ഓര്‍ത്തഡോക്‌സ് സഭയില്‍ ഉമ്മന്‍ചാണ്ടിക്ക് അയിത്തവും അപ്രഖ്യാപിത വിലക്കും

bava_oommen

നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന ചടങ്ങില്‍ പ. പിതാവും ഉമ്മന്‍ചാണ്ടിയും ആറന്മുള എം.എല്‍.എ. വീണാ ജോര്‍ജും.

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പരിപാടികളില്‍ ഉമ്മന്‍ചാണ്ടിക്ക് അപ്രഖ്യാപിതവിലക്കും അവഗണനയും. കുന്നംകുളത്ത് നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം നാല്മണിക്ക് നടക്കുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് പ്രഥമന്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി സമാപന സമ്മേളനത്തിലേക്ക് സഭാംഗം കൂടിയായ ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

കഴിഞ്ഞ കുറേനാളുകളായി ഉമ്മന്‍ചാണ്ടിയും സഭയുടെ മേലധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും തമ്മില്‍ ഒട്ടേറെ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി ലഭിച്ചില്ലെന്നും കാതോലിക്കാ ബാവയെ മിക്കപ്പോഴും ഉമ്മന്‍ചാണ്ടി അവഗണിച്ചിരുന്നുവെന്നും ബാവ പലരോടും പരാതി പറഞ്ഞിരുന്നു.
‘ഓര്‍ത്തഡോക്‌സ് – പാത്രിയാര്‍ക്കീസ് തര്‍ക്ക വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി തങ്ങളോട് പക്ഷപാതപരമായാണ് പെരുമാറിയത്. ഒരു സഭാമേലധ്യക്ഷന് നല്‍കേണ്ട യാതൊരു പരിഗണനയും ഓര്‍ത്തഡോക്‌സ് കാതോലിക്കാ ബാവയ്ക്ക് നല്‍കിയിട്ടില്ലെന്ന്’, പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സഭാമാനേജിംഗ് കമ്മിറ്റിയംഗവും വിദേശമലയാളി വ്യവസായി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
കോലഞ്ചേരി പള്ളി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു. 15 ദിവസത്തിനകം ഈ വിഷയം പരിഹരിക്കാമെന്ന് എറണാകുളം കളക്ടറെക്കൊണ്ട് എഴുതിത്തന്ന ശേഷം പിന്നീട് സര്‍ക്കാര്‍ പിന്നോട്ട് പോയി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്ത്യോക്യ പാത്രിയാര്‍ക്കീസ് ബാവക്കായി കോട്ടയത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നില്‍ ഓര്‍ത്തഡോക്‌സ് ബാവയെ ക്ഷണിക്കാന്‍ പോലുമുള്ള മര്യാദ ഉമ്മന്‍ചാണ്ടി കാണിച്ചില്ല. കോട്ടയത്തും പരിസരത്തുമുള്ള ഒട്ടുമിക്ക സഭാപ്രതിനിധികളെയും അന്നത്തെ സല്‍ക്കാരത്തിന് വിളിച്ച ഉമ്മന്‍ചാണ്ടിക്ക് ബാവയെ ക്ഷണിക്കാനുള്ള മനസ്സില്ലായിരുന്നു. ഈ വിഷയങ്ങള്‍ ഞങ്ങളുടെ ബാവയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് വിദേശ മലയാളിയായ സഭാമാനേജിംഗ് കമ്മിറ്റിയംഗം പറഞ്ഞു.

കാലങ്ങളായി ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരെയും ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് കോണ്‍ഗ്രസില്‍ വളരാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. ഇതുകൊണ്ടൊക്കെത്തന്നെയാണ് സഭ ഇടതുമുന്നണിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. സഭയുടെ പ്രതിനിധിയായ വീണാജോര്‍ജ്ജ് എം.എല്‍.എയുമായി. ഓര്‍ത്തഡോക്‌സ് സഭാസെക്രട്ടറിയായ ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയാണ് വീണ ജോര്‍ജ്ജ്.
ആഗോള സമാപന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാത്തതില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളില്‍ അതൃപ്തിയും അസ്വസ്ഥതയും പുകയുന്നുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയനെക്കൊണ്ട് സഭയുടെ വിശ്വാസസംരക്ഷകനെന്നറിയപ്പെടുന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നത് സഭയുടെ വിശ്വാസ ആചാരങ്ങള്‍ക്കെതിരാണെന്ന് വാദിക്കുന്നവരുണ്ട്.
സഭയിലെ ഭൂരിഭാഗം മെത്രാന്‍മാരും ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും കാതോലിക്ക ബാവയ്ക്ക് അദ്ദേഹത്തോടുള്ള പകയും വ്യക്തിവിരോധവും നിമിത്തമാണ് ഈ അവഗണനയെന്ന് വിശ്വസിക്കുന്നവരാണ് സഭയിലുള്ളത്. ഓര്‍ത്തഡോക്‌സ് സഭ ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ അഭിപ്രായ വ്യത്യാസമുള്ള നിരവിധ വിശ്വാസികള്‍ സഭയിലുണ്ട്. ബാവ ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ ഭൂരിപക്ഷം മെത്രാന്‍മാര്‍ക്കും അതൃപ്തിയുണ്ട്. അവരാരും ബാവയുമായി പരസ്യമായ ഏറ്റുമുട്ടലിന് ഇപ്പോള്‍ തയ്യാറല്ല.
സഭയില്‍ നടക്കുന്ന പ്രധാനമായ ഒരു ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിന്റെ അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.

Source