ജോര്‍ജ് പോള്‍: സഭാ സേവന രംഗങ്ങളിലെ അതുല്യ പ്രതിഭ / വെരി റവ. ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ

george_paul

ജോര്‍ജ് പോള്‍: സഭാ സേവന രംഗങ്ങളിലെ അതുല്യ പ്രതിഭ / വെരി റവ. ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ

1500 ഇടവകകളിലായി ലോകമെങ്ങും ചിതറിപ്പാര്‍ക്കുന്ന പ്രബുദ്ധരായ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളില്‍ വിവിധ കാര്‍ഷിക-വ്യാവസായിക മേഖലകളിലും സഭാ-വിദ്യാഭ്യാസ മെഡിക്കല്‍ – ഐ.ടി. രംഗങ്ങളിലും പ്രശസ്ത സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രഗത്ഭരായ വ്യക്തികളുടെ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താനാവാത്തവിധം വളരെ കൂടുതലാണ്. അവര്‍ മാതൃസഭ എല്ലാ തലങ്ങളിലും ഉയരണമെന്നാഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും യഥാസമയം ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നവരുമാണ്. ഇവരാരുംതന്നെ സഭയില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ വേണമെന്നാഗ്രഹിക്കുന്നവരോ അതിനുവേണ്ടി തന്ത്രങ്ങള്‍ മെനയുന്നവരോ അല്ല താനും.
ഈ പശ്ചാത്തലത്തില്‍ യോഗ്യതയുള്ള വ്യക്തികളെ കണ്ടുപിടിച്ചു സഭയുടെ പുരോഗതിക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ വേണ്ട കര്‍ത്തവ്യഭാരം മലങ്കര അസ്സോസിയേഷന്‍ പ്രതിനിധിക്കുണ്ടെന്ന് എടുത്തുപറയേണ്ട കാര്യമില്ല. അതുകൊണ്ട് ഒരേ പദവിയില്‍ രണ്ടും മൂന്നും ടേം ഇരുന്നവരും വീണ്ടും ഇരിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി ചതുരുപായങ്ങള്‍ പ്രയോഗിക്കുന്നവരും നിരാകരിക്കപ്പെടണം.
യോഗ്യതയുള്ളവരും തികഞ്ഞ സഭാസ്നേഹികളും സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തണമെന്നു ചിന്തിക്കുന്ന ഒട്ടധികം വ്യക്തികള്‍ നടത്തിയ അന്വേഷണത്തില്‍ പലരെ കണ്ടെത്തി എങ്കിലും അവരെല്ലാം തന്നെ മത്സരിച്ചു സ്ഥാനങ്ങള്‍ നേടാന്‍ വിസമ്മതിച്ചു. ഒടുവില്‍ സഭയുടെ ഭാവിയെ മുന്‍നിറുത്തി സ്ഥാനാര്‍ത്ഥിയാകണമെന്നു പലവുരു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അവൈദിക ട്രസ്റ്റി സ്ഥാനാര്‍ത്ഥിയായി നില്‍ക്കാമെന്നു സമ്മതിച്ച സമുന്നത വ്യവസായിയും സഭയുടെ വിവിധ സേവനരംഗങ്ങളിലെ ഒരു വലിയ പിന്നണിഗായകനുമാണ് വന്‍കിട വ്യവസായ സ്ഥാപനസമുച്ചയമായ സിന്തെറ്റിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് പോള്‍. തന്‍റെ നേട്ടങ്ങള്‍ നോട്ടീസടിച്ചു സഭാതലങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം വ്യവസായരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പീരുമേട്ടിലെ സഭ വക എന്‍ജിനീയറിംഗ് കോളജ് സ്ഥാപനകാര്യത്തില്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ വലംകൈയായി നിന്നു പ്രവര്‍ത്തിച്ച കാര്യം പലര്‍ക്കും ഒരു പക്ഷേ അജ്ഞാതമായിരിക്കും. