തിന്‍റെ ശബ്ദങ്ങളാല്‍ അതില്‍ സ്തുതിപാടുമാറാകണമെ.
ഞങ്ങളുടെ കര്‍ത്താവെ, നാനാഭാഗങ്ങളിലുള്ള നിന്‍റെ സഭയെ നീ നിരപ്പാക്കണമെ. തിരുവിഷ്ടപ്രകാരം അതിനെ ശുശ്രൂഷിക്കുന്ന ഇടയന്മാരെ അതില്‍ നിയമിക്കണമെ. സത്യപ്രകാശം അതില്‍ ശോഭയോടെ പ്രകാശിക്കണമെ. അതു പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെ സ്തോത്രം ചെയ്തു വന്ദിച്ചു മഹത്വപ്പെടുത്തുവാനായിട്ടു സന്തോഷങ്ങളുടെ മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും അതിനു നീ കൊടുക്കണമെ, ആമ്മീന്‍.