മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

fr-johnson-punchakkonam

വൈദീക- ആത്മായ ട്രസ്റ്റികളെ തെരഞ്ഞെടുക്കുവാനുള്ള സമയം സംജാതമായിരിക്കുന്നു. സഭയുടെ നാലു ഭാഗങ്ങളിലുമുള്ള ദേശങ്ങളിൽ നിന്ന് പ്രമുഖരായ ആത്മായ-വൈദീകരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു. ഒരു കാലത്തു മൂന്ന് വർഷമായിരുന്നതു അഞ്ചു വർഷമാക്കി മാറ്റി. ഇപ്പോൾ പത്തു വർഷം പൂർത്തിയാക്കിയവർ വീണ്ടും മത്സരരംഗത്തു ഉറച്ചു നിൽക്കുന്നു.

ഏറ്റവും ബഹുമാനത്തോടും, അതിലേറെ ആദരവോടും കൂടെ ഒന്ന് ചോദിച്ചുകൊള്ളട്ടെ. നിങ്ങളുടെ കാലത്തുതന്നെയല്ലേ അധികാര പിന്തുടർച്ചയും, അധികാരകുത്തകയും ഈ സഭയിൽ നിന്നൊഴിഞ്ഞു പോയത്? ഇതേ ന്യായം പറഞ്ഞല്ലേ കേവലം രണ്ടര വർഷം മാത്രം പൂർത്തിയാക്കിയ ബഹു. ഓ.തോമസ് അച്ഛനെ തോൽപ്പിച്ചത്? നിങ്ങൾ അതിനു വേണ്ടി വാദിച്ചവരുമാണ്. വളരെ പണിപ്പെട്ടാണ് ഈ സഭയിൽ നിന്ന് അവ തുടച്ചുമാറ്റിയത്. അധികാരകുത്തക ഞങ്ങളുടെ ജന്മാവകാശം- എന്നാണു ഇപ്പോൾ നിങ്ങളും പറയുന്നത്. ഇതെന്തു വിരോധാഭാസം.
ഒരാൾക്ക് ഒരു സീറ്റ് കിട്ടിയാൽ മരണം വരെ തുടരാം -മരിച്ചാൽ പിന്തുടർച്ച അവകാശപ്രകാരം ഭാര്യക്കോ മക്കൾക്കോ സീറ്റു ലഭിക്കും, അത് രാഷ്ട്രീയം-ഇതെന്താ രാജഭരണ കാലത്തെ പോലെ വംശീയത കൊടികുത്തി വാഴുന്നുവോ മലങ്കര സഭയിൽ ?

മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ തങ്ങളോട് ആവശ്യപ്പെട്ടുപോലും വീണ്ടും നിൽക്കാൻ എന്നാണു ഇവർ പറഞ്ഞുപരത്തുവാൻ ശ്രമിക്കുന്നത്. മലങ്കര സഭയുടെ നല്ല ഇടയനായ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാക്ക് തന്റെ തന്റെ കുഞ്ഞാടുകൾ എല്ലാവരും ഒരുപോലെയാണ് എന്നാണ് എന്റെ പരിപൂർണ വിശ്വാസം. അത് അല്മായരായാലും, വൈദീകർ ആയാലും. അത് അങ്ങനെ തന്നെ ആകണം. “പരിശുദ്ധ കാതോലിക്കാ ബാവ തങ്ങൾ തന്നെ വീണ്ടും നിൽക്കണെമെന്നു ആവശ്യപ്പെട്ടു, അതുകൊണ്ടു ഞങ്ങൾ വീണ്ടും നിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പരിശുദ്ധ കാതോലിക്കാ ബാവായുടെ നിഷ്കളങ്കതയെയും, അധികാരത്തെയും തൂച്ചീകരിക്കുന്നതിനും, താറടിക്കുന്നതിനും തുല്യമാണ്. അങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ നീതിപൂർവകമായ തെരഞ്ഞെടുപ്പിന് എതിരാണ്, ഇലക്ഷൻ റൂൾ അനുസരിച്ചു ഭരണ ഘടനാ ലംഘനവുമാണ് എന്ന് ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ആർക്കു വേണമെങ്കിലും മത്സരിക്കാം. മൂന്നാം തവണയോ, പത്താം തവണയോ എത്രവേണമെങ്കിലും. ആരെ തെരഞ്ഞെടുക്കേണമെന്നു ജനം തീരുമാനിക്കും.

