മലങ്കരസഭാസമിതികളുടെ രൂപവും ഭാവവും ഭാവിയും / പി. തോമസ്, പിറവം

p_thomas

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഭദ്രാസന സഭാതലങ്ങളിലെ ഭരണസമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാരെക്കാള്‍ ആത്മിയനിലവാരവും സമൂഹത്തില്‍ നല്ല സാക്ഷ്യവും മാതൃകാജീവിതവും സഭാപരിജ്ഞാനവും ഉള്ളവരായിരിക്കേണ്ടതാണ്. മുമ്പൊക്കെ സ്വന്തം അയോഗ്യതാബോധവും തങ്ങളെക്കാള്‍ യോഗ്യരായവരാണ് തല്‍സ്ഥാനങ്ങളില്‍ വരേണ്ടതെന്ന ബോദ്ധ്യവും മൂലം മത്സര രംഗത്തേക്ക് വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ടീയ സാമൂഹ്യരംഗങ്ങളിലെ മൂല്യച്യുതി സഭാരംഗത്തേക്ക് സന്നിവേശിച്ചതിനാല്‍ സമ്മര്‍ദ്ദതന്ത്രം, ഭീഷണി, പണം, രാഷ്ട്രീയസ്വാധീനം, പ്രചാരണം, ഗ്രൂപ്പുപ്രവര്‍ത്തനം, കോക്കസുകള്‍ തുടങ്ങിയവയിലൂടെ അനര്‍ഹരായവര്‍ ഭരണസമിതികളില്‍ ഇടം കണ്ടെത്തുന്നുണ്ട്. ഇത്തരക്കാരുടെ സ്വാധീനംകൊണ്ട് ലോകത്തിന് അനുരൂപരാകരുതെന്ന ശ്ലൈഹികവചനം മറന്നുകൊണ്ട് സഭ കൂടുതല്‍കൂടുതല്‍ ലോകാനുരൂപമായിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട് സഭയുടെ വിവിധ ഘടകങ്ങളില്‍ ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ നിലവാരം ആത്മിയരംഗത്ത് ഉദ്ദേശിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണോ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്. പ്രത്യേകിച്ചും മേല്‍ത്തട്ടില്‍, സഭാമാനേജിംഗ് കമ്മറ്റി പോലുള്ള സമിതികളിലെ അംഗങ്ങള്‍, അവരെ സാധാരണക്കാര്‍ മാതൃകായോഗ്യരായി കാണേണ്ടവരും കാണുന്നവരുമാകയാല്‍, തീര്‍ച്ചയായും സ്വയപരിശോധന നടത്തണം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്ഥാനത്ത് തുടരേണ്ടിയിരിക്കുന്ന ബഹുമാന്യരായ അംഗങ്ങള്‍, സ്വയം വിലയിരുത്തുന്നതിലൂടെ തങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറവുള്ളവരെന്ന് ബോദ്ധ്യമായാല്‍, അത് തിരുത്തി സ്ഥാനന്യായേനയുള്ള നിലവാരത്തിലേക്ക് വളര്‍ന്ന് ചുമതലാനിര്‍വ്വഹണത്തിന് പ്രാപ്തരാകുവാന്‍ സാദ്ധ്യതയുണ്ട്.
ഇടവകയെയും ഭദ്രാസനത്തെയും സഭയെയും പ്രതിനിധീകരിക്കുവാന്‍ സാധാരണ വിശ്വാസിയെക്കാള്‍ എന്ത് അധികയോഗ്യതയാണ് തനിക്കുള്ളതെന്നാണ് ഓരോരുത്തരും വിലയിരുത്തേണ്ടത്.
1. കുടുംബാരാധനയിലും ദേവാലയാരാധനയിലും സജീവവും ആത്മാര്‍ത്ഥവുമായ പങ്കാളിത്തമുണ്ടോ?