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിന്‍റെ വൈസ് പ്രസിഡന്‍റായ ജോര്‍ജ് പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യ വക്താവുമാണ്. സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ നിലപാടുകളും സേവനങ്ങളും ചാനല്‍ ചര്‍ച്ചകളിലൂടെ വ്യക്തമായി വിശദമാക്കിയിട്ടുള്ള ജോര്‍ജ് പോളിന്‍റെ മാനേജ്മെന്‍റ് വൈദഗ്ദ്ധ്യം അതുല്യമാണെന്നു എല്ലാവരും സമ്മതിച്ചിട്ടുള്ളതുമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നാലു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ കാപ്പിറ്റേഷന്‍ പരിപൂര്‍ണ്ണമായിട്ട് ഇല്ലാതാക്കി മെഡിക്കല്‍ പ്രവേശനം നടത്തുവാന്‍ വര്‍ഷങ്ങളായി സാധിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്‍റെ എടുത്തുപറയത്തക്ക നേട്ടമാണ്.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി അംഗം, എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ട്രസ്റ്റി മുതലായ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ജോര്‍ജ് പോള്‍ ടി.വി. ചര്‍ച്ചകളിലെ ഒരു പ്രമുഖ സംവാദകന്‍, സര്‍വ്വോപരി മാനേജ്മെന്‍റ് രംഗത്തെ രണ്ടാമനില്ലാത്ത ഒന്നാമന്‍ എന്നീ നിലകളിലും സേവനം ചെയ്തുവരുന്നു. ഏതാനും വര്‍ഷം മുമ്പ് ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട നിശാവേളയിലെ തല്ലിപ്പൊളി കടന്നാക്രമണത്തെ തുടര്‍ന്ന് സംജാതമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഗവണ്മെന്‍റ് നിയോഗിച്ച അനുരഞ്ജന കമ്മിറ്റിയില്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്തത് ജോര്‍ജ് പോളാണ്.
നേരത്തെ അവൈദിക ട്രസ്റ്റിയായിരുന്ന പറവൂര്‍ കുളങ്ങര ഇട്ടിച്ചന്‍ പൈലിക്കു ശേഷം സഭയുടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള അവൈദിക ട്രസ്റ്റി സ്ഥാനാര്‍ത്ഥിയാണു ജോര്‍ജ് പോള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.
കുറുപ്പംപടിയിലെ പ്രശസ്തവും പുരാതനവും കുലീനവുമായ എമ്പാശ്ശേരി കുടുംബത്തില്‍ 1949-ല്‍ ജനിച്ച ജോര്‍ജ് പോള്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു പ്രകൃതിശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോലഞ്ചേരിയിലെ സിന്തൈറ്റ് വ്യവസായ ശൃംഖലയുടെ വൈസ് ചെയര്‍മാനും കമ്പനിയുമായി ബന്ധപ്പെട്ട ഒട്ടധികം സ്ഥാപനങ്ങളുടെ മികച്ച മേധാവിയുമാണ്. പലതരം സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നു സത്തെടുത്തു അഞ്ഞൂറില്‍പരം സംശുദ്ധമായ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു കയറ്റി അയച്ച് പ്രതിവര്‍ഷം 1600 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുന്ന ചൈന വരെ എത്തിനില്ക്കുന്ന ഒരു വലിയ വ്യവസായ ശൃംഖലയാണ് സിന്തൈറ്റ്. മികച്ച കയറ്റുമതിക്കുള്ള പല അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ബഹുമതിപത്രവും ഉള്‍പ്പെടുന്നു. സിന്തൈറ്റ് കമ്പനി പ്രത്യക്ഷമായും പരോക്ഷമായും കമ്പനി ജീവനക്കാര്‍ക്കും നാട്ടുകാരായ കര്‍ഷകര്‍ക്കും മറ്റും നല്‍കുന്ന ക്ഷേമപദ്ധതികളും സഹായങ്ങളും അളവറ്റതാണ്.
