സെമിനാരി സ്ഥാപകന്‍ അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍റെ 200-ാം ചരമ വാര്‍ഷികത്തിന്‍റെ സമാപനവും സെമിനാരി മുന്‍ പ്രിന്‍സിപ്പാളും ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന അഭി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിച്ചു. പ. ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് ബാവായും സംഘവും സഭയിലെ അഭിവന്ദ്യ തിരുമേനിമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തദവസരത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് എത്യോപ്യന്‍ പാത്രിയര്‍ക്കീസിന് പരി. കാതോലിക്കാബാവാ നല്കുകയുണ്ടായി. ഈ ബഹുമതി ഈ സഭയുടെ സ്ഥാപകനായ പരി. തോമാ ശ്ലീഹായുടെ വിശ്വാസം, സഭയുടെ സ്വയംശീര്‍ഷകത്വം, യേശുക്രിസ്തുവിലുള്ള സാക്ഷ്യം ലോകത്തോടുള്ള നിരപ്പും സമാധാനവും നല്കുന്നതാണ്.
അഭി. തിരുമേനിമാരായ തോമസ് മാര്‍ അത്താനാസ്യോസ്, സഖറിയാസ് മാര്‍ അന്തോനിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ്, യൂഹാനോന്‍ മാര്‍ തേവോദോറസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പങ്കെടുത്തു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ് സ്വാഗതവും സെമിനാരി മാനേജര്‍ കെ. സക്കറിയാ റമ്പാന്‍ നന്ദിയും പ്രകാശിപ്പിച്ചു.