2. ഇടവകതലത്തിലും സമൂഹത്തിലും ഉത്തമസഭാംഗം എന്ന സാക്ഷ്യം ലഭ്യമാണോ?
3. സണ്ടേസ്കൂള്‍ മറ്റ് അദ്ധ്യാത്മികപ്രസ്ഥാനങ്ങള്‍ എന്നിവയുടെ പഠനപരിപാടികള്‍ യഥാവസരങ്ങളില്‍ പ്രയോജനപ്പെടുത്തി സഭാപരിജ്ഞാനവളര്‍ച്ച സാധിച്ചിട്ടുണ്ടോ?
4. ഇടവകതലത്തിലും ഭദ്രാസനതലത്തിലും ഉള്ള സഭാസംവിധാനങ്ങളെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും സഭാഭരണഘടനയെക്കുറിച്ചും വേണ്ടത്ര അവബോധമുണ്ടോ?
5. പള്ളിക്കമ്മറ്റിയിലും ഭദ്രാസന ഭരണസമിതിയിലും മലങ്കര അസോസ്യേഷനിലും മാനേജിംങ് കമ്മറ്റിയിലും, തന്നില്‍ നിക്ഷിപ്തമായ ചുമതലകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും ബന്ധപ്പെട്ട സമിതികളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും യഥാര്‍ത്ഥജ്ഞാനമുണ്ടോ?
6. സഭയുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ചും അതിന്‍റെ പുരോഗതി, ഭാവി എന്നിവയെ കുറിച്ചും സുചിന്തിതമായ ഉള്‍ക്കാഴ്ചയുണ്ടോ?
സഭാസമിതികളില്‍ ഇന്ന് അംഗങ്ങളായിരിക്കുന്നവര്‍ വിവിധതരക്കാരാണ്.
1. തങ്ങളുടെ നിസ്വാര്‍ത്ഥമായ മാതൃകാജീവിതം, സഭാസേവനം ആദിയായവകൊണ്ട് അംഗീകാരം നേടി തെരഞ്ഞെടുക്കപ്പെട്ടവര്‍. മറ്റു വിഭാഗങ്ങളില്‍ പെടുന്നവരുടെ തള്ളിക്കയറ്റത്താല്‍ ഇങ്ങനെയുള്ളവര്‍ അംഗുലീപരിമിതമായിരിക്കും.
2. ശരാശരി സഭാംഗത്തിന്‍റെ നിലവാരം മാത്രമേ ഉള്ളുവെങ്കിലും തങ്ങളെത്തന്നെ യോഗ്യരായി കരുതി, സ്വയം പ്രചാരണം നടത്തി വോട്ടു നേടി ജയിച്ചു വന്നവര്‍. നിലവിലുള്ള സമിതികളില്‍ ഒട്ടേറെയും ഇക്കൂട്ടത്തില്‍ പെടും.
3. സഭാപരിജ്ഞാനം വേണ്ടത്ര ഇല്ലെങ്കിലും, സഭാപ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവരും സാമ്പത്തികപിന്തുണ നല്‍കുന്നവരും.
4. സാമൂഹ്യവും സാമ്പത്തികവുമായ ഉന്നതനിലയുള്ളതിനാല്‍ തന്‍റെ സഭയിലെ സമിതികളില്‍ തങ്ങളുടെ സ്ഥാനം അനിവാര്യമെന്ന് സ്വയം കരുതി മത്സരരംഗത്തു വന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍.
5. സഭാരംഗത്ത് തങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് കയറ്റം കാംക്ഷിച്ച് അവിഹിതസ്വാധീനവും സമ്മര്‍ദ്ദവും വിലപേശലും മറ്റുംകൊണ്ട് വോട്ടു നേടി തെരഞ്ഞെടുക്കപ്പെട്ട, സഭാപ്രവര്‍ത്തനത്തെക്കാള്‍ മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍.
