മാവേലിക്കര വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ

img-20161223-wa0004 fb_img_1482575667109 fb_img_1482575672331
വഴുവാടി: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കാലം മലങ്കര സഭയ്ക്ക് കനിഞ്ഞു നൽകിയ ദൈവത്തിന്റെ കര്‍മ്മയോഗി, മലങ്കര സഭയുടെ ദിവ്യതേജസ് എന്നും കുറിച്ചിബാവയെന്നും, കല്ലാശേരിബാവായെന്നും, കുണ്ടറ ബാവായെന്നും, വലിയ ബാവായെന്നുമൊക്കെ അറിയപ്പെട്ട മലങ്കര സഭയെ മൂന്നര പതിറ്റാണ്ടു നയിച്ച മൂന്നാം കതോലിക്കാബാവ പരി.ബസേലിയോസ് ഗീവര്‍ഗീസ് ദിതീയന്‍ ബാവാ. പരിശുദ്ധ പിതാവിന്റെ 53-ാം ഓര്‍മ്മപ്പെരുന്നാളും കൺവൻഷനും പരിശുദ്ധ പിതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മാവേലിക്കര വഴുവാടി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ്‌ ഇടവകയില്‍ ഭക്തി ആദരവോടെ കൊണ്ടാടുവാൻ കർത്താവിൽ ശരണം പ്രാപിക്കുന്നു.
 2016 ഡിസംബര്‍ 25 മുതല്‍ 2017 ജനുവരി 2 വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് ചെന്നൈ ഭദ്രാസനാധിപനും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ. ഡോ.ജോഷ്വാ  മാർ നിക്കോദിമോസ് മെത്രപൊലീത്ത, ഇടവകയുടെ ആത്മീയ പുത്രൻ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ കാർമികത്വം വഹിക്കുന്നു.
ഡിസംബർ 25 ന് യൽദോ ശുശ്രൂഷകൾക്ക് ശേഷം റവ.ഫാ. കെ.സി.ശാമുവേലും, ഇടവക വികാരി റവ.ഫാ.അജി.കെ.തോമസും ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി പെരുന്നാൾ ശുശ്രൂഷകൾക്കു ആരംഭം കുറിക്കുന്നതാകുന്നു.
തുടർന്നുന്നുള്ള ദിവസങ്ങളിൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രഫസർ റവ.ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഒ.വി.ബി.എസ് എക്സിക്യൂട്ടീവ് മെമ്പർ റവ.ഫാ.സോളു കോശി രാജു, കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്റ് റവ.ഫാ. ജോൺ.ടി.വർഗ്ഗീസ് കുളക്കട, മാവേലിക്കര സെന്റ്.പോൾസ് മിഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ റവ.ഫാ. കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ തുടങ്ങിയ മലങ്കര സഭയുടെ പ്രഗത്ഭരായ പ്രാസംഗികർ പ്രബോധന ശുശ്രൂഷകൾക്കു നേതൃത്വം  നൽകുന്നതും, മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം നാഗ്പൂർ സെമിനാരികളിലെ മാവേലിക്കര ഭദ്രാസന വൈദീക വിദ്യാർത്ഥികൾ ഗാനശുശ്രൂഷ- നുഹ്റോയ്ക്ക് നേതൃത്വം നൽകുന്നതുമായിരിക്കും.
2017 ജനുവരി 1ന് രാവിലെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക നിർമിച്ചു നൽകുന്ന വീടിന്റെ കൂദാശ  നിർവഹിക്കുന്നതാകും, അന്നേ ദിവസം വൈകിട്ട് സന്ധ്യനമസ്കാരത്തിനെ തുടർന്ന് ഭക്തി നിർഭരമായ റാസയും നടത്തപ്പെടുന്നു.
2017 ജനുവരി 2 ന് രാവിലെ പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ചെന്നൈ ഭദ്രാസനാധിപനും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി.ഡോ. യൂഹാനോൻ  മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു ശ്ലൈഹീക വാഴ്‌വ് നടത്തപ്പെടുന്നതായിരിക്കും, തുടർന്ന് അവാർഡ് ദാനം, കൊടിയിറക്ക്, വെച്ചൂട്ടോടുകൂടി പെരുന്നാൾ പര്യവസാനിക്കുന്നതാണ്.
പെരുന്നാളിന്റെ എല്ലാ ശുശ്രൂഷകളും തത്സമയം കാതോലിക്കാ സിംഹാസനം, അബ്ബാ ന്യൂസ് ഫേസ്‌ബുക്ക് പേജുകളിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഏവരെയും  ദൈവനാമത്തിൽ ഇടവക ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.