മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന സഹോദരി സഭയായ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലിൽ നടന്ന ബോംബ് ആക്രമണത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ.ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവാ ഉത്കണ്ഠയും അനുശോചനവും രേഖപ്പെടുത്തി. ഈജിപ്തിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ,ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ വേൾഡ് ക്രിസ്ത്യൻ കൗൺസിൽ ഉൾപ്പെടെ ഉള്ള ആഗോള സമൂഹത്തിന്റെ ഇടപെടൽ അടിയന്തിരമായി ഉണ്ടാവണം എന്നും പ. പിതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അടുത്ത ഞായറാഴ്ച്ച വി. സഭയുടെ എല്ലാ ദേവാലയങ്ങളിലും മരണമടഞ്ഞവർക്കു വേണ്ടിയും കോപ്ടിക് സഭക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തണമെന്നും പ. ബാവാ കല്പിച്ചു.