6. നിര്‍ണ്ണായകനേരങ്ങളില്‍ സഭയുടെ പൊതുതീരുമാനങ്ങള്‍ തങ്ങളുടെ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കും അതിന്‍റെ നേതാക്കള്‍ക്കും പ്രയോജനകരമാക്കുന്ന രീതികളില്‍ വഴിതിരിച്ചുവിടുവാന്‍ സഭാസമിതികളില്‍ കണ്ണുംപാര്‍ത്തിരിക്കുന്ന മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകര്‍.
ഒന്നു മുതല്‍ നാലു വരെയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആത്മാര്‍ത്ഥതയോടെ സ്വയപരിശോധന നടത്തി സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് തിരുത്തലുകള്‍ വരുത്തി ഭാവിയില്‍ തങ്ങളുടെ ചുമതലകള്‍ അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വ്വഹിക്കുവാന്‍ കഴിയും; കഴിയണം.
അഞ്ചും ആറും വിഭാഗത്തിലുള്ളവരുടെ ലക്ഷ്യം സഭയുടെ ഉന്നമനമോ ദൗത്യനിര്‍വ്വഹണമോ അല്ലാത്തതിനാല്‍ സഭാസമിതികളില്‍ ചേരിതിരിവിനും പ്രയോജനകരമല്ലാത്ത വിവാദങ്ങള്‍ക്കും മാത്രം ഇടവരും. പലപ്പോഴും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടതെല്ലാം മുന്‍കൂര്‍ ആസൂത്രണം ചെയ്ത് ഇക്കൂട്ടര്‍ സമിതികളെ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകും; സാധാരണ അംഗങ്ങള്‍ അവരുടെ കെണിയില്‍ വീണുപോകയും ചെയ്യും.
സഭാസമിതികളില്‍ ഭരണചുമതലയിലുള്ളവരെ ആവശ്യത്തിനും അനാവശ്യത്തിനും എതിര്‍ക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്. പാര്‍ലമെന്‍റ്, നിയമസഭ തുടങ്ങിയ രംഗങ്ങളില്‍ ഭരണപക്ഷത്തോട് എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്‍റെ റോളിലാണ് പല സഭാസമിതിയംഗങ്ങളും പ്രതികരിക്കുന്നത്. രാഷ്ട്രീയരംഗത്തുള്ളവരും അവരോട് അനുഭാവമുള്ളവരുാ ഇതിന്‍റെ മുന്‍നിരയില്‍ കാണപ്പെടുന്നുണ്ട്. സഭാദൗത്യനിര്‍വ്വഹണത്തിന് ഇന്നത്തെ പാര്‍ലമെന്‍റും നിയമസഭയും മറ്റും സഭാസമിതികള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയവയല്ലെന്ന് നാം തിരിച്ചറിയണം. അവയെ പോലും തിരുത്താന്‍ പറ്റിയ ലോകത്തിന്‍റെ ഉപ്പായി തീരുകയാണ് സഭയുടെ ദൗത്യം. സഭയെ അവയുടെ പുളിച്ച മാവ് പുളിപ്പിക്കരുത്.
ഭരണനേതൃത്വത്തിലുള്ളവര്‍ സമിതിയംഗങ്ങളെ വിശ്വാസത്തിലെടുക്കാത്തതും, നടപടികള്‍ സുതാര്യമല്ലെന്ന് സംശയിക്കുന്ന തരത്തില്‍ പെരുമാറുന്നതും, അനാവശ്യതര്‍ക്കങ്ങള്‍ക്കും സമിതിയോഗങ്ങളുടെ സമയനഷ്ടത്തിനും ഇടയാകുന്നുണ്ട്. സഭാരംഗം സുതാര്യമാക്കുകയാണ് പോംവഴി. ഭരണരംഗത്ത് ഒന്നും ഒളിക്കുന്നില്ലെന്നും ഒളിക്കേണ്ടതില്ലെന്നും ഉള്ള അവസ്ഥയുണ്ടാകണം.
****
മാനേജിങ് കമ്മറ്റി പോലുള്ള സഭാസമിതികളുടെ കാര്യപരിപാടികള്‍ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്.