അധികാര കുത്തകയും, പിന്തുടർച്ചയും പൊളിച്ചെഴുതണം
തങ്ങളുടെ അധികാര കുത്തക സംരക്ഷിക്കാന്‍ ചില അധികാരശക്തികളെ ചാഞ്ഞും,ചരിഞ്ഞും പിന്തുണക്കുന്നവർ ഉണ്ടാകാം. അത് സ്വാഭാവികം മാത്രം. ആത്മാഭിമാനം ഇല്ലാത്തവർ എത്ര തലമുറകൾ അധികാരത്തിൽ കഴിഞ്ഞാലും സ്വയംഒഴിഞ്ഞുപോകുമെന്നു കരുതുന്നവർ വിഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഒന്ന് തീർപ്പാണ്. അധികാര കുത്തക അവസാനിപ്പിച്ചേ മതിയാകൂ …
രണ്ടു തവണ തുടർച്ചയായി മത്സരിച്ചവരെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഓടയിലേക്കു ഫ്ലഷ് ചെയ്യണം, പുത്തൻ തലമുറയ്ക്ക് അവസരം നൽകിയില്ലെങ്കിൽ മലങ്കര സഭക്ക് അത് വലിയ തിരിച്ചടിയാകുമെന്നതിന് യാതോരു സംശയവും വേണ്ട. അധികാരം എനിക്കും, എന്നെ ചുറ്റപ്പെട്ടു നിൽക്കുന്നവർക്കും മാത്രമാണ് എന്നതാണ് ഈ നേതാക്കന്മാർ നമുക്ക് നൽക്കുന്ന സന്ദേശം.
“സ്ഥിരം നടന്മാരെ” മാറ്റി നിര്‍ത്തി പുതുമുഖങ്ങൾക്കും യുവാകൾക്കും അവസരം നൽകിയില്ലെങ്കിൽ അധികാര കസേരയുടെ “ഹാങ്ങ് ഓവർ” മാറാത്ത നേതൃത്വം വലിയ വില നല്‍കേണ്ടി വരും….
ബ്രാഹ്മണർക്ക്‌ മാത്രം അധികാരാവകാശങ്ങൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് കാലം മാറി. ഇവിടെ അധികാര ദല്ലാളന്മാർ ഉയർത്തുന്ന വെല്ലുവിളി ജനം തിരിച്ചറിയുക തന്നെ ചെയ്യും.

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ തീപ്പൊരിയായി മാറിയ അയോദ്ധ്യപ്രശ്നം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മെ തുറിച്ചു നോക്കുന്നു. ബാബറി മസ്ജിത് തകര്‍ത്തിട്ടു 24 വർഷം പിന്നിടുന്നു. നീതി ന്യസ്യ കോടതി ക്ഷേത്രം പണിയാനുള്ള ഉത്തരവിറക്കി. എന്നാൽ അധികാരവർഗം ഒരിക്കലും ക്ഷേത്രം പണിയില്ല. കാരണം ഈ പ്രശ്നങ്ങൾ ഇങ്ങനെ തന്നെനിലനിർത്തേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ അധികാര പിന്തുടർച്ചക്കും, നിലനിൽപ്പിനും ആവശ്യമാണ്. ഇനി അടുത്ത ഇലക്ഷൻ വരുമ്പോഴേ ഇത് പൊക്കി കൊണ്ട് വരികയുള്ളു. ഇതിന്റെ മറ്റൊരു ഭാവം തന്നെയാണ് മലങ്കര സഭയിലെ കക്ഷി വഴക്കുകൾ. ഓരോ ഇലക്ഷൻ വരുമ്പോഴും ഈ വിഷയങ്ങൾ ഉയർത്തികൊണ്ട് വരും.

സമത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഇന്നയിന്ന വ്യക്തികള്‍ക്കും അവരുടെ അനന്തര അവകാശികള്‍ക്കും മാത്രമേ ഈ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യതയുള്ളൂ എന്ന അവസ്ഥ സ്വാഭാവിക നീതിയുടെ നിഷേധമാണ്. ചില പുകമറകൾ സൃഷ്ടിക്കുന്നത് തിരിച്ചറിയാൻ അല്പം താമസിക്കും എന്ന് മാത്രം.
ദൈവം മനുഷ്യർക്കു ബുദ്ധികൊടുത്തിരിക്കുന്നത് ചിന്തിക്കാനല്ലെങ്കിൽപ്പിന്നെ
എന്തിനാണ്? ആലോചനാശേഷിയുള്ളവർ ചിന്തിച്ചു തീരുമാനിക്കട്ടെ…!!!

Source