ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട അമൂല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഡോക്ടര്‍ വറുഗീസ് കുര്യനോട് ഒരു പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു, “അമൂലിന്‍റെ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യമെന്താണ്?” ഡോ. കുര്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. “അനേകം മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഈ പ്രസ്ഥാനത്തിലേക്ക് കുത്തിവെച്ചു. മാറ്റങ്ങളാണ് വളര്‍ച്ചയുണ്ടാക്കിയത്. മാറ്റങ്ങള്‍ ഉള്ളിടത്തേ വളര്‍ച്ചയുണ്ടാകൂ.”
ചാവുകടല്‍ നിര്‍ജീവമാണ്. ഉപ്പിന്‍റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതിനാല്‍ ജീവജാലങ്ങള്‍ നിലനില്‍ക്കില്ല. ഈ നിര്‍ജീവാവസ്ഥയെ ഒരു വേദശാസ്ത്രജ്ഞന്‍ ഇപ്രകാരമാണ് വിവരിച്ചത്. അരീയോണ്‍, കിദ്രോണ്‍, യോര്‍ദ്ദാന്‍ നദികള്‍ ചാവുകടലിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍ ചാവുകടലില്‍ നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്നില്ല. ഘീേ ീള കിഹലേെ, യൗേ ിീ ീൗഹേലേ. കെട്ടിക്കിടന്നാല്‍ ദുര്‍ഗന്ധപൂരിതമാകും. അശുദ്ധമായാല്‍ ജീവന്‍റെ തുടിപ്പു ഇല്ലാതാകും. അനര്‍ഗളമായ പ്രവാഹം നിര്‍ജീവാവസ്ഥയ്ക്ക് പരിഹാരമാകും. ഒഴുകിയെത്തുന്ന മാറ്റങ്ങള്‍ പുതുമയുണ്ടാക്കും. അത് വളര്‍ച്ച ഉണ്ടാക്കും. മാറ്റങ്ങളെ സ്വാഗതം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്ന അനേകം പ്രസ്ഥാനങ്ങളും സംരംഭങ്ങളും ക്ഷയിച്ചു പട്ടുപോയിട്ടുണ്ട്. ആനുകാലിക മാറ്റങ്ങള്‍ കൊണ്ടുവന്ന്, വളര്‍ച്ച നേടിയെടുത്ത അനേകം സംരംഭങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്ന് വിജയക്കൊടി പാറിച്ച് നമുക്കു ചുറ്റും നിലനില്‍ക്കുന്നു.
നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ സഭാവിഭാഗങ്ങളുടെ കഴിഞ്ഞ 15 വര്‍ഷങ്ങളിലെ വളര്‍ച്ചയും നേട്ടങ്ങളും ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. അവരുടെ പല സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നേടിയെടുത്ത വളര്‍ച്ചയും അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വീകരണവും അതിലൂടെ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മലങ്കരസഭയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന മാറാകൈസ്ഥാനങ്ങള്‍ അവസാനിപ്പിച്ച് സമയപരിധി നിശ്ചയിച്ച് തീരുമാനങ്ങള്‍ എടുത്ത നമ്മുടെ പൂര്‍വ്വികര്‍, ഈ നിര്‍ജീവാവസ്ഥയും ജീര്‍ണ്ണതയും സഭയെ തീണ്ടരുത് എന്നാഗ്രഹിച്ചിരുന്നു. സഭയിലെ വൈദികട്രസ്റ്റി സ്ഥാനം സമയപരിധിയില്‍ പൂര്‍ത്തീകരിച്ച്, സ്വയം ഒഴിഞ്ഞുകൊടുത്ത മണലില്‍ യാക്കോബ് കത്തനാരെ സഭയ്ക്ക് മറക്കാനാകില്ല.
സഭയുടെ ട്രസ്റ്റിസ്ഥാനങ്ങള്‍ (വൈദിക-അത്മായ) അഞ്ചു വര്‍ഷങ്ങളിലേക്കാണ് നിജപ്പെടുത്തിയിരിക്കുന്നത്. കാലയളവ് പൂര്‍ത്തീകരിക്കുമ്പോള്‍ കൂടുന്ന അസോസിയേഷന്‍ യോഗത്തിലാണ് പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് എത്ര പ്രാവശ്യം തെരഞ്ഞെടുക്കപ്പെടാം എന്നുള്ളതിന് ഭരണഘടനാ നിയമങ്ങള്‍ ഇല്ലെങ്കിലും, മൂന്നാം പ്രാവശ്യവും കൈവശമുള്ള ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് സ്ഥാനത്തേക്ക് വീണ്ടും കടന്നുവരാന്‍ ശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ തടയുമെന്ന് മാത്രമല്ല, അത് സഭാന്തരീക്ഷത്തെ മലിനമാക്കുകയും ജീവന്‍റെ തുടിപ്പില്ലാതാക്കുകയും ചെയ്യും. പുതുരക്തത്തിന്‍റെ കടന്നുവരവിനെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും.