മാനേജിങ് കമ്മറ്റിയുടെ തീരുമാനങ്ങള്‍ പലതിനും തത്സമയം മുതല്‍ പ്രാബല്യമുള്ളതാണ്. യോഗന്ത്യത്തില്‍ അന്നത്തെ തീരുമാനങ്ങള്‍ യഥാവിധി രേഖപ്പെടുത്തി പ്രഖ്യാപിച്ച് അദ്ധ്യക്ഷന്‍ ഒപ്പുവച്ചാണ് നടപടികള്‍ അവസാനിപ്പിക്കേണ്ടത്. (വളരെ സുപ്രധാനമായ യോഗനടപടികളുടെ രേഖകള്‍ പിന്നീട് നോക്കിയപ്പോള്‍ ചുമതലക്കാരില്‍ ആരുടെയും ഒപ്പില്ലാത്തതായി കണ്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ കമ്മറ്റിയുടെ മിനിട്സ് പുതിയ കമ്മറ്റിയില്‍ വച്ച് അംഗീകാരം വാങ്ങുന്ന നടപടിക്കും രേഖ കണ്ടെത്താന്‍ സാധിക്കും.) യോഗത്തിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു വരുന്ന യോഗത്തില്‍ മിനിട്സ് പാസ്സാക്കുമ്പോള്‍ പലപ്പോഴും നടന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉളവാകാറുണ്ട്. അജണ്ടാവിഷയങ്ങളെക്കുറിച്ച് അംഗങ്ങളും ഭാരവാഹികളും യോഗസമയത്തു മാത്രം ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിനു പകരം, അല്പം ഗൃഹപാഠം ചെയ്തിട്ടു വരികയും, തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖാരൂപത്തില്‍ നല്‍കുകയും ചെയ്താല്‍ മിനിട്സ് യോഗാവസാനം കൃത്യതയോടെ രേഖപ്പെടുത്തുവാനാകും. സമിതിതീരുമാനങ്ങള്‍ രേഖാരൂപത്തില്‍നിന്ന് വേണം പ്രസ്താവിക്കുവാന്‍.
സഭയുടെ ആത്മികനവോത്ഥാനവും സമാധാനവും ഭരണഭദ്രതയും സംബന്ധിച്ച് 2004 ഡിസ. 7-ലെ മാനേജിങ് കമ്മറ്റി നിയമിച്ച ഉപസമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ പലതും ഇനിയും നടപ്പിലായിട്ടില്ല. ഘമ്യ ങശിശൃ്യെേ & ഘമ്യ ഘലമറലൃവെശു ശക്തിപ്പെടുത്തണം എന്ന നിര്‍ദ്ദേശം പ്രായോഗികമാക്കിയിട്ടില്ല. 1900 ത്തിന് തൊട്ടുള്ള കാലഘട്ടത്തിലെ സഭാപ്രതിസന്ധികളില്‍ അത്മേനികളുടെ നേതൃത്വം എത്ര ശക്തമായിരുന്നു! അക്കാലത്തെ നേതാക്കളുടെ പ്രഗത്ഭ്യവും കഴിവും വൈദികനേതൃത്വം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് എല്ലാ നേതൃത്വവും വൈദികരിലേക്ക് കേന്ദീകരിക്കപ്പെടുകയാണ്. സഭയിലെ പ്രസ്ഥാനങ്ങളിലും ഇതര രംഗങ്ങളിലും ഉപയോഗിക്കപ്പെടാവുന്ന സമര്‍ത്ഥരായ അത്മേനികള്‍ ഉണ്ടെങ്കിലും അവിടെയൊക്കെ പരിചയരഹിതരായ വൈദികര്‍ നിയോഗിക്കപ്പെടുന്നു; അവര്‍ ഠൃശമഹ മിറ ഋൃൃീൃ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകയും ചെയ്യുന്നു!