സിന്തൈറ്റ് ഗ്രൂപ്പ് കമ്പനി സമുച്ചയം 1972-ല്‍ ആരംഭിച്ചതു മുതല്‍ അതിന്‍റെ ചുക്കാന്‍ പിടിക്കുന്ന ജോര്‍ജ് ഒട്ടധികം വിദേശ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലും സേവനം ചെയ്തു വരികയാണ്. കൂടാതെ കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളജിലെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിരാ ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് ബിസിനസ്സ് മാനേജ്മെന്‍റ് ഗവേണിംഗ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി വിദ്യാഭ്യാസ മേഖലകളില്‍ തനതായ വ്യക്തിത്വത്തിന്‍റെ ഉടമയാണ് ജോര്‍ജ് പോള്‍. സ്വാശ്രയ മേഖലയില്‍ മികവുറ്റ പരിചയവും ആതുരസേവന രംഗത്ത് സജീവ സാന്നിധ്യവും അദ്ദേഹത്തെ കൂടുതല്‍ ധന്യനാക്കിയിരിക്കുന്നു.
ആത്മീയ നവോത്ഥാനകേന്ദ്രം
കൊച്ചി ഭദ്രാസനത്തിന്‍റെ അഭിവന്ദ്യനായ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു വലിയ ആത്മീയ നവോത്ഥാനകേന്ദ്രമായി കളമശേരിയില്‍ ആരംഭിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് ഇന്‍റര്‍നാഷണല്‍ സെന്‍ററിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും ജോര്‍ജ് പോളാണ്. ഈ കേന്ദ്രത്തിനുവേണ്ടി കളമശേരിയില്‍ മെട്രോ ഗ്രാമത്തിനടുത്തായി ആറര ഏക്കര്‍ സ്ഥലം വാങ്ങുകയും കെട്ടിടംപണി ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഇതിനുവേണ്ടി 22 കോടിയാണു വകയിരുത്തിയിരിക്കുന്നത്. പല കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഗണ്യമായ ഒരു തുക സംഭരിച്ചു കഴിഞ്ഞു.
ആരാധനയ്ക്കുള്ള ചാപ്പല്‍, പാഴ്സനേജ്, വൃദ്ധജനസംരക്ഷണ കേന്ദ്രം, ധ്യാനമന്ദിരം, സ്പിരിച്ചല്‍ ഹീലിംഗ്, കൗണ്‍സലിംഗ്, വിവാഹപൂര്‍വ്വ ഉപദേശങ്ങള്‍, കുടുംബങ്ങള്‍ക്കുള്ള ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ലൈബ്രറി, മ്യൂസിയം, പ്രസിദ്ധീകരണശാല, ഭാഷാപഠനം, ഉദ്യോഗങ്ങള്‍ ലഭിക്കുന്നതു സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കോണ്‍ഫ്രന്‍സുഹാള്‍, അതിഥി മന്ദിരങ്ങള്‍, ടൈം ഷെയര്‍ അക്കോമഡേഷന്‍, പോളി ക്ലിനിക്, ഭക്ഷണശാല, വാര്‍ത്താവിനിമയ സൗകര്യം മുതലായ അത്യാധുനിക സംവിധാനങ്ങള്‍ എല്ലാം തന്നെ ഈ മെഗാ ആദ്ധ്യാത്മിക നവോത്ഥാനകേന്ദ്രത്തില്‍ ഉണ്ടായിരിക്കും. ഇത്തരം ഒരു കേന്ദ്രം മലങ്കരസഭയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ഇതാദ്യമാണ്.
കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ധനം’ എന്ന ബിസിനസ്സ് മാസികയില്‍ മുഖലേഖനമായി അടുത്തകാലത്തു വന്ന ജോര്‍ജ് പോളിന്‍റെ ഒരഭിമുഖ സംഭാഷണത്തില്‍ ലോകോത്തര കമ്പനികളും സ്ഥാപനങ്ങളും സൃഷ്ടിക്കാന്‍ കുറുക്കുവഴികള്‍ ഇല്ലെന്നും കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചു കഠിനാദ്ധ്വാനം ചെയ്യണമെന്നും സത്യസന്ധതയും ഗുണമേന്മയും പരമാവധി നിലനിര്‍ത്തണമെന്നും ഊന്നിപ്പറഞ്ഞിരുന്നു.