മലങ്കര സഭ ഇന്ന് (ഡിസംബർ17)ഓർത്തഡോക്സ് വിശ്വാസവും , പാരമ്പര്യങ്ങളും , അണുവിട മാറ്റാതെ ശ്രദ്ധയോടെ അതിൽ ലയിച്ചു ജീവിച്ച സന്ന്യാസി ശേഷ്ഠനും, മികച്ച ശില്പിയും ,പരി.മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശിയും രണ്ടാമത്തെ കാതോലിക്കായായി പരി. സഭയെ ഭാഗ്യമോടെ നയിച്ച പുണ്ണ്യവാനുമായ പരി .ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 88-ാം ഓർമ്മ കൊണ്ടാടുന്നു
വാകത്താനം കാരുചിറ പൗലോസിന്റെ രണ്ടാമത്തെ പുത്രനായി 1869 ധനു 29-ന് ജനനം.1885 ജൂലൈ 16-ന് കോറൂയോപട്ടവും 1889-ൽ ശെമ്മാശപട്ടവും 1897-ൽ കശ്ശീശാ പട്ടവും അടുത്ത ദിവസം റമ്പാൻ സ്ഥാനവും കടവിൽ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായിൽ നിന്നും സ്വീകരിച്ചു.1908 മുതൽ 1910 വരെ ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജരായി സേവനം അനുഷ്ഠിച്ചു പരി.അബ്ദേദ് മശിഹാ പാത്രിയർക്കീസും പരി. കാതോലിക്കാ ബാവയും ചേർന്ന് 1913 ജനുവരിയിൽ ഗീവറുഗീസ് മാർ പീലക്സിനോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി വാഴിച്ചു.തുടർന്ന് കോട്ടയം, അങ്കമാലി ഭദ്രാസനങ്ങളുടെ അധിപനായി നിയമിതനായി ഒരു പാത്രിയർക്കീസും ഒരു കാതോലിക്കാ ബാവയും ചേർന്ന് ഇദംപ്രഥമമായി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ഇദ്ദേഹം വള്ളിക്കാട്ടു ദയറാ ആസ്ഥാനമാക്കി ഭരണം നടത്തി. പരി. ബസേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ പേര് കാതോലിക്കാ സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു എന്നാൽ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരിൽ തിരുമേനി പേര് എഴുതി ചീട്ടിട്ടപ്പോൾ ഇദ്ദേഹത്തിന് ചീട്ട് വീഴുകയും ദൈവനിശ്ച്ചയം എന്നു കരുതി ആ സ്ഥാനം സ്വീകരിക്കുകയും ചെയ്തു.1925 മെയ് -1 നു നിരണത്തു വച്ച് കൂടിയ മലങ്കര അസ്സോസിയേഷൻ അദ്ദേഹത്തെ കാതോലിക്കാ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു തുടർന്ന് പരി. സുന്നഹദോസ് മലങ്കര സഭയുടെ കാതോലിക്കായായി അവരോധിച്ചു’ കാതോലിക്കാ ബാവമാരുടെ സ്ഥാനചിഹ്നങ്ങൾ ഭൂരിഭാഗവും ഇദ്ദേഹം രൂപകൽപ്പന ചെയ്തതാണ്.1925 മെയ് 3-ന് ബഥനിയുടെ പി.ടി.ഗീവറുഗീസ് റമ്പാനെ ഗീവറുഗീസ് മാർ ഈവാനിയോസ് എപ്പിസ്കോപ്പയായി വാഴിച്ചു പ്രാർത്ഥനയാലും ഉപവാസത്താലും നേടിയെടുത്ത ആത്മീയ ശക്തി കൊണ്ട് മലങ്കര സഭയെ നയിച്ച ഇദ്ദേഹം 1928 ഡിസംബർ 17-ന് നെയ്യൂർ ആശുപത്രിയിൽ വച്ച് കാലം ചെയ്തു. പരി. പിതാവ് വാകത്താനം വള്ളിക്കാട്ടു ദയറായിൽ അന്ത്യവിശ്രമം കൊള്ളുന്നു.