ഈ സ്ഥാനങ്ങളുടെ രുചിയും ആകര്‍ഷകത്വവും ബഹുമതിയും ആസ്വദിച്ചത് മതിയെന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവം സ്ഥാനികള്‍ കാട്ടേണ്ടിയിരിക്കുന്നു. പ. സുന്നഹദോസ് വിവിധ സ്ഥാനങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും മെത്രാപ്പോലീത്തന്മാരെ നിയോഗിക്കുന്നതിനുപോലും സമയപരിധി നിശ്ചയിക്കുകയും, തുടരെ ഒരേ സ്ഥാനത്തേക്ക് കടന്നുവരാതിരിക്കാന്‍ നിയമങ്ങള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിട്ടുള്ളതായി അറിയുന്നു. എന്നാല്‍ സഭയിലെ വൈദിക-അത്മായ ട്രസ്റ്റി സ്ഥാനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതാകുന്നത് നിരുത്തരവാദപരവും ലജ്ജാകരവും ആകുന്നു. ഇത് വീണ്ടും തുടരാന്‍, സഭാനേതൃത്വം പച്ചക്കൊടി കാട്ടുന്നത് നീതിക്കു നിരക്കുന്നതല്ല.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തുന്നതല്ലേ ഉത്തമം. ഈ തത്വം അവഗണിച്ച് രാഷ്ട്രീയ മതമണ്ഡലങ്ങളില്‍ തുടരെ മത്സരത്തിനിറങ്ങിയവര്‍ക്കുണ്ടായ പരാജയങ്ങളുടെ അനേക ഉദാഹരണങ്ങള്‍ നമുക്കുചുറ്റും കാണുന്നുണ്ടല്ലോ.
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക്, 2017 മാര്‍ച്ച് മാസത്തില്‍, കോട്ടയത്തു കൂടുന്ന അസോസിയേഷന്‍ യോഗത്തില്‍ ദൈവഭയവും, സഭാസ്നേഹവും, സേവനപാരമ്പര്യവും ഭരണപരിചയവുമുള്ള പുതുരക്തം ട്രസ്റ്റിസ്ഥാനങ്ങളിലേക്ക് കടന്നുവരാനും തെരഞ്ഞെടുക്കപ്പെടുവാനും സഭാമക്കള്‍ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കണം, പരിശ്രമിക്കണം.
സേവനസന്നദ്ധരും, പാര്‍ലമെന്‍ററി മര്യാദകള്‍ പാലിക്കാന്‍ സന്നദ്ധതയുള്ളവരും, വെറും സ്ഥാനമോഹികള്‍ അല്ലാത്തവരുമായ സഭാമക്കള്‍ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ വിവിധ ഭദ്രാസന തലവന്മാരും പള്ളിപ്രതിപുരുഷന്മാരും പ്രാര്‍ത്ഥനാപൂര്‍വ്വം പരിശ്രമിക്കണം.
അതേപോലെ സഭയുടെ എക്സിക്യൂട്ടീവ് സമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നല്ല പഠിപ്പും പാരമ്പര്യവും ഉത്തരവാദിത്വബോധവും പ്രവര്‍ത്തനസന്നദ്ധതയും ഉള്ളവരെ പ. കാതോലിക്കാ ബാവാ തിരുമേനി, സഹമെത്രാപ്പോലീത്തന്മാരുടെ ആലോചനയോടെ നോമിനേറ്റ് ചെയ്യുമെന്ന് സഭാമക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
അങ്ങനെ സഭയില്‍ ഒരു പുതുജീവന്‍റെയും പുത്തന്‍ ഉണര്‍വിന്‍റെയും തുടിപ്പ് ദൃശ്യമാകട്ടെ. യുവത്വം നഷ്ടപ്പെടാത്ത പ. ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പോലീത്തന്മാരുടെയും, വൈദിക-അത്മായ നേതാക്കളുടെയും സഹകരണത്തില്‍ സഭയില്‍ വളര്‍ച്ചയുടെ വേഗതയും ചടുലതയും ദൃശ്യമാകട്ടെ. കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വേഗത്തില്‍ സഭയുടെ വികസനവും ദൗത്യനിര്‍വഹണവും സാധ്യമാകട്ടെ. മാറ്റങ്ങളിലൂടെ സഭയുടെ വളര്‍ച്ച യാഥാര്‍ത്ഥ്യമാകട്ടെ.