ജനകീയരെയല്ല, കാര്യവിവരമുള്ളവരെയാണ് വേണ്ടത് / പി. എം. ജോസ് പെരുവ

ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ശൈലിയില്‍ ജനകീയരായി സാമൂഹ്യ സേവനം നടത്തേണ്ടവരല്ല സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍. ശവസംസ്കാരം, വിവാഹം, വീടുകൂദാശ രംഗങ്ങളില്‍ മുഖം കാണിക്കേണ്ടവരുമല്ല. ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും തമ്മില്‍ നേരില്‍ കണ്ടേ മതിയാകൂ എന്നില്ല. പ്രതിനിധികളെ സുഖിപ്പിച്ച് വോട്ടു നേടുന്ന ഒരു സംസ്കാരവും ഈ മേഖലയില്‍ കടന്നു വന്നിരിക്കുകയാണ്. വ്യക്തമായ കാഴ്ചപ്പാടും നീതിബോധവുമുള്ള ഒരു നേതൃത്വനിര വളര്‍ന്നു വരുന്നതിന് ഇതു വിഘാതം സൃഷ്ടിക്കും.
ഒരു നയരൂപീകരണ സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്ന ഗൗരവത്തിലല്ല ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. ജനകീയത ഉണ്ടാകേണ്ടത് തീരുമാനങ്ങളിലാണ്; വിശ്വാസികളെ പറ്റിക്കുന്നതിലല്ല. പാദസേവകരും ആശ്രിതവത്സരരും ഭദ്രാസനകേന്ദ്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുമായ കുറെയാളുകള്‍ക്ക് ഒരു അവസരം നല്‍കി ആദരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നതും ഉചിതമല്ല.