കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര

 

2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല.
കാലപരിധി വച്ചില്ലെങ്കില്‍ പോലും സ്ഥാനങ്ങള്‍ കൈവിടാതെയിരിക്കുന്ന ഈ തെറ്റായ പ്രവണതയ്ക്ക് മാറ്റം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണ് മണലില്‍ യാക്കോബ് കത്തനാര്‍ ഏഴു വര്‍ഷം മാത്രം (1958-1965) വഹിച്ച ഈ സ്ഥാനം ഉപേക്ഷിച്ചത്. പിന്നാലെ വന്ന തെങ്ങുംതോട്ടത്തിലച്ചനും സാമാന്യമര്യാദ അനുസരിച്ച് രാജി വയ്ക്കുകയുണ്ടായി.
2006-ലെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തയാളാണ് ഫാ. ഡോ. ഒ. തോമസ്. ഈ ഭേദഗതിയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നതും അദ്ദേഹം തന്നെയാണ്. കഷ്ടിച്ച് രണ്ടര വര്‍ഷം (2004-2007) മാത്രമാണ് അദ്ദേഹത്തിന് വൈദിക ട്രസ്റ്റിയാകാന്‍ അവസരം ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വന്ന അദ്ദേഹത്തിന് ന്യായമായും ഒരു പൂര്‍ണ കാലാവധി കൂടി കൊടുക്കാവുന്നതായിരുന്നു. അതിന് അനുവദിക്കാതിരുന്ന വ്യക്തിയെ ഇന്ന് മൂന്നാം ടേമിനായി കളത്തിലിറക്കുന്നു.
2006-ലെ ഭരണഘടനാ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇപ്പോഴത്തെ അത്മായട്രസ്റ്റി. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് കാലാവധി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ പി. സി. ഏബ്രഹാമിന് തല്‍സ്ഥാനത്ത് മരണംവരെ തുടരാമായിരുന്നു. ഭരണഘടനാ ഭേദഗതി തനിക്കു ബാധകമല്ലെന്നു വാദിച്ച് പി. സി. ഏബ്രഹാം സ്ഥാനത്ത് കടിച്ചുതൂങ്ങാതിരുന്നതുകൊണ്ടാണ് എം. ജി. ജോര്‍ജ്ജിന് ഈ സ്ഥാനത്തു വരാന്‍ കഴിഞ്ഞത്. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഉള്‍പ്പെടെ സുന്നഹദോസ് നിശ്ചയിക്കുന്ന എല്ലാ സ്ഥാനികള്‍ക്കും പരമാവധി രണ്ടു ടേം (10 വര്‍ഷം) മാത്രമാണ് കാലാവധി.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു മെത്രാന്‍ ഒരു ഭദ്രാസനത്തില്‍ ഇരുന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ്, ജീര്‍ണ്ണത എന്നിവ ഉണ്ടാവുമെന്ന് വാദിച്ച് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ക്ക് ട്രാന്‍സ്ഫര്‍ വേണമെന്നു മുദ്രാവാക്യം വിളിച്ചവരും അതിന് നേതൃത്വം നല്‍കിയവരും മൂന്നാം ടേമിന്‍റെ വക്താക്കളായി മാറിയത് വിരോധാഭാസം തന്നെ.
മൂന്നാം ടേമിനായി ശ്രമിക്കുന്ന സഭയുടെ മൂവര്‍ സംഘം മൂന്നാം ടേം പൂര്‍ത്തിയാക്കുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കും. അതായത് ജീവപര്യന്ത കാലാവധി. ആ നിലയ്ക്ക് 2006-ലെ ഭരണഘടനാ ഭേദഗതിക്ക് എന്തു പ്രസക്തി?
ഏതായാലും യാക്കോബായക്കാരെ അനുകരിച്ച് അത്മായ ട്രസ്റ്റി – അസോസിയേഷന്‍ സെക്രട്ടറിമാര്‍ കസേര വച്ചുമാറി ഭരണത്തില്‍ കടിച്ചുതൂങ്ങുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. മരണംകൊണ്ട് മാത്രമേ തങ്ങളെ ഈ സ്ഥാനത്തുനിന്ന് വിടര്‍ത്താന്‍ സാധിക്കുകയുള്ളു എന്ന വെല്ലുവിളിയുയര്‍ത്തുന്ന നേതാക്കന്മാര്‍ സഭയ്ക്കു ഭൂഷണമല്ല.
പുണ്യവാനായ മണലിലച്ചന്‍റെ ആത്മാവ് എല്ലാവരോടും ക്ഷമിക്കട്ടെ!!!