ഇടവകാടിസ്ഥാനാധിഷ്ഠിതമല്ലാത്ത സഭാസേവനസരണികളിലേക്ക് ടുലരശമഹ ങശിശൃശെേല-െന് വൈദികര്‍ ഉണ്ടാകണമെന്ന ഉപസമിതിയുടെ നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടിട്ടില്ല. സഭയ്ക്ക് ഇടവകേതര രംഗങ്ങളില്‍ മുന്നേറ്റത്തിനുതകുന്ന ഈ കാര്യം ത്യാജ്യകോടിയിലാണ്. ഇടവകശുശ്രൂഷയല്ലാത്ത എത്രയോ മേഖലകളില്‍ നമുക്ക് വൈദികപരിശിലനമുള്ളവരെ ആവശ്യമുണ്ട്! ഭദ്രാസനതലത്തില്‍ ആത്മികനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായ സംവിധാനം വേണമെന്ന നിര്‍ദ്ദേശവും ഫലപ്രദമായിട്ടില്ല.
ആനുകാലികപ്രസക്തമായ കാനോന്‍പുസ്തകമുണ്ടാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ കാര്യവും തഥൈവ. ഭരണഘടനയ്ക്ക് മുഖവുരയും, മറ്റ് അവശ്യം വേണ്ട തിരുത്തലുകളും വേണമെന്ന നിര്‍ദ്ദേശവും പ്രയോഗത്തിലായിട്ടില്ല. റീശീശാ പിരിവ് ഇപ്പോള്‍ പുരുഷന്മാര്‍ക്കേ ഉള്ളൂ. സ്ത്രീകള്‍ക്കും ഭരണരംഗത്ത് പ്രാതിനിധ്യം വന്ന നിലയ്ക്ക് റീശീശാ പിരിവ് അവര്‍ക്കും ബാധകമാകേണ്ടതുണ്ട്.
സാമ്പത്തികരംഗങ്ങളിലും മറ്റും മലങ്കരമെത്രാപ്പോലീത്തായ്ക്ക് പ്രഗത്ഭ്യമുള്ള ഉപദേശകരെ കണ്ടെത്തണമെന്ന നിര്‍ദ്ദേശവും ഏട്ടിലേ ഉള്ളൂ. സഭയുടെ വിവിധരംഗങ്ങളിലെ ജോലികള്‍ ചുമതലക്കാര്‍ പാര്‍ശ്വവര്‍ത്തികളെ ഏല്‍പ്പിച്ച് കൈകാര്യം ചെയ്യുന്നതിനു പകരം ക്വട്ടേഷന്‍ സമ്പ്രദായം സത്യസന്ധവും സുതാര്യവുമായി പ്രാബല്യത്തിലാക്കണം.
മീഡിയാ തുടങ്ങിയ രംഗങ്ങളില്‍ കഴിവും പരിചയവുമുള്ളവരുടെ അഭാവം, സഭയുടെ അന്തസ്സ് ഇടിയുന്നതിനു കാരണമായിട്ടുണ്ട്. സഭയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ താല്‍പ്പര്യവും യോഗ്യതയും പരിചയവും ഉള്ളവരെ കണ്ടെത്തി ഉപയോഗപ്പെടുത്തേണ്ടതാണ്. തല്‍സ്ഥാനങ്ങളില്‍ ഇടവകയുടെ ചുമതലയുള്ള വൈദികരെ പ്രതിഷ്ഠിക്കുന്നത് രണ്ടുരംഗത്തും വീഴ്ചയ്ക്കേ ഇടവരൂ.
ഇവിടെ സൂചിപ്പിച്ച കാര്യങ്ങള്‍ ചില പൊതുനിരീക്ഷണങ്ങള്‍ മാത്രമാണ്. വിശദമായ വിദഗ്ദ്ധപഠനം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ഒരു രൂപരേഖയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
(ജോര്‍ജിയന്‍ മിറര്‍ 2012 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്)